FOURTH SPECIAL

മെഡിക്കല്‍ പഠനമോഹം ഉപേക്ഷിച്ച് കാര്‍ഷികമേഖലയിലേക്ക്; ഭക്ഷ്യസുരക്ഷയ്ക്ക് വഴിതുറന്ന സ്വാമിനാഥന്‍ മാജിക്‌

20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച ഹരിതവിപ്ലത്തിന്റെ ഭാഗമായി ഇന്ത്യ മാറുമ്പോള്‍ അതിന് സഹായകമായത് സ്വാമിനാഥന്റെ ഗവേഷണവും വീക്ഷണവുമായിരുന്നു

ഹരികൃഷ്ണന്‍ എം

കാര്‍ഷികശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ വിടപറയുമ്പോള്‍ ഹരിത വിപ്ലവത്തിന്റെ പ്രാധാന്യവും പോരായ്മകളും അതിനെതിരായ വിമര്‍ശനങ്ങളുമെല്ലാം ഒരിക്കല്‍ക്കൂടി ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. 1960കളുടെ മധ്യത്തില്‍ ഇന്ത്യയിലാരംഭിച്ച ഹരിതവിപ്ലവത്തിന് ആധാരമായത് സ്വാമിനാഥന്റെ ഗവേഷണങ്ങളും വീക്ഷണവുമായിരുന്നു. എന്നാല്‍ അത്തരമൊരു നിര്‍ണായക വഴിത്തിരിവിലേക്ക് രാജ്യത്തെ നയിക്കാന്‍ സ്വാമിനാഥനെ പ്രേരിപ്പിച്ചത് എന്തായിരിക്കും?

പതിറ്റാണ്ടുകളായി തുടര്‍ന്ന ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും ദാരിദ്യവുമായിരുന്നു ആഗോളതലത്തില്‍ ആരംഭിച്ച ഹരിത വിപ്ലവത്തിന്റെ ഭാഗമാകുന്നതിലേക്ക് ഇന്ത്യയേയും നയിച്ചത്. ലോകം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ഭക്ഷ്യദുരന്തം സംഭവിച്ചത് 1943ല്‍, ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള ഇന്ത്യയിലായിരുന്നു. ബംഗാള്‍ ക്ഷാമമെന്ന് അറിയപ്പെടുന്ന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത് 40 ലക്ഷത്തിലധികം പേര്‍ക്കാണ്. ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെട്ട കിഴക്കന്‍ ഇന്ത്യയിലായിരുന്നു ഈ ദുരന്തം.

മേഖലയിലെ ഭക്ഷ്യോത്പാദനത്തിലുണ്ടായ കുറവ് മൂലമാണ് ദുരന്തം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന്റെ കണ്ടെത്തലില്‍ മറ്റൊന്നുകൂടിയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള രാജ്യങ്ങളിലേക്കുള്ള ധാന്യങ്ങളുടെ വിതരണത്തിലുണ്ടായ കുറവ് ദുരന്തിലേക്ക് നയിച്ച ഘടകമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ധാന്യങ്ങള്‍ പൂഴ്ത്തിവച്ച വ്യാപാരികള്‍ ജനജീവിതം കൂടുതല്‍ ദുര്‍ഘടമാക്കി.

ഹരിതവിപ്ലവം മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലിഞ്ഞുമുറുക്കി, കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു. തൊണ്ണൂറുകളില്‍ പഞ്ചാബിലെ കര്‍ഷക ആത്മഹത്യകളില്‍ 51.97 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്

ബ്രിട്ടീഷുകാര്‍ പോയിട്ടും ബംഗാള്‍ ക്ഷാമം ദുസ്വപ്നമെന്നപോലെ ഇന്ത്യയെ വേട്ടയാടുന്നത് തുടര്‍ന്നിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാന അജണ്ടകളിലൊന്നായി ഭക്ഷ്യസുരക്ഷമാറിയതിന് പിന്നിലെ കാരണവും ആ 40 ലക്ഷത്തിലധികം വരുന്ന ജീവനുകളായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് മുന്നേറാന്‍ രാജ്യത്തിനായില്ല. 1950കളില്‍ കൂടുതല്‍ നിലത്തില്‍ കൃഷിചെയ്ത് ഉത്പാദനം വര്‍ധിപ്പിക്കുകയെന്നതായിരുന്നു പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം. പക്ഷേ പുതിയ പരീക്ഷണവും പരാജയപ്പെട്ടു, ഭക്ഷ്യക്ഷാമം മൂലമുള്ള മരണങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി പബ്ലിക്ക് ലോ 480ന്റെ കീഴില്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചു. 1956ല്‍ 3.1 ദശലക്ഷം ടണ്ണില്‍ തുടങ്ങിയ ഇറക്കുമതി 1966ലെത്തിയപ്പോള്‍ 10 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. എന്നാല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ലിന്‍ഡണ്‍ ജോണ്‍സണ്‍ ഇറക്കുമതി വെട്ടിച്ചുരുക്കാന്‍ ആരംഭിച്ചതോടെ വീണ്ടും പ്രതിസന്ധിയിലേക്ക് ഇന്ത്യ കടക്കുമെന്ന് തോന്നിച്ചു. ഈ അനിശ്ചിതത്വത്തില്‍ നിന്നാണ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ തുടക്കവും.

