FOURTH SPECIAL

ജനാധിപത്യവാദിയില്‍ തുടക്കം, ഏകാധിപത്യത്തിലേക്കുള്ള പാതയില്‍ വീണ ഷെയ്ഖ് ഹസീന

നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തി കൃത്യം ഏഴ് മാസം പിന്നിടുമ്പോള്‍ ജനകീയ പ്രക്ഷോഭത്തെ ഭയന്ന് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നിരിക്കുന്നത്

വെബ് ഡെസ്ക്

പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന മനുഷ്യത്വത്തിന്റെ മാതാവാണ്. പ്രതിപക്ഷത്തിന് വിയോജന ശബ്ദങ്ങളെ ജയിലടയ്ക്കുന്ന സ്വേച്ഛാധിപതിയും. ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാളഭരണത്തിനെതിരെ ജീവന്‍ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും ഒടുവില്‍ ഭരണത്തില്‍ മതിഭ്രമം ബാധിച്ച അനിതരസാധാരണമായ കഥയാണ് 76-കാരിയായ ഷെയ്ഖ് ഹസീനയുടേത്. നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന എന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവമായിരുന്നു ഷെയ്ഖ് ഹസീനയുടെ കരുത്ത്. അവിടെ നിന്നാണ് കൃത്യം ഏഴ് മാസം പിന്നിടുമ്പോള്‍ ജനകീയ പ്രക്ഷോഭത്തെ ഭയന്ന് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നിരിക്കുന്നത്.

1996 മുതല്‍ 2001 വരെയുള്ള കാലയളവിനുശേഷം, 2009 ലാണ് ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വനിതാ രാഷ്ട്ര മേധാവിയെന്ന റെക്കോര്‍ഡും ഷെയ്ഖ് ഹസീനയ്ക്കാണ്. മാര്‍ഗരറ്റ് താച്ചര്‍, ഇന്ദിര ഗാന്ധി എന്നിങ്ങനെ ലോകം കണ്ട കരുത്തുറ്റ വനിതാ നേതാക്കളെക്കാള്‍ കൂടുതല്‍ കാലം അധികാരത്തിലിരുന്നതും ഷെയ്ഖ് ഹസീനയാണ്. ഒരുസമയത്ത് ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി വളരുമെന്ന് പലരും വിചാരിച്ചിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. അങ്ങനെയൊരു സ്ഥിതിയിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചതില്‍ ഹസീന വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ വളരെ മോശമാണ്

1971ലെ ബംഗ്ലാദേശ് സ്വാന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നേരത്തെ നല്‍കിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം

ഹസീന യുഗത്തിന്റെ ആരംഭം

1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശില്‍ നടന്ന സൈനിക അട്ടിമറിയാണ് ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അന്ന് ആ അട്ടിമറി നടക്കുമ്പോള്‍ ജര്‍മനിയിലായിരുന്ന ഹസീനയ്ക്ക് നഷ്ടമായത് മൂന്ന് സഹോദരങ്ങളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെയായിരുന്നു. ഈ സംഭവത്തോടെയാണ് ഹസീനയെന്ന ഇന്നുകാണുന്ന 'ഉരുക്കുവനിത' ജനിക്കുന്നത്.

പിന്നീട് തന്റെ പിതാവും ബംഗ്ലാദേശ് പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് മുജീബുറഹ്‌മാന്‍ വിഭാവനം ചെയ്ത ബംഗ്ലാദേശ് യാഥാര്‍ഥ്യമാക്കാനായിരുന്നു ഹസീനയുടെ പ്രവര്‍ത്തനങ്ങള്‍. ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ വര്‍ഷങ്ങളോളം ഇന്ത്യയിലായിരുന്നു അഭയം പ്രാപിച്ചിരുന്നത്. പിന്നീട് ബംഗ്ലാദേശിലേക്ക് മടങ്ങുകയും അവാമി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പിന്നെയും പലതവണ മാറിവന്ന ഭരണകൂടങ്ങള്‍ ഹസീനയെ തടവിലാക്കിയിരുന്നു.

നിരവധി വികസന പ്രവര്‍ത്തനങ്ങളും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് ക്ഷണിച്ചതുമെല്ലാം ഷെയ്ഖ് ഹസീനയുടെ കീര്‍ത്തി വര്‍ധിപ്പിച്ചെങ്കിലും പിന്നീട് സ്വീകരിച്ച ഏകാധിപത്യ സമീപനങ്ങള്‍ പല കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയായിരുന്നു.

ഹസീനയ്ക്ക് യഥാക്രമം 84 ,82 ശതമാനം വോട്ടുകള്‍ ലഭിച്ച അവസാന രണ്ട് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ആരോപിച്ചിരുന്നു. രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ബിഎന്‍പി നേതാവ് ഖാലിദ സിയാ ഇപ്പോഴും വീട്ടുതടങ്കലിലാണ്. കൂടാതെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നാല്പത് ലക്ഷം കേസുകളാണുള്ളത്. ഒപ്പം സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നതായും ആരോപണങ്ങളുണ്ട്.

ഒരുസമയത്ത് ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി വളരുമെന്ന് പലരും വിചാരിച്ചിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. അങ്ങനെയൊരു സ്ഥിതിയിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചതില്‍ ഹസീന വഹിച്ച പങ്ക് വളരെ വലുതായിരുന്നു

മതമൗലികവാദികളെ സധൈര്യം നേരിട്ട ഹസീന

2016-ല്‍ അഞ്ച് ഭീകരര്‍ ധാക്ക കഫേയില്‍ അതിക്രമിച്ച് കയറി 18 വിദേശികള്‍ ഉള്‍പ്പെടെ 22 പേരെ കൊലപ്പെടുത്തിയത് ബംഗ്ലാദേശിനെ ഒന്നാകെ പിടിച്ചുലച്ചിരുന്നു. ഇതിനെ ഷെയ്ഖ് ഹസീന നേരിട്ട രീതി ഇന്നും അവരുടെ ആരാധകര്‍ എടുത്തുപറയുന്നു കാര്യമാണ്. 1971-ലെ വിമോചനയുദ്ധ കാലത്ത് നടത്തിയ കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രബലരായ ഇസ്ലാമിക നേതാക്കള്‍ പ്രതികളായ കേസില്‍ വിചാരണ ആരംഭിച്ചതും ഹസീനയുടെ കാലത്തായിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് നേതാക്കളാണ് കൊല്ലപ്പെട്ടത്.

ബംഗ്ലാദേശിന്റെ സാമ്പത്തികം

ഒരുസമയത്ത് ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി വളരുമെന്ന് പലരും വിചാരിച്ചിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. അങ്ങനെയൊരു സ്ഥിതിയിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചതില്‍ ഹസീന വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ വളരെ മോശമാണ്. സുസ്ഥിരമായൊരു ജിഡിപിയും സാമൂഹിക സൂചികകളില്‍ പുരോഗതിയുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല.

ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം വായ്പകളാണ് ശ്രീലങ്കയുടെ വിധിയില്‍നിന്ന് ബംഗ്ലാദേശിനെ രക്ഷപ്പെടുത്തിയതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. വായ്പകളുടെ ബലത്തില്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും വ്യവസ്ഥാപരമായ പരിമിതികള്‍ പരിഹാരം കാണാതെ കിടക്കുകയാണ്. മൂലധനങ്ങളും നിക്ഷേപങ്ങളും രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്ന തോത് വര്‍ധിക്കുന്നതില്‍ ഐഎംഎഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഒരേ പാര്‍ട്ടിതന്നെ ഭരിക്കുന്നത് സ്ഥാപനവത്കൃത അഴിമതിയിലേക്കാണ് വഴി വച്ചിരിക്കുന്നത്. ഒപ്പം പാര്‍ലമെന്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന എന്ന ഭരണാധികാരി പ്രിയപ്പെട്ടവളാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ മുതല്‍ വ്യാപാര ബന്ധങ്ങളും പാകിസ്താനോടുള്ള സമീപനവുമെല്ലാം ഇതിന് പിന്നിലുണ്ട്

ബംഗ്ലാദേശിലെ അമേരിക്ക- റഷ്യ പോര്

2024 എന്നത് തിരഞ്ഞെടുപ്പുകളുടെ വര്‍ഷമാണ്. ആഗോള രാഷ്ട്രീയത്തിന്റെ ഗതിയെതന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ജനവിധികളാണ് ഈ വര്‍ഷം വരാനിരിക്കുന്നത്. അതിന്റെ കിക്കോഫാണ് ജനുവരി ഏഴിന് ബംഗ്ലാദേശില്‍ നടക്കുക. അതിനുമുണ്ട് വലിയൊരു പ്രത്യേകത. കാരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പാണിത്. കൂടാതെ ശീതയുദ്ധ കാലത്തെ പോലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ റഷ്യയും (അന്ന് സോവിയറ്റ് യൂണിയന്‍ ആയിരുന്നു) അമേരിക്കയും രണ്ടുപക്ഷങ്ങളിലാണ്.

ഷെയ്ഖ് ഹസീനയും പടിഞ്ഞാറന്‍ ശക്തികളുമായി നടക്കുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ഓരോ വിഷയങ്ങളിലും പ്രകടമാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാശ്ചാത്യ ശക്തികളെ കൂടിയാണ് ഹസീന നേരിടുന്നതെന്ന വിലയിരുത്തല്‍ ശക്തമാണ്. ഒരു ഭാഗത്ത് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ബംഗ്ലാദേശില്‍ ജനാധിപത്യത്തിന് അപചയം സംഭവിക്കുന്നുവെന്ന് വാദിക്കുമ്പോള്‍ മറുവശത്ത് ഹസീനയ്ക്ക് കൂട്ടായി റഷ്യയുണ്ട്, ശീത യുദ്ധകാലത്തിന്റെ ഒരു ആവര്‍ത്തിപോലെ. ബംഗ്ലാദേശിനെ അസ്ഥിരമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നാണ് റഷ്യയുടെ ആരോപണം.

2021-ലും 23-ലും പ്രസിഡന്റ് ജോ ബൈഡന്റെ ജനാധിപത്യ ഉച്ചകോടിയില്‍ ബംഗ്ലാദേശിനെ ക്ഷണിക്കാതിരുന്നത് അവരോടുള്ള മതിപ്പ് കുറവിന്റെ ഭാഗമാണെന്ന് അന്നുതന്നെ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ ചടങ്ങില്‍ പാകിസ്താനുപോലും ക്ഷണമുണ്ടായിരുന്നു എന്നത് ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ഹസീന

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന എന്ന ഭരണാധികാരി പ്രിയപ്പെട്ടവളാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ മുതല്‍ വ്യാപാര ബന്ധങ്ങളും പാകിസ്താനോടുള്ള സമീപനവുമെല്ലാം ഇതിന് പിന്നിലുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യയേറ്റിവിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ചൈന അവരുടെ നിക്ഷേപം തുടരുമ്പോള്‍ മോദിയുടെ കണക്ടിവിറ്റി സ്വപ്നങ്ങളില്‍ ബംഗ്ലാദേശിന് പ്രധാന സ്ഥാനമുണ്ട്. റൂപ്പുര്‍ ആണവനിലയത്തില്‍ ഇന്ത്യയ്ക്ക് നിക്ഷേപമുണ്ട്.

ചരക്ക് കപ്പലുകളുടെ ഗതാഗതത്തിനും ട്രാന്‍സ് ഷിപ്പ്‌മെന്റിനുമായി ഇന്ത്യ ബംഗ്ലാദേശിലെ ചാട്ടോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഒന്നിലധികം റെയില്‍വേ ലൈനുകള്‍ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സുരക്ഷിതമാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍. അതിര്‍ത്തികള്‍ വഴി വിഘടനവാദ സംഘങ്ങള്‍ നുഴഞ്ഞ് കയറാതിരിക്കാനുള്ള ധാരണയിലും ഹസീന കര്‍ക്കശക്കാരിയായി തുടരുന്നുണ്ട്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗ്ലാദേശ് വേദിയാകില്ലെന്ന് ഉറപ്പിക്കുന്ന കരാറും, ഗംഗാ ഉടമ്പടിയുമൊക്കെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്രയും നിര്‍ണായകമായ ഉടമ്പടികള്‍ കൈവരിച്ചത് ഷെയ്ഖ് ഹസീനയുടെ കാലത്താണ്.

ഒടുവില്‍ ജനരോഷം ഭയന്ന് പലായനം

1971ലെ ബംഗ്ലാദേശ് സ്വാന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നേരത്തെ നല്‍കിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം. 2018-ല്‍ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ശക്തമായ സമരം നടക്കുകയും സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കു മുന്നില്‍ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സര്‍ക്കാര്‍ പിന്‍വലിച്ച സംവരണം ജൂണ്‍ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരികയായിരുന്നു. അതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷസമരത്തിലേക്ക് കടന്നു.

സമരത്തെത്തുടര്‍ന്ന് നേരത്തെ മിക്കസര്‍ക്കാര്‍ ജോലികളില്‍ നിന്നും ക്വാട്ട പിന്‍വലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താല്‍ക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ പരിപാടിയിലാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