കളിപ്പാട്ടങ്ങള്‍ കൊടുക്കുന്ന പ്രായത്തില്‍ അമ്മ മകള്‍ക്ക് വാങ്ങി നല്‍കിയതൊരു കുതിരയെയാണ്. യാത്ര ചെയ്ത് എത്തുന്നിടമാണ് വീട്. പ്രകൃതിയാണ് ഒലിയുടെ വിദ്യാലയം. സ്വാതന്ത്ര്യത്തിന്റെ ചിറക് വിരിച്ച് മകളെ ജീവിത സവാരി പഠിപ്പിക്കുകയാണ് ഒരമ്മ.
വയനാട് മാനന്തവാടി സ്വദേശികളായ ആമിയും മകള്‍ ഒലിയും യാഥാസ്ഥിതിക ചിന്തകളെയെല്ലാം തച്ചുടച്ച് കൊണ്ട് തങ്ങളുടേതായ ഇടം കണ്ടെത്തുകയാണ്. മകള്‍ ഒലിയുടെ ഇഷ്ടങ്ങൾ പ്രകൃതിയും മൃഗങ്ങളും മനുഷ്യരും യാത്രകളുമൊക്കെയാണെന്ന് മനസ്സിലാക്കിയ ആമി അവളുടെ ഇഷ്ടത്തോടൊപ്പം സഞ്ചരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒലി തേനീച്ചകളെപ്പറ്റി ഗവേഷണം നടത്തുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്യുന്നു. കുതിരകളോടുള്ള ഇഷ്ടം കാരണം ഇക്വൈന്‍ വെറ്ററിനറി പഠിക്കുന്നുണ്ട്. ഇന്ത്യയില്‍ കുതിരയ്ക്ക് ലാടമടിക്കുന്ന ഒരേ ഒരു പെണ്‍കുട്ടിയാണ് ഒലി അമന്‍ ജോദ.
പതിനേഴ് വയ്‌സുകാരിയായ ഒലി അവള്‍ക്ക് ഇഷ്ടമുള്ളത് പഠിക്കുന്നു. ഇഷ്ടമുള്ള ജോലി ചെയ്യുന്നു, എല്ലാത്തിനും ആമി കൂട്ടുണ്ട്. യാത്ര ചെയ്ത് എത്തുന്നിടത്ത് കിട്ടുന്ന ജോലി ചെയ്ത് ജീവിതം ആഘോഷമാക്കുകയാണിവര്‍. സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശമാണ് ആമി മകള്‍ക്ക് കാട്ടികൊടുത്തത്.