കാസര്‍ഗോഡിന്റെ മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ ഏല്‍പ്പിച്ച ആഘാതം ഇന്നും തുടരുകയാണ്. കീടനാശിനി നിരോധനത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിയുമ്പോഴും ദുരിതത്തിന് അറുതിയില്ല. 2010 വരെയുള്ള ദുരിത ബാധിതര്‍ക്ക് സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാര വിതരണം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയാണ്. അപ്പോഴും വിഷമഴ പെയ്തിറങ്ങിയ ഗ്രാമങ്ങളില്‍ പലയിടത്തായി വീണ്ടും ദുരിതവും പേറി ബാല്യങ്ങള്‍ പിറവി കൊള്ളുകയാണ്.
പട്രെ വില്ലേജില്‍ സ്വര്‍ഗ്ഗ ദേലന്താറുവിലെ രണ്ടര വയസ്സ് മാത്രം പ്രായമായ വൈശാഖ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ശ്വാസമൊന്നെടുക്കാന്‍ പോലും അവനനുഭവിക്കുന്ന വേദന ഉള്ളുലയ്ക്കും. വൈശാഖ് മാത്രമല്ല, ഒട്ടേറെ ജീവനുകളാണ് നരകയാതനയില്‍ കഴിയുന്നത്. സര്‍ക്കാറിന്റെ ഒരു പട്ടികയിലും പെടാത്ത മനുഷ്യര്‍. ഓരോ നിമിഷവും കുഞ്ഞിനെ ഓര്‍ത്ത് കണ്ണുനീര്‍ തോരാതെ ഒരു പാട് അമ്മമാര്‍. എന്‍ഡോസള്‍ഫാന്റെ മുറിവ് ഇന്നും ഉണങ്ങാതെ വിഷമഴക്കാലം തോരാതെ പെയ്യുകയാണ്.