രവീന്ദ്രന് പട്ടയം ഏറെക്കാലത്തിന് ശേഷം വീണ്ടും വിവാദമായിരിക്കുകയാണ്. വി എസ് അച്യുതാന്ദന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്തും അതിന് ശേഷവും ചര്‍ച്ചയും വിവാദവുമായ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നു. രവീന്ദ്രന്‍ പട്ടയം ലഭിച്ചവരുടെ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പട്ടയത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശം.
ഇടുക്കിയില്‍ നടന്ന പട്ടയ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി
ഇടുക്കിയില്‍ നടന്ന പട്ടയ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. രവീന്ദ്രന് മാത്രമായി വ്യാജപട്ടയം ഉണ്ടാക്കാനാവില്ല. പിന്നില്‍ വേറെയും ചില ആളുകള്‍ ഉണ്ടാവും. രവീന്ദ്രനെതിരെ ഏതെങ്കിലും കേസെടുത്തിട്ടുണ്ടോ, വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പട്ടയവുമായി ബന്ധപ്പെട്ട 42 കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റിരുന്നു. വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കേസ് മാത്രമാണ് സര്‍ക്കാര്‍ ചുമത്തിയത്. രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങള്‍ റദ്ദാക്കിയെന്ന ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളില്‍ വ്യാജമേത് യഥാര്‍ത്ഥമേത് എന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് സര്‍ക്കാറിന്റെ വാദം.
എന്താണ് രവീന്ദ്രന്‍ പട്ടയം
1999ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും കെ ഇ ഇസ്മയില്‍ റവന്യൂ മന്ത്രിയുമായിരുന്ന കാലത്ത് ദേവികുളത്ത് പട്ടയങ്ങള്‍ വിതരണം ചെയ്തു. അന്ന് ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം ഐ രവീന്ദ്രനായിരുന്നു പട്ടയങ്ങള്‍ പതിച്ച് നല്‍കാനുള്ള ചുമതല. 4251 ഹെക്ടര്‍ ഭൂമി, അത് 530 പട്ടയങ്ങളാക്കി രവീന്ദ്രന്‍ പതിച്ചുനല്‍കി. ചോദിക്കുന്നവര്‍ക്കെല്ലാം പട്ടയം എന്ന മാനദണ്ഡം മാത്രമാണ് രവീന്ദ്രന്‍ പാലിച്ചതെന്ന് അക്കാലത്ത് തന്നെ ആരോപണം ഉയര്‍ന്നു. നിലനില്‍ക്കുന്ന ഭൂപതിവ് ചട്ടങ്ങളൊന്നും പാലിക്കാതെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പട്ടയങ്ങള്‍ വ്യാജമാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ക്കിടെ അന്ന് ആ വിവാദം വലിയ കോലാഹലങ്ങളില്ലാതെ കെട്ടടങ്ങി. അന്ന് വിതരണം ചെയ്ത പട്ടയങ്ങളെല്ലാം രവീന്ദ്രന്‍ പട്ടയം എന്ന് വിളിക്കപ്പെട്ടു.
ദേവികുളത്തെ സിപിഎം - സിപിഐ പാര്‍ട്ടികളുടെ ഓഫീസിരിക്കുന്ന സ്ഥലമുള്‍പ്പെടെ രവീന്ദ്രന്‍ പട്ടയത്തില്‍
പിന്നീട് 2007ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൗത്യസംഘത്തെ നിയോഗിച്ചു. ദൗത്യസംഘത്തിലുണ്ടായിരുന്ന കെ സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു. രവീന്ദ്രന് പട്ടയം നല്‍കാന്‍ അധികാരമില്ല എന്നതായിരുന്നു പ്രധാന വാദം. കേരളത്തില്‍ വിവിധയിടങ്ങളില്‍ നല്‍കുന്ന പട്ടയങ്ങള്‍ക്ക് വ്യത്യാസമുണ്ട്. മൂന്നാറില്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വീണ്ടെടുപ്പ് ചട്ടപ്രകാരം ജില്ലാ കളക്ടര്‍ക്ക് മാത്രമാണ് പട്ടയം നല്‍കാനുള്ള അധികാരം എന്നിരിക്കെ രവീന്ദ്രന്‍ പതിച്ച് നല്‍കിയത് വ്യാജ പട്ടയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ദൗത്യസംഘത്തിന്റെ വാദം. പട്ടയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത് വന്‍കിട പമ്പനികളും ഭീമന്മാരും ആയിരുന്നതിനാല്‍ ആ പട്ടയവും അതിന് പിന്നിലെ അഴിമതിയും വിവാദമായി.മൂന്നാര്‍ ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ ധന്യശ്രീ റിസോര്‍ട്ട് പൊളിക്കാനൊരുങ്ങിയപ്പോഴാണ് രവീന്ദ്രന്‍ പട്ടയം ശ്രദ്ധ നേടുന്നത്. ആ പട്ടയങ്ങളിലുള്‍പ്പെട്ട ഭൂമിയിലായിരുന്നു ധന്യശ്രീയും.
എന്നാല്‍ സിപിഎം, സിപിഐ പാര്‍ട്ടികളുടെ ഓഫീസിരിക്കുന്ന സ്ഥലമുള്‍പ്പെടെ രവീന്ദ്രന്‍ പട്ടയത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതോടെ നടപടികള്‍ക്ക് പകരം പട്ടയങ്ങള്‍ക്ക് ഭാഗികമായ സാധൂകരണം നല്‍കാനായിരുന്നു ശ്രമം.
ഇത്തരം വാദങ്ങള്‍ കൊണ്ട് പട്ടയം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭൂവുടമകള്‍ കോടതിയെ സമീപിച്ചതോടെ ആ വിഷയത്തില്‍ പിന്നീട് ചലനം ഉണ്ടായില്ല. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതും അതിന് ഒരു കാരണമായിരുന്നു. രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് വാദിച്ചതല്ലാതെ ഒരു പട്ടയം പോലും അസാധുവാക്കാന്‍ ദൗത്യസംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്നത്തെ ജല്ലാ കളക്ടറാണ് തനിക്ക് പട്ടയം നല്‍കാനുള്ള അധികാരം നല്‍കിയതെന്ന് രവീന്ദ്രന്‍ വാദിച്ചിരുന്നു. ഒന്നുകില്‍ എല്ലാ പട്ടയവും റദ്ദാക്കുകയും തന്നെ ജയിലിലടക്കുകയും ചെയ്യണം, അല്ലെങ്കില്‍ പട്ടയത്തിന്റെ സാധുത പരസ്യമായി വെളിപ്പെടുത്തണമന്നും രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക് 2022ല്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയായി. പിന്നീട് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടലോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയിലെത്തുന്നത്.