ഉണ്ണി ആര്‍ 
FOURTH SPECIAL

ഉണ്ണി ആര്‍ അഭിമുഖം: അംബേദ്ക്കറുടെ പേരില്‍ ഹാലിളകുന്നവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായിട്ടില്ല

ജെ ഐശ്വര്യ

താങ്കളുടെ മലയാളി മെമ്മോറിയല്‍ എന്ന പുസ്തകത്തിന്റെ കവര്‍ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. അംബേദ്ക്കറിനെ കസവുടുപ്പിച്ചതിലുള്ള രോഷമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നത്. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?

അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഈ കാലത്ത് സര്‍വ്വ സാധാരണമാണ്. അത്തരം വിമര്‍ശനങ്ങളോട് ഒരു തരം സംഭാഷണവും സാധ്യമല്ല

സവര്‍ണജാതിയുടെ പരിസരത്തേക്ക് അംബേദ്ക്കറിനെ പ്രതിഷ്ഠിക്കുന്നുവെന്ന ആരോപണം, യഥാര്‍ത്ഥത്തില്‍ ആ കഥയെ മനസ്സിലാക്കാതെയുള്ള വിമര്‍ശനമാണോ? അല്ലെങ്കില്‍ ആ കഥ മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ പാടെ റദ്ദാക്കി കൊണ്ട് കവര്‍ ചിത്രത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പ്രതികരണമാണോ ഉയരുന്നത് ? ഇത് കഥയെക്കുറിച്ചുളള കൂടുതല്‍ സാര്‍ത്ഥകമായ ചര്‍ച്ചയെ മുന്‍കൂട്ടി തന്നെ റദ്ദാക്കുന്നതാണോ?

മലയാളി മെമ്മോറിയലിന്റെ വിവാദമായ കവര്‍

ആ കഥ മുന്നോട്ട് വെക്കുന്നത് ഉയര്‍ന്ന ജാതിക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജാതി ഉത്ക്കണ്ഠയാണ്. അംബേദ്ക്കറിനെ ഉന്മൂലനം ചെയ്തു കൊണ്ട് (ജാതി ഉന്മൂലനമല്ല!) എങ്ങനെ ജീവിക്കാം എന്നാണ് അയാളുടെ ചിന്ത. അയാളുടെ മനസ്സിലെ അംബേദ്ക്കര്‍ ആണ് കവറിലെ അംബേദ്ക്കര്‍. കഥ വായിക്കാതെ ആ ചിത്രത്തെ മാത്രം കണ്ടു കൊണ്ട് ഹാലിളകുന്നത് ജനാധിപത്യപരമല്ല. ഇങ്ങനെ ഹാലിളകുന്നവരുടെ മാനസികാവസ്ഥയാണ് എം എഫ് ഹുസൈനെ ഇന്ത്യയില്‍ നിന്ന് ഓടിച്ചത്. ഇവരാണ് റുഷ്ദിയെ കൊല്ലാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ചോദിച്ച പോലെ ഇത്തരം പ്രതികരണങ്ങള്‍ കഥയെക്കുറിച്ചുള്ള സാര്‍ത്ഥക ചര്‍ച്ചകള്‍ മുന്നേ തന്നെ ഇല്ലാതാക്കും

ജാതിയാണ് ഏറ്റവും പ്രധാനമായ സാമൂഹ്യ പദവി എന്നത് നമ്മുടെ കാലത്തെയും ഒരു യാഥാര്‍ത്ഥ്യമാണ്. അതുതന്നെയാണോ താങ്കള്‍ കഥയിലൂടെയും പറയാന്‍ ശ്രമിച്ചത്?അമ്പിയില്‍നിന്ന് ചട്ടമ്പിയിലേക്ക് മാറാന്‍ പറയുന്നതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിശദീകരിക്കാന്‍ കഴിയുമോ?

ജാതി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇടത് പക്ഷത്തിന് അതിനെ ഇന്നും സംബോധന ചെയ്യാന്‍ കഴിഞ്ഞിട്ടില്ലല്ലോ. ചട്ടമ്പി സ്വാമിയും കരയോഗവുമൊക്കെ എന്തുകൊണ്ട് ഈ കഥയില്‍ എന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ.

സ്വത്വ ബോധത്തിലധിഷ്ഠിതമായ വായനയും രാഷ്ട്രീയവും കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുത ഉണ്ടാക്കുന്നുവെന്ന് തോന്നുന്നുണ്ടോ?

സ്വത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംവാദം എന്തുകൊണ്ട് ഉണ്ടായി എന്ന് നമുക്കറിയാം. ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ സ്വത്വബോധത്തിലൂന്നിയ പ്രതികരണങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള പ്രതിഷേധമായിത്തന്നെ നാം കാണണം. എന്നാല്‍ ഇതേ രാഷ്ട്രീയത്തിന്റെ മേല്‍ക്കുപ്പായമണിഞ്ഞ ചില സംഘടനകള്‍ മനഃപ്പൂര്‍വം ധ്രുവീകരണം സൃഷ്ടിക്കുന്നുണ്ട് . അത് കാണാതെ പോവരുത്.

