പാരഗണ്‍ ഹോട്ടലിന് മുന്നിലൂടെ നടന്നുപോകുമ്പോള്‍ ഒരു ജുഗല്‍ബന്ദി കേള്‍ക്കാം. അപൂര്‍വ രുചിക്കൂട്ടുകളുടെ കൊതിപ്പിക്കുന്ന ഗന്ധവും സംഗീതസാന്ദ്രമായ ഒരു കോഴിക്കോടന്‍ കാലത്തിന്റെ ഓര്‍മകളും ഇടകലര്‍ന്ന മനോഹരമായ ഫ്യൂഷന്‍.
'ഉത്തരായന' (1975) ത്തിലൂടെ മലയാളസിനിമയില്‍ തന്റെ ഇടം രേഖപ്പെടുത്തും മുന്‍പ് സംവിധായകന്‍ അരവിന്ദന്‍ താമസിച്ചിരുന്ന മുറി ആ കെട്ടിടത്തിന്റെ മുകള്‍നിലയിലായിരുന്നു. ഒരുപറ്റം സഹൃദയന്മാര്‍ക്കിടയിലിരുന്ന് രബീന്ദ്ര സംഗീതത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുന്ന അരവിന്ദനെക്കുറിച്ച് സംഗീതസംവിധായകന്‍ രാഘവന്‍ മാഷ് പറഞ്ഞുകേട്ടിട്ടുണ്ട്: ''വലിയൊരു സദസ്സുണ്ടാകും ചുറ്റും. ചിലരൊക്കെ മുറിക്കകത്ത്. ചിലരൊക്കെ സ്ഥലം കിട്ടാഞ്ഞ് പുറത്തും. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ കണ്ണുകള്‍ ഇറുക്കിയടച്ച്, കൈകള്‍ രണ്ടുമുയര്‍ത്തി പാട്ടില്‍ അലിഞ്ഞൊഴുകുന്നുണ്ടാകും അരവിന്ദന്‍. ഇന്നും വല്ലപ്പോഴുമൊക്കെ ആ വഴി കടന്നുപോകുമ്പോള്‍ ആ കാലം ഓര്‍മവരും; അരവിന്ദന്റെ പാട്ടും.''
പലവിധ സ്വാദുകളുടെ, രുചിക്കൂട്ടുകളുടെ, ഭക്ഷണപദാര്‍ത്ഥങ്ങളുടെ കലവറയാണ് ഇന്നത്തെ പാരഗണ്‍. ഇന്ത്യക്കകത്തും പുറത്തും ശാഖകളുള്ള വിഖ്യാത ഹോട്ടല്‍ ശൃംഖല. പഴയ പാരഗണും ഇന്നത്തെ പാരഗണും തമ്മില്‍ താരതമ്യം പോലുമില്ല. സീറ്റ് കിട്ടാന്‍ ക്യൂ നില്‍ക്കേണ്ട അന്ന്; മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട. ഇഷ്ടം പോലെ സമയമെടുത്ത് കഴിക്കാം. കാലിച്ചായ കഴിച്ചുകൊണ്ട് പോലും ഘോരഘോരം സാഹിത്യ, സംഗീത ചര്‍ച്ചകളില്‍ ഏര്‍പ്പെടാം.
ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന കാലത്താണ് എന്റെ ആദ്യത്തെ പാരഗണ്‍ സന്ദര്‍ശനം. അന്നൊന്നും പാരഗണിന്റെ ചരിത്രപ്രാധാന്യം അറിയില്ല. അതറിഞ്ഞത് അമ്മാവനും കലാരസികനുമായ മുല്ലശ്ശേരി രാജഗോപാലില്‍നിന്നാണ്. അറിഞ്ഞപ്പോള്‍ പാരഗണിനെ സ്‌നേഹിക്കാതിരിക്കാനായില്ല. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും അവിടെ ചെന്ന് ഹാഫ് ബിരിയാണി കഴിക്കാനുള്ള പ്രലോഭനം പ്രധാനമായും ആ നൊസ്റ്റാള്‍ജിയ തന്നെ. ഇന്നുമുണ്ട് ആ ബിരിയാണിയുടെ സ്വാദ് നാവിന്‍തുമ്പില്‍.
