പത്താന്‍ കോഡോളി മഞ്ഞ പുതപ്പണിഞ്ഞു സുന്ദരിയായിരിക്കുകയാണ് . നാട്ടിലെങ്ങും ആട്ടവും പാട്ടും സന്തോഷവും . തെരുവുകളെല്ലാം വിനോദ ശാലകള്‍ ,ഭക്ഷണവും കരകൗശല വസ്തുക്കളും മറ്റും വില്‍ക്കുന്ന കടകള്‍ക്കും മഞ്ഞ നിറം . പ്രദേശവാസികള്‍ക്കെല്ലാം നാല് ദിവസം മഞ്ഞമുഖമായിരിക്കും . ഉത്സവത്തിനു കാവല്‍ നില്‍ക്കുന്ന പോലീസുകാരും മഞ്ഞ . മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പത്താന്‍ കോഡോളില്‍ എത്താം .ഇവിടത്തെ ഹട്ട്കണങ്കലെ എന്ന കൊച്ചു ഗ്രാമത്തിലെ വലിയ വിശേഷം ഒക്ടോബര്‍ മാസങ്ങളില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന വിത്തല്‍ വീര്‍ ദേവിന്റെ ജന്മദിന ആഘോഷമാണ് .
വിത്തല്‍ വീര്‍ മഹാദേവ് എന്ന ദൈവത്തിന്റെ പ്രതിപുരുഷന്‍
ആട്ടിടയന്മാരായ ഗ്രാമീണര്‍ മഹാവിഷ്ണുവിന്റെ പ്രതിപുരുഷന്‍ ആയി ആരാധിച്ചിരുന്ന ആളായിരുന്നു വിത്തല്‍ വീര്‍ ദേവ് മഹാരാജാവ് . ഈ വര്‍ഷം ഒക്ടോബര്‍ 15 മുതല്‍ 19 വരെ ആയിരുന്നു ആഘോഷപരിപാടികള്‍ നടന്നത് .മഹാരാഷ്ട്ര , കര്‍ണാടക ,ഗോവ , ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലെ ആട്ടിടയ സമുദായത്തിന്റെ കുലദേവനാണ് വിത്തല്‍ വീര്‍ ദേവ് . അതുകൊണ്ടു തന്നെ ഇവിടെനിന്നെല്ലാം ഭക്തര്‍ പത്താന്‍ കോഡോളിലേക്കു ഒഴുകിയെത്തി .
വിത്തല്‍ വീര്‍ ദേവിന്റെ പ്രതിപുരുഷനായി ഗ്രാമീണര്‍ ഇന്ന് കാണുന്നത് ഫരാണ്ടെ ബാബ എന്നയാളെയാണ് . അദ്ദേഹം തന്റെ ഗ്രാമത്തില്‍ നിന്നും പത്താന്‍ കൊഡോളിയിലേക്കു നഗ്ന പാദനായി നടന്നെത്തുന്ന ദിവസമാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഇത്തവണ 10 ദിവസങ്ങള്‍ എടുത്താണ് ബാബ ഗ്രാമത്തില്‍ എത്തിചേര്‍ന്നത് . ബാബയെ ദൈവത്തിന്റെ സന്ദേശവാഹകനായാണ് ആട്ടിടയ സമുദായം കാണുന്നത് . ഗ്രാമത്തില്‍ എത്തി ചേര്‍ന്നാല്‍ ബാബ ഒരു ആല്‍മരം ചുവട്ടിലിരിക്കും .ബാബയെ കണ്ടു അനുഗ്രഹം തേടാന്‍ ഭക്തര്‍ കാത്തു നില്‍ക്കും .
ബാബയെ ദൈവത്തിന്റെ സന്ദേശവാഹകനായാണ് ആട്ടിടയ സമുദായം കാണുന്നത്
ഉറഞ്ഞു തുള്ളി ബാബയുടെ പ്രവചനം , മഞ്ഞളില്‍ ആറാടി ഗ്രാമം
ബാബ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പൂജയ്ക്ക് കയറും . തിരിച്ചിറങ്ങുമ്പോള്‍ കയ്യിലൊരു വാളുണ്ടാകും. ഞൊടിയിടയില്‍ ഗ്രാമമാകെ മഞ്ഞയാകും. ഗ്രാമീണര്‍ മഞ്ഞളില്‍ ആറാടും . ഹോളിക്ക് സമാനമായി പരസ്പരം മഞ്ഞള്‍ തൂവും .ഭക്തര്‍ക്ക് ദര്‍ശനം നല്‍കല്‍ മാത്രമല്ല ഫരാണ്ടെ ബാബയുടെ വരവിന്റെ ഉദ്ദേശം . വാളുമായി തുറസായ സ്ഥലത്തേക്ക് എഴുന്നള്ളി എത്തുന്ന ബാബ ഉറഞ്ഞു തുള്ളും . ശേഷം അദ്ദേഹം അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവചനം നടത്തും .
കാലാവസ്ഥ ,കൃഷി, വ്യാപാരം , ആരോഗ്യം , രാഷ്ട്രീയം എന്നീ മേഖലകളെ കുറിച്ചാണ് പ്രവചനം . മഴയുടെ തോത് , കാലാവസ്ഥ വ്യതിയാനം , ഭക്ഷ്യവിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ,മനുഷ്യനുനും മൃഗങ്ങള്‍ക്കും ഉണ്ടാകാന്‍ പോകുന്ന സാംക്രമിക രോഗങ്ങള്‍ , രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വരാന്‍ പോകുന്ന പ്രതിസന്ധികള്‍ , അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ എന്നിവയെ കുറിച്ചെല്ലാം ബാബ മുന്‍കൂട്ടി പറയും . അന്നാട്ടില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത കന്നഡ കലര്‍ന്ന കൊങ്ങിണി ചുവയുള്ള കേട്ടാല്‍ മാറാത്ത ഭാഷയാണെന്നു തോന്നുന്ന ഒരു ശൈലിയിലാണ് ബാബയുടെ പ്രവചനം . പ്രവചനം കേള്‍ക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടും .
കാലം തെറ്റിയുള്ള മഴകള്‍ പ്രതീക്ഷിക്കാം . രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും , നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാകും , രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിന്ന് ഭീഷണി വര്‍ധിക്കും .ഇന്ത്യ മഹാശക്തിയായി മാറും ' ഇത്തവണ ഫരാണ്ടെ ബാബ നടത്തിയ പ്രവചനങ്ങള്‍ ഇവയാണ് . ബാബയുടെ പ്രവചനമനുസരിച്ചാണ് ഗ്രാമീണര്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള ജീവിതം ചിട്ടപ്പെടുത്തുക . ആട്ടിടയ സമുദായത്തെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പ്രതിപുരുഷനായ ബാബയുടെ പ്രവചനം ദൈവത്തിന്റെ വഴികാട്ടലാണ് .
മഞ്ഞള്‍ അല്ല ഔഷധ കൂട്ട്
യഥാര്‍ത്ഥത്തില്‍ ഭക്തര്‍ പരസ്പരം തൂവുന്നത് മഞ്ഞളല്ല . മഞ്ഞളും ചേരുന്ന ഔഷധ കൂട്ടാണ് . ഗ്രാമത്തില്‍ തന്നെ വിളയുന്ന വിവിധ ധാന്യങ്ങളും മൂലികകളും മഞ്ഞളിനോടൊപ്പം ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കുന്നത് . ഈ ഔഷധ കൂട്ടും തേങ്ങാപ്പൂളുമാണ് ഭക്തര്‍ ബാബയ്ക്ക് സമര്‍പ്പിക്കുക. നിവേദ്യമായി ഇത് തിരികെ ഭക്തര്‍ക്ക് ലഭിക്കും . വീടുകളില്‍ അടുത്ത ഒരുവര്‍ഷത്തേക്കു ഇത് ശേഖരിച്ചു വെയ്ക്കും . പനി, സാംക്രമിക രോഗങ്ങള്‍ എന്നിവക്കു മരുന്നായി ആട്ടിടയ സമുദായം ഇതുപയോഗിക്കും . നേരിട്ടും അകത്തേക്ക് സേവിച്ചുമൊക്കെ ഈ ഔഷധക്കൂട്ട് ഉപയോഗിക്കുന്നവരാണ് ഗ്രാമീണര്‍
കാലാവസ്ഥ പ്രവചനത്തിന് അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള കാലത്ത് ബാബയുടെ പ്രവചനം നമുക്ക് തമാശയായി തോന്നാം . എന്നാല്‍ കാലാവസ്ഥ ഉപഗ്രഹങ്ങള്‍ ഇല്ലാത്ത കാലത്തെ ഏക ആശ്രയമായിരുന്നു ഗ്രാമീണര്‍ക്ക് ബാബയുടെ പ്രവചനം . ആയിര കണക്കിന് വര്‍ഷത്തെ പാരമ്പര്യമുണ്ട് പത്താന്‍ കൊഡോളിയിലെ ഈ ഉത്സവത്തിന് . കഴിഞ്ഞ രണ്ടുവര്‍ഷമായി ചടങ്ങു മാത്രമായി ചുരുങ്ങി പോയിരുന്ന മഞ്ഞള്‍ പൂരം ഇത്തവണ പൂര്‍ണതോതില്‍ നാല് ദിനങ്ങളിലായി നടന്നപ്പോള്‍ കാണാനെത്തിയത് 7 ലക്ഷം പേരായിരുന്നു .