പീഡനത്തിനിരയായ ഒരു സ്ത്രീ നമ്മുടെ രാജ്യത്ത് നീതിക്കായി എത്രവര്‍ഷം കാത്തിരിക്കണം? അതിനൊരു കാലയളവൊന്നുമില്ലെന്നാണ് ഭരണകൂടവുമായി ഏറ്റുമുട്ടല്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും എഴുപത്തിരണ്ടുകാരിയുമായ ഭന്‍വാരി ദേവി പറയുന്നത്. താന്‍ ബലാത്സംഗത്തിനിരയായ കേസില്‍ നീതി ലഭിച്ചില്ലെങ്കിലും ആ കേസ് വഴി വലിയൊരു സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയെന്നാണ് അവര്‍ ഉറച്ചു വിശ്വസിക്കുന്നത്. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമവും രാജസ്ഥാനിലെ ശൈശവ വിവാഹങ്ങള്‍ക്ക് അറുതി വരുത്തിയതും ഈ കേസിനെ തുടര്‍ന്നാണ്. മുബൈയിലെ ടാറ്റ തിയറ്ററില്‍ ലാഡ്‌ലി മീഡിയ സൗത്ത് ഏഷ്യ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താന്‍ ജീവിതത്തില്‍ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ചും നിയമപോരാട്ടത്തിന്റെ വലിയ യാത്രയെക്കുറിച്ചും ഭന്‍വാരി ദേവി 'ദ ഫോര്‍ത്തിനോട്' മനസ് തുറന്നു.
1992ല്‍ ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ഭന്‍വാരി ദേവി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഈ കേസില്‍ ഇതുവരെയും തനിക്ക് നീതികിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു അവര്‍. 1995 നവംബര്‍ 15ല്‍ ജയ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി കേസ് തള്ളുകയും അഞ്ച് പ്രതികളെയും വെറുതെ വിടുകയും ചെയ്തു. വിചാരണയ്ക്കിടെ അഞ്ച് ജഡ്ജിമാരെ മാറ്റി. ആറാമത്തെ ജഡ്ജിയാണ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധിച്ചത്. വനിതാ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍ അന്ന് നല്‍കിയ അപ്പീല്‍ ഇപ്പോഴും രാജസ്ഥാന്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചുരുക്കം ചില വനിതാ സംഘടനകള്‍ക്കല്ലാതെ, സര്‍ക്കാരിനോ അഭിഭാഷകര്‍ക്കോ ആര്‍ക്കും തന്നെ താത്പര്യമില്ലാത്ത ഒരു കേസായി ഇത് മാറിയിരിക്കുന്നു. ഭരണകൂടത്തിനോടുള്ള പോരാട്ടം താന്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭന്‍വാരി ദേവി പറയുന്നത് വെറുതെയല്ല. 'ഇനിയെത്രകാലം ജീവിക്കുമെന്നറിയില്ല. മരിക്കുന്നത് വരെ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം'- ഭന്‍വാരി ദേവി പറയുന്നു.
രാജസ്ഥാനിലെ ഭട്ടേരി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1985 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിമന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (ഡബ്ല്യുഡിപി) സാത്തിന്‍ (സുഹൃത്ത്) ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗ്രാമത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി - ശുചിത്വം, കുടുംബാസൂത്രണം, പെണ്‍മക്കളെ സ്‌കൂളില്‍ അയക്കുന്നതിന്റെ ഗുണങ്ങള്‍, പെണ്‍ഭ്രൂണഹത്യ, ശിശുഹത്യ, സ്ത്രീധനം, ശൈശവ വിവാഹം എന്നിവയെ കുറിച്ച് ഓരോ സ്ത്രീകളോടും പറയുമായിരുന്നു. ഇതിനിടെയാണ് 1992 ല്‍ ഒമ്പത് മാസം പ്രായമുള്ള മകളെ വിവാഹം കഴിപ്പിക്കാന്‍ രാം കരണ്‍ ഗുര്‍ജര്‍ എന്ന പ്രമാണിയുടെ കുടുംബം തീരുമാനമെടുത്തതായി അറിയുന്നത്.
അക്കാലത്ത് രാജസ്ഥാനില്‍ ശൈശവ വിവാഹങ്ങള്‍ സജീവമായിരുന്നു. മാസങ്ങള്‍ മാത്രം പ്രായമായ ആയിരക്കണക്കിന് കുട്ടികള്‍ എല്ലാ വര്‍ഷവും വിവാഹിതരാകുന്ന അവസ്ഥ. താന്‍ തന്നെ ഒരു ബാലവധുവായിരുന്നുവെന്ന് പറയുന്നു ഭന്‍വാരി ദേവി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ വിവാഹിതയായി. ഭര്‍ത്താവിന് എട്ടോ ഒമ്പതോ വയസും. അതുകൊണ്ട് തന്നെ അതിന്റെ വിപത്തുകളും അറിയാമായിരുന്നു. മകളോട് ക്രൂരത പാടില്ലെന്ന് രാം കരണിനോടും കുടുംബത്തോടും പറഞ്ഞ് നോക്കി. എന്നാല്‍ വിവാഹം നടത്താനായിരുന്നു അവരുടെ തീരുമാനം. ഇതോടെ അത് പോലീസിലടക്കം അറിയിച്ചു. ഗ്രാമത്തിലാകെ വലിയ പ്രചരണം നടത്തി.
