തീവ്രവലതുപക്ഷ പാർട്ടികൾക്ക് എങ്ങനെയാണ് പ്രതിരോധം തീർക്കുന്നത് എന്നതിന്റെ മികച്ച മാതൃകയാണ് ഫ്രാൻസ്. എല്ലാ സർവേകളും ജൂലൈ ഏഴിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുൻപ് വരെ ജയസാധ്യത പ്രവചിച്ച പാർട്ടിയായിരുന്നു തീവ്രവലതുപക്ഷ നേതാവ് മറീൻ ലി പെന്നിന്റെ നാഷണൽ റാലി പാർട്ടി. എന്നാൽ എക്സിറ്റ് പോളുകളും ഫലവും വന്നപ്പോൾ തീവ്രവലതുപക്ഷ പാർട്ടി മൂന്നാമതും ഇടതുപക്ഷ സഖ്യം ഒന്നാമതുമായി. വിയോജിപ്പുകൾ മാറ്റിനിർത്തി, പൊതുശത്രുവായ തീവ്രവലതുപക്ഷത്തെ എതിർത്ത് തോൽപ്പിച്ചതിൽ പ്രധാന പങ്കാണ് ഫ്രാൻസിലെ ഇടതുപക്ഷം വഹിച്ചത്, കൂടെ ഫ്രഞ്ച് ജനതയും.
രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായൊരു തീവ്രവലതുപക്ഷ പാർട്ടി ഫ്രാൻസിൽ അധികാരത്തിലേക്ക് എന്നതായിരുന്നു കഴിഞ്ഞ കുറച്ചാഴ്ചകളായി യൂറോപ്പിലും ആഗോള തലത്തിൽ തന്നെയുമുള്ള പ്രധാന ചർച്ച വിഷയം. ഇറ്റലിക്കും നെതർലൻഡ്സിനും പുറമെ മറ്റൊരു യൂറോപ്പ്യൻ രാജ്യം കൂടി തീവ്രവലതുപക്ഷത്തിന്റെ കൈകളിലേക്ക് എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഉണ്ടാക്കിയ ആശങ്കയുടെ അളവ് ചെറുതല്ല, അതും യൂറോപ്പിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രധാന ഇടമായിരുന്ന ഫ്രാൻസിൽ.
ജൂണിൽ നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ്, ഫ്രാൻസിലെ തീവ്രവലതുപക്ഷ പാർട്ടിയായ മറീൻ ലി പെന്നിന്റെ നാഷണൽ റാലി പാർട്ടി, വലിയ മുന്നേറ്റം നടത്തുന്നത്. തൊട്ടുപിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അധോസഭയിലേക്ക് തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. മിക്ക തിരഞ്ഞെടുപ്പ് സർവേകളും ഒരുകാര്യം ഉറപ്പിച്ച് പറഞ്ഞു, നാഷണൽ റാലി എന്ന അപരവിദ്വേഷത്തിന്റെയും തീവ്രദേശീയതയുടേയുമൊക്കെ മുഖമായിരുന്ന നാഷണൽ ഫ്രന്റിന്റെ മുഖം മിനുക്കിയ രൂപം അധികാരത്തിലേറാൻ പോകുന്നു.
ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റ് പാർട്ടി, എക്കോളജിസ്റ്റ് പാർട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവരായിരുന്നു ന്യൂ പോപ്പുലർ ഫ്രണ്ടിലുണ്ടായിരുന്ന വിവിധ ഇടതുപക്ഷ പാർട്ടികൾ
ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ പ്രവചനങ്ങൾ ഏകദേശം ശരിയായ ദിശയിലാണെന്ന പ്രതീതിയും ഉണ്ടായി, കാരണം ജൂലൈ ഏഴിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 33.35 ശതമാനം വോട്ടായിരുന്നു നാഷണൽ റാലി നേടിയത്. മാക്രോണിന്റെ മധ്യപക്ഷ പാർട്ടിയെ റിനൈസൻസും കൂട്ടായ്മയായ എൻസെംബിലും മൂന്നാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് ഫ്രാൻസിലെ തീവ്ര ഇടതുപക്ഷമായ ഫ്രാൻസ് അൺബൗഡ് മുതൽ മധ്യ-ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെട്ട ന്യൂ പോപ്പുലർ ഫ്രന്റ് ആയിരുന്നു.
പല വിഷയങ്ങളിലും നയപരമായ അഭിപ്രായവ്യത്യാസങ്ങൾ പുലർത്തിയിരുന്ന, പ്രത്യയശാസ്ത്രത്തിന്റെ വിവിധ തട്ടിലുള്ള പാർട്ടികളായിരുന്നു ന്യൂ പോപ്പുലർ ഫ്രന്റില്‍ ഉണ്ടായിരുന്നത്. എന്നാൽ തീവ്രവലതുപക്ഷമെന്ന പൊതുശത്രുവിനെ നേരിടാൻ അവർ ഒന്നിച്ചു. ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റ് പാർട്ടി, എക്കോളജിസ്റ്റ് പാർട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവരായിരുന്നു ന്യൂ പോപ്പുലർ ഫ്രണ്ടിലുണ്ടായിരുന്ന വിവിധ ഇടതുപക്ഷ പാർട്ടികൾ.
ഒന്നാം ഘട്ടത്തിൽ തീവ്രവലതുപക്ഷം മുന്നേറ്റം ഉണ്ടാക്കിയതോടെയാണ് അവരെ നേരിടാനുള്ള അടുത്ത തന്ത്രവുമായി ഇടതുപക്ഷം ഉൾപ്പെടെയുള്ളവർ രംഗത്തെത്തുന്നത്. അതിനായി രണ്ടാം ഘട്ടത്തിൽ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങൾ അതായത്, തീവ്രവലതുപക്ഷം കൂടാതെ മാക്രോണിന്റെ മുന്നണിയിലെയും ഇടതുപക്ഷ മുന്നണിയിലെയും സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങൾ, അവിടെനിന്ന് മൂന്നാം സ്ഥാനത്തുള്ളയാൾ പിന്മാറുക. 'റിപ്പബ്ലിക്കൻ ഫ്രന്റ്' എന്നൊരു തീവ്രവലതുപക്ഷ- വിരുദ്ധ ചേരി ഉണ്ടാക്കിയായിരുന്നു അവർ പ്രതിരോധം തീർത്തത്.
സകല രാഷ്ട്രീയ വിയോജിപ്പുകളും മാറ്റിവച്ച്, തീവ്രവലതുപക്ഷത്തെ തോൽപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ നടത്തിയ ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് ഇടതുപക്ഷ മുന്നണികളായിരുന്നു. നിലവിലെ പ്രധാനമന്ത്രിയായ റിനൈസൻസ് പാർട്ടിയുടെ ഗബ്രിയേൽ അറ്റൽ ഈ നീക്കത്തിൽ ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചെങ്കിലും ഇടതുപക്ഷത്തിന്റേത് ഉറച്ച തീരുമാനമായിരുന്നു. "സീറ്റുകൾ നഷ്ടപ്പെടുക എന്നതോർത്ത് വിഷമിക്കുകയല്ല, തീവ്രവലതുപക്ഷത്തെ ചെറുത് എന്നതോർത്ത് അഭിമാനപ്പെടുകയാണ് വേണ്ടത്. അതാണ് നിലവിൽ ആവശ്യം" അതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. അങ്ങനെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ 415 പേരിൽ 134 പേരെ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രന്റ് പിൻവലിച്ചു. ആകെമൊത്തം അത്തരത്തിൽ റിപ്പബ്ലിക്കൻ ഫ്രന്റ് പിൻവലിച്ചത്, 224 സ്ഥാനാര്ഥികളെയാണ്.
ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ, 306 സീറ്റുകളിൽ ത്രികോണ മത്സരം ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ ഫ്രണ്ടിന്റെ രൂപീകരണവും സ്ഥാനാർത്ഥികളെ പിൻവലിക്കലും കഴിഞ്ഞതോടെ അത് കേവലം 89 സീറ്റുകളിൽ മാത്രമായി ചുരുങ്ങി. അതിന്റെ ഫലമാണ് ജൂലൈ ഏഴിലെ വോട്ടെടുപ്പും തീവ്രവലതുപക്ഷത്തിന്റെ തോൽവിയും.
ഫ്രഞ്ച് ജനതയിലെ ഫാസിസ്റ്റ് വിരുദ്ധ ചേരി
തീവ്രലതുപക്ഷം അധികാരത്തിലേറാൻ പോകുന്നുവെന്ന തോന്നലുണ്ടായതോടെ വിവിധ മേഖലയിലുള്ള സിലബ്രിറ്റികൾ ഉൾപ്പെടെയുള്ളവരാണ് പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങിയത്. അതിൽ ഫുട്ബാൾ താരങ്ങളും അക്കാദമീഷ്യന്മാരും കലാകാരന്മാരുമെല്ലാം ഉൾപ്പെടുന്നു. ജൂൺ മുപ്പതിന് പിന്നാലെ വലിയ ജനകീയ റാലികളാണ് തീവ്രവലതുപക്ഷത്തിനെതിരെ ഫ്രാൻസിൽ അരങ്ങേറിയത്. ഒപ്പം തീവ്രലതുപക്ഷത്തോട് നോ പറയാൻ ജനക്കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തിലേക്ക് എത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ 1981ന് ശേഷമുള്ള ഏറ്റവും വലിയ പോളിങ്ങിനായിരുന്നു (63%) രണ്ടാം ഘട്ടം സാക്ഷ്യം വഹിച്ചത്.
ഫ്രഞ്ച് ജനത ഇതാദ്യമായല്ല, തീവ്രവലതുപക്ഷത്തോട് മുഖം തിരിക്കുന്നത്. 2002ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാമതൊരു തവണ കൂടി അവസരം തേടുന്ന ജാക്ക് ഷിറാഖിനെതിരെ മത്സരിക്കാനുണ്ടായിരുന്നത് നാഷണൽ ഫ്രന്റിന്റെ (നാഷണൽ റാലിയുടെ ആദ്യരൂപം) നേതാവ് ജോ മരീ ലി പെൻ ആയിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി നേതാവും ഷിറാഖും തമ്മിലാകും രണ്ടാം ഘട്ടത്തിൽ മത്സരമെന്ന് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായി ജോ ലി പെൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നും തീവ്രവലതുപക്ഷ അധികാരത്തിലേറും എന്ന ഭയത്തിൽ വലിയ ജനകീയ പ്രതിരോധമായിരുന്നു ഫ്രാൻസിൽ അരങ്ങേറിയത്. 82.21 ശതമാനം വോട്ടുനേടി ഷിറാഖ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന്റെ തനിയാവർത്തനമാണ് 2024ലും സംഭവിച്ചത്.
കാര്യം ഇങ്ങനെയൊക്കെ ആന്നെന്നിരിക്കെ, ഒന്നാം സ്ഥാനത്തുള്ള ന്യൂ പോപ്പുലർ ഫ്രണ്ടിന് 182 സീറ്റുകളെ ലഭിച്ചിട്ടുള്ളൂ എന്നത് സർക്കാർ രൂപീകരണത്തിൽ വലിയ പ്രശ്നങ്ങൾ സൃഷിടിക്കുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകൾ എങ്കിലും ആവശ്യമാണ്. അതും പരിഹരിക്കപ്പെടുമെന്ന് കരുതാം, എന്തുതന്നെയായാലും തീവ്രവലതുപക്ഷം ഭരിക്കുന്നൊരു ഫ്രാൻസ് ഉണ്ടായില്ല എന്ന വലിയ ആശ്വാസത്തിലാണ് നിലവിൽ ഫ്രഞ്ച് ജനത, ഒപ്പം യൂറോപ്പും.