നോവല്‍ എന്ന ഇറ്റാലിയന്‍ ഭാഷയില്‍ നിന്ന് ഉത്ഭവമുള്ള വാക്കിന്റെ അര്‍ഥം പുതുമ അഥവാ നൂതനത്വം എന്നാണല്ലോ. അതിന്റെ പൂര്‍ണതയിലുള്ള എല്ലാ അര്‍ഥത്തിലും മികച്ച കൃതിയാണ് ഷെഹാന്‍ കരുണ തിലകയുടെ ' ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മൈദ '. ഇതിവൃത്തം,ആഖ്യാനശൈലി, ആവിഷ്‌കാരം, പാത്രഘടന എന്നിങ്ങനെ എല്ലാ രീതികളിലും നോവല്‍ ഉദാത്തമായ മികവ് പുലര്‍ത്തുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ഒരെഴുത്തുകാരന് ബുക്കര്‍ സമ്മാനം കിട്ടുന്നത് രണ്ടാമത്തെ തവണയാണ്. കാനഡയില്‍ കഴിയുന്ന മൈക്കല്‍ ഒന്താജെ എന്ന ശ്രീലങ്കന്‍ വംശജനാണ് ആദ്യം ബുക്കര്‍ സമ്മാനം കിട്ടുന്നത്,1992 ല്‍ ' ദി ഇംഗ്ലീഷ് പേഷ്യന്റ് എന്ന നോവലിന്. ഷെഹാന്‍ കരുണതിലകയ്ക്ക് തന്റെ രണ്ടാമത്തെ നോവലിന് ബുക്കര്‍ സമ്മാനം കിട്ടുമ്പോള്‍ ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യത്തിന് കിട്ടുന്ന രണ്ടാം പുരസ്കാരമാണത്.
ചുരുക്കപ്പട്ടികയില്‍ നിന്നുള്ള നാല് നോവലുകള്‍ വായിച്ചയാളെന്ന നിലയില്‍ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മൈദ ബഹുദൂരം മുന്നിലാണ്, സാഹിത്യസംബന്ധിയായ ഏത് മാനദണ്ഡം വെച്ച് നോക്കിയാലും. 2000 ത്തില്‍ ' സോള്‍ മൗണ്ടന്‍ ' എന്ന നോവലിന് നോബല്‍ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരന്‍ ഗിഷ് ജെന്‍ (ചൈനയില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹം ഫ്രാന്‍സിലാണ് പൗരത്വം നേടിയത്) ആണ് ഏറ്റവും ഫലപ്രദമായി ദ്വിതീയ പുരുഷനിലൂടെ ആഖ്യാനം നടത്തിയത്; നോവലിസ്റ്റ് 'നിങ്ങളി'ലൂടെ (മുഖ്യകഥാപാത്രം) ആവിഷ്‌കാരം നടത്തുന്നു. സെഹാന്‍ കരുണതിലകയും അതേ രീതിയില്‍ തന്നെ ആഖ്യാനം നടത്തുന്നു. മാത്രവുമല്ല, മറ്റ് രചനാസങ്കേതങ്ങളും അദ്ദേഹം ഒരു പക്ഷേ നോബല്‍ സമ്മാനത്തിനേക്കാള്‍ മികവുറ്റ രീതിയില്‍ പ്രയോജനപ്പെടുത്തുന്നു.
സോള്‍മൗണ്ടനിലെ ആഖ്യാതാവ് സഞ്ചാരിയാണ്. ഇതിലാകട്ടെ 31 വയസ്സുള്ള ഒരു പ്രേതാത്മാവും.തന്റെ മരണത്തിന്റെ കാരണമന്വേഷിക്കുകയാണ് പ്രേതാത്മാവ്. മഹാകാളിയില്‍ വിലയം പ്രാപിക്കുന്നതിന് മുമ്പ് ഏഴു രാത്രികളേ (ചന്ദ്രിക) കഥാപാത്രത്തിന് ഇതിനായി കിട്ടുന്നുള്ളു. മറ്റൊരു ലോകത്തേക്കുള്ള യാത്രയുടെ 'വിസ' കിട്ടുന്ന ഓഫീസിലാണ് കഥ തുടങ്ങുന്നത്. അത് മില്‍ട്ടണ്‍ കവിതയിലെ പിശാചുക്കളുടെ ആസ്ഥാനമാണ്. താന്‍ മരിച്ചിരിക്കുന്നുവെന്ന് മാലി മനസ്സിലാക്കുന്നില്ല എന്നാണ് നാം കരുതുന്നത്. ലഹരി മരുന്നുകളുടെ അടിമയും സ്വവര്‍ഗഭോഗിയുമാണ് മാലി, അയാള്‍ ദൈവ നിഷേധിയാണ്. ഉപജീവനത്തിനായി അദ്ദേഹം ഫോട്ടോഗ്രാഫറുടെ ജോലി ചെയ്യുന്നു, പല അന്തര്‍ ദേശീയ മാധ്യമസ്ഥാപനങ്ങള്‍ക്കും വേണ്ടി. ധാരാളം പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും അതൊക്കെ ചൂത് കളിച്ച് തുലയ്ക്കുന്നു.