എന്തുകൊണ്ട് ഭക്ഷ്യക്ഷാമം പരിഹരിക്കാനാകുന്നില്ല, മരണങ്ങള്‍ പിടിച്ചു നിര്‍ത്താന്‍ എന്ത് ചെയ്യണം, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു സ്വാമിനാഥന്‍ ആദ്യം തേടിയത്. ബംഗാള്‍ ക്ഷാമത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്വാമിനാഥനെ എംബിബിഎസ് ഉപേക്ഷിച്ച് കാര്‍ഷിക ശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ജനിതകമാറ്റം വരുത്തിയ വിത്തുകളിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാമെന്ന ചിന്തയില്‍ ഒരു പതിറ്റാണ്ടിലധികം സ്വാമിനാഥന്‍ ഗവേഷണം നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ചില്‍ ജോലി ചെയ്യുമ്പോഴാണ് ആഗോള ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന അമേരിക്കന്‍ അഗ്രോണമിസ്റ്റായ നോര്‍മന്‍ ബോര്‍ലോഗുമായി സഹകരിച്ച് സ്വാമിനാഥന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഉയര്‍ന്ന അളവിലുള്ള വിളവ് (ഹൈ യീല്‍ഡിങ് വെറൈറ്റീസ് - എച്ച് വൈ വി) നല്‍കുന്ന മെക്‌സിക്കന്‍ വെറൈറ്റിയായ ഗോതമ്പ് വികസിപ്പിച്ചെടുത്തത് ബോര്‍ലോഗായിരുന്നു. ഇന്ത്യയിലെ കാര്‍ഷികനിലങ്ങളില്‍ മെക്‌സിക്കന്‍ വെറൈറ്റിയുടെ സാധ്യത സ്വാമിനാഥന്‍ മനസിലാക്കി. ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ ആഗ്രഹിച്ച 1964ലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സര്‍ക്കാരിലെ ഭക്ഷ്യ-കൃഷി മന്ത്രിയായ സി സുബ്രമണ്യനെ ഇക്കാര്യം ധരിപ്പിക്കാന്‍ സ്വാമിനാഥന് സാധിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രൂക്ഷമായിരുന്നു. എന്നാല്‍ ഡല്‍ഹിയിലുള്ള തന്റെ അഞ്ചേക്കര്‍ നിലത്ത് എച്ച് വൈ വി വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് അദ്ദേഹം ഉത്പാദനക്ഷമത തെളിയിച്ചു.

1968ഓടെയാണ് ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന് തുടക്കമാകുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ആദ്യ പരീക്ഷണം. നിലവും വെള്ളവും കൂടുതല്‍ ലഭിക്കുന്ന ഭൂപ്രദേശമായതിനാലായിരുന്നു ഈ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ്. ഉയര്‍ന്ന വിളവ് ലഭിക്കുന്ന ഗോതമ്പായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. ആദ്യ ഘട്ടത്തില്‍ ഇത് വലിയ വിജയമായിരുന്നു. ഇന്ത്യയെ ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തതമാക്കുന്നതിലേക്ക് ഹരിത വിപ്ലവം നയിക്കുകയും ചെയ്തു. എന്നാല്‍ എച്ച് വൈ വി വിത്തുകള്‍ക്ക് ഉയര്‍ന്ന അളവില്‍ രാസവളവും കീടനാശിനിയും ആവശ്യമാണെന്നത് വൈകാതെ കാര്യങ്ങളെ തകിടം മറിച്ചു.

അന്ന് പഞ്ചാബിലായിരുന്നു ഉത്പാദനത്തില്‍ ഏറ്റവും വര്‍ധനവുണ്ടായത്. രാജ്യത്തെ ആകെ ധാന്യ ഉത്പാദനത്തിന്റെ 70 ശതമാനവും പഞ്ചാബില്‍ നിന്നായിരുന്നു. പഞ്ചാബ് മാതൃക മറ്റ് സംസ്ഥാനങ്ങലിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഹരിത വിപ്ലവത്തിന്റെ ആദ്യ ഘട്ടത്തിലൂടെ ഗുണം ലഭിച്ചത് വന്‍കിട കര്‍ഷകര്‍ക്ക് മാത്രമായിരുന്നു. ചെറുകിട കര്‍ഷകര്‍ക്ക് രാസവളങ്ങളും വെള്ളവുമൊന്നും എത്തിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാല്‍ ദുരിതക്കയത്തില്‍ നിന്ന് കരകയറാനായില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിതമായ ഉപയോഗം മണ്ണിന്റെ ഉത്പാദനക്ഷമത ഇല്ലാതാക്കുകയും ജലശ്രോതസുകള്‍ മലിനമാക്കുകയും ചെയ്തു. പ്രധാന വിളകളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതികള്‍ കാര്‍ഷിക വൈവിധ്യത്തെ ഇല്ലാതാക്കിയതായും വിമര്‍ശനങ്ങളുണ്ട്. പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള രീതികളുടെ പരിചയക്കുറവും രാസവളങ്ങളുടേയും കീടനാശനികളുടേയും അളവില്‍ കവിഞ്ഞ ഉപയോഗവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു.

വൈകാതെ പഞ്ചാബിനെയും ഹരിതവിപ്ലവം മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലിഞ്ഞുമുറുക്കി, കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു. തൊണ്ണൂറുകളില്‍ പഞ്ചാബിലെ കര്‍ഷക ആത്മഹത്യകളില്‍ 51.97 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്നും ഹരിത വിപ്ലവത്തിന്റെ ബാക്കി പത്രമെന്നോണം തകര്‍ച്ചയില്‍ തുടരുന്ന കുടുംബങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