FOURTH SPECIAL

പുകമൂടുന്ന ഡൽഹി; എയർ പ്യൂരിഫയറുകൾ ഇല്ലാത്ത റിക്ഷാവാലകളും ശുചീകരണ തൊഴിലാളികളും കഴിയുന്നത് എങ്ങനെ?

വായു മലിനീകരണം രൂക്ഷമാകുമ്പോൾ ഡൽഹിയിലെ വിവിധ തലത്തിലുള്ള മനുഷ്യരുടെ ജീവിതമെങ്ങനെ? ഇതിന് പരിഹാരമായി നിർദേശിക്കപ്പെട്ട ബദലുകൾ നടപ്പിലാവാത്തതെന്ത്? ഞങ്ങളുടെ പ്രതിനിധി സൗമ്യ ആര്‍ കൃഷ്ണ അന്വേഷിക്കുന്നു

സൗമ്യ ആർ കൃഷ്ണ

രാജ്യതലസ്ഥാന മേഖലയിൽ ഉൾപ്പെടുന്ന സോനിപത്തിലിരുന്നാണ് ഇത് എഴുതുന്നത്. ഡൽഹിയിൽനിന്ന് 50 കിലോമീറ്റർ ഇപ്പുറത്ത് ഹരിയാന അതിർത്തിയിലാണ് ഈ സ്ഥലം. വാർത്തകളിൽ നിറയുന്ന മലിനീകരണവും പുകമഞ്ഞുമൊക്കെ ഉണ്ടായി വരുന്നത് നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ മാറി, നഗരമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഗ്രാമപ്രദേശത്തിരുന്ന് കാണുകയായിരുന്നു. ഒക്ടോബറിലാണ് സോനിപത്തിലുള്ള സുഹൃത്തിൻറെ വീട്ടിലെത്തിയത്. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് മലിനീകരണ പ്രശ്നങ്ങളും തുടങ്ങുന്നത്.

എട്ടാം നിലയിലാണ് സുഹൃത്തിന്റെ അപാർട്‌മെന്റ്. വരാന്തയിൽനിന്ന് നോക്കിയാൽ എതിർവശത്ത് കിലോമീറ്ററുകളോളം നീളുന്ന പാടങ്ങളാണ്. വിളവെടുപ്പും മറ്റും അവിടെനിന്ന് കാണാമായിരുന്നു. ഒരാഴ്ച കഴിഞ്ഞുകാണും പാടത്തിന്റെ പല മൂലകളിലായി തീ കത്താൻ തുടങ്ങി. വിഷപ്പുകയും അതിലേക്ക് നയിക്കുന്ന കാരണങ്ങളുമൊക്കെ കഴിഞ്ഞ വർഷങ്ങളിലായി വായിച്ചറിഞ്ഞിരുന്നെങ്കിലും സംഭവിക്കുന്നതെന്തെന്ന് നേരിട്ടുകാണുന്നത് അപ്പോഴാണ്. വിളവെടുപ്പ് കഴിഞ്ഞ പാടത്തെ അവശിഷ്ടങ്ങൾ കത്തിക്കുകയാണ് കർഷകർ. ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും വിഷപ്പുകയുടെ വലിയ പങ്കിനും ഉത്തരവാദികൾ  കർഷകരാണെന്ന് പറയുമ്പോഴും ആ കർഷകർക്ക് എന്തായിരിക്കും ഇതേക്കുറിച്ച് പറയാനുള്ളതെന്ന് അറിയാൻ കൗതുകമുണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ അവരോട് ചോദിച്ച് മനസിലാക്കാൻ തീരുമാനിച്ചു. 

ഒക്ടോബർ ആദ്യ ആഴ്ചകളിലെ സോനിപത്

അവരുടെ ഉത്തരങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം: “കാർഷിക അവശിഷ്ടങ്ങൾ കത്തിക്കാതിരുന്നാൽ വലിയ നഷ്ടമാണ് ഉണ്ടാവുക. ആകെയുള്ള വരുമാനമാർഗമാണ് കൃഷി. അപ്പോൾ പിന്നെ ഞങ്ങളെന്ത് ചെയ്യും?  ഈ കളകളും അവശിഷ്ടങ്ങളും നശിപ്പിക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗമുള്ളതായി അറിയില്ല. പണച്ചെലവില്ലാതെ വളരെ പെട്ടെന്ന് അടുത്ത കൃഷിയിറക്കാനുള്ള നിലമൊരുക്കണമെങ്കിൽ ഈ വഴി മാത്രമേയുള്ളൂ. നാട്ടിൽ എല്ലാവർക്കും ആവശ്യത്തിനുള്ള ഭക്ഷണമുണ്ടാക്കണ്ടേ?”

ഞാൻ സംസാരിച്ച കർഷകർ കൂടുതലായും പച്ചക്കറികളാണ് നടുന്നത്. അതുകൊണ്ടുതന്നെ കാർഷിക അവശിഷ്ടം താരതമ്യേന കുറവാണ്. നെല്ലും ഗോതമ്പും മാറിമാറി നടുന്ന ഹരിയാനയിലെയും പഞ്ചാബിലെയും പാടങ്ങളിലാണ് വലിയ രീതിയിൽ കാർഷിക അവശിഷ്ടമുണ്ടാകാറുള്ളത്. കാർഷികോ ത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സർക്കാരുകൾ രാജ്യത്ത് പല പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അതിന്റെയൊക്കെ ഭാഗമായി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പ് പതിവ് രീതിയായി. വിളവെടുപ്പിനെടുത്ത സമയം പകുതിക്ക് പകുതിയായി കുറഞ്ഞു. പക്ഷേ അവിടെ കർഷകർക്ക് വെല്ലുവിളിയായത് ഈ കാർഷിക അവശിഷ്ടങ്ങളായിരുന്നു. അത് നിർമാർജനം ചെയ്യാൻ സർക്കാർ തന്നെ കണ്ടെത്തിയ മാർഗമാണ് കത്തിക്കുകയെന്നത്. അതിനായി കർഷകരെ പരിശീലിപ്പിക്കുകയും ചെയ്തു.

കത്തിക്കലിന് എന്താണ് ബദൽ? 

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കലിന്റെ പാരിസ്ഥിതിക ആഘാതം ചർച്ചയായത് മുതൽ പല വിദഗ്ധരും ഇതിന് ബദലുകളെക്കുറിച്ച് ആലോചിച്ചിരുന്നു. പല കാലങ്ങളിലായി ബദൽ മാർഗങ്ങൾ കണ്ടെത്തുകയും ചെയ്തു.  പുസ ബയോ ഡീകമ്പോസർ, ഹാപ്പി സീഡർ സങ്കേതങ്ങൾ ഈ വഴിയിലുള്ള മുന്നേറ്റങ്ങളാണ്. കാർഷിക അവശിഷ്ടങ്ങളെ വളമാക്കി മാറ്റുന്ന മൈക്രോബിയൽ ബയോ എൻസൈം ലായനിയാണ് പുസ ബയോ ഡീകമ്പോസർ. അവശിഷ്ടങ്ങളുള്ള സ്ഥലത്ത് തന്നെ തളിക്കുന്ന രീതിയിലാണ്  ഇത് വികസിപ്പിച്ചിരിക്കുന്നത്. ലായനി തളിച്ച ശേഷം വെള്ളമൊഴിച്ച് നിലമുഴുതിട്ട് 15 – 20 ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങൾ വളമായി മാറും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചാണ് ഈ ലായനി  വികസിപ്പിച്ചത്.  2020ൽ ലായനി സൗജന്യമായി കർഷകർക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ടില്ല. നാഷണൽ അഗ്രോ  ഇൻഡസ്ട്രീസ് വികസിപ്പിച്ച യന്ത്രമാണ് ഹാപ്പി സീഡർ. ട്രാക്ടറിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു നടീൽ യന്ത്രമാണിത്. മുൻകൂട്ടി നിലമൊരുക്കാതെ വൈക്കോൽ മുറിച്ച് ഉയർത്താനും ഗോതമ്പ് നേരിട്ട് മണ്ണിലേക്ക് വിതയ്ക്കാനും ഹാപ്പി സീഡറുപയോഗിച്ച് കഴിയും. വൈക്കോലുൾപ്പടെയുള്ള കാർഷിക അവശിഷ്ടം അടുത്ത വിളയ്ക്ക് വളമാവുകയും ചെയ്യും. സബ്‌സിഡി നിരക്കിൽ ഈ യന്ത്രം കർഷകർക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോഴിത് കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.

