കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അത് സംഭവിച്ചാലും ഇല്ലെങ്കിലും ഇന്ത്യയുടെ ചരിത്രം മാറ്റിയ ഒട്ടേറെ യാത്രകൾ നടന്നിട്ടുണ്ട്, ഗാന്ധിയുടെ ദണ്ഡിയാത്ര മുതൽ അദ്വാനിയുടെ രഥയാത്ര വരെ ഇതിന് ഉദാഹരണങ്ങളുമുണ്ട്.
ബ്രിട്ടീഷ് സർക്കാർ ഉപ്പ് കുറുക്കുന്നതിന് ഏർപ്പെടുത്തിയ നികുതിക്കെതിരെ നിയമങ്ങൾ ലംഘിച്ചു കൊണ്ട് അന്ന് 240 കിലോമീറ്റർ ആയിരുന്നു ഗാന്ധിജി സഞ്ചരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സംഘടിതമായ ജനകീയ മുന്നേറ്റം 24 ദിവസം കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിൽ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ പദ യാത്രകളും രഥയാത്രകളുമെല്ലാം സംഘടിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്താണ് പ്രധാനമായും രാഷ്ട്രീയ പാർട്ടികൾ യാത്രകള്‍ നടത്താറുള്ളത്.
എന്‍ ടി രാമറാവുവിന്‍റെ രഥ യാത്ര
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവും, സിനിമ നടനുമായ എന്‍ ടി രാമറാവു 1982ൽ ഒരു രഥയാത്ര സംഘടിപ്പിച്ചിരുന്നു. അന്ന് 40,000 കിലോമീറ്ററാണ് എന്‍.ടി. രാമറാവു രഥമുരുട്ടിയത്. 9 മാസത്തിനിടയിൽ നാല് യാത്രകളാണ് തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം നടത്തിയത്. ഷെവര്‍ലെ കാറ് രഥമായി രൂപകൽപ്പന വരുത്തിയാണ് അദ്ദേഹം യാത്രയ്ക്കായി ഉപയോഗിച്ചത്.
കോൺഗ്രസിന്റെ കോട്ടയായ ആന്ധ്രപ്രദേശിൽ 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രഥയാത്രയുടെ പ്രഭാവത്തിൽ 294 സീറ്റില്‍ 202 സീറ്റുകൾ സ്വന്തമാക്കി എന്‍ ടി രാമറാവു അധികാരത്തിലെത്തിയത് ചരിത്രം. ചൈതന്യ രഥയാത്ര തെലങ്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ യാത്രകളിൽ ഒന്നായിരുന്നു.
എൽകെ അദ്വാനിയുടെ രഥയാത്ര
ഇന്ന് കേന്ദ്രത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമ്പോൾ അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം പാർട്ടി പ്രസിഡന്റായിരുന്ന എൽകെ അദ്വാനി നടത്തിയ രഥയാത്ര തന്നെയായിരുന്നു.
1991ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്വാനി തന്റെ രഥയാത്ര ആരംഭിച്ചത്. 1990 സെപ്തംബർ 25ന് സോമനാഥിൽ നിന്ന് ആരംഭിച്ച, ഒക്ടോബർ 30ന് അയോധ്യയിൽ സമാപിക്കാനാണ് ഈ പദ്ധതിയി ട്ടിരുന്നത്. എന്നാൽ, ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഈ യാത്ര സമസ്തിപൂരിൽ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ ഈ യാത്രയുടെ പര്യവസാനം ബാബറി മസ്ജിദ് എന്ന മുസ്ലിം പള്ളിയുടെ തകർച്ച, രാഷ്ട്രീയ ധ്രുവീകരണം എന്നിവയിലേക്ക് നയിച്ചു.1991 നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തിലെ വർധന ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ മതേതരത്തിൽ വലിയ വിള്ളലുകളാണ് പിന്നീട് ഈ യാത്ര സൃഷ്ടിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഗുജറാത്തിൽ മോദി നടത്തിയ ഗൗരവ് യാത്ര
ഗുജറാത്തിൽ ഭരണം അവസാനിക്കാൻ 9 മാസം മാത്രം ബാക്കി നിൽക്കെ സർക്കാർ പിരിച്ചുവിടാന്‍ ശുപാർശ നല്‍കിയാണ് നരേന്ദ്ര മോദി ഗൗരവ് യാത്രയ്ക്ക് തുടക്കമിടുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ ഗുജറാത്ത് രാഷ്ട്രീയത്തില്‍ യാത്ര വലിയ വിജയം ആയിരുന്നു. 2002ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുകയും നരേന്ദ്ര മോദി രണ്ടാംതവണ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും സമാനമായ ഒരു യാത്ര നടത്തി. ബിജെപി അധികാരത്തില്‍ തുടര്‍ന്ന സംസ്ഥാനമാണ് ഗുജറാത്ത്.
ബിജെപിയുടെ ഏകതാ യാത്രകൾ
ആദ്യത്തെ യാത്ര 1991 ഡിസംബര്‍ 11ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് 14 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 1992 ജനുവരി 26-ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ അവസാനിച്ചു. മുരളി മനോഹർ ജോഷിയാണ് ഈ യാത്ര നയിച്ചത്.നരേന്ദ്ര മോദി ഈ യാത്രയിലെ സജീവ പങ്കാളിയായിരുന്നു രണ്ടാമത്തെ യാത്ര 2011ൽ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആരംഭിക്കുകയും 8 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 2012 ജനുവരി 26ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സമാപിക്കുകയുമായിരുന്നു.
ബിജെപി സംഘടിപ്പിച്ച ഈ യാത്രകളെല്ലാം തന്നെ രാജ്യത്തിന്റെ മതേതര അടിത്തറയെ വലിയതലത്തിൽ ഉലയ്ക്കുന്നതായിരുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, ഈ രാഷ്ട്രീയ യാത്രകളിലൂടെ വലിയ ലാഭം കൊയ്യാൻ ബിജെപിക്ക് സാധിച്ചു എന്നതാണ് യാഥാർത്ഥ്യം.സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ യാത്രകൾ സംഘടിപ്പിച്ചതും ബിജെപി ആണ്.
60 ദിവസങ്ങളോളം നീണ്ട യാത്രയിൽ സംസ്ഥാനത്തുടനീളം 1500 കിലോമീറ്റർ ആണ് വൈ എസ് ആർ നടന്നത്
വൈഎസ്ആറിന്റെ പദയാത്ര
ആന്ധ്രാപ്രദേശിൽ തകർന്നടിഞ്ഞ കോൺഗ്രസ് പാർട്ടിയെ 2004ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തില്‍ തിരിച്ചുകൊണ്ടുവന്നത് വൈ.എസ്. രാജശേഖര റെഡ്ഡി നടത്തിയ പദയാത്രകളാണ്.
60 ദിവസങ്ങളോളം നീണ്ട യാത്രയിൽ സംസ്ഥാനത്തുടനീളം 1500 കിലോമീറ്റർ ആണ് വൈ എസ് ആർ നടന്നത്. 2003ൽ അന്നത്തെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ ഭരണത്തിലെ അനാസ്ഥയും വരൾച്ചയും മറ്റും മൂലം ആന്ധ്രയിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു ആ യാത്ര.
2004ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അന്ന് സംസ്ഥാനത്ത് കോൺഗ്രസ് തിരിച്ചെത്തി. വൈ എസ് ആർ നടത്തിയ ഈ യാത്രയിലൂടെ തെലങ്കാനയിലെ പദയാത്രയുടെ ചരിത്രം അവസാനിക്കുന്നില്ല. പിതാവിന്റെ വഴിയെ മകൻ ജഗൻ മോഹൻ റെഡ്ഡിയും ആന്ധ്രയിൽ ഭരണം പിടിക്കാൻ യാത്ര നടത്തി. പക്ഷേ, അത് കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ ആയിരുന്നില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പേരിൽ പിതാവിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച പാർട്ടിയും ഉയർത്തിപ്പിടിച്ച് ആയിരുന്നു 2018ൽ ജഗന്‍ 'പ്രജാ സങ്കല്‍പ യാത്ര' നടത്തിയത്.
പിതാവിനെപ്പോലെ സംസ്ഥാന ഭരണം പിടിക്കാൻ ജഗൻ മോഹനനും സാധിച്ചു. 2019ല്‍ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 175 നിയമസഭാ സീറ്റുകളില്‍ 151 സീറ്റുകൾ നേടിയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്.
യാത്രകളിൽ നിന്ന് ലഭിച്ച പിന്‍തുണയിലാണ് മമത 33 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചത്
മമതയുടെ യാത്രകൾ
പശ്ചിമബംഗാളിൽ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തുടനീളം നിരവധി പദയാത്രകൾ ആണ് മുഖ്യമന്ത്രി മമതാ ബാനർജി സംഘടിപ്പിച്ചത്. ഈ യാത്രകളിൽ നിന്ന് ലഭിച്ച ഊർജ്ജത്തിലൂടെയാണ് അവർ 33 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചത്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനും അവരിൽ ഒരാളായി മാറുവാനും മമതാ ബാനർജിക്ക് യാത്രകളിലൂടെ സാധിച്ചു.294 നിയമസഭാ മണ്ഡലങ്ങളിൽ 227 സീറ്റുകളും ജയിച്ചാണ് വൻ ഭൂരിപക്ഷത്തിൽ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിൽ നിന്നും അന്ന് ഭരണം പിടിക്കുന്നത്.
നർമ്മദ പരിക്രമ യാത്ര സംസ്ഥാനത്തുടനീളം 3300 കിലോമീറ്ററാണ് സഞ്ചരിച്ചത്
നർമ്മദ പരിക്രമ യാത്ര
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് 2017ൽ നടത്തിയ പദ യാത്രയാണ് നർമ്മദ പരിക്രമ യാത്ര. 2017 സെപ്റ്റംബർ 30ന് ആരംഭിച്ച യാത്ര 2018 ഏപ്രിൽ 9നാണ് അവസാനിച്ചത്. ഈ യാത്ര സംസ്ഥാനത്തുടനീളം 3300 കിലോമീറ്ററാണ് സഞ്ചരിച്ചത്. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 231 സീറ്റുകളിൽ 110 എണ്ണം സ്വന്തമാക്കി കോൺഗ്രസ് പാർട്ടി സംസ്ഥാനത്തിന്റെ ഭരണം പിടിച്ചു.
മുകളിൽ പറഞ്ഞ യാത്രകളെല്ലാം ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ വിജയം കണ്ട യാത്രകളാണ്. എന്നാൽ, തമിഴ്നാട്ടിൽ 2020 നവംബറിൽ ബിജെപി നടത്തിയ 'വേൽ യാത്ര'യും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ 1983ൽ നടത്തിയ ''ഭാരത യാത്ര'യുമെല്ലാം കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതെ പരാജയപ്പെട്ട യാത്രകളാണ്. ഇതിൽ ഏത് ഗണത്തിലാണ് രാഹുലിൻ്റെ യാത്രയെന്നതറിയാൻ രണ്ട് വർഷം കൂടി കാത്തിരിക്കണം.