FOURTH SPECIAL

'ഇ ഗ്രാന്റ് കുടിശിക സർക്കാർ കൊടുത്തുതീർക്കുമോ?' ഇത് ദളിതരുടെ ജീവിതസമരം

വിഷയം പലപ്പോഴായി പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്റെയും ഇപ്പോഴത്തെ മന്ത്രി ഒ ആർ കേളുവിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്. നിരവധി ഉറപ്പുകളും ഇവരിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ല

ജിഷ്ണു രവീന്ദ്രൻ

ആദിവാസി-ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇ-ഗ്രാന്റ് കഴിഞ്ഞ രണ്ടരവര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരം ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിലായ ആദിവാസി-ദളിത് വിദ്യാര്‍ഥികളുടെ ജീവിതം കൂടിയാണ് തുറന്നുകാട്ടിയത്. ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഉള്‍പ്പെടെ നിരവധി ആദിവാസി-ദളിത് സംഘടനകളായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സമ്മര്‍ദമുണ്ടാകുമ്പോള്‍ മാത്രമാണ് സംവിധാനങ്ങള്‍ ചെറുതായി അനങ്ങിയതെന്ന സാഹചര്യമാണ് വിദ്യാര്‍ത്ഥികളെ വീണ്ടും തെരുവിലേക്ക് ഇറക്കിയത്.

നിരന്തരം സമരത്തിനിറങ്ങുമ്പോള്‍ ആശ്വാസമായി ലഭിക്കുന്ന തുക അധികവും അവരവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടുന്ന ട്യൂഷന്‍ ഫീസും, ഹോസ്റ്റല്‍ ഫീസും മാത്രമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ചെലവുകള്‍ തീര്‍ക്കാന്‍ ലഭിക്കുന്ന പോക്കറ്റ് മണി ഉള്‍പ്പെടെ ലഭിച്ചില്ല എന്നു മാത്രമല്ല അതില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് തുച്ഛമായ വര്‍ദ്ധനവ് മാത്രമാണുണ്ടായത്.

ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമുതൽ ഇ ഗ്രാന്റ്സ് ലഭിക്കാതെ ഹോസ്റ്റലിലെ താമസവും ഭക്ഷണവുമുൾപ്പെടെ മുടങ്ങുന്ന അവസ്ഥയാണ് വിദ്യാർഥികൾ ദ ഫോര്‍ത്തിന് മുന്നില്‍ തുറന്നു പറഞ്ഞത്

പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥികൾ മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹിച്ചാണ് പട്ടണങ്ങളിലേക്ക് വരുന്നത്. വിദ്യാർത്ഥികൾക്ക് കോളേജിനടുത്ത് താമസസൗകര്യവും ഭക്ഷണവും തരപ്പെടുത്താൻ ഏകദേശം 7500 രൂപവരെ ചെലവുവരും. എന്നാൽ പട്ടികജാതിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 1500ഉം പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 3500 രൂപയുമാണ് താമസ ആവശ്യങ്ങൾക്കായി സർക്കാർ നൽകുന്നത്. ഇത് അപര്യാപ്തമാണ് എന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന ആദിശക്തി സമ്മർ സ്കൂളിന്റെ ഭാഗമായ സി മണികണ്ഠൻ പറഞ്ഞത്.

ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമുതൽ ഇ ഗ്രാന്റ്സ് ലഭിക്കാതെ ഹോസ്റ്റലിലെ താമസവും ഭക്ഷണവുമുൾപ്പെടെ മുടങ്ങുന്ന സാഹചര്യമുണ്ടായതും വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. "ഭൂമിപോലെ ഞങ്ങളുടെ അവകാശമാണ് വിദ്യാഭ്യാസവും അതിനു വേണ്ടിയാണ് ഈ സമരം." വിദ്യാർഥികൾ പറയുന്നു.

കഴിഞ്ഞ രണ്ടര വർഷമായി വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്സ് ഭാഗികമായോ പൂർണമായോ മുടങ്ങിക്കിടക്കുകയാണെന്നും ഇതിനിടയിൽ അനുവദിക്കുന്ന തുകകളിൽ ഭൂരിഭാഗവും വിദ്യാർഥികൾ പഠിക്കുന്ന അതാത് കോളേജുകളിലെ ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസുമാണെന്നാണ് ദളിത് ആക്ടിവിസ്റ്റും വിദ്യാഭ്യാസപ്രവർത്തകനുമായ ഒ പി രവീന്ദ്രൻ പറയുന്നത്. ഇ ഗ്രാന്റ്സ് ലഭിക്കാനുള്ള നിബന്ധനകളുടെ ഭാഗമായി രണ്ടര ലക്ഷം വാർഷിക വരുമാനം എന്ന മാനദണ്ഡം പരിശോധിക്കാനോ, എതിർക്കാനോ കേരള സർക്കാരിന് സാധിച്ചില്ല. വർഷത്തിൽ ഒരിക്കൽ മാത്രമായി ഇ ഗ്രാന്റ് നൽകുന്ന രീതിയും സർക്കാർ സ്വീകരിച്ചു എന്നത് പ്രതിഷേധാർഹമാണെന്നാണ് ദളിത് അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ എം ഗീതാനന്ദൻ അഭിപ്രായപ്പെട്ടത്.

ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച്
ഭൂമിപോലെ ഞങ്ങളുടെ അവകാശമാണ് വിദ്യാഭ്യാസവും അതിനു വേണ്ടിയാണ് ഈ സമരം

ആദിശക്തി സമ്മർ സ്‌കൂൾ ഉയർത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ

1. ഇ ഗ്രാന്റിനുള്ള രണ്ടരലക്ഷം രൂപ വരുമാനപരിധി എടുത്ത് കളയുക

2. വിദ്യാഭ്യാസ ഗ്രാന്റുകൾ പ്രതിമാസം നൽകുക

3. ഇ ഗ്രാന്റ് കുടിശ്ശിക കൊടുത്തുതീർക്കുക

4. ജീവിക്കാൻ അനുയോജ്യമായ നിലയിൽ ഹോസ്റ്റൽ അലവൻസുകളും, മറ്റ് അലവൻസുകളും കാലോചിതമായ രീതിയിൽ പരിഷ്കരിക്കുക

5. വിദ്യാഭ്യാസ അലവൻസുകളും വർഷത്തിൽ ഒരു തവണ കൊടുത്താൽ മതിയെന്ന (05.01.2023) കേരളസർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക.

വിഷയം പലപ്പോഴായി പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്റെയും ഇപ്പോഴത്തെ മന്ത്രി ഒ ആർ കേളുവിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്. നിരവധി ഉറപ്പുകളും ഇവരിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ അതൊന്നും കൃത്യമായി പാലിക്കപ്പെട്ടില്ല എന്നാണ് ആദിശക്തി സമ്മർ സ്കൂൾ പ്രതിനിധികൾ പറയുന്നത്. ഒടുവിൽ ഈ സമരം നടക്കുന്നത്തിന്റെ തലേദിവസമായ ജൂലൈ 26ന് ഇ ഗ്രാന്റ്സ് കുടിശിക സർക്കാർ കൊടുത്തു തീർത്തു എന്ന വാർത്ത സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്നു. 548 കോടി രൂപയാണ് സർക്കാർ പട്ടികവർഗ വിഭാഗമുൾപ്പെടെയുള്ളവരുടെ ഇ ഗ്രാന്റ് കുടിശിക ഇനത്തിൽ സർക്കാർ വിതരണം ചെയ്തത് എന്നാണ് വാർത്ത. എന്നാൽ ഇപ്പോഴും പണം ലഭിച്ചിട്ടില്ല എന്നാണ് വിദ്യാർഥികൾ പറയുന്നത്.

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി