എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം പ്രദര്‍ശനത്തിനെത്തിയിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. അരനൂറ്റാണ്ടു മുന്‍പ് തീയേറ്ററിലെത്തിയ നിര്‍മ്മാല്യം എം ടി സംവിധാനം ചെയ്ത പ്രഥമചിത്രമാണ്. തിരക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിമയില്‍ നിലയുറപ്പിച്ചശേഷമാണ് എം ടി സംവിധാനരംഗത്തേക്ക് പ്രവേശിച്ചത്. 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന സ്വന്തം ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് എം ടി നിര്‍മ്മാല്യത്തില്‍ സഫലീകരിച്ചത്. അന്ന് അതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നില്ലെങ്കിലും പില്‍ക്കാലത്ത് അതില്‍ ദൈവനിന്ദവരെ ആരോപിക്കപ്പെടുകയുണ്ടായി.
വെളിച്ചപ്പാടിന്റെ ദുരവസ്ഥയും ധര്‍മസങ്കടവും ആവിഷ്‌കരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ചലനങ്ങളും നീക്കങ്ങളുമാണ് വിഗ്രഹത്തിലേക്ക് ചോരതുപ്പുന്നതിലൂടെ എം ടി ചിത്രീകരിച്ചത്. അത് ദൈവനിന്ദയായി കാണുന്നവരുടെ അംഗസംഖ്യ വര്‍ധിച്ചുവരുന്നകാലം തീര്‍ച്ചയായും നല്‍കുന്നത് അശുഭസൂചനകള്‍ തന്നെയാണ്
വര്‍ത്തമാനകാലത്ത് അതുപോലൊരു ചിത്രം സംവിധാനം ചെയ്യുക സുസാധ്യമല്ലെന്ന് എം ടി പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെയും മതങ്ങളുടെയും സഹനം തീരെ കുറഞ്ഞ് ഏതു ചെറിയ വിമര്‍ശനത്തോടും കലാകാരന്റെ ആത്മാവിഷ്‌കാരത്തോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന, അതിരൂക്ഷമായി പ്രതികരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതിന്റെ പരിണിതഫലമാണ് എം ടിയുടെ വാക്കുകള്‍. പുസ്തകങ്ങളോടും സിനിമയോടും നാടകത്തോടുമെല്ലാം തീരെ സഹനമില്ലാത്ത സമീപനമാണ് ഇന്ന് പരക്കെ പ്രകടിപ്പിക്കുന്നത്.
ചങ്ങരംകുളത്തിനടുത്ത് കവി ആലങ്കോട് ലീലാകൃഷ്ണന്റെ നാട്ടിലായിരുന്നു നിര്‍മ്മാല്യത്തിന്റെ ചിത്രീകരണം. അന്ന് ഷൂട്ട് കാണാന്‍ പോയതും പിന്നീട് ഷൂട്ടിങ് ഒരു കളിയായി മാറിയതും ലീലാകൃഷ്ണന്‍ അനുസ്മരിക്കാറുണ്ട്. യഥാര്‍ത്ഥ ക്ഷേത്രാങ്കണത്തില്‍ തന്നെയാണ് ക്ലൈമാസ് അടക്കം ചിത്രീകരിച്ചത്. സെറ്റ് ഒന്നും തന്നെ ഉപയുക്തമാക്കിയില്ല.
പടത്തിന് അനുകൂലമായും പ്രതികൂലമായും ഇന്നലെകളില്‍ തുടങ്ങി ഇന്നും നടക്കുന്ന വാദമുഖങ്ങള്‍ ഒരുപക്ഷേ നാളെയും തുടര്‍ന്നേക്കാം. വെളിച്ചപ്പാടിന്റെ ദുരവസ്ഥയും ധര്‍മസങ്കടവും ആവിഷ്‌കരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ചലനങ്ങളും നീക്കങ്ങളുമാണ് വിഗ്രഹത്തിലേക്ക് ചോരതുപ്പുന്നതിലൂടെ എം ടി ചിത്രീകരിച്ചത്. അത് ദൈവനിന്ദയായി കാണുന്നവരുടെ അംഗസംഖ്യ വര്‍ധിച്ചുവരുന്നകാലം തീര്‍ച്ചയായും നല്‍കുന്നത് അശുഭസൂചനകള്‍ തന്നെയാണ്. ഭഗവദ്ഗീതയ്ക്കെുറിച്ചുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകത്തിന് ഇക്കാലത്ത് അങ്ങനെയൊരു ശീര്‍ഷകം നല്‍കാനാകുമോ എന്നതും സംശയകരമാണ്. അന്നത് ഒരു പ്രതികൂലാഭിപ്രായവും കൂടാതെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ഒരു സിനിമയുടെ സുവര്‍ണജൂബിലിയില്‍ പങ്കെടുക്കാനാവുകയെന്നത് സംവിധായകനെ സംബന്ധിച്ച് വലിയൊരു സംതൃപ്തി നല്‍കുന്ന കാര്യം തന്നെ. അതില്‍ ഭാഗ്യവും ഒരു ഘടകമാണ്. ആദ്യം അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരവും ഇപ്പോള്‍ എം ടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യവും രചയിതാക്കള്‍ക്ക് നല്‍കിയ സൗഭാഗ്യമാണത്- അമ്പതിന്റെ തികവിലും സജീവമായിരിക്കുക എന്നത്. രണ്ടു ചിത്രങ്ങള്‍ക്കും ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു.
നിര്‍മ്മാല്യത്തിലെ പ്രധാനകഥാപാത്രമായ വെളിച്ചപ്പാടായി ജീവിച്ച പി ജെ ആന്റണിക്ക് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ ഒരു നടനു ലഭിക്കുന്ന പ്രഥമ ദേശീയപുരസ്‌കാരം! എന്നാല്‍, വിധിനിയോഗം പോലെയാണ് പി ജെ ആന്റണി വെളിച്ചപ്പാടാകുന്നത്. കാരണം ആ റോളിലേക്ക് എം ടിയുടെ പ്രഥമപരിഗണന ശങ്കരാടിയായിരുന്നു. അദ്ദേഹവുമായുള്ള എം ടിയുടെ വ്യക്തിബന്ധം അതിന് ഹേതുവായി. ശങ്കരാടിയാണ് പി ജെ ആന്റണിയെ നിര്‍ദേശിച്ചതും അത് എം ടി സ്വീകരിച്ച് പി ജെയെ വിളിക്കുന്നതും. മറ്റൊരു റോളില്‍ ശങ്കരാടിയും പടത്തിന്റെ ഭാഗമായി. പിന്നീട് മലയാള സിനിമയിലെ പ്രധാന നടനായി നിറഞ്ഞുനിന്ന സുകുമാരന്റെ പ്രഥമചിത്രമായിരുന്നു നിര്‍മ്മാല്യം. അതുപോലെ രവി മേനോന്‍, സുമിത്ര തുടങ്ങിയവരുടെയും.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയ രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയുക്തമാക്കിക്കൊണ്ടുതന്നെയായിരുന്നു. പുഴയും പുഴക്കരയിലെ ക്ഷേത്രവും നാട്ടുവഴികളും ഉത്സവവും എല്ലാം രാമചന്ദ്രബാബു മിഴിവാര്‍ന്ന ചിത്രങ്ങളാക്കി മാറ്റി. കെ രാഘവന്‍, എം ബി ശ്രീനിവാസന്‍ എന്നിവരുടെ സംഗീതത്തിലെ സംഭാവനയും വിലപ്പെട്ടതാണ്. എം ടി എന്ന സംവിധായകപ്രതിഭയ്ക്ക് കരുത്തേകിയ ഘടകങ്ങളാണ് ഇതെല്ലാം.
അന്ന് ദേശീയപുരസ്‌കാരത്തിനായി മത്സരിച്ച പടങ്ങളില്‍ സാക്ഷാല്‍ സത്യജിത് റേയുടേയും മൃണാള്‍ സെന്നിന്റെയും സൃഷ്ടികളുണ്ടായിരുന്നുവെന്നത് എം ടിയുടെ നിര്‍മ്മാല്യത്തിന് ലഭിച്ച പുരസ്‌കാരത്തിന്റെ മാറ്റുകൂട്ടുന്നു. മറ്റ് കലാചിത്രങ്ങളില്‍നിന്ന് ഭിന്നമായി സംഗീതത്തിനും പാട്ടിനും എം ടി പടത്തില്‍ പ്രധാന്യം നല്‍കി. അതിനായി ഇടശ്ശേരിയുടെ കവിതയും സ്വാതിതിരുനാള്‍ കീര്‍ത്തനവും ഉപയുക്തമാക്കി. ഉത്സവത്തിന്റെ ആവിഷ്‌കാരവും ഏറെ ശ്രദ്ധേയമായി.
പത്താം വയസില്‍ ചാവക്കാട്ടെ ഒരോലക്കൊട്ടകയില്‍ ഇരുന്നാണ് എം ടി ആദ്യമായി സിനിമ കണ്ടത്. ''ജ്യേഷ്ഠന്‍മാരുടെ കൂടെയായിരുന്നു അത്. തമിഴായിരുന്നു. ഒന്നും മനസിലായില്ല. ഒരു കൊട്ടാരത്തിനു മുന്നില്‍ തൂക്കിയ മണി. ഒരു പശുവന്ന് കയറില്‍ കടിച്ച് അടിച്ചുകൊണ്ടേയിരുന്ന രംഗം മാത്രം ഇപ്പോള്‍ ഓര്‍മയുണ്ട്. ആവലാതിക്കാരിയായ പശു. രാജാവ് പുറത്തേക്ക് വന്നു. പിന്നെ എന്തുനടന്നുവെന്നറിയില്ല, ഞാന്‍ ഉറങ്ങിപ്പോയി,'' -ആദ്യ സിനിമാ അനുഭവം എം ടി പങ്കുവയ്ക്കുന്നു.
പിന്നീട് പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുമ്പോഴും അപൂര്‍വമായി അദ്ദേഹം സിനിമ കാണുമായിരുന്നു. കോഴിക്കോട്ടെത്തി മാതൃഭൂമിയില്‍ ജോലി ചെയ്യവേ അത് കൂടുതല്‍ വിപുലമാക്കുകയും മാനാഞ്ചിറയ്ക്കു സമീപമുള്ള ക്രൗണ്‍ തീയേറ്ററില്‍നിന്ന് ഇംഗ്ലിഷ് സിനിമകള്‍ കാണുന്നത് പതിവാക്കുകയും ചെയ്തു.
മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ നിര്‍മ്മാല്യത്തിനു ശേഷം എം ടി അനേകം തിരക്കഥകളാല്‍ മലയാളസിനിമയെ സമ്പന്നമാക്കി. ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം നാലുതവണയും സംസ്ഥാന പുരസ്‌കാരം ഒരു ഡസന്‍ തവണയിലധികവും നേടിയ രചയിതാവും സംവിധായകനുമായ എം ടിക്ക് നിര്‍മ്മാല്യത്തിന്റെ സുവര്‍ണജൂബിലിയില്‍ ഹൃദയംഗമായ അനുമോദനങ്ങളും ആശംസകളും.