FOURTH SPECIAL

'ഗുഡ് ബൈ മലബാറി'ലെ ബേബി മാഷ്

''നിയമത്തിനും നീതിയ്ക്കും ഉപരിയായി കരുതലിന്റെയും പരിപാലനത്തിന്റെയും വശമാണ് മലബാറിലെ കളക്ടറായ വില്യം ലോഗന്റെയും ആനിയുടെയും ഇടപെടലുകളിൽ നിറയുന്നത്,'' കെ ജെ ബേബിയെക്കുറിച്ചും അദ്ദേഹത്തിൻ്റെ ഇടപെടലുകളെയും കുറിച്ച് ലേഖിക

റ്റിസി മറിയം തോമസ്

പലതരത്തിലുള്ള ചിരകാല സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നവര്‍ എത്തിപ്പെടുന്ന വിഷാദവും കടുത്ത ഉത്കണ്ഠയും അതിതീവ്രമായ ശാരീരികവും മാനസികവുമായ അവസ്ഥകളും വിഷയമാവുന്ന സ്‌ട്രെസ് മാനേജ്‌മെന്റ് ആയിരുന്നു ഈവര്‍ഷം ആരംഭിച്ച നാലുവര്‍ഷ ബിരുദ ക്ലാസില്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്‌ക്കെടുത്തത്. ചര്‍ച്ചയില്‍ ‍ഹോമോഫോബിയ ഇല്ലാതാകുകയും ലിംഗഭേദമില്ലാതെ കേരളത്തിന്റെ പൊതുസമൂഹത്തില്‍ ‍ക്വിയര്‍ വ്യക്തികള്‍ക്കിടം ലഭിക്കുകയും ചെയ്യുന്ന സാധ്യതകളെപ്പറ്റി നിരന്തരം എഴുതുകയും സംവദിക്കുകയും ക്വിയര്‍ വ്യക്തികളെ ചേര്‍ത്ത്പിടിക്കുകയും ചെയ്ത, എഴുത്തുനിര്‍ത്തി സ്വയംമടങ്ങിയ കിഷോറിനെക്കുറിച്ച് കു ട്ടികളോട് പറഞ്ഞിരുന്നു. വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങളേക്കാള്‍ രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം മുന്നോട്ടുപോകാനുള്ള അര്‍ത്ഥമോ വഴിയോ തരാത്തവിധം ചില മനുഷ്യരെ തളച്ചിടാറുണ്ട്. സമാന്തര സാമൂഹ്യവ്യവസ്ഥയ്ക്കും രാഷ്ട്ര നിര്‍മാണത്തിനും പൂര്‍ണമായി സമര്‍പ്പിച്ചവര്‍ കൈവിട്ടുപോയ ജീവിതം ഇനി പുനഃക്രമീകരിക്കാനോ പരിസ്ഥിതിയെ തിരിച്ചുപിടിക്കാനോ ആവാത്ത വിധം അരക്ഷിതാവസ്ഥയിലേക്കെത്തുന്ന മാനസിക പ്രതിസന്ധി വിശദമാക്കാന്‍ പ്രയാസമാണ്.

മരണം ജീവിതത്തേക്കാള്‍ അനായാസവും ലാഘവമുള്ളതുമായി മാറുന്ന മനസ്സാണ് അപ്പോള്‍ അവര്‍ക്കുണ്ടാവുക. വ്യവസ്ഥിതി കാരണമാവുന്ന മരണങ്ങളെക്കുറിച്ചുള്ള ആലോചനയിയിരിക്കെയാണ് പി ഇ ഉഷചേച്ചിയുടെ മെസ്സേജ് വന്നത്, 'ബേബി പോയി, അതും സൂയിസൈഡ്.'

