വൈപ്പിന്‍ ഹാര്‍ബറില്‍ ഒരു പെയിന്റ് ബോക്സിന്റെ മുകളിലിരുന്ന് മീനിന്റെ വില പറഞ്ഞ് വിളിക്കുകയായിരുന്നു വേലായുധന്‍. ' കണ്ണി അയല, ഞണ്ട്, വാരിയെടുക്കാം..' വാരിയെടുക്കാം എന്ന് പറഞ്ഞതിന് ശേഷം അയാളുടെ അടുത്തിരിക്കുന്ന കവറിലേക്ക് നോക്കി പിന്നീട് ഞങ്ങളേയും നോക്കി ഒന്ന് ചിരിച്ച് ' ശീലം കൊണ്ട് പറയുന്നതാ. മീനൊന്നും ഇല്ല. ദേ, ആകെ ഇത്രയും ആണ് ഇന്ന് കിട്ടിയത്. ഉള്ളതിനാണെങ്കില്‍ ഭയങ്കര വിലയും.' പെയിന്റ് ടിന്നിനുള്ളിന്റെ അടിഭാഗം പോലും മൂടാനുള്ള കണ്ണി അയല അതിലുണ്ടായിരുന്നില്ല. ഞണ്ടും അഞ്ചോ ആറോ എണ്ണം. ' എന്തോരം മീനുണ്ടായിരുന്നതാ. ഒരു ദിവസം പോലും പണിയില്ലാതെ വന്നിട്ടില്ല. എഴുപത് കഴിഞ്ഞ് പ്രായം. ഇത്രയും മീനില്ലാതെ കടല് കണ്ടിട്ടില്ല ഇന്നേവരെ. ഇപ്പോ പക്ഷേ അഞ്ചാറു മാസമായിട്ട് ആര്‍ക്കും ഒരു പണിയുമില്ല. കിട്ടിയത് വിറ്റ് കാശാക്കി എങ്ങനെയെങ്കിലും ഒക്കെ ജീവിച്ച് പോവും.' വേലായുധന്‍ കുറ്റി ബീഡി കത്തിച്ച് വലിച്ച് പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
ഹാര്‍ബറിലോ പുറത്തോ മത്സ്യമേഖലയുമായി ബന്ധപ്പെട്ട ആരുടെ മുഖത്തും സന്തോഷമില്ല, ചിരിയില്ല. എല്ലാവരുടേയും മുഖത്ത് കനം കെട്ടി നില്‍ക്കുന്നു. 'ചാളയും അയലയും കിളിയും നന്ദനുമൊക്കെ വന്ന് പെരുകേണ്ട സമയമാണ്. മീനുണ്ടോ ഇപ്പോ. പേരിന് കിട്ടും. തിരണ്ടിയും ഞണ്ടും ഒക്കെ ചിലപ്പോ കിട്ടും. എത്രയോ മീനുകളെ ഇപ്പോ കാണാനേയില്ല. 'അബ്ദുള്‍ ഖാദര്‍ ഇന്നും കച്ചവടം നടക്കാനുള്ള മീന്‍ കിട്ടില്ല എന്നറിഞ്ഞ് രാവിലെ ആറ് മണിക്ക് ഹാര്‍ബറിലെ കമ്പിവരിയില്‍ കൈ കുത്തി കടലിലേക്ക് നോക്കിക്കൊണ്ട് സങ്കടത്തോടെ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍ പിടുത്തവുമാണ് കടലിലെ മീന്‍ കുറയാന്‍ കാരണമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.
ഇതാണ് മാസങ്ങളായി കടലിലെ അവസ്ഥ. പത്ത് വര്‍ഷങ്ങളായി ഈ പ്രതിസന്ധി മത്സ്യമേഖല അനുഭവിക്കുന്നു. എന്നാല്‍ ഇക്കുറി ചൂട് ഏറിയതോടെ കിട്ടാനുള്ള മീനുകള്‍ പോലും കിട്ടാതെയായി. മഴ പെയ്‌തെങ്കിലും അതില്‍ വലിയ മാറ്റമൊന്നും വന്നില്ല. ' കടല് ചൂട് പിടിച്ച് കിടക്കുവാണെന്നാണ് ഫിഷറീസീന്ന് പറയുന്നത്. അത് ഈ ഇത്തിരിപ്പോരം മഴ കൊണ്ടൊന്നും അടങ്ങില്ല.' യുവ മത്സ്യത്തൊഴിലാളിയാണ് വിപിന്‍. ' ദേ, കണ്ടോ ബോട്ടുകളെല്ലാം കെട്ടിയിട്ടേക്കുവാണ്. വല്ല ചെറുവള്ളോ മറ്റോ പോയി എന്തെങ്കിലും കൊണ്ടുവന്നാലായി. മറ്റേത് മുതലാവില്ല. ഡീസലടിക്കാനും ഭക്ഷണ ചെലവും കൂലിയും തന്നെ വരും 20,000 മുതല്‍ 50,000 വരെ. മീനൊന്നും കിട്ടുകയുമില്ല. പിന്നെ പോയിട്ടെന്തിന്? മീന്‍ കച്ചവടക്കാരെ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ മേഖലയേയും ഇത് ബാധിച്ചിട്ടുണ്ട്. വില്‍ക്കാന്‍ കൊണ്ടുചെല്ലുമ്പോള്‍ ഇത്രയും വിലയോ എന്ന് ആളുകള്‍ ചോദിക്കും. കിട്ടാനില്ലാത്ത സാധനത്തിന് വില കൂടില്ലേ. അത് കിട്ടിയിട്ട് വേണം ഞങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍.' വിപിന്‍ തുടര്‍ന്നു.
കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍ പിടുത്തവുമാണ് കടലിലെ മീന്‍ കുറയാന്‍ കാരണമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ' ഗ്ലോബല്‍ വാമിങ് എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് ഇത് ഇവിടെ വരുമോ എന്ന സംശയമായിരുന്നു. ഇപ്പോള്‍ അത് നമ്മള്‍ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാമത് തൊഴില്‍ ദിനങ്ങളില്ല. ചേറ്റുവ ഭാഗത്തെല്ലാമുള്ള ആളുകളുമായി സംസാരിക്കുമ്പോള്‍ അവര്‍ വര്‍ഷത്തില്‍ 40 ദിവസം മാത്രമാണ് ജോലിയ്ക്ക് പോവുന്നത്. അതില്‍ നിന്ന് തന്നെ എത്ര ദുരിതത്തിലാണ് അവര്‍ ജീവിക്കുന്നതെന്ന് മനസ്സിലാവും. കാലാവസ്ഥാ മാറ്റവും മുന്നറിയിപ്പും കാരണമാണ് തൊഴില്‍ ദിനങ്ങള്‍ ഇല്ലാതാവുന്നത്. അതിനൊപ്പമാണ് മീനുകളുടെ കുറവും.' കുഫോസ് രജിസ്ട്രാര്‍ ആയ ഡോ.ദിനേശ് പറയുന്നു.
തൊഴിലും മീനും ഇല്ലാതായതോടെ പലരും പരമ്പരാഗത തൊഴില്‍ ഉപേക്ഷിച്ച് മറ്റ് ജോലികള്‍ക്ക് പോവുകയാണ്. മത്സ്യങ്ങളുടെ പ്രജനനം പോലും കൃത്യമായി നടക്കാത്ത കാലാവസ്ഥയില്‍ ഇനി ഈ തൊഴില്‍ കൊണ്ട് ജീവിക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്.