FOURTH SPECIAL

'പലസ്തീനികൾ പരീക്ഷണ വസ്തുക്കൾ, ഗാസ ആയുധ പ്രദർശന വേദി'; ആയുധക്കച്ചവടത്തിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ഫോർമുല

മുഹമ്മദ് റിസ്‌വാൻ

ആയുധക്കച്ചവടത്തില്‍ ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യം, ഇസ്രയേല്‍ ഹമാസിനെതിരെ നടത്തുന്ന സൈനിക നീക്കം നാല്‍പ്പത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുന്നു. ഗാസ എന്ന പ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന നിലയിലേക്കാണ് ഇസ്രയേല്‍ ആക്രമണം പുരോഗമിക്കുന്നത്. ഹമാസ് എന്ന സായുധ സംഘടനയെ പൂര്‍ണമായും ഉന്മൂലനം ചെയ്യും വരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ നിലപാട്. എന്നാല്‍ ഇസ്രയേല്‍ എന്ന രാജ്യം ഗാസയിലേക്ക് നടത്തുന്ന ആക്രമണം ഇതിന് വേണ്ടി മാത്രല്ലെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ആയുധങ്ങളുടെ പ്രഹര ശേഷി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ് ഇസ്രയേല്‍ ചെയ്യുന്നത് എന്നാണ് ഉയരുന്ന മറ്റൊരു വാദം.

ആഗോളതലത്തിൽ ഏറ്റവും വലിയ ആയുധകയറ്റുമതി നടത്തുന്ന പത്താമത്തെ രാജ്യമാണ് ഇസ്രയേൽ. ഏകദേശം നൂറ്റിമുപ്പതോളം രാജ്യങ്ങൾ ഇസ്രയേലിന്റെ കയ്യിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. സംഘർഷ മേഖലയിലോ, സമാനമായ സാഹചര്യങ്ങളിലോ പ്രഹരശേഷി തെളിയിക്കപ്പെട്ട ആയുധങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാരുണ്ടാകുക.

പലസ്തീനികളുമായി നടക്കുന്ന ഓരോ സംഘർഷങ്ങളെയും ആയുധങ്ങളുടെ പരീക്ഷണ ശാലകളാക്കി മാറ്റിയാണ് ഈ കടമ്പയെ ഇസ്രയേൽ മറികടക്കുന്നത്. ലാബുകളിലെ പരീക്ഷണ വസ്തുക്കള്‍ പോലെ നിരപരാധികളായ പലസ്തീനികളെ ഉപയോഗിച്ചാണ് ലോകത്തിന് മുന്നിൽ തങ്ങൾ നിർമിച്ചവയുടെ പ്രാപ്തി ഇസ്രയേല്‍ തെളിയിക്കുന്നത്. ഇതാണ് അവരെ ലോകത്തെ വലിയ ആയുധക്കച്ചവടക്കാരാക്കി മാറ്റിയതിന് പിന്നിലെന്ന് നിരവധി വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം തൊണ്ണൂറായിരം കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇസ്രയേൽ നടത്തിയത്

വർഷങ്ങളായി, ഇസ്രയേൽ സൈന്യം റബ്ബർ ബുള്ളറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിക് തോക്കുകൾ, എന്നിവ പലസ്തീൻ ജനതയ്ക്ക് മേൽ അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് സാധാരണയായി ഇവ പ്രയോഗിക്കുന്നത്.

ഒക്ടോബർ ഏഴുമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ മൃതദേഹങ്ങളില്‍ വളരെ ആഴത്തിൽ പൊള്ളലുകൾ ശ്രദ്ധയിൽ പെട്ടതായി അൽ-ഷിഫ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജറി വിഭാഗം ഡോ. അഹമ്മദ് എൽ-മൊഖല്ലലതി പറഞ്ഞിരുന്നു. അസ്ഥിവരെ കത്തിച്ചുകളയുന്ന പൊള്ളലുകളാണ് ഉണ്ടാകുന്നത്. ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളലുകളല്ലെന്നും കൂടുതൽ ശക്തമായ ഏതെങ്കിലും രാസായുധങ്ങളുടെ പ്രയോഗം ഇസ്രയേൽ നടത്തുന്നുണ്ടോ എന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

1980-92 കാലഘട്ടത്തിൽ 75,000-ലധികം സിവിലിയന്മാരെ കൊന്നൊടുക്കിയ എൽ സാൽവഡോറിലെ കൂട്ടക്കൊലയിലും ഇസ്രയേലിന്റെ ആയുധങ്ങൾക്ക് കാര്യമായ പങ്കുണ്ടായിരുന്നു

പലസ്തീനിലെ ആക്രമണങ്ങളും ഇസ്രയേലിന്റെ ആയുധക്കച്ചവടവും

ഇസ്രയേലിന്റെ ഏറ്റവും വലിയ ആളില്ലാ വിമാനമാണ് ഹെറോൺ ടിപി ഡ്രോണുകൾ. സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ) നിർമിച്ച ഡ്രോൺ 2007ലാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. തൊട്ടടുത്ത രണ്ടുവർഷങ്ങളിലായി ഗാസയിൽ നടത്തിയ 'ഓപ്പറേഷൻ കാസറ്റ് ലെഡ്' എന്ന സൈനികാക്രമണത്തിൽ ഹെറോൺ ടിപി ഡ്രോണുകൾ ഉപയോഗിച്ച് കൊന്നുതള്ളിയത് 116 പേരെയാണ്. ഈയൊരു ആക്രമണത്തിന് ശേഷം കുറഞ്ഞത് 10 രാജ്യങ്ങളിൽ നിന്നെങ്കിലും ഹെറോൺ വേരിയന്റ് ഡ്രോണുകളുടെ ഓർഡറുകൾ വന്നിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 34 ഹെറോൺ ഡ്രോണുകളാണ് ഇന്ത്യ വാങ്ങിയത്.