സാഹിത്യവും കലയും സംഗീതവും ഒക്കെ ഇടകലര്‍ന്ന 1970 കളിലെ പ്രശസ്തമായ 'പാരഗണ്‍ കൂട്ടായ്മ'യ്‌ക്കെുറിച്ച് പിന്നീട് പലരും പറഞ്ഞുകേട്ടിട്ടും എഴുതി വായിച്ചിട്ടുമുണ്ട്. പട്ടത്തുവിള, തിക്കോടിയന്‍, എം ടി, എന്‍ പി മുഹമ്മദ്, ബാലന്‍ കെ നായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എ എസ് നായര്‍, കെ ടി രാമവര്‍മ, ബാങ്ക് രവി, പുതുക്കുടി ബാലേട്ടന്‍, വിജയരാഘവന്‍, കെ എ കൊടുങ്ങല്ലൂര്‍, എന്‍ എന്‍ കക്കാട് തുടങ്ങിയവരൊക്കെ ആ കൂടിച്ചേരലിന്റെ ഭാഗം. വിരുന്നുകാരായി വി കെ എന്നും കാക്കനാടനും പുനത്തിലും ജോണ്‍ എബ്രഹാമും മറ്റും.
പുലര്‍ച്ചയോളം നീളുന്ന ആ മഹാസംഗമങ്ങള്‍ എഴുത്തുകാരനും വിവര്‍ത്തകനുമായ കെ ടി രാമവര്‍മ ഒരിക്കല്‍ ഓര്‍ത്തെടുത്തതിങ്ങനെ: ''എന്തെല്ലാം നടന്നിരിക്കുന്നു അരവിന്ദന്റെ ആ മുറിയില്‍. ചിലപ്പോള്‍ കയ്യാങ്കളിയില്‍ വരെയെത്താറുള്ള ചൂടുള്ള വാഗ്വാദങ്ങള്‍, നിരുപദ്രവമായ കളിയാക്കലുകള്‍, അഭിനയശകലങ്ങള്‍... നിത്യവും കൃത്യസമയത്ത് വന്ന് അരമണിക്കൂറോ മറ്റോ ചെലവഴിച്ചശേഷം സ്ഥലംവിടുന്ന ചിലരുണ്ടായിരുന്നു: മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം തലവനായിരുന്ന ഡോ. ഗോപി, അക്കാലത്ത് പാരഗണിന്റെ സമീപത്ത് തന്നെ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന ബാലന്‍ കെ നായര്‍, മാതൃഭൂമിയിലെ ഗോവിന്ദനുണ്ണി. ചില രാത്രികളില്‍, സെറ്റില്‍ പങ്കെടുത്തിരുന്നവരുടെ എണ്ണം കൂടിപ്പോയതിനാല്‍ താമസിച്ചെത്തുന്നവര്‍ക്ക് മുറിയിലേക്ക് കടക്കാന്‍പോലും കഴിയാതെ വരും. മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമായി കാല്‍കുത്തിയ സമയത്ത് ഞങ്ങളെല്ലാം പാരഗണിലാണ്. ബംഗ്ലാദേശിനെ പൂര്‍ണമായി മോചിപ്പിച്ച വാര്‍ത്തയും പാരഗണില്‍ ഇരുന്നാണ് കേട്ടത്...''
'പാരഗണ്‍ സെറ്റി'ലെ ഏറ്റവും വാചാലനായ അംഗം ആരെന്ന് പറയുക പ്രയാസം. മൊത്തം ശബ്ദകോലാഹലമാണല്ലോ. പക്ഷേ ഏറ്റവും മൗനിയായ അംഗം ആരെന്ന് പറയാന്‍ ഇരുവട്ടം ആലോചിക്കേണ്ട: അരവിന്ദന്‍. ഇടയ്ക്ക് വിരുന്നുകാരെല്ലാം കൂടി വീട്ടുകാരനെ പിടിച്ചുപുറത്താക്കുന്നതിനും താന്‍ സാക്ഷിയായിരുന്നുവെന്ന് രാമവര്‍മ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പ്രശസ്തമായ 'ചെറിയ മനുഷ്യരും വലിയ ലോകവും' വരയ്ക്കാന്‍ ഈ തിരക്കൊന്നും അരവിന്ദന് തടസ്സമായില്ലെന്നത് മറ്റൊരു അത്ഭുതം.
ചാലപ്പുറത്തെ ഒരു ലോഡ്ജിലെ കുടുസ്സുമുറിയില്‍നിന്ന് തുടങ്ങുന്നു റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി എത്തിയ അരവിന്ദന്റെ കോഴിക്കോടന്‍ ജീവിതം. പിന്നീടാണ് ചിത്രകാരനും കസ്റ്റംസ് ഓഫീസറുമായ വിജയരാഘവന്‍ വഴി പാരഗണിലേക്കുള്ള കുടിയേറ്റം. അരവിന്ദന് പതിച്ചുകിട്ടിയ മുറിയില്‍ മുന്‍പ് താമസിച്ചിരുന്നത് എഴുത്തുകാരന്‍ പി കെ ബാലകൃഷ്ണന്‍. ആ നാളുകളിലാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ അരവിന്ദന് മോഹമുദിച്ചത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കും സുഹൃത്തായ ഡോ. ഗോപിയ്ക്കുമൊപ്പം ശരത് ചന്ദ്ര മറാട്ടെയുടെ ശിഷ്യത്വം സ്വീകരിക്കുന്നു അദ്ദേഹം. പാരഗണിലെ മുറിയിലിരുന്നുള്ള അരവിന്ദന്റെ 'സാധക'ത്തിന് സാക്ഷ്യം വഹിച്ചവര്‍ മിക്കവരും ഇന്ന് ഓര്‍മ.
പാരഗണിലെ ആ മുറിയിലിരുന്നാണ് ലോകസാഹിത്യത്തിലെ ക്ലാസിക്കുകള്‍ മുഴുവന്‍ താന്‍ വായിച്ചുതീര്‍ത്തതെന്ന് പറഞ്ഞിട്ടുണ്ട് അരവിന്ദന്‍. സംശയമുണ്ടെങ്കില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഈ വാക്കുകള്‍ കേള്‍ക്കുക: ''അരവിന്ദന്റെ മുറിയില്‍ കട്ടിലിന് തൊട്ടുള്ള ജാലകവാതില്‍ കത്തിക്കരിഞ്ഞു പോയിരിക്കുന്നു. വാതിലില്‍ തൂക്കിയിട്ടിരുന്ന ബള്‍ബ് നിരന്തരം എരിഞ്ഞുകൊണ്ടിരുന്നതിലാണ് ഇങ്ങനെ സംഭവിച്ചത്.''
ആദ്യ ചിത്രത്തിന്റെ പിറവിക്ക് സാക്ഷ്യംവഹിച്ചതും അതേ മുറി തന്നെ. പാരഗണിലെ ഒരു സായാഹ്നചര്‍ച്ചയിലാണ് സിനിമയെടുത്താലോ എന്ന ആശയം പൊന്തിവന്നത്. പണത്തിന്റെ കാര്യം താന്‍ ഏല്‍ക്കാമെന്ന് പട്ടത്തുവിള. കഥയെഴുതാന്‍ തിക്കോടിയനും റെഡി. അതോടെ അരവിന്ദന് ആവേശമായി. നമുക്കിത് അടൂരിനെക്കൊണ്ട് ചെയ്യിക്കാമെന്ന് അരവിന്ദന്‍ പറഞ്ഞു. ''അതിനായിരുന്നെങ്കില്‍ പിന്നെ നാം ഇങ്ങനെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോ. അരവിന്ദന്‍ തന്നെ സംവിധായകനാകണമെന്ന് ഞങ്ങള്‍ ഏകകണ്ഠമായി ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ അരവിന്ദന്‍ വഴങ്ങി,'' നമ്പൂതിരി എഴുതുന്നു. ഉത്തരായനം പുറത്തുവന്നതും മലയാളസിനിമയിലെ അരവിന്ദയുഗത്തിന് തുടക്കമിട്ടതും പിന്നത്തെ കഥ.
മറ്റൊരു 'ചരിത്ര പ്രാധാന്യം' കൂടിയുണ്ട് പഴയ പാരഗണിന്. വിഖ്യാത സംവിധായകന്‍ അലോഷ്യസ് വിന്‍സന്റിന്റെ അച്ഛന്‍ നടത്തിയിരുന്ന ചിത്ര സ്റ്റുഡിയോ ഈ കെട്ടിടത്തിലായിരുന്നു. അച്ഛന്റെ സ്റ്റുഡിയോയിലെ ഡാര്‍ക്ക് റൂമില്‍നിന്നാണ് ചലച്ചിത്രകലയുടെ ബാലപാഠങ്ങള്‍ താന്‍ ഹൃദിസ്ഥമാക്കിയതെന്ന് പറഞ്ഞിട്ടുണ്ട് മുറപ്പെണ്ണും ഭാര്‍ഗ്ഗവീനിലയവും അശ്വമേധവുമൊക്കെ മലയാളികള്‍ക്ക് സമ്മാനിച്ച വിന്‍സന്റ് മാസ്റ്റര്‍.
അതൊരു കാലം. അരവിന്ദനും സംഘവും അധികം വൈകാതെ പാരഗണ്‍ വിട്ടു. ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയായി, ഒരു കാലത്ത് നഗരത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമായിരുന്ന സ്ഥാപനം. ആ തകര്‍ച്ചയില്‍നിന്ന് പിന്നീടൊരു പുനര്‍ജ്ജന്മമുണ്ടായത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. പിന്‍തലമുറയിലെ സുമേഷ് എന്ന യുവധീരന്‍ ഹോട്ടലിന്റെ സാരഥ്യം ഏറ്റെടുത്തതോടെ. ഇന്നത് കോഴിക്കോടന്‍ രുചിയുടെ ആസ്ഥാന മന്ദിരമാണ്. ഭക്ഷണപ്രിയരുടെ തീര്‍ത്ഥാടന കേന്ദ്രം. അടുത്ത കാലത്ത് ലോകത്തെ ഏറ്റവും മികച്ച 150 ഐക്കണിക് ഭക്ഷണശാലകളുടെ പട്ടികയില്‍ പതിനൊന്നാമതായി ഇടംനേടുക കൂടി ചെയ്തു പാരഗണ്‍.
സഹൃദയനാണ് സുമേഷ്. കച്ചവടത്തെയും ജീവിതത്തെയും ഒരു പരിധിക്കപ്പുറത്ത് ഗൗരവത്തോടെ കാണാറില്ലെന്നതാണ് സുമേഷിനെ മറ്റ് ബിസിനസ്സുകാരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്ന ഘടകം. പ്രസാദാത്മകമായി ജീവിതത്തെ നോക്കിക്കാണുന്നയാള്‍. ചാലപ്പുറം 'മുല്ലശ്ശേരി'യില്‍ വച്ചാണ് സുമേഷിനെയും ഭാര്യ ലിജുവിനെയും പരിചയം. അന്ന് ഇത്രത്തോളം വലിയൊരു ബ്രാന്‍ഡായിട്ടില്ല പാരഗണ്‍. മുല്ലശ്ശേരി രാജഗോപാലിന്റെ മകള്‍ നാരായണിയുടെ വിവാഹവിരുന്നിന്റെ കേറ്ററിങ് ചുമതല സുമേഷിനായിരുന്നു. പാരഗണിന്റെ അത്തരത്തിലുള്ള ആദ്യ ദൗത്യം. രാജുമ്മാമയുടെ അന്നത്തെ പ്രവചനം ഓര്‍മയുണ്ട്: ''നോക്കിക്കോ, ഇവന്റെ അപ്പവും പൊറോട്ടയും കഴിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന കാലം വരും.''
അധികം വൈകാതെ ആ കാലവും വന്നു. പാരഗണിന് മുന്നിലെ ക്യൂ നീണ്ടുകൊണ്ടേയിരിക്കുന്നു; ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക്.