FOURTH SPECIAL

ട്രാൻസ്ജെന്‍ഡർ അഭിഭാഷക പദ്മ ലക്ഷ്മി നടുറോഡിൽ ആക്രമണം നേരിട്ടിട്ട് നാല് ദിവസം; പ്രതിയെ കണ്ടെത്താതെ പോലീസ്, പരിഹാസം ബാക്കി

നീല നിറമുള്ള സ്കൂട്ടറിൽ സഞ്ചരിച്ച വ്യക്തിയാണ് അക്രമി

ജിഷ്ണു രവീന്ദ്രൻ

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‍ ജെൻഡർ അഭിഭാഷകയായ പദ്മ ലക്ഷ്മിക്കെതിരെ കയ്യേറ്റശ്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ജൂൺ അഞ്ചിനു ജോലികഴിഞ്ഞ് ഹൈക്കോടതിയിൽനിന്ന് കലൂരിലെ ഓഫീസിലേക്കു പോകുന്ന വഴിയിൽ വച്ചാണ് അപരിചിതൻ പദ്മ ലക്ഷ്മിയെ അക്രമിക്കാൻ ശ്രമിച്ചത്.

ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന പദ്മ ലക്ഷ്മിയോടും സഹപ്രവർത്തകരോടും സ്കൂട്ടറിൽ വന്നയാള്‍ ട്രാഫിക് സിഗ്നലിൽ വച്ച് മോശമായി സംസാരിച്ചു. തുടർന്ന് അയാളെ ചോദ്യം ചെയ്തപ്പോൾ കത്തിയെടുത്ത് തനിക്കുനേരെ വീശിയെന്നും പദ്മ ലക്ഷ്മി ദി ഫോർത്തിനോട് പ്രതികരിച്ചു.

ഒരു മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നിൽക്കേണ്ടി വന്നു. പരാതി പറഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥ ചിരിക്കുകയായിരുന്നു

കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് എറണാകുളം സെൻട്രൽ പോലീസിനു പരാതിനൽകിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പദ്മ പറയുന്നു. ആക്രമിക്കാന്‍ ശ്രമിച്ച ആളെയോ സഞ്ചരിച്ച സ്കൂട്ടറിന്റെ വിവരങ്ങളോ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ പോയപ്പോഴും പിന്നീട് വിവരങ്ങൾ അന്വേഷിക്കാൻ വിളിച്ചപ്പോഴും പോലീസ് തന്നോട് ട്രാൻസ്‍വുമൺ എന്ന നിലയിൽ അവഹേളിക്കുന്ന തരത്തിലാണ് പെരുമാറിയതെന്നും പദ്മ ലക്ഷ്മി പറഞ്ഞു.

സംഭവിച്ചത് ഇങ്ങനെ

ഹൈക്കോടതിയിൽനിന്നു ജോലി കഴിഞ്ഞ് കലൂർ നന്ദിലത്ത് ജി മാർട്ടിനടുത്തുള്ള ഓറിയന്റൽ ബിസിനസ് സെന്ററിലെ ഓഫിസിലേക്ക് പോവുകയായിരുന്നു പദ്മ ലക്ഷ്മി. എം ജി റോഡ് വഴി ഓട്ടോയിലാണ് പദ്മ ലക്ഷ്മിയും സഹപ്രവർത്തകരും സഞ്ചരിച്ചത്. ജോസ്കോ ജങ്ഷനടുത്ത് വച്ചാണ് സംഭവം നടക്കുന്നത്.

''നീല നിറമുള്ള സ്കൂട്ടറിൽ സഞ്ചരിച്ച വ്യക്തി ഞങ്ങളുടെ സഞ്ചരിച്ച ഓട്ടോയുടെ അടുത്ത് വന്നു നിർത്തി, "തിരുപ്പതി പോകുന്ന വഴിയാണോ?" എന്നു ഓട്ടോക്കാരനോട് ചോദിച്ചു. ഇയാളെന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്നറിയാതെ ഓട്ടോയിലുണ്ടായിരുന്ന താനും സഹപ്രവർത്തകരും അപരിചിതനെ നോക്കി. പൊടുന്നനെ അയാല്‍ വളരെ മോശമായുള്ള തരത്തിൽ ചീത്തവിളിക്കാനും തുടങ്ങി. അപ്പോഴാണ് ഓട്ടോക്കാരനോട് സംസാരിച്ചത് തങ്ങളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടിയായിരുന്നു എന്നു മനസിലായത്,'' പദ്മ ലക്ഷ്മി പറയുന്നു.

അസഭ്യം പറയാൻ തുടങ്ങിയ വ്യക്തിയോട് 'എന്താണ് നിന്റെ പ്രശ്നം' എന്ന്‌ താന് തിരിച്ചു ചോദിച്ചവെന്നും അപ്പോൾ അയാൾ ചീത്ത വിളിച്ചുവെന്നും അതെല്ലാം ട്രാൻസ് വിരുദ്ധ പരാമര്‍ശങ്ങളായിരുന്നുവെന്നും പദ്മ പറയുന്നു. ഇതിനു പിന്നാലെയാണ് കയ്യിലുള്ള കത്തിയുടെ രൂപമുള്ള ആയുധം വച്ച് ഇയാൾ തനിക്കുനേരെ വീശിയത്. സിഗ്നൽ ഓൺ ആയതോടെ ഓട്ടോ മുന്നോട്ടു പോയി. പക്ഷേ, ഓട്ടോയെ പിന്തുടര്‍ന്ന് അബ്ദുൾ കലാം ആശുപത്രിയുടെ അടുത്തുവച്ച് റോഡിൽ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി വരാൻ ആക്രോശിച്ചെന്നും പദ്മ പറയുന്നു. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്തതൊന്നും ഓട്ടോക്കാരൻ പ്രതികരിച്ചില്ലെന്നും പദ്മ പറയുന്നു.

പോലീസിന്റെ പെരുമാറ്റം

സംഭവം നടന്ന ഉടൻ തന്നെ പദ്മ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ് ഐയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. സി ഐക്കു പരാതി നൽകൂയെന്നാണ് മറുപടി കിട്ടിയത്. പ്രതിയെ എവിടെയെങ്കിലും വച്ച് തടഞ്ഞുനിർത്താൻ സാധിക്കുമെന്ന് കരുതിയാണ് പെട്ടന്ന് പോലീസിനെ അറിയിച്ചത്. എന്നാൽ അതുണ്ടായില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയ പദ്മയെ ഷാഹിനയെന്ന ഉദ്യോഗസ്ഥ പരിഹസിച്ചുവെന്നും പദ്മ ആരോപിക്കുന്നു.

പരാതി പറഞ്ഞപ്പോൾ അവർ ചിരിക്കുകയായിരുന്നുവെന്നാണ് പദ്മ ലക്ഷ്മി പറയുന്നത്. ഒരു മണിക്കൂറോളം അവിടെ നിൽക്കേണ്ടി വന്നു. പോലീസ് പ്രത്യേകിച്ച് ഒരു തരത്തിലും പ്രതികരിച്ചില്ല. ഇത്രയും കാലതാമസം വന്നതോടെ തൃക്കാക്കര എംഎൽഎ ഉമ തോമസിനെ വിവരം അറിയിച്ചു. ഉമ തോമസ് വിളിച്ചന്വേഷിച്ചപ്പോഴാണ് താൻ ഇങ്ങനെ ഒരു പരാതി നൽകിയിട്ടില്ലെന്നും സി ഐ തന്റെ പരാതി അറിഞ്ഞിട്ടില്ലെന്നും മനസിലാകുന്നത്. ഈ വിവരം ഉമ തോമസ് തന്നെ വിളിച്ച് പറഞ്ഞപ്പോഴും താൻ പോലീസ് സ്റ്റേഷന്റെ പുറത്തുനിൽക്കുകയായിരുന്നുവെന്നും പദ്മ പറയുന്നു.

ഞാനൊരു പ്രതിയായിരുന്നെങ്കിൽ ഈ സമയത്തിനുള്ളിൽ അവരെന്നെ റിമാൻഡ് ചെയ്തിട്ടുണ്ടാകും. ഒരു ട്രാൻസ് വ്യക്തി കുറ്റം ആരോപിക്കപ്പെട്ട് ഒരു സ്റ്റേഷനിലെത്തുകയാണെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ അവർ ജയിലിലടയ്ക്കപ്പെടും. എന്നാൽ പരാതിയുമായി വന്നാൽ നടപടിയൊന്നും എടുക്കുന്ന സാഹചര്യവും ഇവിടെ ഇല്ല
പദ്മലക്ഷ്മി
പദ്മലക്ഷ്മി

സിഐ അറിഞ്ഞിട്ടില്ലല്ലോയെന്ന്‌ പോലീസുകാരോട് പോയി ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദേശപ്രകാരമാണ് എഫ്ഐആർ ഇടേണ്ടതെന്നാണ് താൻ മനസിലാക്കിയതെന്ന് തിരിച്ചു പറഞ്ഞു പദ്മ.

"ഞാനൊരു പ്രതിയായിരുന്നെങ്കിൽ ഈ സമയത്തിനുള്ളിൽ അവരെന്നെ റിമാൻഡ് ചെയ്തിട്ടുണ്ടാകും. ഒരു ട്രാൻസ് വ്യക്തി കുറ്റം ആരോപിക്കപ്പെട്ട് ഒരു സ്റ്റേഷനിലെത്തുകയാണെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ അവർ ജയിലിലടയ്ക്കപ്പെടും. എന്നാൽ പരാതിയുമായി വന്നാൽ നടപടിയൊന്നും എടുക്കുന്ന സാഹചര്യവും ഇവിടെ ഇല്ല," പദ്മ പറയുന്നു.

എഫ്ഐആർ

ഇന്നലെ വൈകുന്നേരം വീണ്ടും അന്വേഷണ ഉദ്യോഗസ്ഥയായ ഷാഹിനയെ വിളിച്ചപ്പോൾ അവർ എഫ്ഐആർ നോക്കിയിട്ടില്ലെന്നാണ് മറുപടി പറഞ്ഞത്. എഫ്ഐആർ പരിശോധിച്ചപ്പോൾ ഐപിസി 354, 506, 294 (b) എന്നീ വകുപ്പുകളാണ് ചേർത്തതെന്ന് മനസിലാക്കുന്നത്. " ഇതിൽ 294 (b) വെറും 500 രൂപ പിഴയീടാക്കാൻ മാത്രമുള്ള വകുപ്പാണ്. 354 ഈ കേസിൽ നിലനിൽക്കില്ല. അത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയുന്ന നിയമമാണ്. അത് ഒരു ട്രാൻസ് വ്യക്തിയുടെ കാര്യത്തിൽ ബാധകമാകില്ല." ആ വകുപ്പ് തള്ളിപ്പോകുമെന്നും പദ്മ ലക്ഷ്മി പറയുന്നു. ട്രാൻസ് വ്യക്തികളുമായി ബന്ധപ്പെട്ട നിയമങ്ങൾ പോലും അവർക്ക് കൃത്യമായി അറിയില്ലായിരുന്നുവെന്നും പദ്മ പറയുന്നു. "എത്രമാത്രം പുരോഗമനപരമാണ് കേരളത്തിലെ പോലീസ് എന്നാലോചിച്ച് നോക്കൂ" പദ്മ ചോദിക്കുന്നു.

രണ്ടു ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥ എഫ് ഐ ആർ പരിശോധിച്ചിട്ടില്ലെങ്കിൽ എന്തന്വേഷണമാണ് ഇവിടെ നടക്കുന്നതെന്നു പദ്മ ചോദിക്കുന്നു. തെളിവ് ശേഖരിക്കുന്നതിലും പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചിരുന്നുവെന്നും പദ്മ ആരോപിക്കുന്നു. പ്രതിയുടെ വണ്ടി നമ്പർ വ്യാജമായിരുന്നു. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പദ്മ കൂട്ടിച്ചേർത്തു.

പോലീസിന് പറയാനുള്ളത്

പദ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐയും അന്വേഷണ ഉദ്യോഗസ്ഥയുമായ ഷാഹിനയെ ബന്ധപ്പെട്ടപ്പോൾ കൃത്യം ചെയ്ത വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾക്കുവേണ്ടി സിസിടിവി വീഡിയോകൾ കൂടുതലായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് മറുപടി ലഭിച്ചത്. ഒരു ട്രാൻസ് വുമണിനെതിരെ നടന്ന ആക്രമണത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്ന ഐപിസി 354 പ്രകാരം കേസെടുക്കുന്നത് കോടതിക്കു മുന്നിൽ നിലനിൽക്കുമോയെന്ന ചോദ്യത്തിന് അത് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.

ഇങ്ങനെയെങ്കിൽ എങ്ങനെ ജീവിക്കും?

"ഇതാണ് ഇവിടുത്തെ അവസ്ഥയെങ്കിൽ എനിക്ക് മാത്രമല്ല എന്റെ സഹപ്രവർത്തകർക്കു പോലും കൂടെ നടക്കാനോ ജോലി ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്," പദ്മ പറയുന്നു. നേരത്തെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ജി മനുവിന്റെ കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നതെന്നും ആ കേസിന്റെ പേരിൽ ആളുകൾ തന്നോട് അകലം സൂക്ഷിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഈ രണ്ടു കാര്യങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും പദ്മ ലക്ഷ്മി പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം