FOURTH SPECIAL

'നോക്ക് വിക്ടറെ എന്റെ കഷ്ടകാലം..., വിജയാപചയങ്ങളെ ദൃഢചിത്തതയോടെ നേരിട്ട ആ പോരാളി പറഞ്ഞു'

ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച ജക്കാർത്ത സ്വർണ്ണക്കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാമ്പിലായിരുന്നു- 1971ൽ മുംബൈയിൽവച്ച്...

വിക്ടർ മഞ്ഞില

അവസാനം കണ്ടത് മൂന്നാഴ്ച മുൻപാണ്. പതിവുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല അപ്പോൾ മുഖത്ത്. ഉറച്ച മനസ്സുള്ള, സംസാരത്തിൽ വീറും വാശിയും തുളുമ്പുന്ന ചാത്തുണ്ണിയെ ആണല്ലോ നമുക്കെല്ലാം കണ്ടു പരിചയം.

നീരുവന്നു വീർത്ത കാലുകൾ ചൂണ്ടി കിടന്ന കിടപ്പിൽ അദ്ദേഹം പറഞ്ഞു: "നോക്ക് വിക്ടറേ എന്റെ കഷ്ടകാലം. ഇനിയെന്നെങ്കിലും എഴുന്നേറ്റ് നടക്കാൻ പറ്റുമോ എനിക്ക്?" ആ വാക്കുകളിലെ വേദനയും ആശങ്കയും തിരിച്ചറിയാൻ പറ്റുമായിരുന്നു എനിക്ക്. വർഷങ്ങളോളം ഫുട്‍ബോൾ മൈതാനങ്ങളിൽ വിശ്രമമില്ലാതെ ഓടിപ്പാഞ്ഞു നടന്ന കാലുകൾ. എത്രയോ ഗോളടിവീരന്മാരെ പെനാൽറ്റി ഏരിയയുടെ ചുറ്റുവട്ടത്ത് നിലയ്ക്കു നിർത്തിയ കാലുകൾ. ആ കാലുകൾ നിശ്ചലമാകുമ്പോൾ അവയുടെ ഉടമക്ക് അതെങ്ങനെ ഉൾക്കൊള്ളാനാകും? കണ്ടു നിൽക്കുന്നവർക്കും?

ടികെ ചാത്തുണ്ണി, വിക്ടർ മഞ്ഞില

ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയല്ലാതെ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല മുൻപിൽ. എല്ലാം കേട്ട് വെറുതെ പുഞ്ചിരിച്ചു കിടന്നു ചാത്തുണ്ണി. കളിയോർമ്മകളിലേക്ക് അദ്ദേഹത്തെ തിരിച്ചു നടത്താനായിരുന്നു എന്റെ ശ്രമം. ഫുട്‍ബോൾ എന്നും ജീവശ്വാസമായി കൊണ്ടുനടന്ന ചാത്തുണ്ണിയിലെ ആ പഴയ കളിക്കാരൻ പൊടുന്നനെ സടകുടഞ്ഞെണീക്കുന്നത് അത്ഭുതത്തോടെ കണ്ടിരുന്നു ഞാൻ. വാസ്‌കോയും സാൽഗോക്കറും മോഹൻ ബഗാനുമെല്ലാം വഴിക്കുവഴിയായി ഞങ്ങളുടെ സംഭാഷണത്തിൽ വന്നു നിറഞ്ഞു.

ഫുട്‍ബോൾ ആയിരുന്നു അദേഹത്തിന് എല്ലാം. എന്നും കളിക്കളത്തിലെ ആരവങ്ങളുടെ ഭാഗമാകാൻ ആഗ്രഹിച്ച ഒരാൾ

ആ പഴയ ചാത്തുണ്ണിയെ, വിജയാപചയങ്ങളെ "പോനാൽ പോകട്ടും പോടാ" എന്ന മട്ടിൽ ദൃഢചിത്തതയോടെ നേരിട്ട ആ പോരാളിയെ വീണ്ടും കാണുകയായിരുന്നു ഞാൻ. എല്ലാ ശരീരവേദനയും ആവേശമുണർത്തുന്ന ആ ഓർമ്മകളിലലിഞ്ഞു അപ്രത്യക്ഷമായ പോലെ.

ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച ജക്കാർത്ത സ്വർണ്ണക്കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാമ്പിലായിരുന്നു- 1971ൽ മുംബൈയിൽ വെച്ച്. മദ്രാസ് സന്തോഷ് ട്രോഫിയിൽ ആദ്യമായി കേരളത്തിന് കളിച്ച പരിചയമേയുള്ളൂ എനിക്ക്. എന്നിട്ടും ചിരകാല സുഹൃത്തിനെപ്പോലെ എന്നെ ചേർത്തുപിടിച്ചു ചാത്തുണ്ണി. സുദീർഘമായ ഒരു ആത്മബന്ധത്തിന്റെ തുടക്കം. മഗൻ സിംഗ്, ജോർജ്ജ് റോസ്മണ്ട്, റാഫേൽ, രാമകൃഷ്ണൻ, വില്യംസ് തുടങ്ങി പലരുമുണ്ടായിരുന്നു ആ ക്യാമ്പിൽ.

പിന്നീട് പല വട്ടം ഞങ്ങൾ കളിക്കളത്തിൽ ഏറ്റുമുട്ടി. ആദ്യ പോരാട്ടം ചാക്കോള ട്രോഫിയിൽ ആയിരുന്നു എന്നാണോർമ്മ. ഞാൻ പ്രീമിയർ ടയേഴ്‌സിന്റെ ഗോൾകീപ്പർ. ചാത്തുണ്ണി ഗ്ളാമർ ടീമായ ഗോവ വാസ്‌കോയുടെ പ്രതിരോധ ഭടൻ. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ടൂർണമെന്റുകളിൽ ഞങ്ങൾ ഏറ്റുമുട്ടിയിട്ടുണ്ട്. നന്നായി കളിച്ചാൽ പരസ്പരം അഭിനന്ദിക്കാറുമുണ്ട്.

കളിക്കളം വിട്ട ശേഷം പരിശീലക ബിരുദം നേടിയതും ഒരുമിച്ചു തന്നെ. ബെംഗളൂരുവിലെ എൻ ഐ എസ് ക്യാമ്പിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ ക്യാമ്പിനിടക്കായിരുന്നു എന്റെ വിവാഹം. ക്യാമ്പിലേക്ക് നവവധുവുമായി ചെല്ലുക അചിന്ത്യം. ആ ഘട്ടത്തിൽ ജ്യേഷ്ഠ സഹോദരനെപ്പോലെ എന്റെ രക്ഷക്കെത്തിയത് ചാത്തുണ്ണിയാണ്. ബെംഗളൂരുവിലെ സ്വന്തം സഹോദരിയുടെ വീട്ടിൽ അദ്ദേഹം നവ ദമ്പതികൾക്ക് താമസമൊരുക്കി. അതുകൊണ്ടു തന്നെ ഞങ്ങളുടെ മധുവിധു ഓർമ്മകളിൽ ചാത്തുണ്ണി ഇന്നും നിറഞ്ഞുനിൽക്കുന്നു.

തുറന്ന മനസിന്റെ ഉടമയാണ്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതം. പക്ഷെ നിമിഷങ്ങളേ നീണ്ടുനിൽക്കുള്ളൂ ആ രോഷപ്രകടനം. എല്ലാ അർത്ഥത്തിലും ഒരു സുതാര്യ വ്യക്തിത്വമായിരുന്നു ചാത്തുണ്ണി. മനസ്സിൽ തോന്നുന്നതെന്തും തുറന്നടിക്കുന്നയാൾ. ഫുട്‍ബോൾ ആയിരുന്നു അദേഹത്തിന് എല്ലാം. എന്നും കളിക്കളത്തിലെ ആരവങ്ങളുടെ ഭാഗമാകാൻ ആഗ്രഹിച്ച ഒരാൾ. ചാത്തുണ്ണിയില്ലാത്ത ഫുട്‍ബോൾ ലോകം ഒരിക്കലും പഴയപോലെയാവില്ല. തീർച്ച.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്