മലബാർ മാന്വൽ എഴുതിയ വില്യം ലോഗന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതവും മലബാറിലെ അന്നത്തെ മനുഷ്യരുടെ ജീവിതവുമാണ് ഗുഡ് ബൈ മലബാർ എന്ന നോവൽ. കൊളോണിയൽ ഭരണം വളർത്തിയ മത - ജാതിസ്പർധയും ദലിത് പ്രതിരോധങ്ങളും മാറുന്ന ഭൂവുടമാ ബന്ധങ്ങളുമെല്ലാം സങ്കീർണമാക്കിയ അക്കാലത്തിനു സാക്ഷിയായ സാക്ഷിയായ ലോഗന്റെയും കഥ ആനിയുടെ കാഴ്ചപ്പാടിൽ ആവിഷ്കരിക്കുകയാണ് ബേബി മാഷ് ഗുഡ് ബൈ മലബാറിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എം എ മനഃശാസ്ത്രം പഠിക്കുമ്പോഴും മറ്റൊരിക്കല്‍ തിരുവന്തപുരത്തുനടന്ന ആദിവാസി സമരത്തിലും അദ്ദേഹത്തെ ദൂരെനിന്നുകണ്ടു. ഒരു സംഘം ഊര്‍ജസ്വലരായ കുട്ടികളുടെയൊപ്പം സദാപ്രസന്നനായ ഒരാള്‍. ഒരൊറ്റ ജനതയെ നയിക്കാന്‍ വിദ്യാഭ്യാസവ്യവസ്ഥയെ ധീരമായി വെല്ലുവിളിക്കാനും നെഞ്ചുവിരിച്ചുപോകുന്ന ശാന്തമായ ധൈര്യമുള്ളയാള്‍. അതായിരുന്നു അന്ന് ഞാന്‍ കണ്ട ബേബി മാഷ്. 'ഞാന്‍ പിറന്ന നാട്, വളര്‍ന്ന നാട്, എന്റെ നാട്, ഈ വയനാട്'' എന്ന് മാഷും കനവ് മക്കളും ഉറക്കെപ്പാടുമ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് കൈയടിച്ച് ഉച്ചത്തില്‍ ഏറ്റുപാടാതെ കഴിയില്ലായിരുന്നു അന്ന്. ജോലിയുടെ സൗകര്യാര്‍ത്ഥം നിരന്തരം സ്ഥലംമാറ്റം നടത്തേണ്ടി വരുന്ന കുടുംബത്തിന്റെ സാഹചര്യത്തില്‍, ചെറുപ്പത്തില്‍ തന്നെ ഹോസ്റ്റലുകളില്‍ കഴിയേണ്ടി വന്ന, എന്റെ വീടും നാടും ഏതെന്നു ഉറപ്പിക്കാനാവാത്ത ഞാനും 'നാട് എന്‍ വീട് ഈ വയനാട്' എന്ന് തുറന്നുപാടി.

കെ ജെ ബേബി

എങ്ങനെ മനുഷ്യര്‍ക്കിങ്ങനെ ചെയ്യാനാവുന്നു?

കെ ജെ ബേബിയുടെ അവസാന നോവലായ ഗുഡ്‌ബൈ മലബാറിന്റെ ചര്‍ച്ചയുടെ ഭാഗമായി 2020 ലാണ് ഞാന്‍ അദ്ദേഹത്തെ അടുത്തുകണ്ടതും സംസാരിച്ചതും. മലബാര്‍ മാന്വല്‍ എഴുതിയ വില്യം ലോഗന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതവും മലബാറിലെ അന്നത്തെ മനുഷ്യരുടെ ജീവിതവുമാണ് ഗുഡ് ബൈ മലബാര്‍ എന്ന നോവല്‍. കൊളോണിയല്‍ ഭരണം വളര്‍ത്തിയ മത-ജാതിസ്പര്‍ധയും ദലിത് പ്രതിരോധങ്ങളും മാറുന്ന ഭൂവുടമാ ബന്ധങ്ങളുമെല്ലാം സങ്കീര്‍ണമാക്കിയ അക്കാലത്തിനു സാക്ഷിയായ സാക്ഷിയായ ലോഗന്റെയും കഥ ആനിയുടെ കാഴ്ചപ്പാടില്‍ ആവിഷ്‌കരിക്കുകയാണ് ബേബി മാഷ് ഗുഡ് ബൈ മലബാറില്‍. ഏതൊരു ചരിത്രനോവലും പോലെ ഒരിടത്തെ മനുഷ്യരുടെ സാമൂഹിക-രാഷ്ട്രീയജീവിതം മാത്രമായിരുന്നില്ല ആ നോവല്‍. അത്, അദ്ദേഹത്തിന്റെ മാനസിക സഞ്ചാരപുസ്തകംകൂടിയായാണ് ഞാന്‍ വായിച്ചത്.

