FOURTH SPECIAL

അന്ന് തോക്കേന്തിയ നക്സലൈറ്റ്, ഇന്ന് മന്ത്രി; തെലങ്കാനയുടെ സ്വന്തം സീതക്കയുടെ പോരാട്ട ജീവിതം

ഒരിക്കൽ തോക്കുമേന്തി അവിഭക്ത ആന്ധ്രാപ്രദേശിൽ പോരാട്ടം നടത്തിയ ചരിത്രമുള്ള നേതാവാണ് സീതക്ക എന്നറിയപ്പെടുന്ന ഡോ. ദനസരി അനസൂയ

വെബ് ഡെസ്ക്
ജനങ്ങളെ സേവിക്കുന്നതാണ് എനിക്ക് സന്തോഷം നൽകുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് അവർ എന്നെ തിരഞ്ഞെടുത്തത്, ആ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കാൻ ഞാൻ ശ്രമിക്കുന്നു

ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയം. ആയിരങ്ങളെ സാക്ഷിയാക്കി തെലങ്കാന എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയാണ്. 'ശ്രീമതി ദനസരി അനസൂയ സീതക്കഗാരു' എന്ന പേര് ചീഫ് സെക്രട്ടറി പറഞ്ഞപ്പോൾ സദസ്സ് ആർത്തലയ്ക്കുന്ന തിരമാല കണക്കെയായി. മറ്റൊരു നേതാവിനുമില്ലാത്ത കയ്യടികൾ. തങ്ങളുടെ പ്രിയ നേതാവ്, തെലങ്കാനയുടെ സ്വന്തം സീതക്കയോടുള്ള അടങ്ങാത്ത ബഹുമാനവും ഇഷ്ടവുമായിരുന്നു ഓരോ കയ്യടിയിലും നിഴലിച്ചുനിന്നത്.

ഒരിക്കൽ തോക്കുമേന്തി അവിഭക്ത ആന്ധ്രാപ്രദേശിൽ നക്സൽ പോരാട്ടം നടത്തിയ ചരിത്രമുള്ള നേതാവാണ് സീതക്ക എന്നറിയപ്പെടുന്ന ഡോ. ദനസരി അനസൂയ. മൂന്നാം തവണയാണ് മുലുഗ് മണ്ഡലത്തിൽനിന്ന് സീതക്ക തിരഞ്ഞെടുക്കപ്പെടുന്നത്. തൊണ്ണൂറ് കാലഘട്ടത്തിൽ പോലീസ് വെടിവെപ്പിൽനിന്ന് രക്ഷപ്പെടാൻ ഓടിക്കൊണ്ടിരുന്ന സീതക്ക ഇന്ന് തെലങ്കാനയിലെ പുതിയ മന്ത്രിസഭയിലെ അംഗമാണ്. നക്സലൈറ്റ് നേതാവിൽനിനിന്ന് അഭിഭാഷക, എം എൽ എ, ഗവേഷക, ഒടുവിൽ മന്ത്രി എന്നീ നിലയിലേക്കെല്ലാം വളർന്നതിന് പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥകൂടി സീതക്കയ്ക്ക് പറയാനുണ്ട്.

നക്സലിസത്തിൽനിന്ന് മന്ത്രിപദത്തിലേക്ക്

1971ൽ മുലുഗു ജില്ലയിലെ ജഗ്ഗന്നപേട്ട് ഗ്രാമത്തിലെ കോയാ ഗോത്രകുടുംബത്തിലാണ് അനസൂയയുടെ ജനനം. സ്കൂൾ പഠനകാലത്തുതന്നെ നക്സലൈറ്റ് ആശയത്തിലേക്ക് ആകർഷിക്കപ്പെട്ട അനസൂയ, പതിനാലാം വയസിലാണ് സിപിഐ (എംഎൽ) ജനശക്തി എന്ന പാർട്ടിയുടെ ഭാഗമായി ആയുധവുമേന്തി പോരാട്ടത്തിനിറങ്ങുന്നത്. അവിടെ വച്ചാണ് അനസൂയ സീതയും പിന്നീട് സീതക്കയുമാകുന്നത്. തന്റെ ചുറ്റുപാടിലെ ജനങ്ങളുടെ ദുരവസ്ഥയായിരുന്നു നക്സലിസത്തിന്റെ ഭാഗമാകാനുള്ള പ്രധാന കാരണമെന്ന് സീതക്ക തന്നെ വ്യക്തമാക്കിയിരുന്നു.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഒരുപാട് ഭക്ഷണം തന്ന ഗ്രാമീണരെ തിരികെ സഹായിക്കാനുള്ള അവസരമാണിത്
സീതക്ക

ജയിലിൽ കിടന്നുകൊണ്ടാണ് സീത, പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നത്. അന്നവർ ഗർഭിണിയുമായിരുന്നു. ഒരു ദശാബ്ദത്തിലേറെ സീതക്ക നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും ആശയവിയോജിപ്പുകൾ പ്രസ്ഥാനം വിടാൻ പ്രേരണയായി. വാറങ്കലിലെ നല്ലബെല്ലിയിലുള്ള ദളത്തിന്റെ (നക്സൽ സൈനിക സംഘം) നേതാവ് കൂടിയായിരുന്ന സീതയ്ക്ക് ഭർത്താവും സഹോദരനും നഷ്ടപ്പെട്ടതും ഏറ്റുമുട്ടലിലായിരുന്നു. ഒടുവിൽ 1997ൽ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി സീതക്ക പോലീസിനു കീഴടങ്ങി.

സീതക്ക-പഴയകാല ചിത്രം

നക്സലിസം ഉപേക്ഷിക്കുമ്പോൾ ഒൻപത് വയസുള്ള ഒരു കുട്ടിയുടെ അമ്മ കൂടിയായിരുന്നു സീതക്ക. ജീവിതത്തെ പിന്നോട്ടുവലിക്കുന്ന നിരവധി പ്രതിസന്ധികൾ അന്നവർക്ക് മുന്നിലുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സീതക്ക യാത്ര തുടർന്നു. നിയമബിരുദം നേടിയ സീതക്ക, ഗോത്ര വിഭാഗങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് തന്റെ അഭിഭാഷക ജീവിതം വിനിയോഗിച്ചത്. “അഭിഭാഷകയെന്ന നിലയിൽ ആദിവാസികളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു ഏറ്റെടുത്തിരുന്നത്," എന്നാണ് ഇതേക്കുറിച്ച് സീതക്ക പറഞ്ഞത്.

2004-ൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയിലൂടെയാണ് സീതക്ക രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ആ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മുലുഗ് മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-ലെ രണ്ടാമൂഴത്തിലാണ് ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2014ൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017-ൽ കോൺഗ്രസിലേക്ക് മാറിയ സീതക്ക, 2018ലെ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി. വൻ ടി ആർ എസ് (നിലവിലെ ബി ആർ എസ്) തരംഗം നിലനിൽക്കെയായിരുന്നു ആ ജയം.

കോവിഡ് കാലത്ത് ഗോത്രവിഭാഗങ്ങൾക്കുള്ള സഹായവുമായി പോകുന്ന സീതക്ക

2020ലെ കോവിഡ് കാലത്താണ് സീതക്ക ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. മുലുഗു ജില്ലയിലെ പ്രാന്തപ്രദേശങ്ങളിൽ കഴിയുന്ന ഗോത്രവിഭാഗങ്ങൾക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയതാണ് സീതക്കയെ ശ്രദ്ധേയയാക്കിയത്. ഒരു ചുവന്ന തോർത്തും തലയിൽ കെട്ടി, വലിയ ചാക്കുകളും തോളിലേന്തി സീതാക്ക നടക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ആ സമയങ്ങളിൽ വൈറലായിരുന്നു.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഒരുപാട് ഭക്ഷണം തന്ന ഗ്രാമീണരെ തിരികെ സഹായിക്കാനുള്ള അവസരമാണെന്നായിരുന്നു സീതക്കയുടെ അതിന്റെ വിശേഷിപ്പിച്ചത്. "അന്ന് തോക്കായിരുന്നു എന്റെ തോളിൽ, ഇന്ന് അരിയും പച്ചക്കറിയുമാണ്," സീതക്കയുടെ ട്വീറ്റിൽ പറയുന്നു.

2022ൽ തന്റെ 51-ാം വയസിൽ ഒസ്മാനിയ സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസസിൽ സീതക്ക പിഎച്ച്ഡിയും പൂർത്തിയാക്കിയിരുന്നു. തന്റെ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥയായിരുന്നു ഗവേഷണ വിഷയം. ജീവിതത്തിൽ തിരിച്ചറിവുണ്ടായ കാലം മുതൽ ജനാധിപത്യത്തിന്റെ ഭാഗമായും അല്ലാതെയും സീതക്ക ജീവിച്ചത് പിന്തള്ളപ്പെട്ടുപോയ തന്റെ ജനതയുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു. ആ ഒരൊറ്റ ലക്ഷ്യത്തിനായിട്ടായിരുന്നു പ്രവർത്തനങ്ങൾ മുഴുവൻ. അതിന് ലഭിച്ച അംഗീകാരമായിരുന്നു ഇന്ന് അവിടെ മുഴങ്ങിയ ഓരോ കയ്യടിയും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി