FOURTH SPECIAL

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ദിന തലവേദനകൾ

2012 ലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് മുതൽ ഇപ്പോഴിതാ ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിലും ആ പതിവ് തെറ്റിയില്ല. രാവിലെ തന്നെ സിപിഎം പണി വാങ്ങിയിരിക്കുന്നു

സനൂബ് ശശിധരൻ

തിരഞ്ഞെടുപ്പ് ദിനം ഇപ്പോൾ കേരളത്തിൽ സിപിഎമ്മിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. ജനം ബൂത്തിലേക്കു പോകുന്നതിന്റെ ആദ്യമണിക്കൂറിൽ തന്നെ എന്തെങ്കിലുമൊരു വിവാദം പൊട്ടിവീഴും. അതോടെ മാധ്യമങ്ങളും നേതാക്കളും പ്രതിപക്ഷവുമെല്ലാം അതിനു പിന്നാലെ പോകും. തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അന്നുവരെ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്ത് സിപിഎം ഉണ്ടാക്കിയ മൈലേജ് എല്ലാം അതോടെ തീരും.

2012 ലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് മുതൽ ഇപ്പോഴിതാ ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിലും ആ പതിവ് തെറ്റിയില്ല. രാവിലെ തന്നെ സിപിഎം പണി വാങ്ങിയിരിക്കുന്നു. എതിർപക്ഷത്തോടും മാധ്യമങ്ങളോടും മറുപടി പറഞ്ഞ് നേതാക്കൾ വലഞ്ഞിരിക്കുന്നു. അതാണ് കാഴ്ച.

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ്

2012 ജൂൺ രണ്ടിനായിരുന്നു നെയ്യാറ്റിൻകരയിലെ ഉപതിരഞ്ഞെടുപ്പ്. സിപിഎം എംഎൽഎയായിരുന്ന ആർ ശെൽവരാജ് പാർട്ടിവിട്ടതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പാർട്ടിവിട്ട ശെൽവരാജ് കോൺഗ്രസിൽ ചേർന്ന് സ്ഥാനാർത്ഥിയായി. അതോടെ ഉപതിരഞ്ഞെടുപ്പിന് വാശിയും വീറും ഏറി. കോൺഗ്രസിന്റെ കുതിരക്കച്ചവടരാഷ്ട്രീയവും ശെൽവരാജിൻറെ രാഷ്ട്രീയ ധാർമികതയും പറഞ്ഞ് സിപിഎം കളം പിടിക്കുന്നതിനിടെയായിരുന്നു ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം.

വി എസ് കെ കെ രമയെ ആശ്വസിപ്പിക്കുന്നു

സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ രാഷ്ട്രീയക്കൊലപാതകം നെയ്യാറ്റിൻകരയിൽ തിരിച്ചടിയാകുമെന്ന് പാർട്ടിക്ക് ഉറപ്പായിരുന്നു. എന്നാൽ അതിനേക്കാളേറെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ വോട്ടെടുപ്പ് ദിനത്തിൽ ടിപിയുടെ വീട്ടിലേക്കു നടത്തിയ സന്ദർശനമായിരുന്നു. തന്നോട് എന്നും അടുപ്പം പുലർത്തിയിരുന്ന ടിപിയുടെ വീട്ടിൽ പോയി അമ്മയെയും വിധവയായ കെകെ രമയെയും മകനെയും കാണാൻ വിഎസ് ആ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്തിനായിരുന്നുവെന്നത് ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമാണ്.

അന്ന് ദൃശ്യമാധ്യമങ്ങളെല്ലാം ഡിഎസ്എൻജിയുമായി ടിപിയുടെ ഒഞ്ചിയത്തെ വീട്ടിലേക്കു പാഞ്ഞു. വാർത്താമാധ്യമങ്ങളിലും സാമൂഹമാധ്യമങ്ങളിലുമെല്ലാം വിഎസ് രമയെ ആശ്വസിപ്പിക്കുന്ന ദ്യശ്യം നിറഞ്ഞുനിന്നു. ആ ദിവസം അങ്ങനെ ടിപി എന്ന രക്തസാക്ഷിത്വത്തിലേക്കു ചുരുങ്ങി. ഫലം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തോൽവി.

2021 നിയമസഭ തിരഞ്ഞെടുപ്പ്
തുടർച്ചയായ രണ്ടാം ഊഴം ഉറപ്പിച്ച് സിപിഎം വീണ്ടും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത് 2021 ഏപ്രിൽ ആറിന്. വർധിത ആത്മവിശ്വാസത്തോടെയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിവാദങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും ഏറ്റവും അവസാനം വരെ നിറഞ്ഞുനിന്നത് മേഴ്സികുട്ടിയമ്മയ്‌ക്കെതിരെ ഉയർന്ന ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദമായിരുന്നു.

ജെ മേഴ്സിക്കുട്ടിയമ്മ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഉയർന്നുവന്ന വിവാദത്തിൽ കുണ്ടറയിൽ മേഴ്സികുട്ടിയമ്മയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കരാർ നേടിയ ഇ എം സി സി  കമ്പനി ഉടമ തന്നെ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ ആക്രമിക്കാൻ ശ്രമം നടന്നുവെന്നാരോപിച്ച് ഷിജു രംഗത്തെത്തി. സ്വയം പെട്രോൾ ഒഴിച്ച് കത്തിക്കാനും ഷിജു ശ്രമം നടത്തി. ഈ വിവാദം പക്ഷെ മറ്റിടങ്ങളിൽ സിപിഎമ്മിനു വലിയ ക്ഷീണം വരുത്തിയില്ലെങ്കിലും പാർട്ടിയുടെ ശക്തികേന്ദ്രമായ കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ അപ്രതീക്ഷിത പരാജയത്തിനു വഴിവെച്ചു. ഒന്നാം പിണറായി സർക്കാരിൽനിന്ന് മത്സരിക്കാനിറങ്ങി പരാജയപ്പെട്ട ഏക മന്ത്രിയായി മേഴ്സിക്കുട്ടിയമ്മ.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ ചേലക്കരയിൽ ഈ വിവാദം വിനയായാൽ അത് സിപിഎമ്മിനു വല്ലാത്ത ക്ഷീണമാവും. പ്രത്യേകിച്ചും പാലക്കാട് കൂടി വിജയിച്ച് സഭയിൽ സെഞ്ച്വറി തികയ്ക്കാമെന്ന് വ്യാമോഹിക്കുന്ന സമയത്ത്

2024 ലോക്സഭ തിരഞ്ഞെടുപ്പ്
ഈ വർഷം ഏപ്രിൽ 26 ന് ഒറ്റഘട്ടമായി കേരളം ബൂത്തിലേക്ക് പോയപ്പോഴും തിരഞ്ഞെടുപ്പ് ദിനത്തിലെ തലവേദന സിപിഎമ്മിനെ കൈവിട്ടില്ല. ഇത്തവണ കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജൻറെ രൂപത്തിലായിരുന്നുവെന്ന് മാത്രം. എക്കാലവും പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഇപി, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് വിവാദമായത് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ്. എന്നാൽ ആ വിവാദങ്ങൾക്കെല്ലാം പിണറായി വിജയനും ഇപിയും മാധ്യമങ്ങളോട് പ്രതികരിക്കാൻ തിരഞ്ഞെടുത്തതു വോട്ടെടുപ്പ് ദിനവും.

ഇ പി ജയരാജന്‍, പ്രകാശ് ജാവദേക്കർ

രാവിലെ ബൂത്തിലെത്തിയ ഇപി ആദ്യ വെടിപൊട്ടിച്ചു. ജാവദേക്കറെ കണ്ടെന്നും അതിൽ രാഷ്ട്രീയമില്ലായിരുന്നുവെന്നുമായിരുന്നു ഇപിയുടെ വാദം. എന്നാൽ പിന്നാലെ ധർമടത്തെ തിരഞ്ഞെടുപ്പ് ബൂത്തിന് മുന്നിൽ വെച്ച് മാധ്യമങ്ങളോട് ദീർഘമായി സംസാരിച്ച പിണറായി വിജയൻ പക്ഷേ പ്ലേറ്റ് തിരിച്ചുവെച്ചു. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയെന്നായിരുന്നു ഇപിയെ തള്ളി പിണറായി നടത്തിയ പ്രസ്താവന. ഇതോടെ ഇപിയെ സിപിഎം തള്ളിയെന്ന രീതിയിലായി മാധ്യമവാർത്തകൾ. വോട്ടെടുപ്പ് ദിനം മുഴുവനും ഇപിയുടെ ബിജെപി ബന്ധവും ദല്ലാൾ നന്ദകുമാറുമായുളള ബന്ധവുമെല്ലാം അന്ന് മുഴുവനും ചർച്ചയായി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ  ആലത്തൂർ ഒഴികെ 19 മണ്ഡലങ്ങളിലും സിപിഎമ്മിനു വൻ തോൽവി.

2024 വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്  
ചരിത്രം വീണ്ടും ആവർത്തിക്കുന്നു. ഇന്ന് ചേലക്കര നിയമസഭ മണ്ഡലത്തിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി വിവാദമെത്തി. ഇത്തവണയും ഇപി തന്നെയാണ് വിവാദകേന്ദ്രം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട നാൾ മുതൽ ഇപി ജയരാജൻ എഴുതിതുടങ്ങിയ ആത്മകഥ പ്രകാശനത്തിന് പ്രസാധകരായ ഡി സി ബുക്‌സ് തിരഞ്ഞെടുത്തത് വോട്ടെടുപ്പ് ദിനം. പുസ്തകത്തിലെ ഭാഗങ്ങൾ എന്നപേരിൽ പുറത്തുവന്നവ സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി.

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി പി സരിനെതിരെ ഉൾപ്പെടെയുള്ള പരാമർശങ്ങൾ പാർട്ടിയുടെ സാധ്യതതന്നെ തല്ലിക്കെടുത്താൻ പാകത്തിലുള്ളതാണ്.  താൻ എഴുതാത്തതാണ് പുസ്തകത്തിലെന്നാണ് ഇപി പറയുന്നത്. ഒപ്പം തൻറെ ആത്മകഥയുടെ പണി പൂർത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ രാഷ്ട്രീയഗൂഢാലോചനയെന്നുമാണ് ഇപിയുടെ വിശദീകരണം. പുസ്തകത്തിന്റെ കവർ പോലും തീരുമാനിച്ചിട്ടില്ലെന്ന് ഇപി അവകാശപ്പെടുമ്പോഴാണ് 'കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്യൂണിസ്റ്റിൻറെ ജീവിതം' എന്ന പേരിൽ പുസ്തകം പുറത്തിറങ്ങുന്നത്. വിവാദമായതോടെ പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചു. എന്നാൽ വിവാദം മാത്രം വാർത്തകളിൽ നിറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് മുതൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വരെ വിവാദത്തോട് പ്രതികരിച്ച് മടുത്തു. അങ്ങനെ ഈ തിരഞ്ഞെടുപ്പ് ദിനവും സി.പി.എമ്മിന് വയ്യാവേലി ഒഴിയാത്ത മറ്റൊരുദിവസമായി മാറി.

ഈ തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ വോട്ടെടുപ്പ് ദിനത്തിലെ വിവാദങ്ങൾ സി.പി.എമ്മിനെ വല്ലാതെ വലച്ചിട്ടുണ്ട്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാത്രമാണ് മറിച്ചൊരു ഫലം ഉണ്ടായത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ ചേലക്കരയിൽ ഈ വിവാദം വിനയായാൽ അത് സിപിഎമ്മിനു വല്ലാത്ത ക്ഷീണമാവും. പ്രത്യേകിച്ചും പാലക്കാട് കൂടി വിജയിച്ച് സഭയിൽ സെഞ്ച്വറി തികയ്ക്കാമെന്ന് വ്യാമോഹിക്കുന്ന സമയത്ത്.

മാറ്റിവെച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20 ന് നടക്കാനുണ്ട്. അന്ന് എന്ത് ബോംബാണ് സിപിഎമ്മിനുമേൽ ഇടിത്തീയായി പതിക്കാനിരിക്കുന്നത്. കാത്തിരുന്നു കാണണം.

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി

'ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു'; ആരോപണവുമായി കനേഡിയൻ മാധ്യമം

സൗരയൂഥത്തിന് പുറത്ത് ശിശു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍; മുപ്പത് ലക്ഷം വര്‍ഷത്തെ പഴക്കമെന്ന് നിരീക്ഷണം

കാലിഫോര്‍ണിയെയും സമീപ പ്രദേശങ്ങളെയും ആശങ്കയിലാഴ്ത്തി അന്തരീക്ഷ നദിക്കൊപ്പം 'ബോംബ് ചുഴലി'ക്കാറ്റും