FOURTH SPECIAL

'എന്നെ വേട്ടയാടാൻ കാരണം ആദിവാസി വംശഹത്യയ്ക്കും കോർപ്പറേറ്റ് ചൂഷണത്തിനുമെതിരായ നിലപാടുകൾ'; ജിഎൻ സായിബാബ അഭിമുഖം

മുഹമ്മദ് റിസ്‌വാൻ

ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ജി എൻ സായിബാബയെ 10 വർഷത്തെ തടവു ജീവിതത്തിനുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുപിഎ ഭരണകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട സായിബാബയെ 2022 ൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കിയത്. അംഗപരിമതിയുള്ള ഒരു ആക്ടിവിസ്റ്റായ അധ്യാപകനെ, ക്രിമിനലിനെ പോലെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹത്തിന് നഷ്ടമായ വർഷങ്ങൾക്ക് ആര് ഉത്തരവാദിത്തം പറയുമെന്നുമുള്ള ചോദ്യം അവശേഷിക്കുന്നു. താൻ എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും ജയിലിൽ അനുഭവിച്ച പീഡനവും, രാഷ്ട്രീയ നിലപാടുകളും സായിബാബ വിശദീകരിക്കുകയാണ് മുഹമ്മദ് റിസ് വാനുമായുള്ള ഈ ടെലിഫോൺ അഭിമുഖത്തിൽ.

പത്ത് വർഷം തടവറയിൽ അനുഭവിച്ച കഷ്ടതകളിൽനിന്ന് സുഖം പ്രാപിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. 2017ൽ സായിബാബ കുറ്റക്കാരനെന്ന് വിധിച്ച കോടതി ഉത്തരവ് 2022 ൽ ബോംബെ ഹൈക്കോടതി റദ്ദാക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ അസാധാരണ തിടുക്കം കാണിച്ച സുപ്രീംകോടതി മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ഒരു അവധി ദിവസം സ്പെഷ്യൽ ബെഞ്ച് ചേരുകയും കുറ്റവിമുക്തനാക്കിയ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തു. അതെല്ലാം മറികടന്ന് നിയമപോരാട്ടത്തിലൂടെ നിങ്ങൾ ഇപ്പോൾ സ്വതന്ത്രനായിരിക്കുകയാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്ത് തോന്നുന്നു?

എന്റെ ശബ്ദം അടിച്ചമർത്താൻ വേണ്ടി കെട്ടിച്ചമച്ചതായിരുന്നു എനിക്കെതിരായ കേസ്. ആദിവാസി വിഭാഗങ്ങളുടെ അവകാശത്തിനുവേണ്ടി, അവരെ അടിച്ചമർത്തുന്നതിനെതിരെ പ്രവർത്തിച്ചിരുന്ന 'ഫോറം എഗൈൻസ്റ്റ് വാർ ഓൺ പീപ്പിൾ' കൺവീനറായിരുന്നു ഞാൻ. 2010 -13 കാലഘട്ടത്തിൽ ഡൽഹി കേന്ദ്രീകരിച്ചാണ് ആരംഭിച്ചതെങ്കിലും ഇന്ത്യയിലുടനീളം സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നു. മധ്യ- കിഴക്കൻ ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഖനനം നടത്തുന്നതിന് കോർപറേറ്റുകളുമായി നൂറുകണക്കിന് ധാരണാപത്രങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പുവെക്കുന്ന കാലം കൂടിയായിരുന്നു അത്. ആ സമയത്താണ് ഞങ്ങൾ ആദിവാസികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത്.

സായിബാബ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നു

വനത്തിൽനിന്ന് ധാതുക്കൾ ഖനനം ചെയ്തെടുക്കണമെങ്കിൽ തദ്ദേശീയരായ ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടിയിരുന്നു. അതിനായി നിരവധി ആദിവാസി ഗ്രാമങ്ങളാണ് തീവെച്ചും മറ്റ് മാർഗങ്ങളിലൂടെയും നശിപ്പിച്ചത്. സുരക്ഷയ്‌ക്കെന്ന പേരിൽ സ്ഥാപിച്ച അനവധി സെക്യൂരിറ്റി പോസ്റ്റുകളും ആദിവാസികൾക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. സത്യത്തിൽ വംശഹത്യയുടെ ആസൂത്രണമായിരുന്നു നടന്നിരുന്നത്. ഈ വിഷയങ്ങളെല്ലാം പൊതുമധ്യത്തിൽ ഉന്നയിക്കാൻ വേണ്ടിയായിരുന്നു രാജീന്ദ്ര സച്ചാർ, സോഷ്യലിസ്റ്റും മുൻ എം പിയുമായ സുരേന്ദ്ര മോഹൻ, സ്വാമി അഗ്നിവേശ് ഉൾപ്പെടെ ഞങ്ങളെല്ലാം പ്രവർത്തിച്ചിരുന്നത്.

അതിനുപുറമെ ദളിതരുടെയും ആദിവാസികളുടെയും സംവരണാവകാശങ്ങൾക്കുവേണ്ടിയും ഞാൻ സജീവമായി പ്രവർത്തിച്ചിരുന്നു. കാമ്പസുകളിൽ സംവരണ സീറ്റുകൾ നികത്താത്തതിനെതിരെ ഞങ്ങൾ നിരന്തരം പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായി നിരവധി പണിമുടക്കുകളും നടത്തി. പിന്നാലെ കാമ്പയിനുകൾ അവസാനിപ്പിക്കണമെന്ന ഭീഷണിയും എനിക്കെതിരെ ഉയർന്നു. കാരണം കാമ്പയിനുകൾ വളരെയധികം ചലനമുണ്ടാക്കുന്നതായിരുന്നു. ആദിവാസി മേഖലയിലെ കോർപറേറ്റുകളുടെ കൊള്ളയ്‌ക്കെതിരെ അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. അങ്ങനെയൊരു സംഘടനയുടെയും കൺവീനറായി ഞാൻ പ്രവർത്തിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളെയും ഞങ്ങൾ സമീപിച്ചു. കേന്ദ്ര സർക്കാരിനെതിരായ വികാരം തന്നെ ആഗോളതലത്തിൽ ഉയർന്നു. എന്നെ അവരുടെ ശത്രുവാക്കി മാറ്റാനും കേസ് കെട്ടിച്ചമക്കാനും അവരെ പ്രേരിപ്പിച്ച പ്രധാന ഘടകം ഇതൊക്കെയാണ്.

ഒരു അധ്യാപകനെ പിന്തുണച്ച് ലോകമെമ്പാടുമുള്ള വിദ്യാർഥികൾ രംഗത്തെത്തുന്നുവെന്ന് അറിയുന്നത് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. അതെല്ലാം ഒരു വ്യക്തിക്ക് ലഭിച്ച പിന്തുണയായി മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് എങ്ങനെയാണെന്ന് തിരിച്ചറിവുള്ള മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഞാൻ കാണുന്നത്.

നിങ്ങളുടെ ചോദ്യത്തിലേക്ക് വന്നാൽ, കേട്ടുകേൾവിയില്ലാത്ത തരത്തിലായിരുന്നു എന്റെ കേസിലെ സുപ്രീംകോടതി ഇടപെടൽ. ഒരാളെ കുറ്റവിമുക്തനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്യുകയെന്നതിനെ പറ്റി ആരും കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യുക, അതേ കോടതിയിലെ മറ്റൊരു ബെഞ്ചിനോട് കേസ് വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെടുക ഇതെല്ലാം ചരിത്രത്തിൽ ആദ്യമാണ്. ഇങ്ങനെയൊരു കാര്യം ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് രാജ്യത്തെ അറിയപ്പെടുന്ന ജൂറികൾ, മുതിർന്ന അഭിഭാഷകർ, വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി നടത്തിയ പല വിധിപ്രസ്താവങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു എന്നെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതിയുടെ ഒക്ടോബറിലെ ആദ്യ വിധിയും. എന്നിട്ടും ഇങ്ങനെയൊക്കെ ഉണ്ടായെന്നത് ദൗർഭാഗ്യകരമാണ്.

സായിബാബ ജീവിത പങ്കാളി വസന്തകുമാരിക്കൊപ്പം (പഴയ ചിത്രം)

എന്നെ എങ്ങനെയെങ്കിലും ജയിലിൽ അടയ്ക്കുക, എന്റെ ശബ്ദം ഇല്ലാതാക്കുകയെന്ന ശത്രുതാ മനോഭാവമായിരുന്നു ചില മാധ്യമങ്ങള്‍ക്കും ഒരുവിഭാഗം ഭരണകർത്താക്കൾക്കും ഉണ്ടായിരുന്നത്. എന്നിരുന്നാലും വസ്തുത എന്താണെന്നത് ഒടുവിൽ പുറത്തുവന്നു, സത്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പക്ഷേ വൈകി ലഭിക്കുന്ന നീതി, അനീതിയാണ്. എനിക്ക് നഷ്ടപ്പെട്ട പത്ത് വർഷം എങ്ങനെ തിരികെ ലഭിക്കും? ആരാണ് എനിക്ക് ആ സമയം മടക്കിത്തരുക?

എന്റെ അധ്യാപന ജീവിതത്തിന്റെ ഏറ്റവും നല്ല കാലമായിരുന്നു അത്. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന സമയം, രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരുന്ന കാലം, അതെല്ലാം നഷ്ടമായി. പത്ത് വർഷം എന്നതിലുപരിയായി പതിന്മടങ്ങ് മൂല്യമുള്ള ഒരുപാട് കാര്യങ്ങളാണ് എനിക്ക് നഷ്ടമായത്.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇത്രത്തോളം ശത്രുതാപരമായ മനോഭാവമുണ്ടായിരുന്നിട്ടും അതിനെയെല്ലാം അതിജീവിക്കാനുള്ള ശക്തി എന്തായിരുന്നു?

എനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എന്നെ അന്യായമായാണ് ജയിലിലാക്കിയതെന്നും ആരോപിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അതിൽ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടായിരുന്നു. ജയിലിനുള്ളിൽ കഴിയവേ ഇക്കാര്യങ്ങളെക്കുറിച്ച് അറിയുമ്പോൾ വളരെയധികം സന്തോഷം തോന്നിയിരുന്നു. സഹാനുഭൂതിയും ഉറച്ച രാഷ്ട്രീയ ബോധ്യവുമുള്ള ആളുകൾ എനിക്കും എന്റെ പ്രവർത്തനങ്ങൾക്കും പിന്തുണയുമായെത്തിയത് അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ ചർച്ചാവിഷയമായിരുന്നു.

ഒരു അധ്യാപകനെ പിന്തുണച്ച് ലോകമെമ്പാടുമുള്ള വിദ്യാർഥികൾ രംഗത്തെത്തുന്നുവെന്ന് അറിയുന്നത് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. ഇന്ത്യയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകന് ഇത്രയധികം ശ്രദ്ധയും പിന്തുണയും ലഭിക്കുകയെന്നത് അഭൂതപൂർവമായ സംഭവമായിരുന്നു. എനിക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾ പത്ത് വർഷവും നടക്കുകയായിരുന്നു. അതെല്ലാം ഒരു വ്യക്തിക്ക് ലഭിച്ച പിന്തുണയായി മാത്രമല്ല ഞാൻ കാണുന്നത്. അതെല്ലാം ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് എങ്ങനെയാണെന്ന് തിരിച്ചറിവുള്ള മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആ മനുഷ്യർ പകർന്നുനൽകിയ കരുത്തും ഊർജവുമായിരുന്നു കുപ്രസിന്ധമായ 'അണ്ട സെല്ലിൽ' കഴിഞ്ഞിരുന്ന എട്ടരവർഷത്തോളം കാലം എന്‍റെ ശക്തി.

സായിബാബ ജയിലില്‍ നിന്നയച്ച കത്തുകള്‍

2015ൽ ജാമ്യം ലഭിച്ച സമയത്ത്, "ജയിലിൽ കഴിഞ്ഞ 14 മാസങ്ങൾ 14 വർഷം നരകത്തിൽ കിടന്നതുപോലെയാണ്" എന്ന് ഫ്രണ്ട്‌ലൈൻ മാസികയിൽ എഴുതിയിരുന്നു. 'Why Do You Fear My Way So Much?' എന്ന താങ്കളുടെ പുസ്തകത്തിലും അതേക്കുറിച്ച് പരാമർശങ്ങളുണ്ട്. അണ്ട സെല്ലിൽ അനുഭവിക്കേണ്ടി വന്ന പ്രശ്‍നങ്ങളെ കുറിച്ചൊന്ന് പറയാമോ?

ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള അണ്ട സെല്ലിന് പ്രത്യേകമായൊരു രൂപകല്പനയാണുള്ളത്. ഓക്സിജൻ അളവുപോലും അതിനകത്ത് കുറവാണ്. തീവ്രവാദികളെ പാർപ്പിക്കാൻ വേണ്ടിയുള്ള അണ്ട സെല്ലിൽ പക്ഷേ ഞാൻ അങ്ങനെയൊരാളെ പോലും കണ്ടിട്ടില്ല. ഒരുപാട് നിയന്ത്രണങ്ങളുള്ള ഇടമാണ് അണ്ട സെൽ. ആരെങ്കിലും കാണാൻ വരുമ്പോഴല്ലാതെ പുറത്തിറങ്ങാൻ പോലും സാധിക്കില്ല. കോൺക്രീറ്റ് ഭിത്തികളാൽ നിറഞ്ഞ ആ സെൽ യാർഡിൽ ഒരു ചെടിപോലുമില്ല. സത്യത്തിൽ ജയിലിനുള്ളിലെ മറ്റൊരു ജയിലാണത്.

സാധരണയായി അണ്ട സെല്ലിൽ തടവുകാരെ ഒറ്റയ്ക്കാണ് പാർപ്പിക്കുക. എല്ലാ അർത്ഥത്തിലും എനിക്ക് ഏകാന്ത തടവായിരുന്നില്ല. എന്നെ സഹായിക്കാനായി എനിക്കൊപ്പം രണ്ട് പേർ കൂടിയുണ്ടായിരുന്നു. ഞങ്ങൾ മൂന്ന് പേരാണ് ആ ചെറിയ സെല്ലിനുള്ളിൽ കഴിഞ്ഞിരുന്നത്. അണ്ട സെല്ലിന് മൂന്ന് യാർഡുകളാണ് ഉള്ളത്. ഒരെണ്ണത്തിൽ നാലോ അഞ്ചോ പേരുണ്ടാകും. അവരോട് മാത്രമാണ് സംസാരിക്കാൻ സാധിക്കുക. ആ ജയിലിലെ മറ്റ് ആയിരക്കണക്കിന് തടവുകാരോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതിനാൽ പ്രായോഗികതലത്തിൽ അതൊരു ഏകാന്ത തടവ് തന്നെയായിരുന്നു.

പഠിക്കാനും നല്ല വിദ്യാഭ്യാസം നേടാനും അവസരം ലഭിച്ച എല്ലാവരും അവരുടെ സമയത്തിന്റെ ഒരു ഭാഗം അവകാശ ലംഘനങ്ങൾക്കെതിരെ പോരാടാൻ ഉപയോഗിക്കണം. അതുവഴി മാത്രമേ നമ്മുടെ സമൂഹത്തെ നല്ല നിലയിലേക്ക് വളർത്താൻ സാധിക്കുകയുള്ളു
ജിഎന്‍ സായിബാബ

സെല്ലിലെ ടോയ്‌ലെറ്റിലേക്കോ ബാത്റൂമിലേക്കോ ഒന്നും എനിക്ക് തനിയെ പോകാൻ കഴിഞ്ഞിരുന്നില്ല. വീൽ ചെയർ ഉപയോഗിച്ച് എത്തിപ്പെടാൻ പറ്റുന്ന തരത്തിലായിരുന്നില്ല അതിന്റെ നിർമാണം. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം എടുക്കണമെങ്കിൽ പോലും പരസഹായം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാത്തിനും ഞാൻ കൂടെയുള്ള രണ്ടുപേരുടെ സഹായം തേടിയിരുന്നു. രാത്രിയിൽ മൂത്രം ഒഴിക്കാൻ ടോയ്‌ലറ്റിലേക്ക് പോകണമെങ്കിൽ അവരെ ഉണർത്താതെ കഴിയുമായിരുന്നില്ല. അവരുടെ കൈകളിൽ എടുത്താണ് എന്നെ ബാത്റൂമിലെല്ലാം കൊണ്ടുപോയിരുന്നത്. ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥ, എന്നും കാണുന്നത് ഒരേ കോൺക്രീറ്റ് ഭിത്തികൾ, ഓക്സിജന്റെ കുറഞ്ഞ ലഭ്യത, എല്ലാ അർത്ഥത്തിലും ക്രൂരത താങ്ങിന്നിരുന്ന ഇടമായിരുന്നു ആ കെട്ടിടം. ഇതുമൂലം ചില അസുഖങ്ങളും എന്നെ പിടികൂടിയിരുന്നു. അവ പിന്നീട് മൂർച്ഛിക്കുകയും ചെയ്തു.

സായിബാബ ജീവിത പങ്കാളി വസന്തകുമാരിക്കൊപ്പം

കൂടുതൽ കാലം ഒരാൾക്കും അണ്ട സെല്ലിൽ കഴിയാൻ സാധിക്കില്ല. രണ്ടോ മൂന്നോ വർഷം താമസിക്കുന്നവർക്ക് പോലും ഗൗരവകരമായ മാനസികപ്രശ്നങ്ങൾ ബാധിക്കാറുണ്ട്. അങ്ങനെയുള്ള നിരവധി സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുമുണ്ട്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് ഇത്രത്തോളം കാലം ഞാൻ അവിടെ കഴിയേണ്ടി വരുന്നത്. വായിക്കാനും എഴുതാനും കഴിയാത്ത തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ എനിക്കുണ്ടായിട്ടുണ്ട്.

അങ്ങനെയിരിക്കെ 2021ലെ വേനൽക്കാലത്ത് വെള്ളം കുടിക്കാൻ വേണ്ടി ഞാനൊരു കുപ്പി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അഭിഭാഷകൻ ജയിലിലെത്തിയപ്പോൾ വെള്ളക്കുപ്പി എനിക്ക് കൈമാറാൻ ജയിൽ അധികൃതർ തയ്യാറായില്ല. സാധാരണഗതിയിൽ എല്ലാ തടവുകാർക്കും അനുവദിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു വെള്ളക്കുപ്പി. പക്ഷേ എന്റെ കാര്യത്തിൽ മാത്രം ആ അവകാശം നിരസിക്കപ്പെട്ടു. ഇതേതുടർന്ന് എന്റെ അഭിഭാഷകൻ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യങ്ങൾ അറിയിച്ചു.

സായിബാബ മോചിതനായ ശേഷം ഡല്‍ഹിയില്‍ വാർത്താ മാധ്യമങ്ങളെ കണ്ടപ്പോള്‍

അറസ്റ്റ് ചെയ്യുന്ന സമയത്ത് എന്റെ കൈകൾക്ക് പരുക്കേറ്റിരുന്നു. അതിനാൽ വെള്ളം എടുത്തുകുടിക്കുന്നതൊക്കെ ദുഷ്കരമായിരുന്നു. അതിനാൽ എന്റെ പ്രശ്നങ്ങൾക്ക് അനുയോജ്യമായ വലതുകൈകൊണ്ട് എടുക്കാൻ സാധിക്കുന്ന ഭാരം കുറഞ്ഞ കുപ്പിയായിരുന്നു അഭിഭാഷകൻ കൊണ്ടുവന്നത്. ഇതെല്ലാം അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. വാർത്താസമ്മേളനം ചർച്ചയായതോടെ ജയിൽ അധികൃതർ പരിശോധനയെന്ന പേരിൽ എന്റെ സെല്ലിലെത്തി. ശരിക്കും അവരെന്നോട് പകപോക്കുകയായിരുന്നു. റൂമിലുള്ള സാധനങ്ങൾ വലിച്ച് പുറത്തിടുകയും കൂടെയുള്ള രണ്ടുപേരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒപ്പം എന്റെ സെല്ലിലെ ബാത്റൂം, വസ്ത്രം മാറുന്ന ഇടം ഉൾപ്പെടെ പൂർണമായും വീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒരു സി സി ടി വിയും അവർ സ്ഥാപിച്ചു.

ഏറ്റവും ഇരുണ്ട കാലത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ഇത്രത്തോളം ഇരുളടഞ്ഞ ഒരു സമയം എന്റെ ജീവിതകാലത്ത് ഞാൻ കണ്ടിട്ടില്ല
ജിഎന്‍ സായിബാബ

ജയിലിലെ നിയമപ്രകാരം, തടവുകാരന്റെ സ്വകാര്യതയെ റദ്ദാക്കുന്ന തരത്തിൽ സി സി ടിവി സ്ഥാപിക്കാൻ പാടില്ല. എന്നാൽ ഇതിനെയെല്ലാം നിരാകരിച്ചുകൊണ്ടായിരുന്നു എനിക്കെതിരായ നടപടി. നാഗ്പുർ ജയിലിലെ മറ്റൊരു തടവുകാരനും ഇത്തരമൊരു വിവേചനമോ നിരീക്ഷണമോ നേരിട്ടിരുന്നില്ല. എന്തിനേറെ പറയുന്നു കുപ്രസിദ്ധരായ ഗുണ്ടാത്തലവന്മാർ പോലും നിരീക്ഷണത്തിൽനിന്ന് മുക്തരായിരുന്നു. അതിൽ പ്രതിഷേധിച്ച് ഞാൻ നിരാഹാര സമരം കിടന്നു. ഒടുവിൽ നാലുദിവസത്തിനുശേഷം സി സി ടിവി മാറ്റാൻ അധികൃതർ തയ്യാറായി. പക്ഷേ ഒരുമണിക്കൂറിനുശേഷം അവർ വീണ്ടും തിരികെയെത്തി, സെല്ലിന്റെ 25 ശതമാനം ഭാഗം ഒപ്പിയെടുക്കാവുന്ന സി സി ടി വി സ്ഥാപിക്കുകയും ചെയ്തു.

എന്റെ കൂടെയുള്ളവർ എന്നെ സഹായിക്കുനുണ്ടോ എന്നറിയാനാണ് ആ കാമറ എന്നാണ് അധികൃതർ ന്യായം പറഞ്ഞത്. എന്നാൽ അവരെ നിയോഗിച്ചിരുന്നത് ജയിൽ അധികൃതരായിരുന്നില്ല എന്നതാണ് വിരോധാഭാസം. അങ്ങനെയെങ്കിൽ അവർക്ക് ജയിലിലെ അനുവദനീയമായ ശമ്പളം നൽകേണ്ടിയിരുന്നു. അതെന്തായാലും ഉണ്ടായിട്ടില്ല

നാഗ്പൂരിലെ അഭിഭാഷകരോടൊപ്പം സായിബാബ

2014ൽ യുപിഎ സർക്കാർ അധികാരത്തിലിരിക്കെയാണ് താങ്കൾ അറസ്റ്റ് ചെയ്യപ്പെടുന്നത്. രാജ്യത്ത് ഭിന്നാഭിപ്രായം ക്രിമിനൽ കുറ്റമാക്കാൻ സർക്കാർ ശ്രമിക്കുന്നതായി അന്നുതന്നെ നിരവധി ആക്ടിവിസ്റ്റുകൾ ആരോപിച്ചിരുന്നു. പിന്നീട് 2014-ൽ നിലവിലെ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഈ നയം കൂടുതൽ അക്രമണോത്സുകമായി. ഇക്കഴിഞ്ഞ ദശകത്തിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കാര്യങ്ങൾ എങ്ങനെ മാറിയിരിക്കുന്നു എന്നാണ് കരുതുന്നത്?

ജയിലിനുള്ളിൽ കഴിയുമ്പോൾ വളരെ കുറച്ച് വിവരങ്ങൾ മാത്രമായിരുന്നു എനിക്ക് ലഭ്യമായിരുന്നത്. കുറച്ച് പത്രങ്ങൾ മാത്രമേ വായിക്കാൻ സാധിച്ചിരുന്നുള്ളൂ, അതുകൊണ്ടുതന്നെ പുറത്തെ ചിത്രം പൂർണമായും വ്യക്തമായിരുന്നില്ല. എന്നിരുന്നാലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി ഞാൻ ബോധവാനായിരുന്നു. അതിന്റെ ഭാഗമായാണ് 'ഏറ്റവും ഇരുണ്ട കാലത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്' എന്ന് ഞാൻ എഴുതിയ കത്തുകളിൽ കുറിച്ചിരുന്നത്. ഇത്രത്തോളം ഇരുളടഞ്ഞ ഒരു സമയം എന്റെ ജീവിതകാലത്ത് ഞാൻ കണ്ടിട്ടില്ല. രണ്ടുവർഷത്തെ കോവിഡ് മഹാമാരിക്കും അതിൽ പങ്കുണ്ട്.

നമ്മുടെ രാജ്യം ഉൾപ്പെടെ ലോകത്താകമാനമുള്ള പലയിടങ്ങളിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉയർന്നുവന്ന ശക്തികൾ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നവയാണ്. ഇന്ത്യയും അതിൽനിന്ന് വ്യത്യസ്തമല്ല, ജനാധിപത്യ വിരുദ്ധമായ ഏകാധിപത്യ ഭരണത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇരുണ്ട കാലഘട്ടത്തിലാണ് ഇന്ത്യ ഇപ്പോൾ എത്തിനിൽക്കുന്നത്. അങ്ങനെയാണ് ഞാൻ ഇതിനെ മനസിലാക്കുന്നത്.

ഞാൻ ജയിലഴിക്കുള്ളിൽനിന്ന് പുറത്തുവന്നിട്ടേയുള്ളൂ. കൂടുതൽ കാര്യങ്ങൾ ഇനിയും മനസിലാക്കേണ്ടതുണ്ട്. ഇക്കാലത്തെക്കുറിച്ച് ഇനിയും വിശകലനം ചെയ്യാനും പഠിക്കാനുമുണ്ട്.

എന്നെ എല്ലാ നിലയിലും സഹായിക്കാൻ എന്റെ അമ്മ ഉണ്ടായിരുന്നു. എന്നെ കൂടുതലായി പുറത്തേക്ക് അയയ്ക്കുകയും ലോകം കാണാൻ പ്രേരിപ്പിക്കുകയും ചെയ്തത് അമ്മയാണ്
ജിഎന്‍ സായിബാബ

ഭൂപ്രഭുത്വത്തിനെതിരായ കർഷകപ്രസ്ഥാനത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും മഹത്തായ ചരിത്രമുള്ള ആന്ധ്രാപ്രദേശിലാണ് താങ്കൾ ജനിക്കുന്നത്. കൗമാരത്തിലും അധ്യാപന ജീവിതത്തിലേക്കുള്ള യാത്രയിലും ആ ചരിത്രവും രാഷ്ട്രീയവും താങ്കളെ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

അറുപതുകളുടെ അവസാന പകുതി മുതൽ തൊണ്ണൂറുകൾ വരെ മൂന്ന് ഘട്ടങ്ങളായാണ് കർഷക മുന്നേറ്റങ്ങൾ നടന്നത്. ആന്ധ്രാ പ്രദേശിൽ മാത്രമായിരുന്നില്ല, ഇന്ത്യയുടെ പലഭാഗങ്ങളിലും അതിന്റെ അലയൊലികൾ ഉണ്ടായിരുന്നു. ഇക്കാലയളവെന്ന് പറയുന്നത് എന്റെ പഠനകാലഘട്ടം കൂടിയായിരുന്നു. ആ മുന്നേറ്റങ്ങൾ ഇന്ത്യയിലാകെ വലിയൊരു പ്രതീക്ഷയായിരുന്നു നൽകിയിരുന്നത്. അതെന്നെ വലിയ തോതിൽ സ്വാധീനിക്കുകയും ചെയ്തു. ഒരു കർഷക കുടുംബത്തിൽ നിന്നായതുകൊണ്ടുതന്നെ ആ പോരാട്ടങ്ങൾ എന്തിന് വേണ്ടിയാണ് എന്നതിനെപ്പറ്റി കൃത്യമായ ബോധ്യവും എനിക്കുണ്ടായിരുന്നു.

അങ്ങനെയാണ് മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള വിശാലമായ ധാരണ എനിക്കുണ്ടാവുന്നത്. അവിടം മുതലാണ് ഇങ്ങനെയുള്ള ജനകീയ മുന്നേറ്റങ്ങളിൽ ഭാഗമാകാനുള്ള യാത്ര തുടങ്ങുന്നത്. പ്രത്യേകിച്ച് എൻ്റെ സ്കൂൾ കാലം മുതൽ എന്റെ മാതൃഭാഷയായ തെലുങ്കിലെ സാഹിത്യങ്ങൾ ഞാൻ പഠിച്ചിരുന്നു. കൊടവടിഗണ്ടി കുട്ടുമ്പറാവു, ചെരബണ്ട രാജു തുടങ്ങിയവരെ പോലെ വളരെ സ്വാധീനം ചെലുത്തിയ ചില എഴുത്തുകാരെക്കുറിച്ചും ഞാൻ കൂടുതലായി അറിയാൻ ശ്രമിച്ചു. പിന്നെ കോളേജ് കാലം എത്തിയപ്പോഴേക്കും ടോൾസ്റ്റോയിയും പുഷ്കിനും എല്ലാം അടങ്ങുന്ന ലോകമെമ്പാടുമുള്ള സാഹിത്യ ശാഖകളെക്കുറിച്ച് പഠിച്ചുതുടങ്ങി. ടാഗോർ, ശരത് ചന്ദ്ര ചാറ്റർജി തുടങ്ങിയ പ്രഗത്ഭരും അതിൽ ഉൾപ്പെട്ടിരുന്നു. ലോകമെമ്പാടും പുരോഗമന എഴുത്തുകാരുടെ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതും അപ്പോഴാണ്.

നിങ്ങൾ ഈ ജനങ്ങളുടെ കഷ്ടപ്പാടുകളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെങ്കിൽ അടിച്ചമർത്തലുകൾ എങ്ങനെയാണ് നടക്കുന്നതെന്ന് മനസിലാക്കാം. പ്രത്യേകിച്ച് ജാതി-വർഗ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾ. ഇന്ത്യയിൽ ഇവ രണ്ടും ഒരുമിച്ചാണ് നടക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം എന്റെ കുട്ടിക്കാലം മുതൽ ഞാൻ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴം ഞാൻ മനസിലാക്കുന്നത് അങ്ങനെയാണ്, പ്രത്യേകിച്ച് അരികുവൽക്കരിക്കക്കപ്പെട്ട ആളുകളുടേത്.

എപ്പോഴാണ് അധ്യാപനത്തിലേക്ക് കടക്കണമെന്ന് തീരുമാനിക്കുന്നത്?

സാഹിത്യം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. മനുഷ്യരുടെ ദുഖങ്ങളും കഷ്ടപ്പാടുകളും അവർ നേരിടുന്ന അവകാശലംഘനങ്ങളും ഞാൻ മനസിലാക്കി. അങ്ങനെ സാഹിത്യത്തിൽനിന്നാണ് രാഷ്ട്രീയത്തെക്കുറിച്ചും ആളുകൾ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ചും കൂടുതൽ അറിവുണ്ടാകുന്നത്. ഞാൻ ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും അത് പഠിപ്പിക്കാനായി അധ്യാപകവൃത്തി സ്വീകരിക്കുകയുമായിരുന്നു. പുരോഗമന സാഹിത്യങ്ങളുണ്ടായിരുന്ന കൃതികൾ, സമൂഹത്തെ വിമർശനാത്മകമായി വിശകലനം ചെയ്തിരുന്ന ആഫ്രിക്കൻ- ലാറ്റിനമേരിക്ക, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സാഹിത്യങ്ങൾ എന്നിവ ഞാനെന്റെ വിദ്യാർഥികളെ പഠിപ്പിച്ചു.

ഒരു അധ്യാപകനാകുന്നതും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതും തമ്മിൽ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല. വിദ്യാഭ്യാസമുള്ള ആളുകൾ എല്ലാം തന്നെ മറ്റ് മനുഷ്യരുടെ അവകാശം സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കണം. ഒരാൾക്കോ രണ്ടാൾക്കോ വേണ്ടിയല്ല, വലിയൊരു വിഭാഗം ജനങ്ങൾക്കുവേണ്ടി. പഠിക്കാനും നല്ല വിദ്യാഭ്യാസം നേടാനും അവസരം ലഭിച്ച എല്ലാവരും അവരുടെ സമയത്തിന്റെ ഒരു ഭാഗം അവകാശ ലംഘനങ്ങൾക്കെതിരെ പോരാടാൻ ഉപയോഗിക്കണം. അതുവഴി മാത്രമേ നമ്മുടെ സമൂഹത്തെ നല്ല നിലയിലേക്ക് വളർത്താൻ സാധിക്കുകയുള്ളൂ.

തീർച്ചയായും എല്ലാ ജനകീയ മുന്നേറ്റങ്ങളുടെയും മാർഗ നിർദേശക തത്വമെന്ന് പറയുന്നത് മാർക്സിസമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം, സാമൂഹികാവസ്ഥകളെയും സാമൂഹിക സംഘർഷങ്ങളെയും കുറിച്ച് മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്നു
ജി എൻ സായിബാബ
സായിബാബ (പഴയ ചിത്രങ്ങള്‍)

ഒരു ഭിന്നശേഷിക്കാരനായ കുട്ടിയെന്ന നിലയിൽ എന്തൊക്കെ ബുദ്ധിമുട്ടുകളായിരുന്നു അക്കാലത്ത് നേരിട്ടിരുന്നത്?

ഭിന്നശേഷിക്കാരനായ ഒരാൾക്ക് സ്കൂളിലേക്ക് പോകുക, ധാരാളമായി യാത്ര ചെയ്യുക എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരീരചലനം സാധ്യമല്ലാത്തതിലാൽ വിദ്യാഭ്യാസം നേടാനായി പോവുകയെന്നത് പോലും പലർക്കും വെല്ലുവിളിയാകുന്നുണ്ട്. ഭാഗ്യവശാൽ എന്നെ എല്ലാ നിലയിലും സഹായിക്കാൻ എന്റെ അമ്മയുണ്ടായിരുന്നു. എന്നെ കൂടുതലായി പുറത്തേക്ക് അയയ്ക്കുകയും ലോകം കാണാൻ പ്രേരിപ്പിക്കുകയും ചെയ്തത് അമ്മയാണ്.

നമ്മുടെ സമൂഹത്തിൽ പലപ്പോഴും ഭിന്നശേഷിക്കാർ വിവേചനം നേരിടേണ്ടി വരുന്നുണ്ട്. നിങ്ങൾക്ക് നടക്കാനോ, കേൾക്കാനോ, കാണാനോ സാധിക്കുന്നില്ലെങ്കിൽ എന്തിനിവിടെ വന്നു എന്ന മനോഭാവം എല്ലായിടത്തുമുണ്ട്. പലപ്പോഴും ഭിന്നശേഷിക്കാരെ നിരുത്സാഹപ്പെടുത്തുകയാണ് ഈ കമന്റുകൾ ചെയ്യുന്നത്. പക്ഷേ എന്റെ കാര്യം പറയുകയാണെങ്കിൽ കോളേജ് കാലം തൊട്ട് എനിക്ക് ചുറ്റും ഇപ്പോഴും ആളുകൾ ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോഴും നമ്മളെ സഹായിക്കാൻ തയ്യാറുള്ള, നമ്മളെ അവരിൽ ഒരാളാക്കുന്ന കൂട്ടം നമുക്ക് ചുറ്റും ഉണ്ടെങ്കിൽ ഭിന്നശേഷിക്കാരനാണെന്ന തോന്നൽ നമ്മളിൽ ഉണ്ടാകില്ല. പക്ഷേ അല്ലാതെ പറയുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടേറിയ ജീവിതമാണത്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ വളരെ പിന്നാക്കം നിൽക്കുന്ന ഒരു സമൂഹത്തിൽ.

മാർക്സിസമാണോ താങ്കളുടെ രാഷ്ട്രീയ തത്വശാസ്ത്രം?

തീർച്ചയായും എല്ലാ ജനകീയ മുന്നേറ്റങ്ങളുടെയും മാർഗ നിർദേശക തത്വമെന്ന് പറയുന്നത് മാർക്സിസമാണ്. സാമൂഹികാവസ്ഥകളെയും സാമൂഹിക സംഘർഷങ്ങളെയും കുറിച്ച് മനസിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം നിങ്ങളെ സഹായിക്കുന്നു. അത് മനസ്സിലാക്കൽ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. മാർക്സിസത്തിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന രീതിശാസ്ത്രം അതാണ്. ഒരുതരം വിഭാഗീയ വീക്ഷണമുള്ള മാർക്‌സിസ്റ്റല്ല ഞാൻ. സമൂഹത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു പ്രത്യയശാസ്ത്രമായാണ് ഞാൻ മാർക്സിസത്തെ മനസ്സിലാക്കുന്നത്.

ഇന്ത്യയിൽ നിയോ ലിബറലിസത്തിൻ്റെ ഔപചാരികമായ കടന്നുവരവിനുശേഷം, ഭരണകൂടം കൂടുതൽ അക്രമാസക്തമായെന്നും യുഎപിഎ പോലുള്ള നിയമങ്ങളും ഗ്രീൻ ഹണ്ട് പോലുള്ള ഓപ്പറേഷനുകളും ഉപയോഗിച്ച് വിയോജിപ്പുകളെ നശിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നുവെന്നും താങ്കൾ കരുതുന്നുണ്ടോ?

പണക്കാരും പാവപ്പെട്ടവും തമ്മിലുള്ള അന്തരം മനുഷ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചുവെന്നതാണ് നവലിബറലിസം സൃഷ്‌ടിച്ച സമൂഹത്തിന്റെ പ്രത്യേകത. ആഗോള തലത്തിൽ, ഏത് രാജ്യമെടുത്താലും സമ്പത്തിൻ്റെ ശേഖരണം ചുരുക്കം ചില ആളുകളിലേക്ക് മാത്രം ഒതുങ്ങിയതായി കാണാം. ഒരു വലിയ വിഭാഗം ജനങ്ങൾ അരക്ഷിതത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടപ്പെട്ടിരുന്നു.

ഇതാണ് നവ ലിബറലിസത്തിന്റെ അഥവാ ആഗോളീകരണത്തിന്റെ ഫലം. നവ ലിബറലിസത്തിന്റെ നയങ്ങൾ നടപ്പാക്കി 30 വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ ഫലം നമുക്ക് മുന്നിൽ പ്രകടമാണ്.

അധികാരം കയ്യാളുന്ന ഭരണകർത്താക്കൾ പറയുന്നത് ഞങ്ങൾ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ചു എന്നാണ്. എന്നാൽ അത് തീർത്തും തെറ്റാണ്. കാരണം ഒരു വലിയ വിഭാഗം ജനത ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുന്നു. ദാരിദ്ര്യനിരക്ക് വൻ തോതിൽ ഉയർന്നിരിക്കുന്നു.

യാതൊരു ലിബറൽ ചിന്തകളും അടങ്ങിയിട്ടില്ലാത്ത ഈ നവ ലിബറലിസം മൂലധനങ്ങളുടെ കേന്ദ്രീകരണത്തിന് സഹായകമായി മാറി. ചില രാജ്യങ്ങളിൽ ജനാധിപത്യത്തെ വലതുപക്ഷ ഏകാധിപത്യ വിഭാഗങ്ങൾ കയ്യടക്കി. ഫാസിസം ആഗോള തലത്തിൽ പ്രചരിക്കുകയാണ്. 1930 കൾക്കുശേഷം നമ്മൾക്ക് അഭിമുഖീരിക്കേണ്ടി വന്ന ഏറ്റവും ഇരുണ്ട കാലഘട്ടമാണിതെന്നാണ് ഞാൻ കരുതുന്നത്. ചിലപ്പോൾ ഇത്തവണ അത് കൂടുതൽ ഇരുണ്ടതായും മാറിയേക്കാം.

ഭീമാ കൊറേഗാവ് ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ, അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ ലാപ്‌ടോപ്പുകളിൽ അന്വേഷണ ഏജൻസികൾ എങ്ങനെയാണ് 'തെളിവുകൾ' സ്ഥാപിച്ചതെന്ന് നിരവധി റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാര്യമായി ഒന്നും സംഭവിച്ചില്ല. ജുഡീഷ്യറി പോലും ഈ റിപ്പോർട്ടുകളെ വിലയ്‌ക്കെടുക്കുന്നില്ല. ഇന്ത്യൻ ജുഡീഷ്യറി അതിവേഗം എക്സിക്യൂട്ടീവിൻ്റെ ആഗ്രഹങ്ങൾക്ക് വിധേയമാകുകയാണോ?

പ്രൊഫസർ ഹാനി ബാബു ഡൽഹി യൂണിവേഴ്സിറ്റിയിൽ എന്റെ സഹപ്രവർത്തകനായിരുന്നു. ഭീമ കൊറേഗാവ് കേസിൽ അദ്ദേഹം ഉൾപ്പെടാനുള്ള ഒരേയൊരു കാരണം സ്ഥിരമായി എന്റെ മോചനത്തിന് വേണ്ടി കാമ്പയിനുകൾ സംഘടിപ്പിച്ചുവെഎന്നതാണ്. എന്റെ മോചനത്തിനായുള്ള പോരാട്ടങ്ങളിൽ അദ്ദേഹം എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു. ഭീമാ കൊറേഗാവ് കേസിൽ പിടിയിലായ മറ്റൊരാളാണ് അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്. സെഷൻസ് കോടതിയിൽ എന്റെ വിചാരണ നടക്കുമ്പോൾ എനിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് അദ്ദേഹം. വളരെ മികച്ച രീതിയിലായിരുന്നു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്റെ അഭിഭാഷകൻ ആവുകയും വളരെ മികച്ച രീതിയിൽ കോടതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ചെയ്തതുകൊണ്ട് മാത്രമാണ് അദ്ദേഹവും കേസിൽ പ്രതിയായത്.

ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മുഴുവൻ കാര്യങ്ങളെയും ഭീമാ കൊറേഗാവ് പോലുള്ള കേസുകളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണെങ്കിൽ എന്താണ് രാജ്യത്തെ നീതിപീഠങ്ങൾക്ക് സംഭവിക്കുന്നത് എന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇന്ത്യൻ ജുഡീഷ്യറി അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി എങ്ങനെ നിലകൊണ്ടുവെന്നും മറ്റെന്തെങ്കിലും ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടോ എന്നതും അടയാളപ്പെടുത്തേണ്ടത് ചരിത്രമാണ്. ഈ ഇരുണ്ട കാലത്ത് അരികുവത്കരിക്കപ്പെട്ട ദരിദ്രരിൽ ദരിദ്രരായ മനുഷ്യർക്കുവേണ്ടി ഇന്ത്യൻ നീതിന്യായ സംവിധാനം നിലകൊള്ളട്ടേയെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും