നാഗാലാന്‍ഡിലെത്തുന്ന സഞ്ചാരികളുടെ മനം കവരും ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമമായ ഖൊനോമ. നാഗ ഗോത്ര വിഭാഗത്തില്‍ പെട്ട അങ്കാമി ഗോത്രത്തിന്റെ സ്വന്തം ഇടമാണ് ഖൊനൊമ എന്ന പച്ച ഗ്രാമം. കയ്യില്‍ കിട്ടുന്ന മൃഗങ്ങളേയും പക്ഷികളെയും ജീവ ജാലങ്ങളെയും ആഹാരമാക്കുന്ന അങ്കാമി ഗോത്ര വിഭാഗത്തിന്റെ നാട് എങ്ങനെയാണ് ഇത്ര ഹരിതാഭമായത് ?
1993 മുതലായിരുന്നു ഖൊനോമയില്‍ മാറ്റത്തിന്റെ കാറ്റ് വീശിയത്. വിദ്യാഭ്യാസം നേടിയ പുതു തലമുറ യുവാക്കളായിരുന്നു മാറ്റത്തിന് ചുക്കാന്‍ പിടിച്ചത്.
മാറി ചിന്തിച്ച യുവത
വേട്ടയാടിപ്പിടിച്ചു കിട്ടുന്നതെന്തും ചുട്ടു വേവിച്ചു കഴിക്കുന്നതായിരുന്നു മറ്റേത് ആദിവാസി വിഭാഗങ്ങളെയും പോലെ അങ്കാമികളുടേയും പതിവ്. വേട്ടയാടല്‍ നാഗാലാന്‍ഡില്‍ എവിടെയും ശിക്ഷ ലഭിക്കുന്ന കുറ്റമല്ല. 1993 മുതലായിരുന്നു ഖൊനോമയില്‍ മാറ്റത്തിന്റെ കാറ്റ് വീശിയത്. വിദ്യാഭ്യാസം നേടിയ പുതു തലമുറയായിരുന്നു മാറ്റത്തിന് ചുക്കാന്‍ പിടിച്ചത്. 1998 ല്‍ രൂപീകൃതമായ ഖൊനോമ നേച്ചര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ട്രഗോപന്‍ സാങ്ച്വറി ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. വേട്ടയാടല്‍ ഖോനോമയില്‍ നിരോധിക്കപ്പെട്ടു. ഗോത്ര വിഭാഗത്തിലെ പാരമ്പര്യ വാദികള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു . വംശ നാശ ഭീഷണി നേരിടുന്ന പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് നാടിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതില്‍ പുതു തലമുറ വിജയിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. ഗ്രാമം വൃത്തിയുള്ളതാക്കി സംരക്ഷിക്കാനുള്ള നടപടികള്‍ കൂടി സ്വീകരിച്ചതോടെ ഖൊനോമ രാജ്യത്തെ ആദ്യത്തെ ഹരിത ഗ്രാമമായി മാറി.
നാഗകളുടെ കൂട്ടത്തില്‍ അങ്കാമി ഗോത്ര വിഭാഗത്തില്‍ നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും അധികം വെല്ലുവിളി നേരിടേണ്ടി വന്നത്.
ബ്രിട്ടീഷുകാരെ മുട്ട് കുത്തിച്ച അങ്കാമികള്‍
ചൈനയില്‍ നിന്ന് ബര്‍മ ( മ്യാന്മര്‍ ) വഴി കുടിയേറി ഇന്ത്യന്‍ പ്രവിശ്യയില്‍ എത്തിയവരാണ് നാഗന്മാരുടെ പൂര്‍വികര്‍. ബര്‍മീസ് രാജാക്കന്മാരെ തോല്‍പ്പിച്ച ബ്രിട്ടീഷുകാര്‍ നാഗാ ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശവും കയ്യടക്കി. എന്നാല്‍ നാഗകള്‍ ബ്രിട്ടീഷുകാരുടെ അടിമകളാകാന്‍ തയ്യാറായിരുന്നില്ല. നാഗകളുടെ കൂട്ടത്തില്‍ അങ്കാമി ഗോത്ര വിഭാഗത്തില്‍ നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും അധികം വെല്ലുവിളി നേരിടേണ്ടി വന്നത്. യുദ്ധ നിയമങ്ങള്‍ ഒന്നും തന്നെ ബാധകമല്ലാത്ത അങ്കാമികള്‍ അതി ക്രൂരമായി തന്നെ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു പോന്നു. ഇന്ത്യയില്‍ എല്ലായിടങ്ങളിലും മനുഷ്യര്‍ ബ്രിട്ടീഷ് ക്രൂരതയ്ക്ക് ഇരയായപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ അദ്ധ്യായം രചിക്കുകയായിരുന്നു അങ്കാമികളായ വീരന്മാര്‍. 1826 മുതല്‍ 1865 വരെ അങ്കാമികളെ നിലക്ക് നിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പൊരുതി. ബ്രിട്ടീഷ് സൈനികരുടെ തല കൊയ്ത് ഗ്രാമത്തില്‍ പ്രദർശിപ്പിച്ചായിരുന്നു അങ്കാമികള്‍ വിജയം ആഘോഷിച്ചു പോന്നത് .
രക്തരൂഷിതമായ പോരാട്ടം ബ്രിട്ടീഷുകാരെ മടുപ്പിച്ചു. അവര്‍ നയം മാറ്റി അങ്കാമികളോട് അടുക്കാന്‍ തീരുമാനിച്ചു. പ്രദേശത്തിന് പ്രത്യേക പദവി നല്‍കി ,സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും ഉറപ്പാക്കി , ഒപ്പം ക്രിസ്ത്യന്‍ മിഷണറിമാരെ അവിടേക്ക് കൊണ്ടുവന്നു. ഗോത്ര വിഭാഗക്കാരെ മികച്ച ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തു മതം മാറ്റി, ഗോത്ര വിഭാഗത്തിന് എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയും വിധം ക്രിസ്തുമത ചിട്ടകള്‍ പുനഃക്രമീകരിച്ചു. നരബലിയും ശിരച്ഛേദവുമൊക്കെ നിരുത്സാഹപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി. രണ്ടാം ലോക യുദ്ധ കാലത്തു ബ്രിട്ടീഷ് ചേരിയില്‍ അണിനിരന്നു ജപ്പാനോടും സഖ്യരാജ്യങ്ങളോടും യുദ്ധം ചെയ്ത ചരിത്രവുമുണ്ട് അങ്കാമികള്‍ക്ക്.
പൂ പോലെ സുന്ദരിയായി ഖൊനോമ
കുന്നുകളില്‍ കാണപ്പെടുന്ന ഖുനോ എന്ന മനോഹരമായ പൂവില്‍ നിന്നാണ് ഖൊനോമ എന്ന പേര് ഗ്രാമത്തിനു ലഭിച്ചത്. പൂക്കള്‍ പോലെ സുന്ദരിയാണ് പച്ചയുടുത്ത ഖൊനോമ. നെല്‍ കൃഷിയും മൃഗങ്ങളെ പരിപാലിക്കലുമൊക്കെയായി കഴിയുകയാണ് ഗോത്ര വിഭാഗം. ഖൊനോമ പൂര്‍ണമായും ഗോത്ര വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ ആദ്യ ഹരിത ഗ്രാമമായതോടെ സഞ്ചാരികളുടെ പറുദീസയായി മാറി ഇവിടം. പുറത്തു നിന്നും ഗ്രാമത്തില്‍ എത്തുന്ന ഒരാള്‍ക്കും ഗോത്ര വിഭാഗത്തിലെ ഒരാളുടെ സഹായമില്ലാതെ അകത്തേക്ക് പ്രവേശിക്കാനാവില്ല. ഗ്രാമം ചുറ്റിക്കാണാനും, നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കാനും ഗോത്ര വിഭാഗങ്ങളോട് സംവദിക്കാനുമൊക്കെ പ്രത്യേക പാക്കേജുകളാണ്.
തട്ട് തിരിച്ചുള്ള കൃഷിരീതിയാണ് ഖൊനോമയില്‍ പ്രചാരത്തിലുള്ളത്. ഇരുപതോളം നെല്‍ വിത്തിനങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.കൊയ്‌തെടുക്കുന്ന നെല്ല് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ഇവിടെയില്ല. വൈല്‍ഡ് ആപ്പിള്‍ മരങ്ങള്‍ പ്രദേശത്തു നിറയെ കാണാം. ഇവ ഉണക്കി സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്.
സംസ്‌കാരം പരിചയപ്പെടാന്‍ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേകള്‍
ഗ്രാമത്തില്‍ ഹോട്ടലുകള്‍ ഇല്ല. അങ്കാമികളുടെ വീടുകളില്‍ താമസിക്കാന്‍ സൗകര്യം ലഭിക്കും. സീസണ്‍ അല്ലാത്തപ്പോള്‍ 800 -1000 രൂപ നല്‍കിയാല്‍ നല്ല ഹോം സ്റ്റേകള്‍ ലഭിക്കും. ഇവരുടെ സംസ്‌കാരം തൊട്ടറിയാനും ഭക്ഷണ രീതി പരിചയപ്പെടാനുമൊക്കെ ഒപ്പം താമസം സഹായിക്കും. അങ്കാമി ഗോത്ര വിഭാഗം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവിടെ സ്വയം നെയ്യുന്നതാണ്. മിക്ക വീടുകളിലും സ്ത്രീകളും പുരുഷന്മാരും ഇവ നെയ്യുന്നുണ്ടാകും. സഞ്ചാരികള്‍ക്കു വില്പന നടത്താനും ഇവര്‍ ഷാളുകളും ആഭരണങ്ങളും നിര്‍മിക്കും. എല്ലാ വീടുകള്‍ക്ക് മുന്നിലും ഡസ്റ്റ്ബിന്‍ കാണാം. സഞ്ചാരികള്‍ ഗ്രാമം വൃത്തി കേടാക്കരുതെന്ന മുന്നറിയിപ്പാണത്.
തുടരുന്ന സ്വതന്ത്ര നാഗാലാന്‍ഡ് വാദം
ഇന്ത്യ സ്വതന്ത്രമാകുന്നതിന് ഒരു ദിവസം മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ച നാടാണ് നാഗാലാന്‍ഡ്. നാഗാ നേതാക്കളും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നാഗാലാന്‍ഡ് ഇന്ത്യന്‍ യൂണിയനോടൊപ്പം നിന്നത്. ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞു സ്വതന്ത്ര നാഗാലാന്‍ഡ് എന്ന ആവശ്യശ്യമുയര്‍ത്തി തീവ്ര പ്രാദേശിക വാദവുമായി സംഘടനകള്‍ സജീവമാണ് ഇപ്പോഴും ഇവിടെ. മണിപ്പൂര്‍,അസം,അരുണാചല്‍ പ്രദേശ്,മ്യാന്മര്‍ എന്നിവിടങ്ങളിലെ നാഗകള്‍ക്കു സ്വാധീനമുള്ള പ്രദേശം നാഗാലാന്‍ഡിനോട് കൂട്ടി ചേര്‍ത്തു പ്രത്യേക രാജ്യം വേണമെന്നതാണ് ഇവരുടെ ആവശ്യം. ഇപ്പറഞ്ഞ സംസ്ഥാനങ്ങളും മ്യാന്‍മറുമൊന്നും ഇതിനായി ഭൂമി വിട്ടു നല്‍കില്ലെങ്കിലും പ്രാദേശിക വാദം തുടരുകയാണ് തീവ്ര ഗ്രൂപ്പുകള്‍. ഇങ്ങനെയൊരു പശ്ചാത്തലം ഓര്‍മപ്പെടുത്തുന്ന ആശങ്ക സഞ്ചാരികള്‍ക്കുണ്ടാവുമെങ്കിലും കണ്ണും മനസും നിറച്ചേ ഖൊനോമ നിങ്ങളെ യാത്രയാക്കൂ.