FOURTH SPECIAL

ഇ പി ജയരാജൻ: പാർട്ടിക്കൊപ്പം നടന്ന് വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച രാഷ്ട്രീയജീവിതം

വെബ് ഡെസ്ക്

കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രായോഗിക വക്താവ് - സിപിഎമ്മിൽ ഇ പി ജയരാജന്റെ വിശേഷണം അതായിരുന്നു. സഖാക്കൾക്കിടിയിലെ കമ്യൂണിസ്റ്റ് ധാർമികതയോ മൂല്യബോധമോ ഒന്നും അദ്ദേഹത്തെ ആകർഷിച്ചിരുന്നില്ല. പാർട്ടിക്കു പുറത്ത് മാത്രമല്ല, പാർട്ടിക്കുള്ളിലും ഇ പിക്ക് പുതുവഴിയുടെ മുഖമായിരുന്നു. അങ്ങനെ കൊണ്ടും കൊടുത്തുമുള്ള കണ്ണൂർ രാഷ്ട്രീയത്തിൽ ഇ പി ജയരാജൻ എന്നും നിറഞ്ഞുനിന്നു.

പ്രായോഗിക രാഷ്ട്രീയം ആയുധമാക്കി മുന്നണിയെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നായിരുന്നു എൽഡിഎഫ് കൺവീനർ പദവി ഇപിക്ക് നൽകുമ്പോൾ സിപിഎം ഏൽപ്പിച്ചിരുന്ന ദൗത്യം. എന്നാൽ പാർട്ടിയ്ക്കോ എല്ലാ കാലത്തും രക്ഷകനായിരുന്ന പിണറായി വിജയനോ രക്ഷിക്കാനാകാത്തവിധമുള്ള കുരുക്കിൽ കുടുങ്ങി ഇ പിക്ക് എൽഡിഎഫ് കൺവീനർ സ്ഥാനം തന്നെ തെറിച്ചിരിക്കുന്നു.

ഇ പി ജയരാജൻ പിണറായിക്കൊപ്പം

ജാവഡേക്കറിനെ കണ്ട് കുടുങ്ങി!

ലോക്സഭാ തിരഞ്ഞെടുപ്പിന് തലേദിവസം സിപിഎമ്മിന് ഓർക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ഇ പി ജയരാജൻ - പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച നടന്നെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്ത് ഇ പി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനൊപ്പം ബിജെപി പ്രവേശനത്തിനായി ഇ പി തന്നോട് ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലായി വിവാദമെന്ന വിലയിരുത്തലാണ് ഇപ്പോൾ ഇപിയുടെ സ്ഥാനനഷ്ടത്തിലേക്കു കാര്യങ്ങളെത്തിച്ചത്.

ജാവഡേക്കറെ കണ്ടുവെന്ന് ഇ പി ജയരാജനും ഇ പിയെ കണ്ടെന്ന് ജാവഡേക്കറും പറഞ്ഞിരുന്നുവെന്ന നിലപാടെടുത്ത് ആദ്യം സിപിഎം പ്രതിരോധിച്ചെങ്കിലും പിന്നീട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായി. ഒടുവിൽ എല്ലാക്കാലത്തും ഇപിയുടെ രക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അദ്ദേഹത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നു. 'പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയായിടും' എന്നായിരുന്നു പിണറായി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

എൽഡിഎഫ് കൺവീനർ എന്ന നിലയിൽ ജയരാജൻ സജീവമല്ലെന്ന ആക്ഷേപം മുന്നണിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കും വിധം ജയരാജൻ വിവാദങ്ങൾക്കു തലവെച്ച് കൊടുക്കുന്നുവെന്നും സിപിഐ അടക്കമുള്ള പാർട്ടികൾ വിമർശനം ഉന്നയിച്ചു. ഒന്നോ, രണ്ടോ അല്ല സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജൻ ഭാഗവാക്കായ വിവാദങ്ങൾ.

ബന്ധുവും കേന്ദ്ര കമ്മിറ്റി അംഗവുമായി പി കെ ശ്രീമതിയുടെ മകൻ സുധീറിനെ കെഎസ്ഐഡിസി എം ഡിയായി നിയമിച്ചതാണ് മന്ത്രിസഭയിൽ നിന്നുള്ള രാജിയിലേക്ക് വരെ കാര്യങ്ങളെത്തിച്ചത്

ഇന്ന് തുടങ്ങിയതല്ല ഇതൊന്നും!

യന്ത്രക്കല്ലുകൾക്കെതിരെ സിപിഎം യൂണിയൻ സമരം നടത്തുന്ന കാലത്ത് യന്ത്രക്കല്ല് ഉപയോഗിച്ച് ഇ പി ജയരാജൻ വീട് നിർമിച്ചത് വലിയ ചർച്ചയായി. ഇക്കാര്യം മലയാള മനോരമ വാർത്തയാക്കി വിവാദമായപ്പോൾ അന്ന് പാർട്ടിയുടെ എല്ലാമെല്ലായിരുന്ന വി എസ് അച്യുതാന്ദൻ തന്നെ ഇ പി ജയരാജനെ സംരക്ഷിക്കാൻ നേരിട്ട് രംഗത്തുവന്നു. പിന്നീട് പാർട്ടിയിൽ വി എസ് - പിണറായി ദ്വന്ദങ്ങൾ രൂപപ്പെട്ടതോടെ കണ്ണൂരിലെ മറ്റെല്ലാനേതാക്കളെയും പോലെ ഇപിയും പിണറായിയുടെ ശക്തനായ പോരാളിയായി മാറി. വിഎസിനെതിരെ പലപ്പോഴും നിലപാടുകളെടുത്ത് പിണറായിയുടെ ഏറ്റവും അടുത്ത ആളുകളിലൊരാളായി.

50 വർഷം മുൻപത്തേതുപോലെ കട്ടൻ ചായയും പരിപ്പ് വടയും കഴിച്ച് ബീഡിയും വലിച്ച് വളർത്താൻ നിന്നാൽ പാർട്ടിയിൽ ആളുണ്ടാകില്ലെന്ന ഇപിയുടെ കണ്ണൂർ മൊറാഴയിലെ പ്രസംഗവും ഭക്ഷണത്തിനൊപ്പം അൽപ്പം മദ്യം കഴിക്കുന്നത് തെറ്റല്ലെന്ന ഉപദേശവും നിശിത വിമർശനത്തിനിടയാക്കിയിരുന്നു.

മന്ത്രിസ്ഥാനം തെറിപ്പിച്ച ബന്ധുനിയമനം

ഒന്നാം പിണറായി സർക്കാരിൽ ഇ പി ജയരാജയൻ വ്യവസായ വകുപ്പ് മന്ത്രിയായെങ്കിലും ബന്ധുനിയമന ആരോപണം നേരിട്ടതോടെ രാജിവെച്ചു. ബന്ധുവും കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ മകൻ സുധീറിനെ കെഎസ്ഐഡിസി എംഡിയായി നിയമിച്ചതാണ് മന്ത്രിസഭയിൽനിന്നുള്ള രാജിയിലേക്കു വരെ കാര്യങ്ങളെത്തിച്ചത്. നിയമനത്തിൽ അഴിമതിയില്ലെന്ന് പിന്നീട് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെ മന്ത്രിസ്ഥാനത്തേക്ക് ഇ പി തിരിച്ചുവന്നു.

കരുവന്നൂരിലും ഇപി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും ഇ പിയുടെ പേര് ഉയർന്നുകേട്ടു. മുഖ്യപ്രതി പി സതീഷ് കുമാറുമായി ഇ പിക്കുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. മട്ടന്നൂർ സ്വദേശിയായ സതീഷ് കുമാർ തൃശൂരിൽ താവളമുറപ്പിക്കുന്നത് ഇ പി ജയരാജൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. മന്ത്രിയായിരിക്കുമ്പോഴടക്കം, ഇ പി സതീഷ് കുമാറിനെ സഹായിച്ചെന്ന വിവരങ്ങൾ പുറത്തുവന്നു. ഇരുവരെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ആരോപണമുയർന്നു.

ദേശാഭിമാനിയിലെ സാന്റിയാഗോ മാർട്ടിൻ നിക്ഷേപം

2007ല്‍ ഇ പി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനിൽനിന്നും അദ്ദേഹത്തിന്റെ മക്കളിൽനിന്നും രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് വിവരം പുറത്തെത്തിച്ചത്. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. വിവാദം കൊടുമ്പിരി കൊണ്ടതോടെ രണ്ട് കോടി രൂപ തിരിച്ചുനൽകി പാർട്ടി തലയൂരി.

ഇതിനിടയിൽ തന്നെ ഇ പി വർക്കിങ് ചെയർമാനായ നായനാർ ഫുട്ബോൾ സംഘാടക സമിതി വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൽനിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന വാർത്തകൾ പുറത്തുവന്നു. വെറുക്കപ്പെട്ടയാളിൽനിന്ന് പാർട്ടി സംഭാവന വാങ്ങുമെന്ന് കരുതുന്നില്ലെന്ന വി എസ് അച്യുതാനന്ദന്റെ ശക്തമായ പ്രതികരണവും കേരളം മറന്നുകാണില്ല.

ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ തുക ഉപയോഗിച്ച് മക്കളാണ് വൈദേകം റിസോർട്ടിൽ ഓഹരി എടുത്തതെന്നായിരുന്നു ഇ പിയുടെ വിശദീകരണം

മലബാർ സിമെന്റ്സ് അഴിമതി കേസിൽ പ്രതിസ്ഥാനത്തുള്ള വ്യവസായി ചാക്ക് രാധാകൃഷ്ണനെന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം സ്വീകരിച്ചതും 2013ൽ പാലക്കാട് പാർട്ടിപ്ലീന സമയത്ത് ദേശാഭിമാനിയുടെ ഒന്നാം പേജിൽ വിവാദമായി. പരസ്യം അച്ചടിച്ചതിൽ ദേശാഭിമാനിക്കു വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്നീട് വിലയിരുത്തി.

തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ ദേശാഭിമാനി കെട്ടിടവും 32 സെന്റ് ഭൂമിയും ചാക്ക് രാധാകൃഷ്മൻ്റെ ക്യാപിറ്റൽ സിറ്റി ഡെവലപ്പേഴ്സിന് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിറ്റതും പാർട്ടിക്കുള്ളിൽ പാർട്ടിക്കുള്ളിൽ കൊടുങ്കാറ്റായി.

റിസോർട്ടിൽ കുടുങ്ങി

കണ്ണൂർ മട്ടന്നൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടതായിരുന്നു കേരളം ചർച്ച ചെയ്ത മറ്റൊരു ഇ പി വിവാദം. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറുമായുള്ള ഇ പിയുടെ ബിസിനസ് കൂട്ടുക്കെട്ടിനെക്കുറിച്ചായിരുന്നു ചർച്ച. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ കമ്പനിക്ക് കീഴിലാണ് വൈദേകം റിസോർട്ടെന്ന് ആരോപണങ്ങളുയർന്നു. എന്നാൽ ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ തുക ഉപയോഗിച്ച് മക്കളാണ് വൈദേകം റിസോർട്ടിൽ ഓഹരി എടുത്തതെന്നായിരുന്നു ഇ പിയുടെ വിശദീകരണം. പിന്നാലെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇ പി ജയരാജൻ തന്നെ ആരോപിച്ചിരുന്നു.

ഇനി എവിടെയാകും ഇ പി?

2021ൽ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നിഷേധിച്ചത് ഇ പിയെ അസ്വസ്ഥനാക്കിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന പദവി ജയരാജൻ ആഗ്രഹിച്ചിരുന്നു. പാർട്ടിയിൽ തന്നേക്കാൾ ജൂനിയറായ എം വി ഗോവിന്ദൻ ആ സ്ഥാനത്തേക്ക് വന്നത് ഇ പിയിൽ അതൃപ്തിയുണ്ടാക്കി. എം വി ഗോവിന്ദൻ നടത്തിയ കേരള യാത്രയിൽ ഇ പിയുടെ അസാന്നിധ്യവും ചർച്ചയായി.

എസ്എഫ്ഐയുടെ ആദ്യ രൂപമായ കെഎസ്എഫിലൂടെയാണ് ഇപി ജയരാജൻ വിദ്യാർഥിരാഷ്ട്രീയത്തിൽ സീവമാകുന്നത്. പ്രീഡിഗ്രിക്കു ശേഷം പോളി ടെക്നിക് ഡിപ്ലോമ പഠനത്തിനിടെയാണു സജീവ രാഷ്ട്രീയത്തിലേക്കു കടന്നത്. ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റായ ജയരാജൻ തുടർന്ന് സിപിഎമ്മിന്റെ കണ്ണൂർ നേതൃത്വത്തിലെയും സംസ്ഥാന നേതൃത്വത്തിലെയും പ്രധാന മുഖങ്ങളിലൊന്നായി. 1992 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. 10 വർഷം കഴിഞ്ഞ് 2002ലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്. 2005 മുതൽ കേന്ദ്രകമ്മിറ്റിയിലുമുണ്ട്.

എം വി രാഘവന്റെ ശിഷ്യരായിട്ടായിരുന്നു പിണറായിക്കൊപ്പം ഇ പി ജയരാജന്റെയും കണ്ണൂരിലെ വളർച്ച. 1985 ല്‍ സിപിഎമ്മിന്റെ എറണാകുളം സമ്മേളനത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ചതിനെത്തുടർന്ന് എം വി രാഘവൻ സിപിഎമ്മിൽനിന്ന് പുറത്തായി. 87ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച എം വി രാഘവനെ നേരിടാൻ സിപിഎം നിയോഗിച്ച് ഇ പി ജയരാജനെയായിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. 1991ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ ഇപി നിയമസഭയിലെത്തുന്നത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരിൽനിന്ന് വിജയിച്ചു. 2016ൽ പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി.

പലതവണ രാഷ്ട്രീയ എതിരാളികൾ തന്നെ ലക്ഷ്യമിട്ട കഥ ഇ പി പറഞ്ഞിട്ടുണ്ട്. 1995 ല്‍ പതിനഞ്ചാം പാർട്ടി കോൺഗ്രസ് കഴിഞ്ഞുവരുന്നതു വഴി ട്രെയിനിൽ വച്ചുണ്ടായ വെടിവെയ്പിൽനിന്ന് അദ്ഭുതകരമായാണ് ഇ പി ജയരാജൻ രക്ഷപ്പെട്ടത്. കഴുത്തിനുപിന്നിലേറ്റ വെടിയുണ്ട സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങൾ ഇന്നും ജയരാജൻ നേരിടുന്നുണ്ട്. ആക്രമണത്തിനുപിന്നില്‍ അന്നു മന്ത്രിയായിരുന്ന എംവി രാഘവനും കെ സുധാകരനും ഏര്‍പ്പെടുത്തിയ ഗുണ്ടാ സംഘമാണെന്നാണ് സിപിഎമ്മും ജയരാജനും ഉയർത്തിയ ആരോപണം. അന്ന് രാഘവന്‍ മന്ത്രിയായിരുന്നു.

ഇനി ഇ പി ജയരാജൻ സിപിഎം രാഷ്ട്രീയത്തിൽ എവിടെ നിൽക്കുമെന്നാണ് അറിയാനുള്ളത്. സ്ഥാനങ്ങളില്ലാതെ പാർട്ടിയിൽ സജീവമായി തുടരില്ലെന്നാണ് സിപിഎം വൃത്തങ്ങൾ തന്നെ പറയുന്നത്. ഏറെനാളായി ഇ പി പറയുന്നത് പോലെ രാഷ്ട്രീയത്തിൽ നിന്നൊരു റിട്ടയർമെന്റ് എന്നത് തന്നെയാകുമോ സിപിഎമ്മിന്റെ പ്രായോഗിക രാഷ്ട്രീയ വക്താവിന്റെ ഭാവി?

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും