FOURTH SPECIAL

'പുഴുക്കളെപ്പോലെ പുഴയരികിലേക്ക് മടങ്ങണോ?' ആറളത്തെ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍

2006 മുതല്‍ പല കാലങ്ങളായി നല്‍കിയ രണ്ടായിരത്തോളം പട്ടയങ്ങളാണ് റദ്ദാക്കുന്നത്.

കെ ആർ ധന്യ

''പുഴക്കരയില്‍ പുഴുക്കളെ പോലെ ജീവിച്ച പണിയരെ പുനരധിവസിപ്പിക്കാനാണ് ഈ ഭൂമി ഏറ്റെടുത്തത് തന്നെ. എന്നിട്ട് ആ കുടുംബങ്ങളുടെയെല്ലാം പട്ടയം റദ്ദാക്കുകയാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്, അവിടെ താമസമില്ലാന്നും പറഞ്ഞ്. രണ്ടായിരത്തോളം പട്ടയങ്ങള്‍ റദ്ദാക്കിയിട്ട് വേറെ ആളുകള്‍ക്ക് കൊടുക്കും പോലും. ആദിവാസികള്‍ക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍നിന്ന് എന്ത് ധൈര്യത്തിലാണ് ഇവര്‍ ഞങ്ങളെ ഇറക്കി വിടുന്നത്?'' പത്ത് വര്‍ഷത്തിന് മുൻപ് ആറളം ഫാമിലെത്തിയ സതീശന്‍ ചോദിക്കുന്നു. നോട്ടീസ് ലഭിച്ചപ്പോഴാണ് താനുള്‍പ്പെടെ രണ്ടായിരത്തോളം പേരുടെ പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുകയാണെന്ന് സതീശൻ അറിഞ്ഞത്.

2006 മുതല്‍ പല കാലങ്ങളായി ഭൂമി പതിച്ച് നല്‍കിയവരുടെ പട്ടയങ്ങളാണ് റദ്ദാക്കുന്നത്. നല്‍കിയ ഭൂമിയില്‍ താമസിക്കുന്നില്ല, ഭൂമി ഉപയോഗിക്കുന്നില്ല. ഇതാണ് പട്ടയം റദ്ദാക്കുന്നതിന് അധികൃതരുടെ ന്യായം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര സുരക്ഷയോ ഒരുക്കാത്ത ഭൂമിയില്‍ തങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ആറളം ഫാമിലും അവിടെനിന്ന് മാറിയും താമസിക്കുന്നവര്‍ ചോദിക്കുന്നു.

വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയാണ് ആറളത്തുനിന്ന് പലയാളുകളും മാറി താമസിക്കാന്‍ നിര്‍ബന്ധിതരായത്. ആനകളുടെ ആക്രമണത്തില്‍ അടുത്തകാലത്ത് പതിനഞ്ച് പേര്‍ മരിച്ചതുള്‍പ്പടെ ഒട്ടേറെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇവര്‍ക്ക് പറയാനുണ്ട്. ജീവനില്‍ ഭയന്ന് ഇവിടം വിട്ട് ഓടേണ്ടി വന്നവരാണ് ഈ രണ്ടായിരം കുടുംബങ്ങളും.

''ഞങ്ങളെപ്പോലെ കുറച്ചുപേര്‍ ഇവിടെ താമസിക്കുന്നത് ജീവനും കയ്യില്‍ പിടിച്ചാണ്. എന്തും സംഭവിക്കട്ടേയെന്ന് കരുതി ജീവിക്കുന്നു. ഇന്നലെ മാത്രം ഏഴ് ആനയാണ് ഫാമിനുള്ളില്‍ ഉണ്ടായിരുന്നത്. കൃഷി ചെയ്യാന്‍ പറ്റില്ലെന്നത് പോട്ടെ, ഷെഡ്ഡ് കെട്ടിയിട്ടാണെങ്കിലും സമാധാനമായി ഉറങ്ങണ്ടേ. അങ്ങനെ പോയവരാണ് എല്ലാവരും. എന്നാല്‍ ഭൂമി ഉപേക്ഷിച്ച് പോയതല്ല. സുരക്ഷിതത്വം നല്‍കണമെന്ന് എത്ര കാലമായി ഞങ്ങള്‍ സര്‍ക്കാരിനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുന്നു. ആനമതില്‍ നിര്‍മിക്കുന്നുണ്ട്. പക്ഷേ എപ്പഴോ തീരുമാനമെടുത്ത ആനമതില്‍ നിര്‍മാണം തുടങ്ങിയിട്ടേയുള്ളൂ. അത് തീരുന്നതുവരെ ജീവന് വിലയിട്ട് ഇവിടെ നില്‍ക്കാന്‍ പറ്റുമോ? ആരും സുഖത്തിലല്ല ജീവിക്കുന്നത്. ഓരോ ബന്ധുവീടുകളിലൊക്കെ ചെന്ന് താമസിക്കുകയാണ്. ഇവിടെനിന്ന് ഇറക്കി വിട്ടാല്‍ അര സെന്റ് പോലും വാങ്ങാന്‍ കഴിവുള്ളവരല്ല ആരും. വെറും പാവങ്ങളാണ്,'' ഇപ്പോഴും ഫാമില്‍ തുടരുന്ന കുഞ്ഞിരാമന്‍ പറയുന്നു.

ഫാം പുനരധിവാസ ഭൂമിയാവുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമായിരുന്നു. അക്കാലത്ത് ആനകളില്‍നിന്ന് ഭൂമി സംരക്ഷിക്കാന്‍ വൈദ്യുതവേലിയുണ്ടായിരുന്നു. എന്നാല്‍ പുനരധിവാസ ഭൂമിയായതിനുശേഷം ഈ വേലികളുണ്ടായില്ല. വര്‍ഷങ്ങളുടെ ആവശ്യത്തിനൊടുവില്‍ അനുവദിച്ച് കിട്ടിയ ആനമതിലിന്റെ നിര്‍മാണം അടുത്ത കാലത്താണ് തുടങ്ങിയത്.

കുടിവെള്ളമില്ലായ്മയാണ് ഇവര്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. കോടികള്‍ മുടക്കി ജലനിധി പദ്ധതി നടപ്പാക്കിയെങ്കിലും പലയിടങ്ങളിലും വെള്ളം ലഭിക്കുന്നില്ല. കിട്ടുന്നയിടങ്ങളിലും ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ വെള്ളമില്ല.

''കൃഷി ചെയ്യാന്‍ കൂടിയാണല്ലോ സ്ഥലം തന്നത്. പക്ഷേ അതിന് വെള്ളമെവിടെ? കുടിക്കാന്‍ വെള്ളം കിട്ടണമെങ്കില്‍തന്നെ വലിയ ബുദ്ധിമുട്ടാണ്. കൃഷിയെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. ഇനി വെള്ളം അധികം ആവശ്യമില്ലാത്ത പറങ്കിമാവോ, കപ്പയോ നടാമെന്ന് വച്ചാല്‍ മൃഗങ്ങള്‍ ഒന്നും ബാക്കി വയ്ക്കില്ല,'' ഫാമില്‍നിന്ന് മാറിത്താമസിക്കുന്ന ബിന്ദു പ്രതികരിച്ചു.

ആദിവാസികള്‍ക്കായി അനുവദിച്ച ഭൂമിയില്‍നിന്ന് 3000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ആദിവാസികളുടെ ക്ഷേമത്തിനായി ആറളം ഫാമിങ് കോര്‍പ്പറേഷനും സ്ഥാപിച്ചു. എന്നാല്‍ ഇതിന്റെ ഗുണങ്ങളൊന്നുംതന്നെ ഫാമിലെ ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് ലഭിച്ചുമില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് പലരും സ്വന്തം ഊരുകളിലേക്കോ മറ്റിടങ്ങളിലേക്കോ മടങ്ങിപ്പോവുകയായിരുന്നു.

ആറളം ഫാമില്‍ നിലവിലുള്ള പട്ടയം റദ്ദാക്കി 1700 പേര്‍ക്ക് പുതുതായി പട്ടയം നല്‍കുമെന്ന് ഇരിട്ടിയില്‍ നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമാനുസൃതം പട്ടയം ലഭിച്ചവരുടെ അവകാശങ്ങള്‍ റദ്ദാക്കി കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ഫാമിലെ ആദിവാസി വിഭാഗങ്ങളുടെ ആരോപണം.

ഭൂരഹിതരായ ആദിവാസി വിഭാഗക്കാര്‍ക്ക് കൃഷിഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതിനാണ് ആദിവാസി പുനരധിവാസ മിഷന്‍ നിലവില്‍ വന്നത്. കണ്ണൂര്‍ ജില്ലയിലെ പണിയ വിഭാഗത്തെ പുനരധിവസിപ്പിക്കാനാണ് ആറളം ഫാം ഒരുക്കിയത്. പിന്നീട് വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ള മറ്റ് ആദിവാസി വിഭാഗങ്ങള്‍ക്കും പല ഘട്ടങ്ങളിലായി ഭൂമി നല്‍കി. ഈ ഭൂമിയാണ് ഇപ്പോള്‍ താമസമില്ലെന്ന കാരണം കാണിച്ച് ഇവരില്‍നിന്ന് തിരികെ പിടിക്കുന്നത്.

''പട്ടയ ഉടമകള്‍ മറ്റേതെങ്കിലും സ്ഥലത്താണ് താമസിക്കുന്നത് എന്നതുകൊണ്ട് പട്ടയം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത് വംശീയ വിവേചനമാണ്. എന്നുമാത്രമല്ല, ഇത് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമായാണ് കാണുന്നത്. ഇത്രയും പേരുടെ പട്ടയങ്ങള്‍ റദ്ദാക്കി അവര്‍ക്ക് താത്പര്യമുള്ളവര്‍ക്കും കയ്യേറ്റക്കാര്‍ക്കും ഭൂമി നല്‍കിയാല്‍ ആ പഞ്ചായത്ത് തന്നെ മുഴുവനായും അവര്‍ക്ക് സ്വന്തമാക്കാം,'' ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പ്രതികരിച്ചു.

പട്ടയം റദ്ദാക്കുന്നവരില്‍ ഭൂരിഭാഗം പേരും പണിയ സമുദായക്കാരാണ്. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും എല്ലാത്തരത്തിലും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ്. തിരികെ ആ ഭൂമിയില്‍ വന്ന് താമസിക്കാന്‍ പറയാനുള്ള മാന്യത പോലുമല്ല സര്‍ക്കാര്‍ കാണിക്കുന്നത്. സിപിഎമ്മിന് താത്പര്യമുള്ളവരെ ട്രൈബല്‍ പ്രമോര്‍ട്ടര്‍മാരായി വച്ചിട്ടുണ്ട്. അവര്‍ വന്ന് നോക്കി താമസമില്ലെന്ന് റിപ്പോര്‍ട്ട് കൊടുക്കുന്നു. അതിനനുസരിച്ച് പട്ടയം റദ്ദാക്കാന്‍ നടപടിയെടുക്കുന്നുവെന്നും സതീശന്‍ തുടര്‍ന്നു.

തങ്ങള്‍ക്ക് ലഭിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആദിവാസി വിഭാഗങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