FOURTH SPECIAL

കണക്കുകള്‍ക്ക് പുറത്ത് ഇപ്പോഴുമുണ്ട് നിരവധി കുട്ടികള്‍; പോരായ്മകളില്‍ വീര്‍പ്പുമുട്ടി മലബാറിലെ വിദ്യാഭ്യാസ സംവിധാനം

പ്രീഡിഗ്രി പൂര്‍ണമായും നിര്‍ത്തി ഹയര്‍ സെക്കന്‍ഡറി മാത്രമാക്കിയപ്പോഴും ആവശ്യം വേണ്ടതിന്റെ പകുതി സീറ്റുകള്‍ പോലും മലബാറിലെ ജില്ലകള്‍ക്ക് അനുവദിക്കപ്പെട്ടില്ല.

കെ ആർ ധന്യ

ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതായി അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി കണക്കുകള്‍ പുറത്ത് വിട്ടത്. 'മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രവേശനം' എന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍, കണക്കുകള്‍ക്ക് അപ്പുറത്താണ് മലബാറിലെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പോരായ്മ എന്നതാണ് യാഥാര്‍ഥ്യം. സീറ്റുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ചെങ്കിലും നിരവധി പേര്‍ക്ക് ഇപ്പോഴും തുടര്‍ വിദ്യാഭ്യാസത്തിനായി പ്രൈവറ്റ്, പാരലല്‍ കോളേജുകളെ സമീപിക്കേണ്ട നിലയാണ് മലപ്പുറത്തും, മലബാര്‍ ജില്ലകളിലും ഉള്ളത്.

'മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രവേശനം' എന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.

'ഓന്ക്ക് ഗവണ്‍മെന്റില്‍ കിട്ടണന്നാണ് ആഗ്രഹം. വേറെ ഏടെങ്ക്ലും ചേര്‍ക്കാന്ന് പറഞ്ഞാ ഓന്‍ സമ്മതിക്ക്ന്നില്ല. മാര്‍ച്ചില്‍ പരീക്ഷ വരും, ഇനീപ്പ എന്നെ ചേര്‍ത്തീട്ട് എന്താക്കാനാ, പഠിക്കാന്‍ കഴിയോ എന്നാണ് കുട്ടി ചോയ്ക്കണത്. ഇപ്പമ്മള് എന്ത് ചെയ്യും? ഇപ്രാവശ്യം എന്തേലും ഒക്കെ കാട്ടീട്ട് അടുത്ത വര്‍ഷം ഗവണ്‍മെന്റി തന്നെ നോക്കാന്നാണ് ഇപ്പ മ്മളും തീരുമാനിച്ചിക്ക്ന്നത്. ഓന്റെ കൂട്ടുകാരമ്മാരൊക്കെ തിരൂര്‍ക്ക് പോയി ചേര്‍ന്നിക്ക്ന്ന്. തോനെ പൈസ ആവുമ്പോലും. കടലില്‍ പോയി നയിച്ചാണ് മൂപ്പര് പൊരക്ക് നോക്ക്ന്നത്. ന്നാലും വേണ്ടീല്ല, പ്രൈവറ്റിലാണേലും കൂട്ടകാരന്മാരൊപ്പരം പഠിക്കട്ടേന്ന് ഞങ്ങള് ചിന്തിച്ചിക്ക്ന്ന്. പക്ഷെ ഓന്‍ സമ്മതിക്ക്ന്നില്ല. കുട്ടിക്ക് പഠിക്കാന്‍ താത്പര്യണ്ട്. മൂന്ന് അലോട്മെന്റിലും അഡ്മിഷന്‍ കിട്ടീട്ടില്ല. പിന്നപ്പോ എന്താക്കാനാ? മൂത്ത കുട്ടി ഇതേമാതിരി അഡ്മിഷന്‍ കിട്ടാണ്ട് പ്രൈവറ്റില്‍ ആക്കി. ഓന് എന്നാ നല്ല മാര്‍ക്ക് ണ്ടാരിന്ന്. ന്നിട്ടും കിട്ടീല്ല. പക്ഷെ പ്രൈവറ്റിലെ പഠിപ്പ് അത്ര പോരാഞ്ഞിട്ട് ഓനിപ്പോ അത് നിര്‍ത്തിപ്പോന്ന് പണിക്ക് പോവാന്‍ നിക്കാന്ന്. എന്നാ മുഹമ്മലിന് പഠിക്കാന്‍ നല്ല താത്പര്യണ്ട്. എസ്എസ്എല്‍സിയ്ക്ക് 45 ശതമാനം മാര്‍ക്ക് ലേശം കുറഞ്ഞ് പോയി. ന്നാലും ഇനീം പഠിച്ചാല്‍ ശരിയാവും എന്നാണ് മുഹമ്മലിന്റെ വിശ്വാസം. ഓന്റെ കൂട്ടുകാരന്മാര് വന്ന് ചോയ്ക്കണണ്ട്. കുട്ടി മദ്രസേലത്തെ പാട്ട് പഠിക്ക്ണ്ണ്ട് ന്ന് ഞാന്‍ പറയും. അല്ലാണ്ടെന്താപ്പ ചെയ്യാ?' മലപ്പുറം തിരൂര്‍ സ്വദേശിനിയായ മാതാവ് അസ്മ പറയുന്നു. എസ് എസ് എല്‍ സി പൂര്‍ത്തിയാക്കി മാസങ്ങളോളം പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന് ഒടുവില്‍ പ്രവേശനത്തില്‍ നിന്ന് പുറത്തായ മുസമ്മലിന്റെ ഉമ്മ.

62,729 വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം മലപ്പുറത്ത് നിന്ന് പ്ലസ് വണ്‍ പ്രവേശനം നേടിയത്. അപേക്ഷകരുടെ എണ്ണം 80,100

ആദര്‍ശ് വി പി മറ്റൊരാള്‍. മലപ്പുറം സ്വദേശിയാണ്. 48 ശതമാനം മാര്‍ക്കുമായി എസ്എസ്എല്‍സി ജയിച്ചു. ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്ലസ് വണ്ണിന് ചേര്‍ന്നു. 'ഹ്യുമാനിറ്റീസിനാണ് അപ്ലൈ ചെയ്തത്. അത് കിട്ടിയില്ല. രണ്ടാമത്തെ അലോട്മെന്റ് കഴിഞ്ഞപ്പോള്‍ തന്നെ പ്രൈവറ്റ് സെന്ററില്‍ ചേര്‍ന്നു. മൂന്നാമത്തേതിന് വെയിറ്റ് ചെയ്തെങ്കിലും കിട്ടുമായിരുന്നില്ല.' ആദര്‍ശ് പറയുന്നു.

ആദര്‍ശിന്റെ അച്ഛന്‍ മനോഹരന്‍ കല്ലുപണിക്കാരനാണ്. 'നല്ല പൈസ ചെലവാക്കിയാണ് പഠിപ്പിക്കുന്നത്. സാമ്പത്തികമായി അത്ര ഒന്നും കഴിവുണ്ടായിട്ടല്ല. പക്ഷെ കുട്ടികളുടെ പഠിപ്പ് നിര്‍ത്താന്‍ പറ്റില്ലല്ലോ? എസ്എസ്എല്‍സി യ്ക്ക് കുറച്ച് മാര്‍ക്ക് കുറവായത് കൊണ്ട് ഇനി കുട്ടി പഠിക്കില്ല എന്നും ഇല്ലല്ലോ? എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് ചെക്കന്‍ പണിക്ക് പൊക്കോളാം എന്ന് പറഞ്ഞതാണ്. പക്ഷെ പഠിക്കട്ടെ. സര്‍ക്കാര്‍ തന്നിട്ട് പഠിക്കാന്‍ പറ്റില്ലെന്ന് മനസ്സിലായി.'

