അബ്ഡൊമിനൽ ഹിസ്ട്രക്ടമി (abdominal hysterectomy) എന്ന ശസ്ത്രക്രിയ ചെയ്യാനാണ് ലീലാമ്മ ജോസഫ് ഭർത്താവ് ജോസഫിനൊപ്പം 2003ൽ മുംബൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിലെ ഡോ. വൽസമ്മ ചാക്കോയെയാണ് കൺസൾട്ട് ചെയ്തത്. അബ്ഡൊമിനൽ ഹിസ്ട്രക്ടമി തന്നെ ചെയ്യണമെന്ന് മുംബൈയിലെ ഡോക്ടറുടെ നിർദേശമുണ്ടായിരുന്നിട്ടും ലീലാമ്മയുടെയും ജോസഫിന്റെയും അനുവാദം കൂടാതെ 2003 സെപ്റ്റംബർ 18ന് ഡോ. വൽസമ്മ ചാക്കോ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടത്തി. ഇതിന്റെ ഫലമായി ലീലാമ്മയ്ക്ക് ആന്തരിക ക്ഷതം സംഭവിച്ചു.
ഈ പിഴവ് മറച്ചുവച്ചുകൊണ്ട് വീണ്ടും അന്നേ ദിവസം ലാപ്രോസ്കോപ്പി വഴിയുണ്ടായ ക്ഷതങ്ങൾ അകറ്റാൻ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുന്നു. ഇതിന്റെ ഫലമായി മുറിവുകൾ തീവ്രമാകുന്നു. ആദ്യ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് നികത്താനായി പിന്നീടുള്ള ഒന്നര വർഷത്തിൽ ലീലാമ്മയ്ക്ക് ചെയ്യേണ്ടി വന്നത് ഏഴോളം ശസ്ത്രക്രിയകളാണ്. ശേഷം ഡോ. വൽസമ്മ ചാക്കോയ്ക്കും അന്നത്തെ ജി ജി ഹോസ്പിറ്റൽ മാനേജ്മെന്റിനുമെതിരെ 2005ൽ ലീലാമ്മ സംസ്ഥാന ഉപഭോക്തൃ ഫോറത്തിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് 18 വർഷം നീണ്ട നിയമപോരാട്ടമായിരുന്നു. ഉണങ്ങാത്ത മുറിവുമായി സ്വന്തം ശരീരത്തോടും, നീതിക്കായി നിയമത്തോടും നടത്തിയ പോരാട്ടത്തിന്റെ കഥ ദ ഫോർത്തുമായി പങ്കുവയ്ക്കുകയാണ് ലീലാമ്മ ജോസഫ്.