ഹെറോൺ ഡ്രോണ്‍

പ്രദർശനത്തിന് വേണ്ടി ഇസ്രയേല്‍ സംഘർഷങ്ങൾ നടത്തുന്നു എന്ന് പറയാനാകില്ലെങ്കിലും ഗാസയ്‌ക്കെതിരായ എല്ലാ സൈനികാക്രമണങ്ങളിലും നിരവധി പുതിയ ആയുധങ്ങളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും പരീക്ഷണം ഇസ്രയേൽ നടത്താറുണ്ട്. ഒരർത്ഥത്തിൽ പലസ്തീനെ ലബോറട്ടറിയാക്കി മാറ്റി നടത്തുന്ന ഈ പരീക്ഷണങ്ങൾ ഇസ്രയേലിനെ ആയുധക്കച്ചവടത്തിൽ വളരെയധികം സഹായിക്കാറുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്.

2014ൽ നിലവിൽ വന്ന ആഗോള ആയുധ കച്ചവട ഉടമ്പടിയിൽ ഇസ്രയേൽ ഭാഗമല്ലാത്തതുകൊണ്ട് തന്നെ നിരവധി തവണ വംശ്യഹത്യകൾക്കും മനുഷ്യത്വ വിരുദ്ധ ആക്രമണങ്ങൾക്കും ഉതകുന്ന തരത്തിൽ സയണിസ്റ്റ് ഭരണകൂടം ആയുധങ്ങൾ നൽകിയിരുന്നു

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഇസ്രയേൽ ആയുധനിർമാതാക്കളായ എൽബിറ്റിന്റെ വിപണിയിൽ ഗണ്യമായ വർധനവ് ഉണ്ടായിരുന്നു. എൽബിറ്റിന്റെ ആളില്ലാ വിമാനങ്ങളായ ഹെർമിസ് 450, ഹെർമിസ് 900 എന്നിവ ഗാസയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നാലെ ഹെർമെസ് 900 ഡ്രോണുകൾക്ക് ഇരുപതിലധികം രാജ്യങ്ങളിൽനിന്നാണ് ഓർഡറുകൾ ലഭിച്ചത്.

ആയുധക്കച്ചവടത്തിലെ പ്രിയങ്കരരായ ഇസ്രയേല്‍

2014ൽ നിലവിൽ വന്ന ആഗോള ആയുധ കച്ചവട ഉടമ്പടിയിൽ ഇസ്രയേൽ ഭാഗമല്ലാത്തതുകൊണ്ട് തന്നെ നിരവധി തവണ വംശ്യഹത്യകൾക്കും മനുഷ്യത്വ വിരുദ്ധ ആക്രമണങ്ങൾക്കും ഉതകുന്ന തരത്തിൽ സയണിസ്റ്റ് ഭരണകൂടം ആയുധങ്ങൾ നൽകിയിരുന്നു. 1975ൽ വർണവെറിയന്മാരായ ദക്ഷിണാഫ്രിക്കൻ സർക്കാരിന് ഇസ്രയേൽ ആയുധങ്ങൾ വിറ്റിരുന്നു. 1980-92 കാലഘട്ടത്തിൽ 75,000-ലധികം സിവിലിയന്മാരെ കൊന്നൊടുക്കിയ എൽ സാൽവഡോറിലെ കൂട്ടക്കൊലയിലും ഇസ്രയേലിന്റെ ആയുധങ്ങൾക്ക് കാര്യമായ പങ്കുണ്ടായിരുന്നു.

ഏറ്റവുമൊടുവിൽ, ഈ വർഷം സെപ്റ്റംബറിൽ നഗോർണോ-കറാബാക്ക് തിരിച്ചുപിടിക്കാനുള്ള നീക്കത്തിൽ അസർബൈജാന് ഇസ്രയേൽ, യുഎവികളും മിസൈലുകളും മോർട്ടാറുകളും കൈമാറിയിരുന്നു. ഒരുലക്ഷം അർമേനിയൻ വംശജർ ഇക്കാലത്ത് കുടിയിറക്കപ്പെട്ടുവെന്നാണ് കണക്ക്. ആയുധ കച്ചവട ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്തതിനാൽ സ്വേച്ഛാധിപതികൾക്കും ഇസ്രയേൽ പ്രിയങ്കരരാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് ലൈസൻസില്ലാത്ത ആയുധങ്ങൾ വിൽക്കാനുള്ള നിയമനിർമാണം കഴിഞ്ഞ വർഷം ഇസ്രയേൽ നടത്തിയിരുന്നു. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം തൊണ്ണൂറായിരം കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇസ്രയേൽ നടത്തിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം