'കാല്‍പ്പാടുക'ളിലൂടെ പിന്നണിഗായകനായി അരങ്ങേറി രണ്ടു വര്‍ഷത്തിനകം 'ബൊമ്മൈ' എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു യേശുദാസ്. വീണാവിദ്വാന്‍ എസ് ബാലചന്ദര്‍ സംവിധാനം ചെയ്ത ഈ പടത്തിലാണ് യേശുദാസ് ആദ്യമായി ക്യാമറക്ക് മുന്നില്‍ നിന്നതും. 'ബൊമ്മൈ'യുടെ എന്‍ഡ് ടൈറ്റില്‍സില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍. അക്കൂട്ടത്തില്‍ കാണാം വിനയപൂര്‍വം തൊഴുതുനില്‍ക്കുന്ന നമ്മുടെ യേശുദാസിനെയും. 1963 ല്‍ ചിത്രീകരണം തീര്‍ന്ന 'ബൊമ്മൈ' പുറത്തുവന്നത് 1964 ല്‍.
തൊട്ടടുത്ത വര്‍ഷം മലയാള സിനിമയിലും തെളിഞ്ഞു യേശുദാസിന്റെ മുഖം. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'കാവ്യമേള'യില്‍ 'സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ' എന്ന പാട്ട് സ്വയം ഈണമിട്ടു പാടുന്ന ഗായകരുടെ കൂട്ടത്തില്‍ ദക്ഷിണാമൂര്‍ത്തി, പി ബി ശ്രീനിവാസ്, പി ലീല, എം ബി ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം യുവാവായ യേശുദാസിനെയും കാണാം.
യേശുദാസിന്റെ മുഴുനീള വേഷവുമായി 'കായംകുളം കൊച്ചുണ്ണി' കടന്നുവന്നത് 1966ല്‍. സുറുമവില്‍പ്പനക്കാരനായ ഖാദറിന്റെ റോള്‍ സ്വീകരിച്ചത് സംവിധായകനും നിര്‍മാതാവുമായ പി എ തോമസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് പറയുന്നു യേശുദാസ്. പടത്തില്‍ യേശുദാസിനൊരു നായികയുമുണ്ട്-ഉഷാകുമാരി. 'കുങ്കുമപ്പൂവുകള്‍ പൂത്തു' എന്ന ഗാനരംഗത്ത് ഷാജഹാനും മുംതാസുമായി പ്രത്യക്ഷപ്പെടുന്നത് യേശുദാസും ഉഷാകുമാരിയും. യേശുദാസ് ഒരു മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഒരേയൊരു ചിത്രം എന്ന പ്രത്യേകതയുമുണ്ട് സത്യന്‍ നായകനായ കായംകുളം കൊച്ചുണ്ണിക്ക്.
പിന്നാലെ വന്ന 'അനാര്‍ക്കലി'യില്‍ അക്ബറിന്റെ സദസ്സിലെ ആസ്ഥാന ഗായകന്‍ മിയാന്‍ താന്‍സന്‍ ആയി 'സപ്തസ്വരസുധാ സാഗരമേ' എന്ന ഗാനരംഗത്ത് അഭിനയിക്കുന്നു യേശുദാസ്. സംഗീത സംവിധായകനും ഗായകനുമായ എല്‍ പി ആര്‍ വര്‍മയുമുണ്ട് കൂട്ടിന്. യേശുദാസിന് വേണ്ടി പിന്നണി പാടിയിരിക്കുന്നത് സാക്ഷാല്‍ ഡോ. ബാലമുരളീകൃഷ്ണ ആണെന്നത് മറ്റൊരു കൗതുകം. എല്‍ പി ആറിനുവേണ്ടി പി ബി ശ്രീനിവാസും.
'അച്ചാണി'യിലെ എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ എന്ന ഗാനരംഗത്തിലഭിനയിച്ചത് സംവിധായകന്‍ വിന്‍സന്റിന്റെ നിര്‍ബന്ധത്തിലാണ്. ''ആദ്യം ഒഴിഞ്ഞുമാറാനാണ് ദാസ് ശ്രമിച്ചത്. നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, പാടി നടക്കാനൊന്നും പറ്റില്ല; ഒരിടത്ത് ഇരുന്നു പാടുന്ന സീന്‍ ആണെങ്കില്‍ നോക്കാം എന്ന്. അങ്ങനെ യേശുദാസിനുവേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ സീനാണത്...,'' വിന്‍സന്റ് മാസ്റ്ററുടെ വാക്കുകള്‍.
പഠിച്ച കള്ളന്‍, കതിര്‍മണ്ഡപം, ഹര്‍ഷബാഷ്പം, നിറകുടം, റൗഡി രാജമ്മ, പാതിരാ സൂര്യന്‍, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങി വേറെയും ചിത്രങ്ങളില്‍ ഗായക വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് യേശുദാസ്; പലതിലും യേശുദാസ് ആയിത്തന്നെ. ''അഭിനയം ഗായകന് പറഞ്ഞിട്ടുള്ളതല്ല. ഷൂട്ടിങ് സ്ഥലത്തെ ചൂടും പൊടിയും തന്നെ പ്രധാന വെല്ലുവിളി. അഭിനയിക്കാനുള്ള ക്ഷണങ്ങള്‍ പലതും നിരസിക്കേണ്ടി വന്നത് അതുകൊണ്ടാണ്,'' യേശുദാസ് പറയുന്നു.