നിയമത്തിനും നീതിയ്ക്കും ഉപരിയായി കരുതലിന്റെയും പരിപാലനത്തിന്റെയും വശമാണ് മലബാറിലെ കളക്ടറായ വില്യം ലോഗന്റെയും ആനിയുടെയും ഇടപെടലുകളില്‍ നിറയുന്നത്. അമ്മ, ഭര്‍ത്താവ്, കൂട്ടുകാരി, മക്കള്‍, വേലക്കാര്‍, ചരിത്രകഥാപാത്രങ്ങള്‍, പട്ടാളക്കാര്‍, അപരിചിതര്‍, രോഗികള്‍, പരിസ്ഥിതി, ജീവജാലങ്ങള്‍... അങ്ങനെ അവള്‍ കണ്ടുമുട്ടുന്ന എല്ലാവരിലും ഇത് പ്രകടമാണ്. കരുതലിന്റെ ഈ നീതി ഒരു സ്ത്രീയ്‌ക്കോ അമ്മയ്‌ക്കോ മാത്രം തൊട്ടറിയാവുന്ന അവഗണനകളുടെയോ വേദനകളുടെയോ അല്ല. ധാര്‍മികതയുടെ സ്‌ത്രൈണ വീക്ഷണം സത്രീയായതുകൊണ്ടു മാത്രം ഉണ്ടാവുന്നതുമല്ല, അതൊരു നിലപാടാണ്. ആയുധങ്ങള്‍ക്കുപകരം കൃഷിക്കോപ്പുകളെടുപ്പിക്കാന്‍ മലബാറിലെ മനുഷ്യരെ പ്രേരിപ്പിക്കുന്ന ധര്‍മശാസ്ത്രബോധമാണത്.

ആയുധം തിരച്ചിലെന്ന നിയമനടപടി കണക്കാക്കുമ്പോള്‍ തന്നെ വിളവ് കൊണ്ടാണ് മലബാര്‍ അറിയപ്പെടേണ്ടതെന്ന ആഗ്രഹം മലബാര്‍ കളക്ടര്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്.

'കാര്‍ഷിക മേഖലയില്‍ സമാധാനമുണ്ടായെങ്കില്‍ മാത്രമേ കൃഷിയിടങ്ങളില്‍ സൂര്യവെളിച്ചവും വെള്ളവും വിത്തുകളും ഉഴവുകളും കാവല്‍മാടങ്ങളുമെത്തുകയുള്ളൂ. മലബാറിന്റെ പഴയ ഐശ്വര്യം വിളയുകയുള്ളൂ,' ലോഗന്റെ വാക്കുകള്‍.

ബന്ധങ്ങളിലെ അനീതികള്‍ക്ക് എന്താണ് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുക? ഒരു വശത്ത് നീതി-നിയമ വ്യവസ്ഥിതികള്‍, മറുവശത്ത് പരിപാലനത്തിന്റെ ധാര്‍മികത. ഇതിനിടയില്‍ സങ്കീര്‍ണമാക്കപ്പെടുന്ന ധര്‍മബോധമാണ് ഈ നോവലിന്റെ കഥാതന്തു എന്നുവേണമെങ്കില്‍ പറയാം.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഒരു വീട്ടമ്മയുടെ മാന്വലാണ് ഗുഡ്ബൈ മലബാര്‍. നോവലിന്റെ ആദ്യം ഒരു വീട്ടമ്മയുടെ അതിസാധാരണമെന്ന് തോന്നാവുന്ന ഉത്തരവാദിത്വങ്ങളിലാണ് ആനിയുടെ വളര്‍ച്ച ആരംഭിക്കുന്നത്. മമ്മയില്‍നിന്ന് ലഭിച്ച ഓരോ അറിവും പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് സാമൂഹ്യമായ കരുതല്‍ സ്വയം ഉറപ്പിക്കുന്നത്

വാസ്‌കോഡഗാമയുടെ രണ്ടാമത്തെ രംഗപ്രവേശത്തിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ ചരിത്രം വായിക്കുമ്പോള്‍ എങ്ങനെയാണ് മനുഷ്യര്‍ക്ക് ഇത്രയും മനുഷ്യത്വമില്ലാതാവുന്നതെന്ന് ആനി വേദനിക്കുന്നു. മുതിർന്നവരുടെയും അനീതി നിറഞ്ഞ വ്യവസ്ഥിതിയുടെയും ഇരകളായി മാറുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായത ആനിയെ അസഹ്യപ്പെടുത്തുന്നുണ്ട്.

എല്ലാ മതങ്ങളും പറയുന്ന നല്ല കാര്യങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ പോരേയെന്ന് അതിശയിക്കുന്നു. ചരിത്രത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കണ്ണുകളിലൂടെ നോക്കിക്കാണുന്നുണ്ടെങ്കിലും ചോരക്കണക്ക് വീണ്ടും ഓര്‍ക്കുന്നത് പേടിച്ചിട്ടാണെന്ന് ആനി ന്യായീകരിക്കുന്നു. അധികാരത്തോടും അധിനിവേശത്തോടുമുള്ള ഭയവുംകൂടിയാണ് ആനിക്ക് മലബാര്‍ മാന്വല്‍. അരികുകളിലേക്കു തള്ളപ്പെടുന്ന കാര്‍ഷിക സമൃദ്ധി, ആരോഗ്യമൂല്യങ്ങള്‍, പഴഞ്ചൊല്ലുകള്‍, കളരിപ്പയറ്റ്, സ്നേഹം, സമാധാനം, പ്രതീക്ഷ എന്നിവയെല്ലാം ജാതി-മത സാമ്പത്തിക ചൂഷണത്തില്‍നിന്നു സ്വതന്ത്രമാക്കാനുള്ള പ്രവര്‍ത്തനമാണ് ലോഗന്റെയും ആനിയുടെയും സാന്മാര്‍ഗികത. അതിനവര്‍ കരുതലിന്റെ നൈതികതയാണ് കൂട്ടുപിടിക്കുന്നത്.

കെ ജെ ബേബിയുടെ നോവൽ ഗുഡ്‌ബൈ മലബാറിന് കവർ

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഒരു വീട്ടമ്മയുടെ മാന്വലാണ് ഗുഡ്ബൈ മലബാര്‍. നോവലിന്റെ ആദ്യം ഒരു വീട്ടമ്മയുടെ അതിസാധാരണമെന്ന് തോന്നാവുന്ന ഉത്തരവാദിത്വങ്ങളിലാണ് ആനിയുടെ വളര്‍ച്ച ആരംഭിക്കുന്നത്. മമ്മയില്‍നിന്ന് ലഭിച്ച ഓരോ അറിവും പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് സാമൂഹ്യമായ കരുതല്‍ സ്വയം ഉറപ്പിക്കുന്നത്. ഉദാഹരണത്തിന് ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്കും മനോരോഗാശുപത്രിയിലെ രോഗികള്‍ക്കും മരത്തിന്റെ കക്കൂസും കുളിപ്പുരയും പണിയാനുള്ള ആശയവും രൂപരേഖയും ആനിയാണ് തയ്യാറാക്കുന്നത്. അടുത്ത കൂട്ടുകാരിയായ എമിലിയെപ്പോലെ വൈദ്യശാസ്ത്രം പഠിക്കാനും ഡോക്ടറാകാനും ആനിയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഡോക്ടര്‍ക്കുവേണ്ട നിരീക്ഷണപാടവവും സഹായമനഃസ്ഥിതിയും എമ്പതിയും ശ്രദ്ധയും ആനി പ്രകടമാക്കുന്നുണ്ട്. അതേസമയം നീ എനിക്കും കൂടി മക്കളെ പ്രസവിക്കുക, ഞാന്‍ നിനക്കുവേണ്ടി പഠിക്കുകയും നാടുകാണുകയും ചെയ്യുമെന്ന എമിലിയുടെ വാക്കുകളെ മനസ്സാലെ അംഗീകരിക്കുകയും ചെയ്യുന്നു. അവരൊന്നിച്ചു നടത്തിയ യാത്രകളും ചിത്രരചനാക്ലാസുകളും എമിലി പരിചയപ്പെടുത്തിയ ഫാ.ഡാമിയന്റെയും ആനിബസന്റിന്റെയും ചരിത്രങ്ങളൊക്കെ ആനി അവളുടെ വ്യക്തിത്വത്തിലേക്ക് സമീകരിക്കുന്നുണ്ട്. എന്തിനെയും മനനം ചെയ്യാനുള്ള കഴിവ് ആനിയില്‍ പ്രകടമാണ്.

വളരെ ചെറിയ അനുഭവങ്ങളെപ്പോലും പരിചിന്തനം ചെയ്ത് ചുറ്റുമുള്ളവരുടെ മാനസികവ്യാപാരങ്ങളുമായി താദാത്മ്യപ്പെടുവാനുള്ളശ്രമം സൂക്ഷ്മതയോടെയാണ് ബേബി മാഷ് അടയാളപ്പെടുത്തുന്നത്. തന്റെയുള്ളില്‍ വന്നുപോവുന്ന വികാരങ്ങളെ അറിയുന്നതിലൂടെ മാനസിക വിഭ്രാന്തിയുടെ തലം ഒരു ചെറിയ തോതിലെങ്കിലും തനിക്കുണ്ടോയെന്ന് അറിയാന്‍ ശ്രമിക്കുന്നുണ്ട് ആനി. പഴമൊഴികളുടെ വ്യഖ്യാനത്തിലൂടെയുള്ള ജ്ഞാനവഴി ആനി സ്വീകരിക്കുന്നുണ്ട് . കല്യാണിയുടെ സഹായത്തോടെ കളരി അഭ്യസിക്കുന്നു. ജൂലിപ്പുറത്ത് കയറി കടല്‍ തിരകളിലേക്ക് മനസ്സ് പായിക്കുന്നു. മക്കളുടെ പ്രാണന്റെ പോക്കുവരവിനെ ധ്യാനിച്ച് ബുദ്ധമാര്‍ഗത്തില്‍ ശാന്തമായുറങ്ങുന്നു. ശങ്കരാചാര്യരുടെ ധ്യാനസ്തുതി മാനസികാരോഗാശുപത്രിയില്‍ പ്രാര്‍ത്ഥിക്കുന്നു. മെയ്യൊതുക്കവും ഉള്ളൊതുക്കവും ഏകാഗ്രതയും പ്രയോഗത്തിലെത്തിക്കാനുള്ള ആനിയുടെ ശ്രമം. ഉള്‍ക്കലമ്പലുകളെ ഒതുക്കാനുള്ള മാര്‍ഗം. സ്വയം കണ്ടെത്താനുള്ള വഴികള്‍ തിരയുന്ന ആനി മനോരോഗ ചികിത്സയില്‍ത്തന്നെ മാതൃകയാക്കാവുന്ന സമാന്തരവഴികളിലൂടെ കടന്നുപോകുന്നു.

'ഉള്ളത് പങ്കുവെക്കാനുള്ള ഒരു സമറിയാന്‍ മനസ്സ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം'. ആനി സമാധാനിക്കുന്നുണ്ട്. സ്‌നേഹപൂര്‍ണമായ സ്വയം പുതുക്കലും തിരുത്തലും നടത്തിക്കൊണ്ടുള്ള ഒരു പാഠശാലയാണ് ആനിയുടെ ജീവിതം. കുതിരവട്ടം മനോരോഗാശുപത്രിയിലെ ഇരുളില്‍, മരിച്ചവരുടെ പ്രേതങ്ങള്‍ക്കു കൂട്ടിരിക്കുന്നവരെന്ന് നാട്ടുകാര്‍ വിധിച്ച മനോരോഗികളുടെയടുത്തേയക്ക് ആനി തികച്ചും സ്വാഭാവികമായാണ് ചെല്ലുന്നത്. സമഷ്ടി സ്‌നേഹം അന്വര്‍ത്ഥമാക്കുന്ന ഈ അധ്യായങ്ങള്‍ ആനിയുടെ തന്മയിഭാവത്തെ പിന്തുണയ്ക്കുന്നു. ആശുപത്രിയുടെ സംസ്‌കാരംതന്നെ മാറ്റിമറിച്ച ആനി സ്വയം പറയുന്നത് നാലുമക്കളെ നോക്കിയപോലെയുള്ളൂ ഈ കൂട്ടിരിപ്പ്, ഇത്രവലിയ ആനക്കാര്യമല്ലെന്നാണ്.

ഗുഡ്ബൈ മലബാറിൽ ഞാൻ വായിച്ചറിഞ്ഞ ആനിയുടെയും ബേബി മാഷിന്റെയും അകം ഒന്നുതന്നെയായിരുന്നു

ആനിയുടെ മാനസിക വിചാരങ്ങളില്‍ എടുത്തു പറയേണ്ടത് അവളുടെ emotional transference വെളിവാകുന്ന സന്ദര്‍ഭങ്ങളാണ്. വൈകാരികമായ സ്ഥാനാന്തരഗമനം എന്ന ഈ പ്രക്രിയ മനോവിശ്ലേഷണമേഖലയില്‍ ഒരാളുടെ അബോധമനസ്സിനെ തൊട്ടറിയുന്നതില്‍ പ്രധാനപ്പെട്ട ഒരു ഉപാധിയാണ്. ഒരാളുടെ ചെറുപ്പകാലത്ത് അയാള്‍ക്ക് മാതാപിതാക്കളോടോ വേണ്ടപ്പെട്ടവരോടോ ഉണ്ടായിരുന്ന വൈകാരികബന്ധം ചികിത്സകയിലേക്കു ഗതിതിരിച്ചുവിടുന്ന അബോധമനസ്സിന്റെ പ്രതിഭാസമാണിത്. വ്യക്തിജീവിതങ്ങളില്‍ ബോധതലത്തില്‍ ഈ പ്രതിഭാസം പലപ്പോഴും അനുയോജ്യമായെന്നുവരില്ല. എന്റെ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ഉണ്ടായിരുന്ന ആഗ്രഹങ്ങളും കല്പനകളും ഇന്ന് ഞാന്‍ കാണുന്ന അപരിചിതരില്‍നിന്നു പ്രതീക്ഷിക്കലാണത്. ഇത് അബോധപൂര്‍വമായ മനസ്സിന്റെ ഇടപെടലായതുകൊണ്ടുതന്നെ ഒരാളുടെ മാനസികാരോഗ്യനിര്‍ണയത്തിലും മനസ്സിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കുന്നതിലും തെറപ്പിസ്റ്റിന് വലിയ സഹായകമാവും. കൗണ്ടര്‍ ട്രാന്‍സ്ഫറന്‍സ് എന്നത് തെറപ്പിസ്റ്റിന് തന്റെ രോഗിയോട് തോന്നുന്ന വൈകാരിക ബന്ധമാണ്. ഗുഡ്‌ബൈ മലബാറില്‍ ഞാന്‍ വായിച്ചറിഞ്ഞ ആനിയുടെയും ബേബി മാഷിന്റെയും അകം ഒന്നുതന്നെയായിരുന്നു.

ഗുഡ് ബൈ, മാഷേ

കൃത്യം ഒരു മാസമായി മേപ്പാടി വൈത്തിരി താലൂക്കുകളില്‍ ഉരുള്‍ പൊട്ടിയിട്ട്. വയനാടിനെ നെഞ്ചേറ്റി നടന്ന, വയനാട്ടിലെ ആദിവാസി മക്കളെന്ന ജീവിതം ഉപാസിച്ച മാഷിന് ഈ ദുരന്തം എങ്ങനെയാണ് ഏറ്റുവാങ്ങാനായത്? എനിക്കറിയാന്‍ കഴിഞ്ഞില്ല. ഗുഡ്‌ബൈ മലബാറിന് മനോവിശ്ലേഷണ വിശകലനം നല്‍കാനുള്ള സാധ്യതയെക്കുറിച്ചു കൂടുതല്‍ സംസാരിക്കണമെന്നും നിങ്ങള്‍ ഫ്രീ ആകുമ്പോ അങ്ങോട്ടു വരൂ എന്ന് ഫോണിലും പിന്നീട് കണ്ടപ്പോഴും ക്ഷണിച്ചിരുന്നു. അതും സാധിച്ചില്ല. പലതും പങ്കുവെക്കാനുണ്ടായിരുന്നിരിക്കും. പക്ഷേ ഞാന്‍ വൈകിപ്പോയി.

സാമൂഹ്യപ്രശ്‌നങ്ങളെ, അതിലുപരി മനുഷ്യജീവിതങ്ങളെ പരമ പ്രധാനമായി പരിഗണിക്കുന്ന മാഷിന് അവസാന ദിനങ്ങളില്‍ ജീവിക്കലായിരുന്നിരിക്കും കഠിനം. കടുത്ത ഏകാന്തതയെ എത്രയോ പേരോട് പങ്കുവെച്ച് കാണും, എഴുതിക്കാണും, യാത്ര ചെയ്തു കാണും. ഒരുപക്ഷേ പ്രൊഫഷണല്‍ സഹായം പോലും തേടിക്കാണും, കളരി ചെയ്തു കാണും, പലരെയും കൈയയച്ചു സഹായിച്ചു കാണും, കണ്ണീരൊപ്പിക്കാണും, കടല്‍ത്തിരകള്‍ കണ്ടു കേട്ടിരുന്നിട്ടുണ്ടാവും, ധ്യാനിച്ചിരുന്നിട്ടുണ്ടാവും.. അദ്ദേഹത്തെ പോലൊരാള്‍ സ്വന്തം ജീവിതത്തെ എറിഞ്ഞു കളയില്ലെന്ന് വിശ്വസിക്കാനാണിഷ്ടം.

ബേബി മാഷ് നടന്ന വഴികള്‍, മാറ്റിയ ചിന്താ രീതികള്‍, ഇടപെട്ട മേഖലകള്‍, പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍, നിലനിര്‍ത്തിയ ആത്മവിശ്വാസങ്ങള്‍, വഴിതെളിച്ച ആലോചനകള്‍ ഇവയെല്ലാം എന്നുമുണ്ടാവും

'എങ്ങനെ മനുഷ്യര്‍ക്കിങ്ങനെ ചെയ്യാനാവുന്നു? ആനിക്കതാണ് മനസ്സിലാവാത്തത്. മനുഷ്യര്‍ക്ക് ഇത്രമാത്രം മനുഷ്യത്വമില്ലാത്തവരാകാന്‍ പറ്റുമോ? 'ഗുഡ് ബൈ മലബാറില്‍ ഒരിടത്തു ആനി നിരാശപ്പെടുന്നു.

ബേബി മാഷ് നടന്ന വഴികള്‍, മാറ്റിയ ചിന്താ രീതികള്‍, ഇടപെട്ട മേഖലകള്‍, പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍, നിലനിര്‍ത്തിയ ആത്മവിശ്വാസങ്ങള്‍, വഴിതെളിച്ച ആലോചനകള്‍ ഇവയെല്ലാം എന്നുമുണ്ടാവും. മാഷ് നല്‍കിയ സ്‌നേഹത്തിനും കരുണയ്ക്കും ഒരു കാലഘട്ടത്തിന്റെ ആര്‍ദ്രത കൂടെയുണ്ട്. അതിജീവിക്കുന്ന വയനാടിനും നാടില്ലാത്തവര്‍ക്കും മാഷിന്റെ സംഗീതവും ആത്മാവും കൂട്ടായിരിക്കും.

ഗുഡ് ബൈ മലബാറില്‍ നിന്നുതന്നെ വീണ്ടും

ആനി സ്ഥലംമാറ്റത്തിന്റെ കാര്യം പറഞ്ഞു. അവര് അത്രയും പ്രതീക്ഷിച്ചില്ല. അവരുടെ മുഖങ്ങള്‍ മങ്ങി. 'നാളെ നിങ്ങളും വേറെവിടേക്കെങ്കിലും പോകില്ലേ? മാറിമാറിപ്പോകുന്ന ഒരു ജീവിതമല്ല നമ്മുടേത്? ആ ജീവിതയാത്രക്കിടയില്‍ ഇതിനും ശ്രമിച്ചൂടെ?' ആനി ഉറക്കെ ചോദിച്ചു.

'ശ്രമിക്കാം ചേച്ചീ ...' അവരില്‍ ചിലര്‍ വിളിച്ചുപറഞ്ഞു. അത് കേട്ടതോടെ ആനിക്കു കുറച്ചു പ്രതീക്ഷയായി. ഒരു കുഞ്ഞെങ്കി ഒരു കുഞ്ഞു രക്ഷപ്പെടട്ടെ.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