മുത്തപ്പൻ കെട്ടിയാടൽ മലബാറിലെ ജനകീയ സംസ്കാരത്തിന്റെ ഭാഗമാണ്. പരമ്പരാഗതമായി തെയ്യം കെട്ടുന്ന കുടുംബങ്ങളിലെ ഇളമുറക്കാർ ഈ ആചാരത്തോട് പുറംതിരിച്ച് നിൽക്കുന്നത് തെയ്യം എന്ന കലാരൂപത്തിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുകയാണ്. കണ്ണൂർ ഉളിയിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ഗോകുൽ സനോജ് മുത്തപ്പൻ തെയ്യം കെട്ടി കഴിഞ്ഞ ദിവസം അരങ്ങേറിയത് അതിനാൽ തന്നെ ഒരേ സമയം കൗതുകകരവും സ്വാഗതാർഹവുമായ കാൽ വയ്പായിരുന്നു. കുടുംബത്തിലെ മൂത്തവരുടെ തെയ്യം വേഷം കണ്ട് ഉണ്ടായ ആരാധനയാണ് ചെറുപ്രായത്തിൽ തന്നെ ഗോകുലിനെ തെയ്യം കെട്ടാൻ പ്രേരിപ്പിച്ചത്.