ഇതല്ലാതെ കാർഷിക അവശിഷ്ടങ്ങൾ സർക്കാർ തലത്തിൽ ശേഖരിച്ച് പുനരുപയോഗ സാധ്യമാക്കാനുള്ള വഴികളും പല വിദഗ്ധരും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും സർക്കാർ തലത്തിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നതായി അറിവില്ല. പത്ത് മിനുട്ടിലധികം പുറത്ത് നിന്നാൽ കണ്ണ് നീറ്റലും , തൊണ്ട കാറലും വരുന്നതാണ് ഇപ്പോൾ വിഷപ്പുക കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്. എന്നാൽ ഇതിലൊതുങ്ങില്ല പ്രത്യാഘാതം. ദീർഘകാലത്തേക്കുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പറയാൻ തുടങ്ങിയിട്ട് പത്ത് വർഷം പിന്നിട്ടു. അത്തരം ആരോഗ്യപ്രശ്നങ്ങൾ ആളുകളെ ബാധിച്ചുതുടങ്ങിയതും വളരെ അടുത്തുനിന്ന് കാണുന്നുണ്ട് ഇപ്പോൾ.

സാമ്പത്തിക ശാസ്ത്ര മേഖലയിൽ ഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്തുപോരുകയായിരുന്ന എന്റെയൊരു മലയാളി സുഹൃത്ത് കഴിഞ്ഞ വർഷം കഴുത്തിൽ വേദനയോടുകൂടിയ മുഴ കണ്ടതിനെത്തുടർന്നാണ് ചികിത്സ തേടിയത്.  ഇരുപത്തിയെട്ട് വയസ് മാത്രമുള്ള ആൾക്ക് ടിബി ആണെന്ന് കണ്ടെത്തി. താമസം ഡൽഹിയിലായിരുന്നുവെങ്കിൽ രോഗകാരണമന്വേഷിച്ച് അധികം പോകേണ്ടതില്ലെന്ന് ഡോക്ടർമാരും പറഞ്ഞു. മോശം വായുഗുണനിലവാരം ഡൽഹിയെ ടി ബി കാപിറ്റൽ ആക്കിയിരുന്നു. ഒടുവിൽ വർക്ക് ഫ്രം ഹോം സൗകര്യം വാങ്ങി സുഹൃത്ത് നാട്ടിലേക്ക് മടങ്ങി. വിഷപ്പുക ശ്വസിച്ചാൽ ഭാവിയിൽ എന്നെങ്കിലും സംഭവിക്കുമെന്ന് കരുതുന്ന പ്രശ്നങ്ങളെല്ലാം കണ്മുന്നിൽ കണ്ട് തുടങ്ങി. പക്ഷേ സർക്കാരും ജനങ്ങളും അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് തോന്നും ഡൽഹിയിലെ നിരത്തുകളിലിറങ്ങിയാൽ.

കാറിൽ സഞ്ചരിക്കുന്നവർക്കും ഓഫീസുകൾക്കുള്ളിലിരുന്ന് ജോലി ചെയ്യുന്നവർക്കും എയർ പ്യൂരിഫയർ ഉൾപ്പടെ പല ഉപാധികൾ ഉപയോഗിച്ച് ഒരു പരിധിവരെ വലിയ തോതിൽ ബാധിക്കപ്പെടാതെ മുന്നോട്ടുപോകാം. എന്നാൽ റിക്ഷാവാലകളും ശുചീകരണത്തൊഴിലാളികളും ഉൾപ്പടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും പൊതുനിരത്തിലിറങ്ങി ജോലി ചെയ്യുന്നവരുമാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. കോവിഡാനന്തരം ശ്വാസകോശ രോഗങ്ങൾ വലിയ രീതിയിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരുകൾക്കുണ്ട്.

പാടത്ത് കാർഷിക അവശിഷ്ടങ്ങൾ കത്തുന്നു

ശ്വാസം മുട്ടിയാലും പടക്കം പൊട്ടിക്കണം

ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഡൽഹിയിൽ ഈ മലിനീകരണം ഇത്ര വലിയ പ്രശ്നമായി മാറാനുള്ള കാരണം. ഹിമാലയത്തിൽനിന്നുള്ള തണുത്ത കാറ്റ് വായുവിനെ കട്ടിയുള്ളതാക്കുന്നു. വായു ശുദ്ധമാക്കാൻ കടലില്ല, ചുറ്റും മലകളാണ്. അത്രയും സങ്കീർണ സാഹചര്യങ്ങളുള്ള ഡൽഹിയുടെ പരിസ്ഥിതിക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വാഹനങ്ങൾ, നിർമാണപ്രവർത്തനങ്ങൾ തുടങ്ങി മലിനീകരണം രൂക്ഷമാക്കുന്ന കാരണങ്ങൾ അനവധിയാണ്. ഇതിനെക്കാളെല്ലാമുപരിയായി പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് പ്രധാന കാരണം ജനങ്ങൾക്കിടയിലെ അവബോധമില്ലായ്മയാണ്. ജീവിച്ചുപോരുന്ന പ്രദേശം ഗ്യാസ് ചേംബറായി മാറിയെന്ന് കേട്ടിട്ടും പടക്കം പൊട്ടിക്കുന്നത് നിർത്താൻ കഴിയാത്ത ആൾക്കൂട്ടം നിയന്ത്രിക്കപ്പെടേണ്ടത് തന്നെ.

ദീപാവലിക്ക് വീട്ടിൽ പോകുന്നത് ആലോചിക്കുമ്പോൾ പേടി തോന്നുന്നുവെന്ന് സോനിപത്തിൽ ജോലി  ചെയ്യുന്ന ഡൽഹി സ്വദേശിനിയായ മറ്റൊരു സുഹൃത്ത് പറഞ്ഞതും ഇതേ കാരണം കൊണ്ട് തന്നെ.  മറ്റ് കാരണങ്ങളെ അപേക്ഷിച്ച് വിഷപ്പുകയുണ്ടാക്കുന്നതിൽ ദീപാവലി പടക്കങ്ങൾക്കുള്ള പങ്ക് അത്ര വലുതല്ലെങ്കിൽപ്പോലും ഒഴിവാക്കാൻ പറ്റുന്നതെല്ലാം ഒഴിവാക്കി ശ്വാസവായു ശുദ്ധമാക്കേണ്ട സമയമാണിത്.

ഇതെഴുതി പൂർത്തിയാക്കുമ്പോഴും നിരോധിക്കപ്പെട്ട പടക്കങ്ങൾ വലിയ ശബ്ദത്തിൽ ചുറ്റും പൊട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്. ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് മാസ്കിട്ട് മൂടിക്കെട്ടിയ ആകാശം നോക്കാൻ മാത്രമേ നിലവിൽ ഡൽഹിക്കാർക്ക് കഴിയൂ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