ഈ ജൂലൈ ഏഴിന് തൊണ്ണൂറ്റിയേഴാം വയസ്സിൽ അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അവസാനമായി വരച്ചത് എം ടി വാസുദേവൻ നായരുടെ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന കഥയ്ക്കായിരുന്നു. ആശുപത്രിയിലാവുന്നതിന്റെ തലേന്ന്.
അതിനു തൊട്ടുമുമ്പ് അദ്ദേഹം ഒരു പുസ്തകത്തിന്റെ കവറിനായി എംടിയുടെ ഒരു രേഖാചിത്രവും വരച്ചു. ജീവിതാവസാനത്തിൽ എംടിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ സാധിച്ചതിൽ നമ്പൂതിരി ഏറെ സന്തോഷിച്ചു കാണും എന്നാണ് ഇരുവരേയും അടുത്തറിഞ്ഞ ഒരാൾ എന്ന നിലയിൽ ഞാൻ കരുതുന്നത്. എംടിയും നമ്പൂതിരിയും തമ്മിൽ അത്തരത്തിലൊരാത്മബന്ധം നിലനിന്നിരുന്നു എന്നെനിക്കറിയാം. ആ ബന്ധത്തിന് ഏറെ പതിറ്റാണ്ടുകളുടെ പഴക്കവും ആഴവുമുണ്ട്. മാതൃഭൂമിയിൽ വച്ച് കാണുന്നതിനു മുമ്പുതന്നെ ഇവർക്ക് തമ്മിൽ പരിചയമുണ്ടായിരുന്നു.
''ഞാൻ കൂടി പ്രവർത്തിക്കുന്ന ഈ ആഴ്ചപ്പതിപ്പിന്റെ പേജുകൾ ഏറ്റവും കുറച്ചേ ഞാൻ ഉപയോഗിക്കാവൂ എന്ന് എന്നോടു തന്നെ താക്കീതു ചെയ്തു'' അദ്ദേഹം പറഞ്ഞു. ഇതു മൂലം നഷ്ടമുണ്ടായത് ചിത്രകാരന്മാർക്കായിരുന്നു. പ്രത്യേകിച്ചും നമ്പൂതിരിക്ക്. എംടിയുടെ കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും വരയ്ക്കുവാനുള്ള അവസരം അക്കാലത്ത് അധികമുണ്ടായില്ല
മദ്രാസിലെ ചിത്രകലാപഠനം കഴിഞ്ഞ് നമ്പൂതിരി നാട്ടിലേക്ക് മടങ്ങിയ കാലത്ത് എംടിയൊരിക്കൽ അദ്ദേഹത്തെ കാണാൻ പൂമുള്ളിമനയിൽ ചെന്നിരുന്നു. നമ്പൂതിരി അന്നവിടെ ചുമർച്ചിത്രങ്ങൾ വരയ്ക്കുന്നതറിഞ്ഞാണ് അദ്ദേഹമവിടെ ചെന്നത്. അന്ന് പക്ഷേ, നമ്പൂതിരി അവിടെയുണ്ടായിരുന്നില്ല. അതിനാൽ അവരുടെ ആദ്യ കൂടിക്കാഴ്ച നടക്കാതെപോയി. പിന്നീട് അധികം വൈകാതെ, 1961-ൽ ആർട്ടിസ്റ്റ് എന്ന ജോലിക്കായി നമ്പൂതിരി മാതൃഭൂമിയിലെത്തുന്നു. എംടിയാകട്ടെ 1956 മുതൽ മാതൃഭൂമി വാരികയിലെ സഹപത്രാധിപർ എന്ന സ്ഥാനത്തുണ്ടായിരുന്നു. ചെറിയൊരു മുൻ പരിചയമുണ്ടായതിനാൽ അവർക്കിടയിൽ അപരിചിതത്വം ഇല്ലായിരുന്നു. അക്കാലത്തെ മാതൃഭൂമിയാകട്ടെ പ്രതിഭകളുടെ അരങ്ങും. കെപി കേശവമേനോൻ, വിഎം നായർ , കുട്ടിക്കൃഷ്ണമാരാർ, എൻവി കൃഷ്ണവാരിയർ, എംടി, എംവി ദേവൻ അങ്ങനെ കേമന്മാരുടെ നീണ്ട ഒരു നിര തന്നെ അവിടെയുണ്ട്. അവിടേക്കാണ് കെഎം വാസുദേവൻ നമ്പൂതിരി എന്ന യുവാവ് എത്തിച്ചേർന്നത്. 21 കൊല്ലം കഴിഞ്ഞ് അദ്ദേഹം അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും ഇന്ത്യയറിയുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയായി പരിണമിച്ചിരുന്നു.
ആദ്യ കൂടിക്കാഴ്ച നടക്കാതെപോയി. പിന്നീട് അധികം വൈകാതെ, 1961-ൽ ആർട്ടിസ്റ്റ് എന്ന ജോലിക്കായി നമ്പൂതിരി മാതൃഭൂമിയിലെത്തുന്നു. എംടിയാകട്ടെ 1956 മുതൽ മാതൃഭൂമി വാരികയിലെ സഹപത്രാധിപർ എന്ന സ്ഥാനത്തുണ്ടായിരുന്നു
ദേവനും നമ്പൂതിരിയും ഒരുമിച്ച് കുറച്ചു കാലം മാതൃഭൂമിയിൽ വരച്ചു. പിന്നീട് ദേവൻ മാതൃഭൂമി വിടുന്നു. പകരം എഎസ് വരുന്നു. അങ്ങനെ നമ്പൂതിരിയും എഎസും. പ്രതിഭാധനരായ രണ്ട് ചിത്രകാരന്മാരുടെ സാന്നിധ്യം അക്കാലത്തെ മാതൃഭൂമിയുടെ ഭാഗ്യമായി. എഡിറ്റോറിയലിൽ കഥകളും നോവലുകളും നോക്കിയിരുന്നത് എംടിയാണ്. ഇതിൽ ഏതിന് ആര് വരച്ചാൽ ഉചിതമാവുമെന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതനുസരിച്ച് അദ്ദേഹം രചനകൾ ഇരുവർക്കുമായി വീതിച്ചു കൊടുത്തുകൊണ്ടിരുന്നു. എന്നാൽ ഇന്നയിന്ന രീതിയിൽ വരയ്ക്കണം എന്ന നിർദേശങ്ങളൊന്നും അദ്ദേഹം നൽകിയിരുന്നില്ല എന്ന് നമ്പൂതിരി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇരുവരും സ്വാതന്ത്ര്യത്തോടെ വരച്ചുകൊണ്ടിരുന്നു. മലയാള സാഹിത്യകൃതികളും ബംഗാളിയുൾപ്പടെയുള്ള മറ്റ് ഇന്ത്യൻ ഭാഷാസാഹിത്യവും ഇവരുടെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളോടെ വായനക്കാരുടെ മുന്നിലെത്തിക്കൊണ്ടിരുന്നു.
1981-ൽ മാതൃഭൂമി വിട്ട് കലാകൗമുദിയിലെത്തിയ നമ്പൂതിരിയെ കാത്തിരുന്നത് ഒരു മഹാഭാഗ്യയായിരുന്നു. എം ടിയുടെ 'രണ്ടാമൂഴം' കലാകൗമുദിയിൽ തുടങ്ങുന്നു. നമ്പൂതിരിയുടെ വരയോടെ. അതൊരു വിസ്മയവരയായിരുന്നു. നമ്പൂതിരിയുടെ ചിത്രകലാജീവിതത്തിന്റെ രണ്ടാമൂഴം എന്നും അതിനെ വിശേഷിപ്പിക്കപ്പെട്ടു.
അക്കാലത്തെപ്പറ്റി നമ്പൂതിരി ദുഃഖത്തോടെ പറഞ്ഞ ഒരു കാര്യം എംടിയുടെ രചനകൾക്ക് വരയ്ക്കാൻ കഴിഞ്ഞില്ല എന്നതാണ്. കാരണവും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം ടിയുടെ കഥകൾ അധികം വന്നിട്ടില്ല. കഥയും നോവലും തിരഞ്ഞെടുത്തിരുന്നത് എംടിയായിരുന്നു. ആ നിലയ്ക്ക് തനിക്ക് ചുമതലയുള്ള ആഴ്ചപ്പതിപ്പിൽ തന്റെ രചനകൾ പ്രസിദ്ധീകരിക്കുന്നതിൽ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. പിന്നീട് എംടിയും ഇക്കാര്യം ഏറ്റു പറഞ്ഞിട്ടുണ്ട്. " ഞാൻ കൂടി പ്രവർത്തിക്കുന്ന ഈ ആഴ്ചപ്പതിപ്പിന്റെ പേജുകൾ ഏറ്റവും കുറച്ചേ ഞാൻ ഉപയോഗിക്കാവൂ എന്ന് എന്നോടു തന്നെ താക്കീതു ചെയ്തു",അദ്ദേഹം പറഞ്ഞു.ഇതു മൂലം നഷ്ടമുണ്ടായത് ചിത്രകാരന്മാർക്കായിരുന്നു. പ്രത്യേകിച്ചും നമ്പൂതിരിക്ക്. എംടിയുടെ കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും വരയ്ക്കുവാനുള്ള അവസരം അക്കാലത്ത് അധികമുണ്ടായില്ല.
1981-ൽ മാതൃഭൂമി വിട്ട് കലാകൗമുദിയിലെത്തിയ നമ്പൂതിരിയെ കാത്തിരുന്നത് ഒരു മഹാഭാഗ്യയായിരുന്നു. എംടിയുടെ 'രണ്ടാമൂഴം' കലാകൗമുദിയിൽ തുടങ്ങുന്നു. നമ്പൂതിരിയുടെ വരയോടെ. അതൊരു വിസ്മയവരയായിരുന്നു. നമ്പൂതിരിയുടെ ചിത്രകലാജീവിതത്തിന്റെ രണ്ടാമൂഴം എന്നും അതിനെ വിശേഷിപ്പിക്കപ്പെട്ടു.
കലാകൗമുദി പത്രാധിപർ ജയചന്ദ്രൻ നായർ രണ്ടാമൂഴത്തിന്റെ കയ്യെഴുത്തുപ്രതി നമ്പൂതിരിയെ ഏൽപ്പിക്കുമ്പോൾ വരതുടങ്ങും മുമ്പ് എംടിയുമായി ഒന്നു സംസാരിക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു. അങ്ങനെ നമ്പൂതിരി എംടി യെ കണ്ടു സംസാരിച്ചു. അതിനു ശേഷമാണ് വരച്ചു തുടങ്ങിയതും. മനുഷ്യൻ നേരിടുന്ന ദുഃഖത്തിന്റെയും തിരസ്കാരത്തിന്റെയും കഥയാണ് രണ്ടാമൂഴത്തിലെ ഭീമനിലൂടെയും എംടി പറയുവാൻ ശ്രമിക്കുന്നത് എന്നെനിക്ക് ആ കൂടിക്കാഴ്ചയിലൂടെ ബോധ്യപ്പെട്ടു എന്നാണ് നമ്പൂതിരി ഇതേപ്പറ്റി പറഞ്ഞത്. കയ്യെഴുത്തുപ്രതി വായിക്കുമ്പോൾ എംടിയുടെ അക്ഷരങ്ങൾ തന്നോട് സംസാരിക്കുന്നതു പോലെ തോന്നി എന്നും നമ്പൂതിരി പറഞ്ഞിട്ടുണ്ട്.
നമ്പൂതിരി ആസ്വദിച്ച് വരച്ച എംടിയുടെ മറ്റൊരു പ്രധാന രചന 'വാരാണസി' എന്ന നോവലാണ്. എംടിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് അതെന്ന് നമ്പൂതിരി കരുതുന്നു
പൊതുവെ പ്രശംസാവാക്കുകളിൽ പിശുക്കനായ എംടിയും ഇവിടെ ധാരാളിയായി. " രണ്ടാമൂഴത്തിനു വേണ്ടി നമ്പൂതിരി വരയ്ക്കുന്ന കാലത്ത് ആ വരകൾ കാണാൻ എല്ലാ ആഴ്ചയും ഞാൻ കാത്തിരിക്കുമായിരുന്നു. ഓരോ കഥാപാത്രത്തിനും വാക്കുകൾ കൊണ്ട് ഞാൻ വിവരിച്ച രൂപങ്ങൾക്ക് മറ്റേതോ മാനങ്ങൾ കൂടി ചേർത്തുകൊണ്ടാണ് നമ്പൂതിരി വരച്ചത്.'' - ഈ പ്രശംസ തനിക്കു കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി നമ്പൂതിരി മനസ്സിൽ സൂക്ഷിച്ചു.
നമ്പൂതിരി ആസ്വദിച്ച് വരച്ച എംടിയുടെ മറ്റൊരു പ്രധാന രചന 'വാരാണസി' എന്ന നോവലാണ്. എംടിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് അതെന്ന് നമ്പൂതിരി കരുതുന്നു. തുടർന്നദ്ദേഹം എംടിയുടെ ചിത്രത്തെരുവുകൾ എന്ന ചലച്ചിത്രസ്മരണകൾക്കും ആത്മകഥാപരമായ 'സ്നേഹാദരങ്ങളോടെ', 'അമ്മയ്ക്ക്', 'മുത്തശ്ശിമാരുടെ രാത്രി' എന്നീ രചനകൾക്കും വരയ്ക്കുകയുണ്ടായി. നാലുകെട്ടിന്റെ അൻപതാം വാർഷിക പതിപ്പിനും വരച്ചു. അങ്ങനെ എംടിയുടെ ഭാവനാലോകത്തിന് നമ്പൂതിരി തന്റെ വരകളിലൂടെ പുതിയമാനം പകർന്നേകി. അത് മരണം വരെ തുടരുകയും ചെയ്തു.
നമ്പൂതിരിയെപ്പറ്റി എംടി വളരെ മുമ്പ് ഇങ്ങനെ എഴുതി. " ലോകത്തിന്റെ ഏതു ഭാഗത്തും ഏതുതരം കലാകാരന്മാരുടെ സമൂഹത്തിനു മുൻപിലും കൊണ്ടുവയ്ക്കാവുന്ന ചിത്രങ്ങൾ നമ്പൂതിരി വരച്ചിട്ടുണ്ട്. കല്ലിലും മരത്തിലും ചായങ്ങളിലും ഋജുവായ വരകളിലും അദ്ഭുതം സൃഷ്ടിക്കുന്ന ഈ മനുഷ്യൻ നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷമായ ഒരു സിദ്ധിയാണ്, നമ്മുടെ ഒരു ഭാഗ്യമാണ്. "
എംടിയെപ്പറ്റി നമ്പൂതിരി എന്നോട് പറഞ്ഞ ചില വാചകങ്ങൾ കൂടി ഞാനിവിടെ ചേർക്കുന്നു. "എംടിയോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. എംടി വലിയ എഴുത്തുകാരനാണ്; എഴുത്തുകാരനാണ് എന്ന് ഒരിക്കലും അവകാശപ്പെടാത്ത വലിയ എഴുത്തുകാരൻ . എഴുത്തുകാരന്റെ അന്തസ്സ് കൈവിടാത്ത ഒരാൾ. അദ്ദേഹം വലിയ മനുഷ്യനാണ്. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നൊരാൾ ".
മലയാളി സമൂഹത്തെ അടുത്തറിയുകയും അതിന്റെ ഭാവുകത്വ പരിണാമത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത രണ്ടു വാസുദേവന്മാർ
ഒരേ പേര്, ഒരേ നാട്, ഒരേ ഭാഷ, ഒരേ ഓഫീസിൽ ഒരുമിച്ച് ദീർഘകാലം ജോലി ചെയ്തവർ. കേരളീയ വായനാസംസ്കാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചവർ. ഇവർ എപ്പോഴും അടുത്ത സൗഹൃദം സൂക്ഷിച്ചു. സാധിക്കുമ്പോഴൊക്കെ പരസ്പരം കണ്ടു, വിശേഷങ്ങൾ സംസാരിച്ചിരുന്നു. അതിലൊരാൾ തൊണ്ണൂറ്റിയേഴാം വയസ്സിൽ ഈ അടുത്ത് വിടവാങ്ങിയിരിക്കുന്നു. മറ്റേയാൾ നവതി ആഘോഷത്തിലേക്ക് കടക്കുന്നു. മലയാളി സമൂഹത്തെ അടുത്തറിയുകയും അതിന്റെ ഭാവുകത്വ പരിണാമത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത രണ്ടു വാസുദേവന്മാർ. എഴുത്തുകാരനും ചിത്രകാരനും തമ്മിലുള്ള ബന്ധം, പത്രാധിപരും ആർട്ടിസ്റ്റും തമ്മിലുള്ള ബന്ധം, ഒരേകാലഘട്ടത്തിൽ ജീവിച്ച രണ്ടു യുഗപുരുഷന്മാർ തമ്മിലുള്ള ബന്ധം - ജീവിച്ച കാലത്തിന്റെ സാക്ഷികളായി ഇതെല്ലാമാണ് അവർ അന്തസ്സോടെ, മാതൃകാപരമായി ദീർഘകാലം നിർവ്വഹിച്ചുപോന്നത്. തീർച്ചയായും ഈ രണ്ടുപേർ നമ്മുടെ കാലഘട്ടത്തിന്റെ സുകൃതമാണ്. ഇവരെക്കുറിച്ചുള്ള ഓർമ്മകളിലൂടെയും ഇവരുടെ സൃഷ്ടികളിലൂടെയുമാണ് ആ കാലഘട്ടത്തെ ഭാവിയുടെ തലമുറകൾ മനസിലാക്കുക.