ഗാന്ധിവധത്തിന് ശേഷം, ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കോടതിയില്‍ വിചാരണ നേരിടുന്ന വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ മനസ്സില്‍ എന്തെല്ലാം കടന്നുപോയിരിക്കും. താന്‍ ആവിഷ്‌കരിച്ച ഹിന്ദുത്വം എന്ന ആശയം, താന്‍ ശിക്ഷിക്കപ്പെട്ടാലും പൂര്‍ണമായും കുറ്റിയറ്റുപോകില്ലെന്ന് അദ്ദേഹം തീര്‍ച്ചയായും പ്രതീക്ഷിച്ചുകാണും. കാരണം വിവിധ ശാഖകളായി കുറച്ചേറെ സംഘടനകള്‍ ആ സമയത്ത് തന്നെ ഹിന്ദുത്വത്തിനായും ഹിന്ദുരാജ്യത്തിനായും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
അതുമാത്രമല്ല, സവര്‍ക്കറിന്റെ പ്രധാനപ്പെട്ട ആശയമായിരുന്ന ഇന്ത്യ രണ്ട് രാജ്യമാണെന്ന നിലപാടിനും അംഗീകാരമായിരിക്കുന്നു. ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും അങ്ങനെ വലിയൊരു നിരാശ അദ്ദേഹത്തിന് അനുഭവപ്പെട്ടുകാണില്ല. എങ്കിലും സ്വതന്ത്ര ഇന്ത്യയില്‍ ഒരു പാർലമെന്റ് മന്ദിരം പുതുതായി നിര്‍മിക്കുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യപ്പെടുക തന്റെ ജന്മദിനത്തിലായിരിക്കുമെന്ന് കരുതാന്‍ മാത്രമുളള ശുഭാപ്തി വിശ്വസം അയാള്‍ക്ക് ഉണ്ടായിക്കാണുമോ?
2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വി ഡി സവര്‍ക്കാര്‍ ആദ്യമായി പാര്‍ലമെന്റില്‍ 'കയറി'യത്. അന്നും പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ്, രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാം സവര്‍ക്കറിന്റെ പ്രതിമ പാര്‍ലമെന്റില്‍ അനാച്ഛാദനം ചെയ്തത്. ഗാന്ധിവധക്കേസിലെ മാപ്പുസാക്ഷി പറഞ്ഞ കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവില്ലെന്നതുകൊണ്ടും ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാത്തതുകൊണ്ടും ഗാന്ധിവധ ഗൂഢാലോചന കേസില്‍നിന്ന് രക്ഷപ്പെട്ട ആളെ പാര്‍ലമെന്റില്‍ പ്രതിഷ്ഠിക്കുന്നതിന്റെ അനൗചിത്യം, പലരും ചൂണ്ടിക്കാട്ടിയെങ്കിലും ഇന്നത്തെ പോലെ അന്നും ബിജെപി സര്‍ക്കാര്‍ അതൊന്നും ഗൗനിച്ചില്ല. ബിജെപിക്ക് പുറമെ ശിവസേനയ്ക്കായിരുന്നു സവര്‍ക്കറിനെ ആദരിക്കുന്നതില്‍ അന്ന് നിര്‍ബന്ധം.
ഗാന്ധി വധക്കേസും സവര്‍ക്കറും
ഗാന്ധിവധ ഗൂഢാലോചനയില്‍ ആറാം പ്രതിയായിരുന്നു സവര്‍ക്കര്‍. 1948 ഫെബ്രുവരി 22-നാണ് അയാള്‍ ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. ജയിലില്‍ കഴിയവേ അദ്ദേഹം ബോംബെ പോലീസ് കമ്മീഷണര്‍ക്ക് ഒരു കത്തെഴുതി. ആ കത്ത്, പണ്ട് ആൻഡമാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പ് അപേക്ഷിച്ചുകൊണ്ടുളള കത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു. ആ കത്തിലെ വരികള്‍ പ്രശസ്ത നിയമജ്ഞനും ഗ്രന്ഥകാരനുമായ എ ജി നൂറാനി സവര്‍ക്കറിനെ സംബന്ധിച്ചുള്ള തന്റെ ലേഖനങ്ങളിലും സവര്‍ക്കര്‍ ആൻഡ് ഹിന്ദുത്വ എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്.
''എന്നെ ജയില്‍ മോചിതനാക്കുമെങ്കില്‍, എന്റെ പേരിലുളള എല്ലാ സംശയങ്ങളും തീരുന്നതുവരെ, ഇനിയൊരു സാമുദായികമോ രാഷ്ട്രീയമോ ആയ ഒരു പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാലയളവ് വരെ പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാം,'' ഇതായിരുന്നു ആ കത്ത്. പോലീസ് കമ്മീഷണര്‍ സ്വാഭാവികമായും ആ കത്ത് അവജ്ഞയോടെ തള്ളുകയാണു ണ്ടായത്. (A. G Noorani- Savarkar and Gandhi).
''ആപ്‌തെയും ഗോഡ്‌സെയും മുറിയില്‍നിന്നിറങ്ങുമ്പോള്‍ വിജയിച്ചുവരൂ എന്ന് സവര്‍ക്കര്‍ പറയുന്നത് കേട്ടു,''എന്നായിരുന്നു മാപ്പുസാക്ഷിയുടെ മൊഴി.
ഗാന്ധിവധ ഗൂഢാലോചന കേസില്‍ പ്രതിയാക്കപ്പെട്ട ആളായിരുന്നു ദിംഗബര്‍ ബാഡ്ജ്. ആയുധ വ്യാപാരിയായിരുന്നു അയാള്‍. ഗാന്ധിവധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയായി മാറി. ഗാന്ധി വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് 1948 ജനുവരി 14ന് ഹിന്ദു മഹാസഭയുടെ മൂന്ന് പ്രധാന നേതാക്കള്‍ സവര്‍ക്കര്‍ സദനിലെത്തുന്നു. ഇക്കാര്യം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ഗ്രന്ഥത്തില്‍ വിവിധ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്. ദിഗംബര്‍ ബാഡ്ജിനോടൊപ്പം നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുമായിരുന്നു കൂടെയുണ്ടായതെന്ന് വിശദീകരിച്ചു കൊണ്ട് ആ വിഖ്യാത ഗ്രന്ഥത്തില്‍ ലാരി കോളിന്‍സും ഡൊമനിക് ലാപിയറും ആപ്‌തെയ്ക്കും ഗോഡ്സെയ്ക്കും ഏത് സമയത്തും നേരെ സവര്‍ക്കര്‍ സദനിലെ സവര്‍ക്കറുടെ മുറിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്ന് എഴുതുന്നു.
ദിഗംബര്‍ ബാഡ്ജിനോട് പുറത്തുനില്‍ക്കാന്‍ പറഞ്ഞുകൊണ്ട്, അയാളില്‍നിന്ന് ഗ്രനേഡും മറ്റ് ആയുധ സാമഗ്രികളും എടുത്തുകൊണ്ട് നാരായണ്‍ ആപ്‌തെ ഗോഡ്‌സെയുടെ കൂടെ സവര്‍ക്കറെ കാണാന്‍ പോയി. ഇക്കാര്യം കോടതിയിലെ മൊഴിയില്‍ ബാഡ്ജ് പറയുന്നുണ്ട്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ പോലീസ് രേഖകള്‍ ഉദ്ധരിച്ചുകൊണ്ടും ഇക്കാര്യം വ്യക്തമാക്കുന്നു. അതിനുപുറമെ കോടതിയില്‍ ജഡ്ജി ആത്മചരനിന് ബാഡ്ജ് മൊഴിനല്‍കി. ''ആപ്‌തെയും ഗോഡ്‌സെയും മുറിയില്‍നിന്നിറങ്ങുമ്പോള്‍ വിജയിച്ചുവരൂ എന്ന് സവര്‍ക്കര്‍ പറയുന്നത് കേട്ടു,'' എന്നായിരുന്നു മാപ്പുസാക്ഷിയുടെ മൊഴി. ഈ മൊഴിയെ കോടതി അവിശ്വസിച്ചില്ല. മറിച്ച് ഇതിന് അനുബന്ധമായി തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതുകൊണ്ട് സവര്‍ക്കര്‍ ശിക്ഷിക്കപ്പെടാതെ വിട്ടയയ്ക്കപ്പെട്ടു.
ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ ജനുവരി പകുതിയോടെ കണ്ടുവെന്നായിരുന്നു ഇവര്‍ കപ്പൂര്‍ കമ്മീഷന് നല്‍കിയ മൊഴി. ഈ മൊഴികളുടെയൊക്കെ അടിസ്ഥാനത്തിലാണ് സവര്‍ക്കര്‍ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് അസന്നിഗ്ധമായി തെളിയുന്നതായി കമ്മീഷന്‍ കണ്ടെത്തിയത്. ഗാന്ധിവധം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ജിമ്മി നാഗര്‍വാല അദ്ദേഹത്തിന്റെ ക്രൈം റിപ്പോര്‍ട്ടിലും ഗാന്ധിയെ വധിക്കുന്നതിന് മുൻപ് ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ കണ്ടതായി പറയുന്നുവെന്ന് എ ജി നൂറാനി എഴുതുന്നുണ്ട്
കോടതി വിധി വരുന്നതിന് മുൻപ് തന്നെ സവര്‍ക്കറിന് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് പക്ഷക്കാരനായിരുന്നു അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍. 1948 ഫെബ്രുവരി 27ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് എഴുതിയ കത്തില്‍ സര്‍ദാര്‍പട്ടേല്‍ ഇങ്ങനെ പറഞ്ഞു.
"ഞാന്‍ എന്റെ വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയവും ബാപ്പുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയെക്കുറിച്ച് ആരായാനാണ് നീക്കിവയ്ക്കാറുള്ളത്. സഞ്ജിവനി (ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ )യുമായി അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാറുണ്ട്. സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയിലെ മതഭ്രാന്തന്മാരാണ് അത് ചെയ്തതെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല."
1973 ല്‍ പട്ടേല്‍ നെഹ്‌റുവിന് അയച്ച കത്തുകള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് സര്‍ദാര്‍ പട്ടേലിന്റെ ഗാന്ധിവധത്തെ സംബന്ധിച്ച നിഗമനങ്ങള്‍ പുറത്തുവന്നത്. ഗാന്ധി വധഗൂഢാലോചന അന്വേഷിക്കാന്‍ പിന്നീട് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജീവന്‍ലാല്‍ കപുറിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷന്‍ 1969ല്‍ നിയോഗിക്കപ്പെട്ടു. കോടതിയില്‍ ഹാജരാക്കാത്ത തെളിവുകളാണ് കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. സവര്‍ക്കറിന്റെ രണ്ട് അടുത്തയാളുകളുടെ മൊഴിയായിരുന്നു അത്. സവര്‍ക്കറിന്റെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന അപ്പ രാമചന്ദ്ര കസാറിന്റെയും അയാളുടെ സെക്രട്ടറി ഗജ്‌നാന്‍ വിഷ്ണു ധാംലെയുടെയും മൊഴികളായിരുന്നു അത്.
കൂട്ടാളികളുടെ മൊഴി, വിചാരണ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നരേന്ദ്ര മോദിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും ഹിന്ദുത്വത്തിന്റെ തന്നെയും ആചാര്യന്‍ നിയമം മൂലം തന്നെ കൊടുംകുറ്റവാളിയാണെന്ന് തെളിഞ്ഞേനെ
നേരത്തെ കോടതിയില്‍ മാപ്പുസാക്ഷിയായ ദിഗംബര്‍ ബാഡ്‌ജെ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഇവര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി. ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ ജനുവരി പകുതിയോടെ കണ്ടുവെന്നായിരുന്നു ഇവര്‍ കപ്പൂര്‍ കമ്മീഷന് നല്‍കിയ മൊഴി. ഈ മൊഴികളുടെയൊക്കെ അടിസ്ഥാനത്തിലാണ് സവര്‍ക്കര്‍ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് അസന്നിഗ്ധമായി തെളിയുന്നതായി കമ്മീഷന്‍ കണ്ടെത്തിയത്. ഗാന്ധിവധം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ജിമ്മി നാഗര്‍വാല അദ്ദേഹത്തിന്റെ ക്രൈം റിപ്പോര്‍ട്ടിലും ഗാന്ധിയെ വധിക്കുന്നതിന് മുമ്പ് ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ കണ്ടതായി പറയുന്നുവെന്ന് എ ജി നൂറാനി എഴുതുന്നുണ്ട്.
ചരിത്രരേഖകള്‍ പറയുന്നത് ഗാന്ധിവധ ഗൂഢാലോചന കേസില്‍നിന്ന് തലനാരിഴയ്ക്കാണ് വി ഡി സവര്‍ക്കര്‍ രക്ഷപ്പെട്ടതെന്നാണ്. അയാളുടെ കൂട്ടാളികളുടെ മൊഴി, വിചാരണ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നരേന്ദ്ര മോദിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും ഹിന്ദുത്വത്തിന്റെ തന്നെയും ആചാര്യന്‍ നിയമം മൂലം തന്നെ കൊടുംകുറ്റവാളിയാണെന്ന് തെളിഞ്ഞേനെ. അങ്ങനെയുള്ള ഒരാളെയാണ് ആദ്യം പാര്‍ലമെന്റില്‍ പ്രതിമ സ്ഥാപിച്ചും അയാളുടെ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തും മോദി സര്‍ക്കാര്‍ 'ആദരിച്ചത്.'