എസ്എസ്എല്‍സി യ്ക്ക് കുറച്ച് മാര്‍ക്ക് കുറവായത് കൊണ്ട് ഇനി കുട്ടി പഠിക്കില്ല എന്നും ഇല്ലല്ലോ? എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് ചെക്കന്‍ പണിക്ക് പൊക്കോളാം എന്ന് പറഞ്ഞതാണ്.
രക്ഷിതാവ്

62,729 വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം മലപ്പുറത്ത് നിന്ന് പ്ലസ് വണ്‍ പ്രവേശനം നേടിയത്. 2022-2023 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 80100വിദ്യാര്‍ഥികള്‍. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ 54508. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ പുറത്തായ കുട്ടികള്‍ 25514. അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്‍പ്പെടെ ആകെ പ്രവേശനം ലഭിച്ചത് 62729 പേര്‍ക്ക്. പ്രവേശനം ലഭിക്കാതെ പുറത്തായ കുട്ടികളുടെ എണ്ണം 17371. മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രവേശനം എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അതില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുന്ന 17371 വിദ്യാര്‍ഥികളാണ് മലപ്പുറം ജില്ലയുടേയും പൊതുവെ മലബാറിന്റെയും വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകള്‍ തുറന്നുകാണിക്കുന്നത്.

44,252 സീറ്റുകളുടെ കുറവാണ് തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലുള്ളത്. ഇതില്‍ തന്നെ മലപ്പുറം ജില്ലയാണ് സീറ്റുകളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ആകെ 187015 അപേക്ഷകര്‍ക്കായി 178231 സീറ്റുകളാണ് ഉണ്ടായിരുന്നത്. 8784 സീറ്റുകളുടെ കുറവ് ഈ ജില്ലകളിലും നിലനില്‍ക്കുന്നു. എന്നാല്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ സ്ഥിതി ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഏഴ് ജില്ലകളില്‍ ആകെ പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം 2,84,263 ആയിരുന്നു. ആകെ സീറ്റുകളുടെ എണ്ണം 2,40,011 മാത്രമാണ്. 44252 സീറ്റുകളുടെ കുറവാണ് തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലുള്ളത്. ഇതില്‍ തന്നെ മലപ്പുറം ജില്ലയാണ് സീറ്റുകളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷകരായുള്ള മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എല്ലാ വര്‍ഷവും അനുവദിക്കുന്ന 30 ശതമാനം സീറ്റ് വര്‍ദ്ധനയും താല്‍ക്കാലിക അധിക ബാച്ചുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഉള്‍പ്പെടെ ജില്ലയില്‍ ആകെയുള്ളത് 63875 സീറ്റുകളാണ്. ഇതില്‍ തന്നെ 11275 സീറ്റുകള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ്. അമിത ഫീസ് നല്‍കി പഠിക്കേണ്ടി വരുന്നതിനാല്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പലപ്പോഴും അപ്രാപ്യമാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കണക്ക് നോക്കിയാല്‍ മലപ്പുറം ജില്ലയില്‍ 27,422 സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്.

വര്‍ഷാവര്‍ഷം വര്‍ദ്ധിപ്പിക്കുന്ന താല്‍ക്കാലിക സീറ്റുകള്‍ കൊണ്ടോ താല്‍ക്കാലിക അധിക ബാച്ചുകള്‍ കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല മലപ്പുറത്തും മലബാറില്‍ പൊതുവെയും ഉള്ളത്
മലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റ്

' എല്ലാ വര്‍ഷവും സര്‍ക്കാര്‍ മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന പേരില്‍ 30 ശതമാനം സീറ്റ് മലബാറിനും 20 ശതമാനം സീറ്റ് തെക്കന്‍ ജില്ലകള്‍ക്കും വര്‍ദ്ധിപ്പിക്കും. പക്ഷെ അങ്ങനെ വര്‍ഷാവര്‍ഷം വര്‍ദ്ധിപ്പിക്കുന്ന താല്‍ക്കാലിക സീറ്റുകള്‍ കൊണ്ടോ താല്‍ക്കാലിക അധിക ബാച്ചുകള്‍ കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല മലപ്പുറത്തും മലബാറില്‍ പൊതുവെയും ഉള്ളത്.' മലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റ് എക്സിക്യൂട്ടീവ് അംഗമായ മഞ്ജു ചൂണ്ടിക്കാട്ടുന്നു.

' നിലവില്‍ 14,000 കുട്ടികളെങ്കിലും അഡ്മിഷന്‍ കിട്ടാതെ പുറത്ത് നില്‍ക്കുന്നുണ്ട്. ബാക്കി പലരും അമിത ഫീസ് നല്‍കി പാരലല്‍ കോളേജുകളിലുള്‍പ്പെടെ അഡ്മിഷന്‍ എടുത്തു. പക്ഷെ ഇതില്‍ 10 ശതമാനം പേര്‍ പോലും സാമ്പത്തികമായി നല്ല അവസ്ഥയിലുള്ളവരല്ല. കുട്ടികളുടെ അവസ്ഥയാണ് പ്രശ്നം. പഠിക്കാന്‍ കഴിവില്ല, മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ് അഡ്മിഷന്‍ കിട്ടാത്തത്, ഞങ്ങളുടെ കുഴപ്പം കൊണ്ടാണ് എന്നാണ് അവര്‍ വിചാരിക്കുന്നത്. വീട്ടുകാരും അങ്ങനെതന്നെ വിചാരിക്കുകയും കുട്ടികളെ കുറ്റപ്പെടുത്തുകയും ചെയ്യും. പക്ഷെ യാഥാര്‍ത്ഥ്യം എന്താണെന്ന് വച്ചാല്‍ ഇത്രയും മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്കും ഇതിലും കുറവ് മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ അഡ്മിഷന്‍ കിട്ടുന്നുണ്ട്. ഇവിടെ സീറ്റുകള്‍ കുറവായതുകൊണ്ട് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് മാത്രമാണ് അഡ്മിഷന്‍ കിട്ടുന്നത്.' മഞ്ജു പറഞ്ഞു.

1997 മുതലാണ് സംസ്ഥാനത്ത് കൂടുതലായും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ച് തുടങ്ങുന്നത്. ഇ കെ നായനാര്‍ മന്ത്രിസഭ 1997 മുതല്‍ 2001 വരെ വിവിധ ഘട്ടങ്ങളിലായി 1069 സ്‌കൂളുകള്‍ അനുവദിച്ചു. എന്നാല്‍ അക്കാലം മുതല്‍ തുടങ്ങുന്നതാണ് മലപ്പുറത്തോടും പൊതുവെ മലബാര്‍ മേഖലയോടുമുള്ള വിവേചനം. നാല് വര്‍ഷത്തിനിടയില്‍ 67 സ്‌കൂളുകള്‍ മാത്രമാണ് മലപ്പുറത്തിനായി അന്ന് അനുവദിക്കപ്പെട്ടത്. ജനസംഖ്യയില്‍ താരതമ്യേന മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ഉള്‍പ്പെടെ മലബാര്‍ ജില്ലകളില്‍ അനുവദിക്കുന്നതിലും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തെക്കന്‍ ജില്ലകളില്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ ശക്തമായി അന്ന്. എന്നാല്‍ പിന്നീട് അനുവദിക്കപ്പെട്ട സ്‌കൂളുകളുടെ എണ്ണം പരിശോധിച്ചാലും കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളോട് കാണിച്ച വിവേചനം വ്യക്തമാവും. പ്രീഡിഗ്രി പൂര്‍ണമായും നിര്‍ത്തി ഹയര്‍ സെക്കന്‍ഡറി മാത്രമാക്കിയപ്പോഴും ആവശ്യം വേണ്ടതിന്റെ പകുതി സീറ്റുകള്‍ പോലും മലബാറിലെ ജില്ലകള്‍ക്ക് അനുവദിക്കപ്പെട്ടില്ല.

പിന്നീട് നാലകത്ത് സൂപ്പിയും ഇ ടി മുഹമ്മദ് ബഷീറും പി കെ അബ്ദുറബ്ബും വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലത്താണ് മലബാര്‍ ജില്ലകളില്‍ നിലനിന്ന ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഉണ്ടായത്. പ്ലസ് വണ്‍ സീറ്റുകള്‍ കുറവുള്ള പ്രദേശങ്ങളിലെ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കി അപ്ഗ്രേഡ് ചെയ്യാന്‍ നാലകത്ത് സൂപ്പ് മന്ത്രിയായിരിക്കെ തീരുമാനമെടുത്തു. അക്കാലയളവില്‍ മലപ്പുറം ജില്ലയില്‍ മാത്രം 46 സ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാക്കി അപ്ഗ്രേഡ് ചെയ്തു. അബ്ദുറബ്ബ് മന്ത്രിയായിരിക്കെ 24 സ്‌കൂളുകള്‍ കൂടി മലപ്പുറത്തിന് ലഭിച്ചു. 2011ലും 2014ലും സംസ്ഥാനത്തൊട്ടാകെ കൂടുതല്‍ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് സീറ്റ് കൂട്ടുന്ന കാര്യത്തിലോ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തിലോ നടപടിയുണ്ടായില്ല.

സീറ്റ് കുറവാണെന്ന് പറയുമ്പോള്‍ മാത്രം എല്ലാ വര്‍ഷവും സീറ്റ് അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

പാലക്കാട് 11,837 വിദ്യാര്‍ഥികളും, കോഴിക്കോട് 8427 പേരുമാണ് ഇത്തവണ പ്രവേശനം ലഭിക്കാതെ പുറത്തായത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍ സീറ്റ് കുറവാണെന്ന് പറയുമ്പോള്‍ മാത്രം എല്ലാ വര്‍ഷവും സീറ്റ് അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 50 സീറ്റുള്ളത് അറുപതാക്കി വര്‍ദ്ധിപ്പിക്കും. ചില സ്‌കൂളുകളില്‍ 70 വരെ ആവും. എന്നാല്‍ ഇതിന് പകരം ജില്ലയില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുകയോ പുതിയ ബാച്ച് അനുവദിക്കുകയോ ചെയ്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അതിനുള്ള നടപടി എന്തുകൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷമായിട്ടും ഉണ്ടാവുന്നില്ല? ' മലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റ് പ്രവര്‍ത്തകനായ അക്ഷയ് ചോദിക്കുന്നു.

താല്‍ക്കാലികമായാണ് സര്‍ക്കാര്‍ ബാച്ചുകള്‍ അനുവദിക്കുന്നത്. ' എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ല. ആ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ആ ബാച്ചും ഇല്ലാതാവും. പിന്നീട് വരുന്ന കുട്ടികള്‍ക്ക് ഇതിന്റെ ഗുണം കിട്ടുന്നില്ല. 30 ശതമാനം സീറ്റ് വര്‍ദ്ധനവ് എന്നത് കണ്ണില്‍ പൊടിയിടലാണ്. എല്ലാവരും കരുതും പ്ലസ്ടു സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചെന്ന്. പക്ഷെ യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ നിയമങ്ങളെ പോലും കണക്കിലെടുക്കാതെ ഒരു ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ദോഷം ചെയ്യുന്നതാണ്. അമ്പത് സീറ്റാണ് ഒരു ക്ലാസ്സില്‍ പരമാവധി വേണ്ടത്.' മലപ്പുറം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകനായ പ്രമോദ് പറയുന്നു.

മലപ്പുറം ജില്ലയില്‍ 35 ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കാന്‍ യോഗ്യം

പഠനത്തിനുള്ള അവസരം ലഭിക്കാത്തതിന്റെ പേരില്‍ പലപ്പോഴും കുട്ടികള്‍ പത്താം ക്ലാസ് പഠനം കഴിഞ്ഞ് വിവിധ ജോലികള്‍ക്ക് പോവുന്നതായും വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ വെളിവാകുന്നു. മലപ്പുറം ജില്ലയില്‍ 35 ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കാന്‍ യോഗ്യമാണെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ മലബാറിനായി സ്പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് ഉണ്ടാവുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. ഇതും പാലിക്കപ്പെട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