ബാലവിവാഹത്തിന് എതിരെ ആകുംവിധം ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഗ്രാമത്തിലെ ഉത്സവമായ അഖാ തീജിന്റെ ദിവസം രാം കരണ്‍ ഗുര്‍ജര്‍ തന്റെ പിഞ്ചുകുഞ്ഞിന്റെ വിവാഹം നടത്തുക തന്നെ ചെയ്തു. അത് വലിയ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. താഴ്ന്ന ജാതിക്കാരിയായ തനിക്കും കുടുംബത്തിനുമെതിരെ വലിയ പ്രശ്‌നങ്ങള്‍ അവരുണ്ടാക്കി. ഒരു സന്ധ്യാസമയത്ത് ഭര്‍ത്താവുമൊത്ത് വയലില്‍ ജോലിചെയ്യുമ്പോള്‍ ഗുര്‍ജാര്‍ വിഭാഗത്തിലുള്ള അഞ്ച് പുരുഷന്മാര്‍ ഭര്‍ത്താവിനെ വടികൊണ്ട് ആക്രമിച്ചു ബോധരഹിതനാക്കി. ശേഷം തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കി. ആ വേദനയിലും പാതിരാത്രിയില്‍ കിലോമീറ്റര്‍ നടന്ന് പോലീസില്‍ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തി.
നിസംഗമായി ആയിരുന്നു പോലീസിന്റെ പെരുമാറ്റം. മജിസ്‌ട്രേറ്റിന്റെ ഓര്‍ഡര്‍ ഉണ്ടെങ്കിലേ, വൈദ്യപരിശോധന നടത്തുള്ളു എന്നായിരുന്നു ഡോക്ടറുടെ നിലപാട്. മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ പിറ്റേ ദിവസമാണ് ഓര്‍ഡര്‍ ഇടുന്നത് തന്നെ. 48 മണിക്കൂറിന് ശേഷം നടത്തിയ പരിശോധനയില്‍ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനുതകുന്ന തെളിവുകളൊക്കെ ഇല്ലാതാക്കിയാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശരീരത്തിലെ പരുക്കുകളെ പറ്റിയൊന്നും പറഞ്ഞതുപോലമുമില്ല.
പ്രാദേശിക പത്രങ്ങള്‍ ഭന്‍വാരി ദേവിയുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, കേസ് സിബിഐക്ക് കൈമാറി. കുറ്റകൃത്യം നടന്ന് ഒരു വര്‍ഷത്തിന് ശേഷം അഞ്ച് പ്രതികളും അറസ്റ്റിലായി. ആക്രമണം, ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. 1993 ഡിസംബറില്‍ പ്രതികള്‍ക്ക് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രതികളിലൊരാളുടെ മകളുടെ വിവാഹം തടയാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് ഭന്‍വാരി ദേവി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് ബോധ്യപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍ എം ടിബ്രേവാള്‍ ജാമ്യം നിഷേധിച്ചത്.
പിന്നീട് കേസ് സെഷന്‍സ് കോടതിയില്‍ വിചാരണക്കെത്തി. എന്നാല്‍ പ്രതികളെ എംഎല്‍എയായ ധനരാജ് മീണ പിന്തുണച്ചുവെന്നാണ് അറിഞ്ഞത്. പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയത് പോലും എംഎല്‍എയാണെന്ന് പറഞ്ഞു കേട്ടിരുന്നു. പിന്നീടാണ് വിചിത്രമായ കാരണം പറഞ്ഞ് സെഷന്‍സ് കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടത്. ഡോക്ടര്‍ വ്യാജമായി എഴുതിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. കോടതിയുടെ കണ്ടെത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. പ്രതികളാക്കപ്പെട്ടവരുടെ ബീജമല്ല തന്റെ വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഭര്‍ത്താവ് പ്രതികരിച്ചില്ലെന്ന ന്യായവും കോടതി ചൂണ്ടിക്കാട്ടി.
ഇനിയും കേസില്‍ പ്രതീക്ഷയൊന്നുമില്ല. പക്ഷെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അക്രമത്തിനിരയായ ഭര്‍ത്താവ് നീതിക്കായുള്ള പോരാട്ടത്തില്‍, പാതിവഴിയില്‍ ജീവിതത്തോട് വിടപറഞ്ഞു. രണ്ട് ആണ്‍മക്കളുണ്ട്. അവര്‍ തീരെ സാമ്പത്തിക ശേഷിയില്ലാത്തവരാണ്. അവരില്‍ ഒരാളോടൊപ്പം ഗ്രാമത്തിലാണ് ഇപ്പോള്‍ താമസം.
വിശാഖ കേസ്
ഭന്‍വാരി ദേവിയുടെ കേസിനെ തുടര്‍ന്ന് വിശാഖ എന്ന വനിതാ അവകാശ ഗ്രൂപ്പ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ലിംഗ വിവേചനത്തിനെതിരേയും, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെതിരേയും മറ്റും സമര്‍പ്പിക്കപ്പെട്ട കേസില്‍, സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഈ കേസിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013 (Sexual Harassment of Women at Workplace (Prevention, Prohibition and Redressal ) Act 2013. ഇന്നിപ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കളി സ്ഥലങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലി ആവശ്യാര്‍ത്ഥം എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവര്‍ത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമത്തില്‍ പറയുന്നു.