പേരാമ്പ്രയിലെ ആദിവാസി ഊരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനഞ്ചോളം അസ്വാഭാവിക മരണങ്ങളാണുണ്ടായത്. കുളത്തൂര്‍ കോളനിയിലും നരേന്ദ്രദേവ് കോളനിയിലും ആത്മഹത്യകളും കൊലപാതകങ്ങളും പതിവായിരിക്കുകയാണ്. ഈ മരണങ്ങള്‍ക്കെല്ലാം പിന്നിലെ കാരണമെന്താണ് ? പട്ടികവര്‍ഗ വകുപ്പ് ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആദിവാസി സമൂഹം ഇല്ലാതാകുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ് പേരാമ്പ്രയിലെ ആദിവാസി ഊരുകള്‍ വിരല്‍ചൂണ്ടുന്നത്.
ലഹരിക്കടിമപ്പെട്ട് പേരാമ്പ്രയിലെ ആദിവാസി കോളനികളിലുള്ളവര്‍ ചെന്നെത്തുന്നത് ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കുമാണ്. സ്വന്തം അച്ഛനേയും അമ്മയേയും വരെ മദ്യലഹരിയില്‍ കൊന്നുകളഞ്ഞവര്‍ ഇവിടെയുണ്ട്. നിത്യവും കോളനിക്കകത്തുള്ളവര്‍ തമ്മില്‍ വാക്കേറ്റങ്ങളും അക്രമങ്ങളും നടക്കുന്നുണ്ട്.
അട്ടപ്പാടിയില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന ലഹരിമരണങ്ങള്‍ നമുക്ക് മുന്നില്‍ ഉദാഹരണമായി നില്‍ക്കുന്നുണ്ട്. ഊരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എസ് സി/എസ് ടി പോലീസ് മോണിറ്ററിങ്ങ് കമ്മിറ്റി ഉണ്ടെങ്കിലും നാളുകളായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്നാണ് ഊര് മൂപ്പനും എസ് സി/എസ് ടി പോലീസ് മോണിറ്ററിങ്ങ് കമ്മിറ്റി അംഗവുമായ ബാലന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞത്. അധികാരികള്‍ കൃത്യമായി ഇടപ്പെട്ടിരുന്നുവെങ്കില്‍ ഇത്രയും മരണം സംഭവിക്കുമായിരുന്നില്ലെന്നും ബാലന്‍ പറയുന്നു.