FOURTH SPECIAL

എന്താണ് ഒമിക്രോണ്‍ ബിഎഫ്. 7 വകഭേദം? ആശങ്കപ്പെടേണ്ടതുണ്ടോ? പഠനം പറയുന്നത്

ഒമിക്രോൺ വകഭേദമായ ബിഎഫ്.7 അതിവേഗം അണുബാധയ്ക്ക് കാരണമാകുകയും പെട്ടെന്ന് പടർന്ന് പിടിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്

വെബ് ഡെസ്ക്

കോവിഡ് 19 രാജ്യത്തെ ആരോഗ്യ മേഖലയിൽ സൃഷ്‌ടിച്ച ആഘാതം പൂര്‍ണമായും മാറിയിട്ടില്ല. അതിനിടെയാണ് ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎഫ്. 7 രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 2020ല്‍ കോവിഡ് അതിമാരക മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസിന്റെ നിരവധി വകഭേദങ്ങളും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ സ്ഥിരീകരിക്കപ്പെട്ടത്. പെട്ടെന്ന് വ്യാപിക്കുന്നതായത് കൊണ്ടു തന്നെ നല്ലൊരു ശതമാനം ആളുകളെയും ഒമിക്രോണ്‍ പിടികൂടിയിരുന്നു. പിന്നാലെ നിരവധി ഉപവകഭേദങ്ങളേയും കണ്ടെത്തിയിരുന്നു. എന്നാൽ, അടുത്തിടെ ചൈനയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദം ബിഎഫ്. 7 രോഗവ്യാപനം ഉയരാന്‍ കാരണമായി. ഇന്ത്യയിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമായി നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒമിക്രോൺ വഭേദമായ ബിഎ.5ന്റെ ഒരു ഉപവംശമാണ് ബിഎഫ്.7 എന്നാണ് വിദഗ്ധർ പറയുന്നത്

ബിഎഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത് ആദ്യമല്ല. ഒക്ടോബറിൽ തന്നെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ ആണ് ബിഎഫ്. 7 ആദ്യം കണ്ടെത്തിയത്. വൈറസുകൾ പരിവർത്തനം ചെയ്യുമ്പോൾ വകഭേദങ്ങളും, ഉപ വകഭേദങ്ങളും രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ ഒമിക്രോൺ വഭേദമായ ബിഎ.5ന്റെ ഒരു ഉപവംശമാണ് ബിഎഫ്.7 എന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ ബിഎഫ്. 7 ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മുതിർന്നവരിലും കുട്ടികളിലും ഉൾപ്പെടെ എല്ലാ പ്രായക്കാരിലും ഏറ്റവും വേഗം കൈമാറ്റം ചെയ്യുന്ന വകഭേദമാണ് ഒമിക്രോൺ. അതിനാൽ, കുട്ടികളിൽ രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്. 2020 മുതൽ തന്നെ കോവിഡിന് പല തവണ വകഭേദം സംഭവിച്ച് തുടങ്ങിയിരുന്നു. വൈറസുകൾക്ക് പല തവണ പരിവർത്തനം നടന്നത് കൊണ്ട് തന്നെ നിലവിലുള്ള വാക്സിനുകൾക്കൊന്നും ഒമിക്രോൺ വകഭേദങ്ങളെ നേരിടാൻ കഴിയാത്ത അവസ്ഥയാണ്.

2022 ജനുവരിയിൽ ഒമിക്രോൺ വകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവയായിരുന്നു രാജ്യത്ത് തരംഗം സൃഷ്ടിച്ചിരുന്നത്. ഇതിന്റെ ഉപവകഭേദങ്ങളായ ബിഎ.4, ബിഎ.5 എന്നിവ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പടർന്ന് പിടിച്ചപ്പോഴും ഇന്ത്യയിൽ അത് റിപ്പോർട്ട് ചെയ്തിരുന്നില്ല. ഒമിക്രോൺ വകഭേദമായ ബിഎഫ്.7 അതിവേഗം അണുബാധയ്ക്ക് കാരണമാകുകയും പെട്ടെന്ന് പടർന്ന് പിടിക്കുകയും ചെയ്യുമെന്നാണ് നിലവിൽ പഠനങ്ങൾ പറയുന്നത്. കുറഞ്ഞ ഇൻക്യുബേഷൻ കാലയളവിൽ അതിവേഗം വ്യാപിക്കാനുള്ള ശേഷി കാരണം വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തല്‍.

ഒക്ടോബർ മാസം യുഎസിലെ 5 ശതമാനം കേസുകളും യുകെയിൽ 7.26 ശതമാനം കേസുകളും കോവിഡ് വകഭേദമായ ബിഎഫ്.7 കാരണം ഉണ്ടായതാണ്

അതിവേഗത്തിൽ പടരുന്ന ഒമിക്രോൺ വകഭേദം ബിഎഫ്. 7 തന്നെയാണ് ചൈനയിലെ ബീജിങ്ങിലും കോവിഡിന്റെ കുതിപ്പിന് കാരണമായിരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ ബിഎഫ്. 7 സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ മാസം യുഎസിലെ 5 ശതമാനം കേസുകളും യുകെയിൽ 7.26 ശതമാനം കേസുകളും കോവിഡ് വകഭേദമായ ബിഎഫ്.7 കാരണം ഉണ്ടായതാണ്. എന്നാലും വലിയ രീതിയിലൊരു വർധനവ് ഈ രാജ്യങ്ങളിൽ ഉണ്ടായിരുന്നില്ല.

'സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ്' എന്ന ജേണലിൽ ഈ മാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ബിഎഫ്.7 ഉപഭേദത്തിന് യഥാർത്ഥ വകഭേദമായ ഡി614ജി-യേക്കാൾ 4.4 മടങ്ങ് ഉയർന്ന പ്രതിരോധം ഉണ്ടെന്നാണ് റിപ്പോർട്ട്. ഹോങ്കോങ് രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ രേഖപ്പെടുത്തിയ കോവിഡ് വർധനവാണ് ചൈനയിലും നിലവിൽ സംഭവിക്കുന്നതെന്നായിരുന്നു ഇന്ത്യയുടെ കോവിഡ് -19 ജീനോം സീക്വൻസിംഗ് സംഘടനയായ INSACOG യുടെ മുൻ മേധാവി ഡോ അനുരാഗ് അഗർവാൾ പറഞ്ഞത്.

ലോകം മുഴുവന്‍ കോവിഡിനെ പിടിച്ച് കെട്ടിയിട്ടും ചൈനയില്‍ വീണ്ടും കേസുകള്‍ ഉയരുന്നതിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല

എന്നാൽ, ചൈനയിലെ സ്ഥിതി ആശങ്കാജനകമാണ്. ലോകം മുഴുവന്‍ കോവിഡിനെ പിടിച്ച് കെട്ടിയിട്ടും ചൈനയില്‍ വീണ്ടും കേസുകള്‍ ഉയരുന്നതിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കേസുകള്‍ വീണ്ടും ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാജ്യത്ത് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങള്‍ ഭരണകൂടം പിന്‍വലിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