മലയാളത്തിലെ അമൂല്യ ഗ്രന്ഥങ്ങളും മാസികകളും പഴയ രേഖകളുമൊക്കെ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഉദ്യമത്തിലാണ് ബെംഗളൂരുവിൽ ഏതാനും മലയാളികൾ . ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന സ്ഥാപിച്ചാണ് ബെംഗളൂരു മലയാളിയും പാലക്കാട് സ്വദേശിയുമായ ഷിജു അലക്സ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വരും തലമുറയ്ക്കായി അമൂല്യ വിവരങ്ങൾ അടങ്ങുന്ന ഇവയെല്ലാം കാത്തു സൂക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഒരു കോപ്പി പോലും കാണാൻ കിട്ടാൻ ഇല്ലാത്ത , പ്രസാധകരുടെ പോലും കൈവശം ഇല്ലാത്ത അപ്രത്യക്ഷമായി പോയ പുസ്തകങ്ങളാണ് ഇവർ വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി ശേഖരിക്കുന്നത് . ഭാഷാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുഗ്രഹമാണ് ഷിജു അലക്‌സും കൈലാസും ജിസോ ജോസും സതീഷ് തോട്ടശ്ശേരിയും https://www.gpura.org/ എന്ന വെബ്സൈറ്റിലൂടെ ഒരുക്കി നൽകുന്ന ഈ സൗകര്യം .
2009 മുതൽ ഷിജു അലക്സ് ഈ ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . ഗവേഷണത്തിൽ തല്പരനായിരുന്ന ഷിജുവിന് ചില രേഖകൾക്കും വിവരങ്ങൾക്കുമായി നന്നേ കഷ്ടപ്പെടേണ്ടി വന്നതോടെയാണ് അക്കാദമിക് സമുദായത്തിന് പുറത്തു നിൽക്കുന്നവരെ സഹായിക്കാൻ ഡിജിറ്റൈസ് എന്ന ആശയം മനസിലുദിച്ചത് . ഇന്റർനെറ്റിന്റെ അനന്ത സാധ്യതയും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയായി പിന്നീടുള്ള ശ്രമം . അത് വിജയം കണ്ടു . ഒറ്റയാൾ പോരാട്ടം പോരെന്നു തോന്നിയപ്പോഴാണ് ഐ ടി രംഗത്തെ കൂട്ടുകാരെ കൂടെ കൂട്ടിയത്. തുടർന്നായിരുന്നു ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ പിറവി . മികച്ച സ്കാനർ എത്തിയതോടെ കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങി .ശേഖരിച്ച പുസ്തകങ്ങളും മറ്റും ശ്രദ്ധയോടെ സ്കാൻ ചെയ്ത് ഡിജിറ്റൈസ് ചെയ്യാൻ സതീഷ് തോട്ടശ്ശേരിയും എത്തിയതോടെ ഉദ്യമം വേഗത്തിലായി .
അമൂല്യ ഗ്രന്ഥങ്ങളും മാസികകളും പഴയ പാഠപുസ്തകങ്ങളും താളിയോലകളും, പ്രാചീന രേഖകളുമുൾപ്പെടെ 2,500-ഓളം രേഖകൾ ഷിജു ഡിജിറ്റൈസ് ചെയ്തു . ഡിജിറ്റൽ രേഖകൾ പ്രസിദ്ധീകരിക്കാൻ ഗ്രന്ഥപ്പുര എന്ന പേരിൽ വെബ് പോർട്ടലുണ്ട് . ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ ഗ്രന്ഥപ്പുരയിൽ ലഭിക്കും. അച്ചടിച്ച ആദ്യ മലയാള പുസ്തകമായ സംക്ഷേപ വേദാർഥം, പ്രാചീന ഗ്രന്ഥങ്ങളായ ഹോർത്തൂർ മലബാറിക്കസ്, റമ്പാൻ ബൈബിൾ, അർണോസ് പാതിരിയുടെ സംസ്‌കൃത വ്യാകരണ വ്യാഖ്യാനം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ചന്തുമേനോന്റെ ഇന്ദുലേഖ, മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി, ഹെർമൻ ഗുണ്ടർട്ടിന്റെ നിരവധി ഗ്രന്ഥങ്ങൾ തുടങ്ങിയവ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളിൽ ചിലതാണ് . അമൂല്യമായവ ഡിജിറ്റൈസ് ചെയ്യുന്നത് വിറ്റു പണമുണ്ടാക്കാനല്ല . ആർക്കും സൗജന്യമായി പ്രയോജനപെടുത്താവുന്ന രീതിയിലാണ് ഷിജു അലക്‌സും കൂട്ടുകാരും ഇതു ചെയ്യുന്നതെന്ന് കൂടി പറയട്ടെ .