സെക്രട്ടേറിയറ്റിൽ നിന്ന് 20 കിലോ മീറ്റര്‍ ദൂരമേയുള്ളൂ വിഴിഞ്ഞത്തേക്ക്. നവകേരളത്തിന്റെയും യൂറോപിന്റെയും നിലവാരത്തിലുള്ള സംസ്ഥാനമെന്ന മേനി പറച്ചിലുകള്‍ ഇവിടുത്തുകാരും കേള്‍ക്കുന്നുണ്ട്. എന്നാല്‍ കടല്‍ക്ഷോഭം മൂലം വീടുകള്‍ കടലെടുത്ത ഇവര്‍ നാല് വര്‍ഷത്തിലേറെയായി താമസിക്കുന്നത് സിമന്റ് ഗോഡൗണിലാണ്. എലികളും പാറ്റകളും പൊടിയും നിറഞ്ഞ ഈ ഗോഡൗണില്‍ അത്യാവശ്യത്തിന് ശുചിമുറികള്‍ പോലുമില്ല. ഒരു മാസം പ്രായമായ കുട്ടിപോലുമുണ്ട് ഇവിടെ. അദാനിയുടെ തുറമുഖമാണ് തങ്ങളെ ഗോഡൗണിലേക്ക് തള്ളിയതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. വിഴിഞ്ഞം തുറമുഖം പണിതുകൊണ്ടിരിക്കുമ്പോള്‍ കടല്‍ കരയിലേക്ക് കയറുന്നു. വീടുകള്‍ നശിക്കുന്നു. എന്നാല്‍ ഇതെല്ലാം കാലാവസ്ഥ വ്യതിയാനം എന്ന് പറഞ്ഞൊഴിയുകയാണ് അധികാരികള്‍. വലിയതുറയിലെ ഗോഡൗണില്‍ കഴിയുന്ന 28 ദിവസം പ്രായമായ കുഞ്ഞിന് മുതല്‍ കിടപ്പുരോഗികള്‍ക്ക് വരെ പറയാനുള്ളത് സങ്കടക്കഥകള്‍ മാത്രം. അപ്പോഴും സര്‍ക്കാര്‍ വികസനത്തെ കുറിച്ചുള്ള പാഴ് വാക്കുകള്‍ ഉരുവിടുകയും ചെയ്യുന്നു. ജീവിക്കാനുള്ള പ്രക്ഷോഭത്തിലാണ് ഇവര്‍.