അംബേദ്ക്കറുടെ പല ദൗത്യങ്ങളില്‍ ഒന്ന് സംവാദാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെന്നത് കൂടിയാണ്. ഗാന്ധിയോടും അദ്ദേഹം അനുവര്‍ത്തിച്ചത് അതു തന്നെയാണ്. അംബേദ്ക്കറൈറ്റുകള്‍ എന്ന് പറയുന്നവരില്‍ ചിലര്‍ ഈ സംവാദാത്മകതയെ കൈയൊഴിയുന്നതായി ഇപ്പോഴുയരുന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുമോ?

അംബേദ്ക്കറില്‍ രസമുള്ള തമാശ പറയുന്ന ഒരു മനുഷ്യന്‍ കൂടി ഉണ്ടായിരുന്നു. ഒ പി മത്തായിയോട് അദ്ദേഹം പറയുന്നുണ്ട് , നിങ്ങളുടെ നാട്ടില്‍ നിന്ന് വന്ന ആ ഒറ്റയാളാണ് മൊത്തം കൊഴപ്പം ഉണ്ടാക്കിയതെന്ന് . ബുദ്ധമതം തന്നെ ഇല്ലാതാക്കിക്കളഞ്ഞു എന്ന് . ശ്രീശങ്കരാചാര്യരെ ക്കുറിച്ചാണ് അദ്ദേഹം ഈ പറഞ്ഞത്. അതുപോലെ ഒരു ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിനോട് പറയുന്നുണ്ട് , ഈ ഗാന്ധിജിയെ എങ്ങനെയെങ്കിലും നിങ്ങള്‍ക്ക് ഇവിടെ നിന്ന് ഒന്ന് കൊണ്ടുപോകുവാന്‍ പറ്റുമോ എന്ന് . ചിരിയും അതേ സമയം നിരന്തര സംഭാഷണങ്ങളും ( നിര്‍ത്താതെ മണിക്കൂറുകളോളം തനിക്ക് പ്രിയപ്പെട്ട വിഷയമാണങ്കില്‍ അദ്ദേഹം സംസാരിക്കുമായിരുന്നു ) ഇതൊന്നും പല അംബേദ്ക്കറിസ്റ്റുകള്‍ക്കും ഇല്ല എന്നു വേണം കരുതാന്‍. അവരില്‍ ചിലര്‍ അദ്ദേഹത്തെ ദൈവമാക്കാനാണ് ശ്രമിക്കുന്നത്. അംബേദ്ക്കര്‍ സൂക്ഷിച്ചിരുന്നത് വിശുദ്ധ ജനാധിപത്യത്തിലധിഷ്ഠിതമായ സംവാദമായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഹാലിളകുന്നവരില്‍ പലര്‍ക്കും അദ്ദേഹത്തെ മനസിലായിട്ടില്ല എന്നു വേണം കരുതാന്‍.

ചരിത്ര പുരുഷന്മാരെ തങ്ങളുടെതാക്കി മാറ്റുകയെന്നതില്‍ ഹിന്ദുത്വത്തിന് സവിശേഷമായ കഴിവുണ്ട്. ഭഗത് സിങിനെയും അംബേദ്ക്കറെ തന്നെയും ഇങ്ങനെ സ്വാംശീകരിച്ചെടുക്കാന്‍ അവര്‍ വലിയ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ആ ഘട്ടത്തിലാണ് കസവ് മുണ്ടുടുത്ത അംബേദ്ക്കര്‍ വരുന്നത്. സ്വാംശീകരണ ആരോപണം ഉന്നയിക്കുമ്പോള്‍ കഥയുടെ മാത്രം അടിസ്ഥാനത്തിലല്ലാതെ അതിനെ എങ്ങനെയാണ് താങ്കള്‍ വിശദികരിക്കുക?

അയ്യങ്കാളിയുടെ ഒരു ഫോട്ടോയുണ്ട്.അതില്‍ അദ്ദേഹം ചന്ദനമിട്ടിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം സവര്‍ണനാകുമോ? അംബേദ്ക്കറും അയ്യങ്കാളിയുമൊക്കെ മുന്നോട്ട് വെച്ച രാഷ്ട്രീയ യുക്തിയെ , സ്വാഭിമാനത്തെ ഹിന്ദുത്വ വാദികള്‍ക്ക് കണ്ടൈന്‍ ചെയ്യാന്‍ അത്ര എളുപ്പമല്ല. പാക്കിസ്ഥാന്‍ വിഭജനകാലത്ത് അദ്ദേഹം എഴുതിയ ഒരു ലേഖനമാണ് അവര്‍ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റിയ ഏക വസ്തു. ഈ കവര്‍ ചിത്രത്തിലെ അംബേദ്ക്കര്‍ പരിഹസിക്കുന്നത് ഇടശ്ശേരി പറഞ്ഞ ആ തറവാടിത്ത ഘോഷണത്തെയാണ്.

ഇനി മറ്റൊരു കാര്യം സെറ്റുമുണ്ടും കര്‍ണാടക സംഗീതവും എല്ലാം സവര്‍ണമാണന്ന് മുദ്രകുത്തി ഒഴിവാക്കുന്നത് മറ്റൊരു തരം സ്റ്റാലിനിസമാണ്. ഇന്ത്യയുടെ ബഹുത്വം അംഗീകരിക്കാന്‍ കൂടി നാം തയ്യാറാവണം. പൊയ്കയില്‍ അപ്പച്ചനും ഉണ്ട് പൊയ്കയില്‍ കുമാരഗുരുവും ഉണ്ട്. ഇതില്‍ ആരാണ് ശരി എന്നൊരാള്‍ ചോദിച്ചാല്‍..

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്