മുഖ്യകഥാപാത്രമായ മാലി ഒരു തരത്തിലും വായനക്കാരന് പ്രിയങ്കരനാവുകയില്ല. പക്ഷേ അയാളുടെ ഫോട്ടോകള്‍ ശ്രീലങ്കയുടെ ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങളെ ലോകത്തിന് മുമ്പിലെത്തിച്ചാല്‍ അവ രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റുമെന്ന് അയാള്‍ കരുതുന്നു. ആര്‍ക്കുവേണ്ടിയും അയാള്‍ ചിത്രങ്ങളെടുക്കും. ശ്രീലങ്കന്‍ ഭരണകൂടത്തിന് വേണ്ടിയോ, ഇന്ത്യന്‍ സമാധാന ദൗത്യ സേനയ്ക്ക് വേണ്ടിയോ , കമ്മ്യൂണിസ്റ്റുകാരായ ജനതാ വിമുക്തി പെരുമനക്ക് വേണ്ടിയോ, എല്‍ടിടിക്ക് വേണ്ടിയോ.1980കളിലെ ആഭ്യന്തര സമരങ്ങളാല്‍ രക്തരൂഷിതമായ ശ്രീലങ്കയുടെ പരിഛേദമാണ് നോവല്‍ കാഴ്ചവെക്കുന്നത്.
അതിനപ്പുറം, 21ാം നൂറ്റാണ്ടില്‍ അതിനിഷ്ഠൂരമായ രീതിയിലുള്ള വംശഹത്യയില്‍ അവസാനിച്ച കാലം വരെയുള്ള ചരിത്രം പല കഥാപാത്രങ്ങളിലൂടെയും നോവല്‍ അവതരിപ്പിക്കുന്നു. കഥാപാത്രത്തിനപ്പുറം നോവലിസ്റ്റിന്റെ തന്നെ വിവരണങ്ങള്‍ ഭാവനക്കപ്പുറം യാഥാര്‍ഥ്യത്തിലേക്ക് കടക്കുമ്പോള്‍ രക്തരൂഷിതമായ, ഭൂരിഭാഗം ബുദ്ധമതവിശ്വാസികളായ ഒരു രാജ്യത്തിന്റെ ധാര്‍മികമായ അധഃപതനമാണ് വായനക്കാരനെ ഉലയ്ക്കുന്നത്. അതിനായി ആക്ഷേപഹാസ്യത്തിന്റെ നിറക്കൂട്ടുകളില്‍ നോവലിനെയും കഥാപാത്രങ്ങളെയും ആഴ്ത്തുന്നു.
തന്റെ ഫോട്ടോകള്‍ ശ്രീലങ്കയിലെ കലാപങ്ങളും രക്തചൊരിച്ചിലും നിര്‍ത്തുമെന്നും, ഭരണകൂടത്തെ അട്ടിമറിക്കുമെന്നും മാലി കരുതുന്നു, കാരണം അത്രയും ഭീകരമായ ചിത്രങ്ങളാണ് മാലിയുടെ കൈവശമുള്ളത്. ബീഭത്സതയും മനുഷ്യക്രൂരതയുടെ മൂര്‍ത്തഭാവങ്ങളും ഉള്ള ചിത്രങ്ങളായതിനാല്‍, അവയില്‍ മനുഷ്യക്കുരുതിയില്‍ പങ്കെടുക്കുന്ന ഭരണാധികാരികളുടെ ചിത്രങ്ങളുള്ളതിനാല്‍, അവ വെളിച്ചം കാണണമെന്ന് മാലി ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. കുടുംബവീട്ടിലാണ് അവ ഒളിപ്പിച്ചിരിക്കുന്നത്. സുഹൃത്തായ ജക്കിയുടേയും അവരുടെ ബന്ധുവിന്റേയും സഹായത്തോടെ അവ കൊളംബോയിലെത്തിക്കണം.
ലഹരി മരുന്നുകളുടെ അടിമയായതിനാല്‍ ഏതോ സുഹൃത്ത് നല്കിയ ഗുളികകളുടെ മയക്കത്തില്‍ നിന്ന് താന്‍ ഉണര്‍ന്നതാണെന്നാണ് പ്രേതാത്മാവ് ആദ്യം കരുതുന്നത്. അയാളുടെ കൊലപാതകത്തിന്റെ ചുരുള്‍ പിന്നീട് അഴിയുന്നുണ്ട്. മരിച്ച ആത്മാവുകള്‍ മറ്റൊരു ലോകത്തിലേക്ക് പോകുന്നതിന് മുമ്പായി ഭൂമിയില്‍ ചുറ്റിത്തിരിയേണ്ടിവരുന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്റെ ശാരീരീക മരണത്തിന്നുത്തരവാദിയെ കണ്ടുപിടിക്കുന്ന ദൗത്യത്തിലാണ് മാലിയുടെ പ്രേതാത്മാവ്. അതിനുള്ള വേദിയിലെത്തുമ്പോള്‍ അയാള്‍ അറിയുന്നു, പരലോകജീവിതം ഒരു നികുതി ആപ്പീസ് പോലെയാണ്, ഒരോരുത്തര്‍ക്കും അവരവരുടെ വിഹിതം വേണം. കൈകാലുകളില്ലാത്ത ജഡങ്ങളുടെയും, രക്തംപുരണ്ട വസ്ത്രങ്ങളുള്ളവരുടേയും ആത്മാവുകളുടെ നീണ്ട ക്യൂവിലാണയാള്‍.
നിത്യേന അപ്രത്യക്ഷരാവുന്ന, മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ പ്രേതാത്മാക്കള്‍ മാലിയെ പൊതിയുന്നു. മരിച്ചുവെന്നറിഞ്ഞപ്പോഴാണ് അയാള്‍ തന്റെ ഉന്മൂലനത്തെക്കുറിച്ചറിയാന്‍ ഏഴ് ദിവസത്തെ അയനത്തിന് പുറപ്പെടുന്നത്. ഏഴ് ദിവസം കഴിഞ്ഞാല്‍ എല്ലാം മറക്കും.അതിനിടയില്‍ തന്നെ കാര്യങ്ങളുടെ നിജസ്ഥിതി അറിയണം. കൊളംബോവിലെ ജനസംഖ്യ കൂടുതലാണ്, പക്ഷേ അവിടത്തെ പ്രേതങ്ങളുടെ കൂടി കണക്കെടുക്കുമ്പോള്‍ അത് ഭീകരമാണ് എന്ന് വായനക്കാരന് ബോധ്യമാവുന്നു. ഒരു നാള്‍ പ്രേതങ്ങള്‍ മാത്രം ബാക്കിയാവുമെന്ന സൂചനയുമുണ്ട്.
ഏഴ് ദിവസങ്ങളിലായാണ് നോവലിലെ ഇതിവൃത്തം.പ്രമുഖ ജാപ്പനീസ് നോവലിസ്റ്റായ ഹരൂകി മുനാകാമിയുടെ ഏതാണ്ടെല്ലാ നോവലുകളിലും അടരുകളിലാണ് ഇതിവൃത്തം ആവിഷ്‌ക്കരിക്കപ്പെടുന്നത്. അറകള്‍ക്കുള്ളിലെ ഉള്ളറകളുടെ അടരുകളായി.അതിനോട് വിദൂര സാമ്യമുള്ളവയാണ് ഏഴ് ചന്ദ്രികകളിലെ ചിത്രീകരണം. ഓരോ അടരും നാടകീയത നിറഞ്ഞതാണ്, അവയുടെ മാനങ്ങള്‍ പാഠനീയമാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാറുമ്പോള്‍ വായനക്കാരന്റെ സംവേദനത്വവും മനോന്മീലനവും ഒരു പ്രത്യേക രീതിയിലെത്തും.
ആക്ഷേപഹാസ്യ ചിത്രീകരണത്തില്‍ വേദനാജനകമാണ് സന്ദര്‍ഭങ്ങള്‍, നിക്കൊളായ് ഗൊഗോളിന്റെ ഡെഡ് സോള്‍സിലെ ബറിയലിസവും കുര്‍ത്ത് ഫോണ്‍ഗുര്‍ത്തിന്റെ (ജര്‍മ്മന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെയും മറ്റ് എഴുത്തുകാരെയും ഓരോ 'ചന്ദ്രിക' (അദ്ധ്യായങ്ങള്‍)യിലും നോവലിസ്റ്റ് ഉദ്ധരിക്കുന്നുണ്ട്, ഉള്ളടക്ക സൂചന നല്‍കുന്നതിനായി.
ശ്രീലങ്കന്‍ ഭാഷാശൈലി സംഭാഷണങ്ങളുടെ പ്രത്യേകതയാണ്. ശവപ്പറമ്പുകളിലെ ഭീതിദമായ പരിഹാസശൈലി, കയ്പും ഭീകരതയുമുണര്‍ത്തുന്ന ജീവിതത്തിന്റെ ഭൂതകാലവും അതിന്റെ ഓര്‍മകളും, എല്ലാ അര്‍ഥത്തിലും നോവല്‍ ശ്രീലങ്കയുടെ അധഃപതനത്തിന്റെ ചരിത്രമാണ് പറയുന്നത്. നന്മയുടെ അംശം നോവലില്‍ ഇല്ലെന്ന് തന്നെ പറയാം. ജീവികള്‍ക്ക് പുനര്‍ജന്മമുണ്ടോ, ഉണ്ടെങ്കില്‍ മനുഷ്യനായി ജനിക്കാനാണോ ശപിക്കപ്പെട്ടിരിക്കുന്നത് തുടങ്ങിയ വാക്യങ്ങള്‍ അഭിശപ്തമായ ജനസമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ദുരന്തങ്ങളെ ഹാസ്യത്തിന്റെ മൂര്‍ച്ചയോടെ ഇത്രയും മികവുറ്റതാക്കാന്‍ പത്ത് കൊല്ലമെടുത്തു എന്ന് ഒരഭിമുഖത്തില്‍ കരുണതിലക പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ രചനയായ 'ചൈനാമാന്‍' ക്രിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും മികച്ച രചനയായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. രൊമേഷ് ഗുണശേകരയുടെ 'ദി മാച്ച്' ക്രിക്കറ്റിനെക്കുറിച്ചുള്ള കൂടുതല്‍ മെച്ചപ്പെട്ട നോവലാണ്. രണ്ടിനും വ്യത്യസ്തമാനങ്ങളുണ്ട്. മാലിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം നോവലിന്റെ അവസാനഭാഗത്ത് വ്യക്തമാവുന്നുണ്ട്. ശ്രീലങ്കന്‍ ഭരണകൂടത്തിലെ ഏക തമിഴ് മന്ത്രിയുടെ മകന്‍ ഡിലാനുമായി മാലിക്ക് സ്വവര്‍ഗ പ്രേമമുണ്ട്. അതവസാനിപ്പിക്കാന്‍ മന്ത്രി തന്റെ കിങ്കരന്മാരോടൊപ്പം ഒരു ഹോട്ടലില്‍ മാലിയെ ബന്ധിക്കുന്നു. അയാള്‍ വഴങ്ങുന്നില്ല. ഒടുവില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്ന മാലിയുടെ ശവശരീരം കൊളംബോയിലെ ബെയ്‌റ തടാകത്തിലേക്ക് വലിച്ചെറിയുന്നു. കാണാതായ മകനെ അന്വേഷിച്ച് മാലിയുടെ അമ്മയും ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.
ശ്രീലങ്കയുടെ മരണത്തേരാളികളായ ഭരണകൂട ഉദ്യോഗസ്ഥരുടെ അഴിമതി, പോലീസുകാരുടെ ഭീകരതയും അഴിമതിയും, സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍,വാടകക്കൊലയാളികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മാലിന്യങ്ങളെയും അതിരൂക്ഷമായ പരിഹാസത്തോടെ നോവല്‍ ചിത്രീകരിക്കുന്നു. ജെവിപിയുടെ ആശയങ്ങളോടനുഭാവമുള്ളതിനാലാണ് മാലിയെ അപ്രത്യക്ഷനാക്കിയതെന്ന് അന്വേഷകരില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. വാവുനിയയിലെ ബാരക്കുകളില്‍ തമിഴ് പുലികളുടെ ആഭ്യന്തരസംഘട്ടനങ്ങള്‍, കുട്ടിപ്പട്ടാളങ്ങളോടും നാട്ടുകാരോടുമുള്ള ക്രൂരത, ഇവയൊക്കെ ദൈന്യത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രീകരണങ്ങളാണ്. ഭരണകൂടത്തിലിരിക്കുന്നവരെപ്പറ്റി, സര്‍വ്വശക്തികളും കൂടിച്ചേര്‍ന്ന് ഒരു സമൂഹത്തെ നാശോന്മുഖമാക്കിയതിന്റെ കഥ പല വായനകളിലൂടെ മാത്രമേ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവൂ.