ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം. എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നില്‍ക്കുമ്പോഴാണ് ശബരിമലയയയ്ക്ക് സമീപം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ഇതിനായി നേരത്തെ തന്നെ കണ്ടുവച്ചിരുന്ന എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ സര്‍വേ നമ്പറുകള്‍ വിജ്ഞാപനം ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്തി, മണിമല വില്ലേജുകളിലെ 2750 ഏക്കര്‍ (1039.876 ഹെക്ടര്‍) വിമാനത്താവളത്തിനായി ഏറ്റെടുക്കും. എസ്‌റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്ന 307 ഏക്കറും ചേര്‍ത്താണിത്.
സര്‍ക്കാര്‍ ഭൂമി പൊതു പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഭൂമി ഒഴിപ്പിക്കേണ്ടതില്ല. ഏറ്റെടുക്കാതെ തന്നെ നേരിട്ട് സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിയും. സ്വകാര്യ ഭൂമിയാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടതായി വരിക.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി, മണിമല വില്ലേജുകളിലായി 281,283,282,299 റീസര്‍വേ നമ്പറുകളിലുള്ള ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിനായി 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ തങ്ങളുടേതെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ പ്രഖ്യാപിച്ച ഭൂമി ഏറ്റെടുക്കുന്നത് എപ്രകാരമായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമിയിലെ ചമയങ്ങളുടെ വില കെട്ടിവച്ച് ഏറ്റെടുക്കാമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായിരിക്കെ നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്ന ഭൂമി എന്തിന് പണം നല്‍കി ഏറ്റെടുക്കണമെന്ന ചോദ്യം അന്ന് ഉയര്‍ന്നു. സര്‍ക്കാരാണ് ഭൂമിയുടെ ഉടമയെന്ന് ഉറപ്പുണ്ടെങ്കില്‍ പണം കെട്ടിവക്കുന്നതെന്തിനെന്ന ചോദ്യം ബിലീവേഴ്സ് ചര്‍ച്ചും, അഭിഭാഷകരുമുള്‍പ്പെടെ അന്ന് ഉന്നയിച്ചു. പുതിയ ഉത്തരവില്‍ ഭൂമി പണം നല്‍കിയാണോ ഏറ്റെടുക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം രണ്ട് തരത്തില്‍ മാത്രമാണ് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയുക. സര്‍ക്കാര്‍ ഭൂമി പൊതു പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഭൂമി ഒഴിപ്പിക്കല്‍ ചെയ്യേണ്ടതില്ല. ഏറ്റെടുക്കാതെ തന്നെ നേരിട്ട് സര്‍ക്കാരിന് ആ ഭൂമി വിനിയോഗിക്കാന്‍ കഴിയും. സ്വകാര്യ ഭൂമിയാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടതായി വരിക.
സിവില്‍ കേസ് കോടതിയെ നിലനില്‍ക്കെ പണം കെട്ടിവച്ച് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചാല്‍ സഭാ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം എടുക്കുമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് നേതൃത്വം പ്രതികരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അധികാരികള്‍ പറയുന്നു. ചെറുവള്ളിയിലെ ഭൂമി തങ്ങളുടേതെന്ന് കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചും സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു.
എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം രേഖകള്‍ പ്രകാരം ബിലീവേഴ്‌സ് ചര്‍ച്ചിനാണ്. തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടാണ് ബിലീവേഴ്‌സ് ചര്‍ച്ച് വിമാനത്താവളത്തിനായുള്ള മണ്ണ് പരിശോധനയ്ക്ക് അനുമതി നല്‍കിയിരുന്നതും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക എന്നായിരുന്നു മുമ്പ് സര്‍ക്കാര്‍ തീരുമാനം. സിവില്‍ കോടതിയില്‍ നടക്കുന്ന കേസിന്റെ അന്തിമ വിധിയെ ആശ്രയിച്ചാവും തുടര്‍ നടപടികള്‍. തര്‍ക്കം പാലാ കോടതിയിലിരിക്കെ മുന്‍തൂക്കം സര്‍ക്കാര്‍ വാദത്തിനാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അവകാശപ്പെടുന്ന ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള വഴികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാതെയും, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെയും, നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ കൈയ്യേറ്റക്കാരോട് കൈകോര്‍ത്ത് പോവുകയാണെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകള്‍ തന്നെ ചെറുവള്ളിയിലേത് സര്‍ക്കാര്‍ ഭൂമിയാണെന്നും സ്വകാര്യ വ്യക്തി കയ്യേറിയതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലും വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു
സര്‍ക്കാര്‍ ഭൂമി എന്ന് പ്രഖ്യാപിച്ചതിന് ശേഷം നഷ്ടപരിഹാരം നല്‍കിയാണ് ഭൂമിയേറ്റെടുക്കുന്നതെങ്കില്‍ അത് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഹാരിസണ്‍ മലയാളത്തിനെതിരെ കേസ് വാദിച്ച മുന്‍ ഗവ.പ്ലീഡര്‍ സുശീല ഭട്ട് പറയുന്നു. കോടതിയില്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന കേസിനെ സര്‍ക്കാരിന്റെ നീക്കം ദുര്‍ബലപ്പെടുത്തുമെന്നാണ് അവരുടെ അഭിപ്രായം. 'സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഉള്ളപ്പോള്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ പെടാതെ ഭൂമി ഏറ്റെടുക്കാമായിരുന്നു. അതില്‍ നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സര്‍ക്കാര്‍ അതിന് മുതിരുന്നതെന്തിനെന്നും സുശീല ഭട്ട് ചോദിക്കുന്നു. 'ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ ഭൂമിയായിരിക്കെ അതില്‍ സര്‍ക്കാരിന് ഏറ്റെടുക്കലുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതില്‍ യാതൊരു നിയമ പ്രശ്നങ്ങളുമില്ല. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കുകയെന്നാല്‍ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുക എന്ന ഒറ്റ വ്യവസ്ഥയേ നിയമത്തിലുള്ളൂ. സര്‍ക്കാര്‍ ഭൂമി ആണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ ലാന്‍ഡ് അക്വിസിഷനോ എവിക്ഷനോ നടപ്പാക്കേണ്ടതുമില്ല. സര്‍ക്കാര്‍ തീരുമാനം പൊതുതാത്പര്യത്തിന് എതിരാണ്. സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകള്‍ തന്നെ ചെറുവള്ളിയിലേത് സര്‍ക്കാര്‍ ഭൂമിയാണെന്നും സ്വകാര്യ വ്യക്തി കയ്യേറിയതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലും വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാജമാണിക്യത്തിന് സ്പെഷ്യല്‍ ഓഫീസര്‍ പവര്‍ ഇല്ല എന്ന ഒറ്റ സാങ്കേതിക കാരണത്താല്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെ ഹൈക്കോടതി റദ്ദ് ചെയ്തത്. എല്ലാതെ അതില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ തെറ്റാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. വസ്തുതകളില്‍ അത് സര്‍ക്കാര്‍ ഭൂമിയാണ്. തര്‍ക്കമുണ്ടെങ്കില്‍ എതിര്‍കക്ഷികളാണ് കോടതിയില്‍ ഇത് ചോദ്യം ചെയ്യേണ്ടത്. അതിന് പകരം സര്‍ക്കാര്‍ ഡിസ്പ്യൂട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ നാളെ എതിര്‍കക്ഷികള്‍ ആ പണം ക്ലെയിം ചെയ്യാനുള്ള സാധ്യതയുണ്ട്. കോടതിയില്‍ കേസ് വരുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാക്കി, ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരിന് തന്നെ സംശയമുണ്ടെന്ന് വരുത്തി തീര്‍ത്ത് എല്ലാ തോട്ടംഭൂമികളും കയ്യേറ്റക്കാര്‍ക്ക് തന്നെ നല്‍കാന്‍ ഇടവരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്ന് മാത്രമല്ല, എത്ര കോടികളാണ് ബിലീവേഴ്സ് ചര്‍ച്ചിന് പൊതുഖജനാവില്‍ നിന്ന് സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മാത്രം അറിഞ്ഞാല്‍ മതി. 2263 ഏക്കര്‍ സ്ഥലം ഇപ്പോഴത്തെ ഭൂമി വിലയ്ക്ക് എടുക്കുന്നു എന്നാല്‍ രണ്ടായിരം കോടി രൂപയിലധികം ഖജനാവില്‍ നിന്ന് ബിലീവേഴ്സ് ചര്‍ച്ചിന് ലഭിക്കും. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. തോട്ടം ഭൂമി ഉടമസ്ഥ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നതിന് സമാനമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സര്‍ക്കാരിന് നേരിട്ട് ആ ഭൂമിയില്‍ കടന്ന് പ്രവര്‍ത്തിക്കാം. ഏറ്റെടുക്കേണ്ട ആവശ്യമില്ല.'
ചെറുവള്ളി എസ്റ്റേറ്റ് 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമ പ്രകാരം ഏറ്റെടുക്കാമെന്ന് മുമ്പ് റവന്യൂ വകുപ്പ് വ്യോമയാന ചുമതലയുള്ള ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 പ്രകാരം ഭൂമി സര്‍ക്കാരിന്റേതായിരിക്കെ ഭൂമി വില കൊടുത്ത് വാങ്ങാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 2263 ഏക്കര്‍ വരുന്ന ഭൂമി വിലകൊടുത്ത് വാങ്ങാനുള്ള തീരുമാനം ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള തോട്ടം മുതലാളിമാരുടെ ഭരണഘടനാ ലംഘനത്തിനും നിയമ വിരുദ്ധമായ ഭൂമി കൈമാറ്റത്തിനും കൂട്ട് നില്‍ക്കുന്നതാണെന്ന ആരോപണം ശക്തമാണ്. തോട്ടംഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കേസുകളില്‍ സുപ്രീംകോടതിയിലടക്കം സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഓരോ ഭൂമിയുടേയും തര്‍ക്കം പരിഹരിക്കുന്നതിന് സിവില്‍ കോടതികളെ സമീപിക്കാം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 2020ല്‍ സംസ്ഥാനത്തൊട്ടാകെ വിവിധ കോടതികളിലായി എട്ട് കേസുകളാണ് സര്‍ക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ വഴി കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് ചെറുവള്ളിയും.
2263 ഏക്കര്‍ സ്ഥലം ഇപ്പോഴത്തെ ഭൂമി വിലയ്ക്ക് എടുക്കുന്നു എന്നാല്‍ രണ്ടായിരം കോടി രൂപയിലധികം ഖജനാവില്‍ നിന്ന് ബിലീവേഴ്സ് ചര്‍ച്ചിന് ലഭിക്കും. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്.
തര്‍ക്കഭൂമി
2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണ്‍സ് മലയാളം കൈവശം വച്ചിരുന്ന ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റത്. ഇത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി വിറ്റതെന്ന് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന നന്ദനന്‍ പിള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഹാരിസണ്‍സിന് ഭൂമി കൈമാറ്റം ചെയ്യാന്‍ അവകാശമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 2008ല്‍ തഹസില്‍ദാര്‍ പോക്കുവരവ് റദ്ദ് ചെയ്തു. പിന്നീട് രാജമാണിക്യം കമ്മീഷനും വില്‍പ്പന നിയമ വിരുദ്ധമാണെന്നും ഭൂമി ഏറ്റെടുക്കണമെന്നും വ്യക്തമാക്കി. ഭൂമി ഒഴിയണമെന്ന നോട്ടീസ് നല്‍കിയതിന് പിന്നാലെ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അത് സിവില്‍ കോടതിയില്‍ പരിഹരിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി കരമടയ്ക്കുന്നതിനും മരംമുറിക്കുന്നതിനും തോട്ടമുടമകള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ സിവില്‍ കേസ് വിധിയനുസരിച്ചായിരിക്കും പിന്നീട് കരമടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. ഭൂമി സര്‍ക്കാരിന്റേതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, നിയമ വിരുദ്ധമായി കൈവശം വച്ചിരുന്ന ഭൂമി നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തതിന് ഹാരിസണ്‍സിനും ബിലീവേഴ്സ് ചര്‍ച്ചിനുമെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ സര്‍ക്കാര്‍ അവരുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ ശ്രമം തുടരുന്നതില്‍ പലരും സംശയമുന്നയിക്കുന്നു.
ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിന് കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവക്കാനുള്ള തീരുമാനം 2019ല്‍ സര്‍ക്കാര്‍ എടുക്കുമ്പോള്‍ അന്ന് ഒരു കോടതികളിലും കേസ് നിലവിലില്ലായിരുന്നു. ഭൂമിയുടെ അവകാശം സ്ഥാപിക്കാനായി സിവില്‍ കേസുകള്‍ പോവും എന്ന തീരുമാനത്തിനപ്പുറം ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നില്ല. 2018 ഏപ്രില്‍ 11നാണ് ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിച്ചത്. ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്നതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവായിരുന്നു അത്. ഹാരിസണ്‍ മലയാളം ലിമിറ്റഡും അവരില്‍ നിന്ന് ഭൂമി നേടിയ മറ്റുള്ളവരും കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരുന്നു. കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഹാരിസണും മറ്റുള്ളവരും കൈവശം വച്ചിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു രാജമാണിക്യം കമ്മീഷന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇത്രയും ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുക്കുന്നതിന് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ക്കെതിരെ തോട്ടം കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദ് ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി നിയമിതനായ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്ന് തെളിയിക്കാനുള്ള അധികാരമില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഉത്തരവുകള്‍ റദ്ദ് ചെയ്തത്. എന്നാല്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥതയുള്ളതായി കോടതി കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. നിലവിലെ കേസില്‍ കേരള ഭൂസംരക്ഷണ നിയമ പ്രകാരമുള്ള അധികാരം മാത്രമാണ് പരിശോധിക്കുന്നതെന്നും ഉടമസ്ഥത സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഉത്തരവിട്ട കോടതി കമ്പനികളില്‍ നിന്ന് കരം സ്വീകരിക്കുന്നത് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും നിര്‍ദ്ദേശിച്ചു. എട്ട് ജില്ലകളില്‍ തോട്ടം കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവില്‍ കോടതികളില്‍ കേസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് 2019 ജൂണ്‍ ആറിനാണ്. സിവില്‍ കോടതിയെ സമീപിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു ഉത്തരവ്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കൈവശമിരിക്കുന്ന തോട്ടം ഭൂമികള്‍ക്ക് പുറമെ കൈമാറ്റം ചെയ്ത ഭൂമികളും ഉള്‍പ്പെടുത്തി കേസ് ഫയല്‍ ചെയ്യണമെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ വച്ചത്.
2015ല്‍ തന്നെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി തുടങ്ങിയിരുന്നുവെന്നാണ് ബിലീവേഴ്സ് ചര്‍ച്ച് സിആര്‍ഒ സിജോ പന്തപ്പള്ളില്‍ വെളിപ്പെടുത്തിയത്
ചെറുവള്ളി എസ്റ്റേറ്റും ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട ഒത്തുകളി വര്‍ഷങ്ങള്‍ക്ക് മുന്നേ തുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകള്‍ പല തവണ പുറത്തു വന്നിരുന്നു. 2016ല്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്ത ഗൗഡരുടെ ബഞ്ചില്‍ ബിലീവേഴ്സ് ചര്‍ച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിമാനത്താവള പദ്ധതിയുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഏതാണ്ട് ഇതേ സമയം ശബരിമലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമലക്കായി വിമാനത്താവളം ആവശ്യമുണ്ടെന്ന് സൂചിപ്പിച്ചു. ഇതേ കാലയളവില്‍ തന്നെയാണ് ഇന്തോ ഹെരിറ്റേജ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ കമ്പനി തുടങ്ങിയത് വാര്‍ത്തയായത്. ഗ്ലോബല്‍ ഇന്ത്യ അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാരവാഹി കൂടിയായ രാജീവ് ജോസഫ് മാനേജിങ് ഡയറക്ടറായി രൂപീകരിച്ച കമ്പനി ഡല്‍ഹി കേന്ദ്രീകരച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയതായും പത്തനംതിട്ടയില്‍ ഓഫീസ് തുറന്നതായും പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്കല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കന്‍ കേന്ദ്രിത എയ്കോം കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയാണ് നിയോഗിച്ചത്. കുമ്പഴ, ളാഹ, കല്ലേലി, ചെറുവള്ളി എസ്റ്റേറ്റുകള്‍ സമിതി പരിഗണിച്ചു. ഏറ്റവും അനുയോജ്യം ചെറുവള്ളി എസ്റ്റേറ്റ് എന്ന് സമിതി ശുപാര്‍ശ ചെയ്തു. 2263 ഏക്കര്‍ സ്ഥലം, രണ്ട് ദേശീയ പാതകള്‍, അഞ്ച് സംസ്ഥാന പാതകള്‍ തുടങ്ങിയ സവിശേഷതകളാണ് ഈ ഭൂമി അനുയോജ്യമെന്ന് കണ്ടെത്താന്‍ കാരണം. പിന്നീട് 2017ല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അതേസമയം 2015ല്‍ തന്നെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി തുടങ്ങിയിരുന്നുവെന്നാണ് ബിലീവേഴ്സ് ചര്‍ച്ച് സിആര്‍ഒ സിജോ പന്തപ്പള്ളില്‍ വെളിപ്പെടുത്തിയത്.
പുതിയ ഉത്തരവ് പുറത്ത് വന്നതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടനെ നടക്കും എന്നാണ് റവന്യൂവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. ചര്‍ച്ചകള്‍ക്ക് ശേഷമാവും ഏത് തരത്തില്‍ ഭൂമി ഏറ്റെടുക്കണമെന്ന അന്തിമതീരുമാനം ഉണ്ടാവുക
നിര്‍ദ്ദിഷ്ട എരുമേലി വിമാനത്താവളം സംബന്ധിച്ച പ്രാഥമിക പഠന റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബര്‍ഗ് കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വിമാനത്താവള നിര്‍മ്മാണത്തിന് മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള പാരിസ്ഥിതിക അനുമതിക്കായുള്ള ശ്രമം കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. സ്ഥലം കൈവശം വച്ചിരിക്കുന്ന ബിലീവേഴ്സ് ചര്‍ച്ച് ആദ്യം സ്ഥലം നല്‍കാമെന്ന് നിലപാട് സ്വീകരിച്ചിരുന്നു എങ്കിലും പിന്നീട് സ്ഥലം വിട്ട് നല്‍കാനാവില്ലെന്ന നിലപാടിലുറച്ചു. ഇതോടെ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായിരുന്നു. പുതിയ ഉത്തരവ് പുറത്ത് വന്നതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടനെ നടക്കും എന്നാണ് റവന്യൂവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. ചര്‍ച്ചകള്‍ക്ക് ശേഷമാവും ഏത് തരത്തില്‍ ഭൂമി ഏറ്റെടുക്കണമെന്ന അന്തിമതീരുമാനം ഉണ്ടാവുക. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ച ശേഷം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.