സജി ചെറിയാന്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം 
FOURTH SPECIAL

പഞ്ചാബ് മോഡല്‍, ശുംഭന്‍, വണ്‍,ടു,ത്രീ; കേരളത്തെ പിടിച്ചുലച്ച വിവാദ പരാമര്‍ശങ്ങള്‍

പ്രസംഗം… വിവാദം… രാജി… അറസ്റ്റ്…

വെബ് ഡെസ്ക്

ഭരണഘടനാ നിന്ദാ പ്രസംഗം സജി ചെറിയാൻ്റെ മന്ത്രി സ്ഥാനം നഷ്ടപെടുത്തുമോ എന്ന കാര്യത്തിൽ ഉറപ്പിച്ച് ഒന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. സിപിഎം നേതൃയോഗം നാളെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. വിഷയം കോടതിയിലും എത്താം. രാജിവെച്ചാലും ഇല്ലെങ്കിലും പ്രസംഗത്തിലൂടെ വിവാദത്തിൽ പെടുന്ന ആദ്യ രാഷ്ട്രീയ നേതാവോ മന്ത്രിയോ അല്ല സജി ചെറിയാൻ. പഞ്ചാബ് മോഡൽ പ്രസംഗത്തിലൂടെ പണി പോയ ആർ. ബാലകൃഷ്ണപിള്ളയുണ്ട്. കൊലപാതകങ്ങൾ 'വെളിപ്പെടുത്തിയ' എം എം മണിയുടെ 'വൺ ടു ത്രീ' പ്രസംഗമുണ്ട്. എം വി ജയരാജനെ ജയിലിലെത്തിച്ച 'ശുംഭൻ' പ്രസംഗമുണ്ട്. ഈ ശ്യഖലയിലെ ഒടുവിലത്തെ കണ്ണിയാണ് സജി ചെറിയാൻ. തീർച്ചയായും അവസാനത്തെ ആളുമാവില്ല അദ്ദേഹം.

ആര്‍ ബാലക്യഷ്ണ പിള്ളയുടെ 'പഞ്ചാബ് മോഡല്‍' പ്രസംഗം

1985 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെയാണ് ആര്‍ ബാലക്യഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയത്. കേരളത്തിലേയ്ക്ക് വരേണ്ട കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിന് അനുവദിച്ചതിനെതിരെയായിരുന്നു പിള്ളയുടെ വാക്കുകള്‍. പ്രസംഗം വിവാദമായതോടെ ബാലക്യഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

ബാലക്യഷ്ണ പിള്ളയുടെ വാക്കുകള്‍- "കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്ന് ചെല്ലാന്‍ സാധിയ്ക്കാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണം. അതിന് ചോരയും നീരുമുള്ള ആളുകള്‍ രംഗത്തിറങ്ങണം".

ആര്‍ ബാലകൃഷ്ണപിള്ള

എം എം മണിയുടെ വണ്‍.. ടൂ.. ത്രീ..

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ 2012 മെയ് 25നാണ് എം എം മണി തൊടുപുഴ മണക്കാട് വിവാദ പ്രസംഗം നടത്തിയത്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി ഇല്ലാതാക്കിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. . സംഭവം വലിയ വിവാദമായതോടെ എം എം മണിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് എം എം മണിയെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 46 ദിവസങ്ങള്‍ക്ക് ശേഷമാണ് എം എം മണി ജയില്‍ മോചിതനായത്.

എം എം മണിയുടെ പ്രസംഗം - " ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. വണ്‍,ടൂ,ത്രീ,ഫോര്‍.. ആദ്യത്തെ മൂന്ന് പേരെ ആദ്യം കൊന്നു. വെടി വെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു'. മനസ്സിലായില്ലേ. ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാംപേരുകാരനെ രണ്ടാമത് തല്ലിക്കൊന്നു. മൂന്നാംപേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടുകൂടി ഖദര്‍ വലിച്ചെറിഞ്ഞ് കോണ്‍ഗ്രസുകാര്‍ അവിടെ നിന്ന് ഊളിയിട്ടു".

എം എം മണി

എം വി ജയരാജന്റെ 'ശുംഭന്‍' പ്രയോഗം

2010 ജൂണ്‍ 26നാണ് എം വി ജയരാജന്റെ ശുംഭന്‍ പ്രസംഗം. പൊതുനിരത്തുകളില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു എം വി ജയരാജന്‍ പ്രസ്താവന നടത്തിയത്. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് വിളിച്ചതാണ് ജയരാജന് വിനയായത്. ജയരാജന് ഹൈക്കോടതി 6 മാസം തടവുശിക്ഷയും 2000 രൂപ പിഴയുമാണ് വിധിച്ചത്. ഇത് പിന്നീട് സുപ്രീംകോടതി 4 ആഴ്ച്ചയായി കുറച്ചു. ശുംഭന്‍ എന്ന പദത്തിന് 'പ്രകാശം പരത്തുന്നവന്‍' എന്ന അര്‍ത്ഥമുണ്ടെന്നായിരുന്നു ജയരാജന്റെ വാദം.

ജയരാജന്റെ വാക്കുകള്‍-" ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിപീഠത്തിലിരുന്നുകൊണ്ട് ഏതാനും ചില ശുംഭന്‍മാര്‍ പറയുന്നത് മറ്റൊന്നുമല്ല. അവര്‍ തന്നെ നിയമം നിര്‍മ്മിക്കുന്നു. അവര്‍ തന്നെ ഉത്തരവിറക്കുന്നു. ഇത് ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല"

എം വി ജയരാജന്‍

'പരനാറി', 'നിക്യഷ്ട ജീവി' പിണറായി വിജയന്റെ വിവാദ പരാമര്‍ശങ്ങള്‍

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ പ്രേമചന്ദ്രനെ 'പരനാറി' എന്നാണ് പിണറായി വിജയന്‍ വിളിച്ചത്. എം എ ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു പിണറായിയുടെ പ്രസംഗം. പരനാറി പ്രയോഗം യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ വിഷയമാക്കി. എം എം ബേബിയുടെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിണറായിയുടെ പരാമര്‍ശം ഇടയാക്കിയെന്നാണ് വിലയിരുത്തപ്പെട്ടത്. തിരുവമ്പാടിയില്‍ മത്തായി ചാക്കോ അനുസ്മരണ പരിപാടിയില്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്കെതിരെ പിണറായി നടത്തിയ 'നിക്യഷ്ട ജീവി' പരാമര്‍ശവും വിവാദമായി.

പിണറായി വിജയന്റെ വാക്കുകള്‍-"കളളം പറയില്ല എന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ യുഡിഎഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ്. ഇങ്ങനെയുള്ളവരെ നിക്യഷ്ട ജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്"

പിണറായി വിജയന്‍

വാക്കില്‍ കുരുങ്ങി വി എസും നായനാരും

മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനും ഇ കെ നായനാരും പ്രസ്താവനകളുടെ പേരില്‍ വിവാദത്തിലായിട്ടുണ്ട്. മുംബൈയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണിക്യഷ്ണന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയാണ് ഏറ്റവും വിവാദമായത്. വീരമ്യത്യു വരിച്ച സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ ഒരു പട്ടി പോലും അവിടെ പോകില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ഇത് സന്ദീപിന്റെ കുടുംബത്തെ അപമാനിയ്ക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെതിരെ വി എസ് നടത്തിയ പരാമര്‍ശവും വിവാദമായി

"ലതിക സുഭാഷിനെ എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ്. ഏത് തരത്തില്‍ എന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി"

പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയിലായിരുന്നു വി എസിന്റെ ഈ പരാമര്‍ശം. എ കെ ആന്റണിയെ ആറാട്ടുമുണ്ടന്‍ എന്ന് വി എസ് അധിക്ഷേപിച്ചതും വിമര്‍ശനത്തിന് ഇടയായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന എം എ കുട്ടപ്പനെ 'ഹരിജന്‍ കുട്ടപ്പന്‍' എന്ന് വിളിച്ചതിനാണ് ഇ കെ നായനാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.

വി എസ് അച്യുതാനന്ദന്‍

എ വിജയരാഘവന്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനിലാണ് എ വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അപമാനിക്കുന്നതായിരുന്നു വാക്കുകള്‍. "ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാന്‍ വയ്യ"

ഈ പ്രസ്താവന വിവാദമാകുകയും അത് പിന്നീട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു.

എ വിജയരാഘവന്‍

"ചെത്തുകാരന്റെ കുടുംബം"- പിണറായിക്കെതിരായ കെ സുധാകരന്റെ അധിക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി തവണ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് . ഇതെല്ലാം വിവാദമാകുകയും ചെയ്തു.

"ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍. നിങ്ങള്‍ക്ക് അഭിമാനമാണോ അത്. എവിടെ നിന്ന് വന്നു, എങ്ങനെ ഈ നിലയില്‍ എത്തി. അധികാര ദുര്‍വിനിയോഗം നടത്താതെയാണോ?"

കെ സുധാകരന്റെ ഈ പരാമര്‍ശമാണ് ഇതില്‍ ഏറ്റവും വിവാദമായത്.

കെ സുധാകരന്‍

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം