പ്ലസ്ടുവിന് എണ്‍പത്തിയഞ്ച് ശതമാനത്തിലധികം മാര്‍ക്കുണ്ടായിട്ടും വെള്ളിത്തിരിയിലെ സംവിധായക കസേര സ്വപ്നം കണ്ടിറങ്ങിയ ഇരുപത്തിനാലുകാരന്‍. ഇപ്പോള്‍ ഒരുവര്‍ഷത്തിലധികമായി സ്‌കീസോഫ്രീനിയയ്ക്ക് ചികിത്സയിലാണ്. പ്രമുഖ സംവിധായകന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് യുവാവ് പഠനത്തിനായി ചേര്‍ന്നത്. സര്‍ഗാത്മകത കൂടാന്‍ ലഹരി ഉപയോഗിക്കണമെന്ന മിഥ്യാധാരണയില്‍ തുടങ്ങിയതാണ് ന്യൂജനറേഷന്‍ മയക്ക് മരുന്നുപയോഗം. കഞ്ചാവ്, എം.ഡി.എം.എ, എല്‍.എസ്്,ഡി ഉള്‍പ്പെടെയുള്ള ന്യൂജനറേഷന്‍ മയക്ക് മരുന്നുപയോഗം ജീവിതത്തിന്റെ താളം തെറ്റിച്ചു. മൂന്ന് വര്‍ഷത്തിലധികമായുള്ള മയക്ക് മരുന്നുപയോഗം മൂലം വീട്ടിലും പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെയാണ് ചികിത്സ ആരംഭിച്ചത്. ഒരു വര്‍ഷത്തിലേറെ ചികിത്സ തുടര്‍ന്നിട്ടും ജീവിത്തിന്റെ താളം വീണ്ടെടുക്കാനായിട്ടില്ല ഈ യുവാവിന്.
സ്വന്തമായി സിനിമ സംവിധാനം ചെയ്യാന്‍ നിര്‍മ്മാതാവുള്‍പ്പെടെ തയ്യാറായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇയാള്‍ക്ക് മയക്ക് മരുന്നുപയോഗം മൂലം എല്ലാം ഉപേക്ഷിക്കേണ്ടി വന്നത്. ലഹരിയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിനിടെ ഒരു തവണ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ലഹരി മരുന്നുപയോഗം മൂലമുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് ഏറുന്നുണ്ടെങ്കിലും ഇതൊന്നും ലഹരിയുടെ കണക്കിലുള്‍പ്പെടില്ല. സന്തോഷമുണ്ടാകാന്‍ ഉപയോഗിക്കുന്ന രാസലഹരി ആളെ കൊല്ലുന്നതിനെ കുറിച്ചുള്ള പഠനങ്ങളും കാര്യമായി നടക്കുന്നില്ല. രാസലഹരി തലച്ചോറിലുണ്ടാക്കുന്ന രാസമാറ്റങ്ങളെ കുറിച്ച് ഈ രംഗത്തെ വിദഗ്ദര്‍ക്ക് പോലും പിടികിട്ടുന്നില്ല. കൗതുകത്തിന് പോലും ഇത്തരം ലഹരി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് മാത്രമാണ് അവര്‍ക്ക് നല്‍കാനുള്ളത്