കെ ജെ യേശുദാസ് എന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വിസ്മയകരമായ സംഗീത സാന്നിധ്യമാണ് . ആരേയും ഭാവ ഗായകനാക്കും ആത്മ സൗരഭ്യമെന്ന് ദാസേട്ടനെ വിശേഷിപ്പിക്കാനാകും. എന്റെ വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ആ തലമുറ ജീവിത സായാഹ്നത്തിലേക്ക് കടക്കുന്ന വര്‍ത്തമാന കാലത്തില്‍ വരെ പല തലമുറകളെ സംഗീത സാന്ദ്രമാക്കിയ അത്ഭുതകൃത്യമാണ് ദാസേട്ടന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് . ദാസേട്ടന്റെ സംഗീത സംഭാവനയ്ക്ക് മുഖ്യമായും മൂന്ന് കൈവഴികള്‍ കാണാവുന്നതാണ്. ഒന്ന് പ്രയുക്ത സംഗീതം എന്ന നിര്‍വചിക്കാനാകുന്ന ചലച്ചിത്ര നാടക സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെട്ടത് നിമിത്തം ആവിഷ്‌ക്കരിക്കപ്പെട്ട ഗാനങ്ങളാണ്. സിനിമയിലെയോ നാടകത്തിലെയോ ഒരു പ്രത്യേക സാഹചര്യം ആവശ്യപ്പെടുന്ന അര്‍ത്ഥവും ഭാവവും സാഹിത്യവും ആലാപനവും ഏറ്റവും സമുചിതമായ വിധത്തില്‍ ദാസേട്ടന്റെ സ്വര സഞ്ചാരങ്ങളിലൂടെ നാം അനുഭവിച്ചു പോന്നു. എന്നാല്‍ നമുക്കറിയാം ദാസേട്ടന്റെ നിശ്ചിത എണ്ണം പാട്ടുകള്‍ ഈ സിനിമയില്‍ ഉണ്ടാകണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചുകൊണ്ട് അതിനനുസരിച്ച് ചലച്ചിത്ര സന്ദര്‍ഭങ്ങള്‍ എഴുതി ചേര്‍ത്ത എത്രയോ സന്ദര്‍ഭങ്ങള്‍ നമ്മുടെ ചലച്ചിത്ര ചരിത്രത്തിലുണ്ട്.
ദാസേട്ടന്റെ ലളിത ഗാനങ്ങള്‍ അതി പ്രശസ്തമാണ്. 'മാമാങ്കം പലകുറി കൊണ്ടാടി' എന്നതും 'ഉത്രാട പൂ നിലാവേ വാ' എന്നതുമുള്‍പ്പെടെ എത്രയോ അവിസ്മരണീയ ആവിഷ്‌ക്കാരങ്ങളാണ് ലളിതഗാന ശാഖയ്ക്ക് ദാസേട്ടന്‍ നല്‍കിയത്. ആകാശ വാണിയുടെ സംഗീതശിക്ഷണ പരിപാടിയുടെ ഭാഗമായി'ഘനശ്യാമ സന്ധ്യാ ഹൃദയം' പോലുള്ള പാട്ടുകളും ദാസേട്ടനില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട്.
കര്‍ണാടിക്ക്- ശാസ്ത്രീയ സംഗീതത്തെ സാധാരണ സംഗീതാസ്വാദകരിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നതില്‍ ദാസേട്ടന്റെ സംഭാവന അതുല്യമാണ്
ദാസേട്ടന്റെ മികച്ച സംഗീത സംഭാവനയില്‍ നാം പരിഗണിക്കേണ്ട ഒന്നാണ് ശാസ്ത്രീയ സംഗീത മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍. കര്‍ണാടിക്ക് -ശാസ്ത്രീയ സംഗീതത്തെ സാധാരണ സംഗീതാസ്വാദകരിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നതില്‍ ദാസേട്ടന്റെ സംഭാവന അതുല്യമാണ്. ഇരുത്തം വന്ന ശാസ്ത്രീയ സംഗീത പ്രതിഭയായി അംഗീകരിക്കപ്പെട്ട ശേഷവും, നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ എല്ലാ സംഗീത സഭകളും ചേര്‍ന്ന് ഡസണ്‍ കണക്കിന് സംഗീത കച്ചേരി നടത്തുന്ന ചെന്നൈയിലെ പൊങ്കല്‍ സംഗീതോത്സവ നാളുകളില്‍ ഏറ്റവും തിരക്കുള്ള കച്ചേരികള്‍ ദാസേട്ടന്റേതായി ആസ്വാദകര്‍ക്ക് ലഭിച്ചു എന്നതും സവിശേഷതയാണ്. താന്‍ പുതുതായി പഠിച്ച ഏതാനും കൃതികള്‍ കൂടി ഓരോ പൊങ്കല്‍ സീസണിലും തന്റെ കച്ചേരിയില്‍ ഉണ്ടാകണമെന്ന ദാസേട്ടന്റെ നിഷ്‌കര്‍ഷ അര്‍ഥവത്താണ്.
എത്ര വലിയ ആരാധക സമൂഹം തനിയ്ക്ക് ചുറ്റുമുണ്ടെങ്കിലും നിരന്തരം സംഗീത പഠനം തുടരേണ്ട ഒരു സംഗീത വിദ്യാര്‍ഥിയായി തന്നെ സ്വയം പരിശീലിപ്പിക്കാന്‍ ദാസേട്ടനു സാധിക്കുന്നു എന്നതാണ് പുതിയ തലമുറയ്ക്ക് അദ്ദേഹം നല്‍കുന്ന ഏറ്റവും വലിയ പാഠം.
ഗായകന്‍ എന്ന നിലയില്‍ ദാസേട്ടന്‍ ഏറ്റവും സൂക്ഷ്മമായി ശ്രദ്ധിക്കുന്നത് ഉച്ചാരണ ശുദ്ധിയിലുള്ള ജാഗ്രത, അര്‍ത്ഥ വ്യക്തതയോടു കൂടിയുള്ള സ്വര ക്രമീകരണം, ഭാവഭദ്രത ഉറപ്പാക്കിക്കൊണ്ടുള്ള സ്വരസഞ്ചാരം എന്നിവയിലാണ്. ഇവ തന്നെയാണ് അതുല്യനായ ഒരു സംഗീത പ്രതിഭയായി ദാസേട്ടനെ ഉയര്‍ത്തുന്നത്. ആസ്വാദകരുടെ മനസില്‍ ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പല മാനസിക ഭാവങ്ങള്‍ രൂപപ്പെടാം. അത് സന്തോഷമാകാം, ദുഃഖമാകാം, ഉണര്‍വാകാം, ഉന്മാദമാകാം നിരാശയാകാം, വാത്സല്യമാകാം, പ്രണയമാകാം, വിരഹമാകാം, വൈരാഗ്യമാകാം, കാമമാകാം, ഭക്തിയാകാം, വിപ്ലവാവേശമാകാം .ഇനിയും എത്രയോ വ്യത്യസ്ത മനുഷ്യഭാവങ്ങളാകാം. ഇവയോരോന്നും സൂക്ഷ്മമായി ആവാഹിക്കുന്ന സംഗീതാവിഷ്‌ക്കാരങ്ങള്‍ അത്തരം ജീവിതസന്ദര്‍ഭങ്ങളില്‍ ദാസേട്ടന്റേതായി നമ്മുടെ ഓര്‍മ്മയിലെത്തും .
തലമുറകള്‍ മറികടന്നു നില്‍ക്കുന്ന ഒരു മനുഷ്യ മാതൃകാസ്വരൂപമായി കൂടി ദാസേട്ടന്‍ പരിണമിച്ചിട്ടുണ്ട്
തലമുറകള്‍ മറികടന്നു നില്‍ക്കുന്ന ഒരു മനുഷ്യ മാതൃകാസ്വരൂപമായി കൂടി ദാസേട്ടന്‍ പരിണമിച്ചിട്ടുണ്ട്. ഒരു ഗായകന്‍ എന്നതിനപ്പുറം കലാകാരർ സ്വന്തം കലാവിഷ്‌കാരത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരാ, അതിനപ്പുറം ചില സാമൂഹിക ധര്‍മങ്ങള്‍ കൂടി നിര്‍വഹിക്കണം എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ നല്‍കാന്‍ ദാസേട്ടന്‍ സന്നദ്ധനായിട്ടുണ്ട്. കേള്‍വിക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് കോക്ലിയര്‍ സംവിധാനം നല്‍കാന്‍ വേണ്ടി നടത്തിയിട്ടുള്ള മഹത്തായ ഒരു പ്രസ്ഥാനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. ഹൃദയപൂര്‍വം എന്ന് നാമകരണം ചെയ്തുകൊണ്ട് ഹൃദ്രോഗ ബാധിതരുടെ ചികിത്സയ്ക്കും ഹൃദയ ശസ്ത്രക്രിയക്കും വേണ്ട പണം സമാഹരിക്കാനും നൂറുകണക്കിന് ഹൃദ്രോഗികള്‍ക്ക് ജീവിതം തിരിച്ചു പിടിക്കാനുമുള്ള ദാസേട്ടന്റെ പരിശ്രമം അവിസ്മരണീയമാണ്. ഇറാഖ് യുദ്ധകാലത്ത് സമാധാനത്തിനു വേണ്ടിയുള്ള ഒരു ഒത്തുകൂടല്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ദാസേട്ടന്‍ അതില്‍ നേരിട്ട് പങ്കെടുത്തത് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു. നാടക പ്രവര്‍ത്തകനായ സഫ്ദര്‍ ഹാഷ്മി ഡല്‍ഹിയില്‍ രാഷ്ട്രീയ വൈരാഗ്യത്താല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അതിനെതിരായ പ്രതിഷേധ പ്രസ്ഥാനത്തില്‍ സജീവമായി സന്നിഹിതനാകാന്‍ അദ്ദേഹം തയ്യാറായി. കലാകാരര്‍ക്ക് സമൂഹികമായ ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് സംശയരഹിതമായി സ്ഥാപിക്കുകയായിരുന്നു ദാസേട്ടന്‍.
ഒരുപാട് അവഗണനകള്‍ നേരിട്ടാണ് ദാസേട്ടന്‍ സംഗീത രംഗത്ത് ഒരു മഹാ സാന്നിധ്യമായി ഉയര്‍ന്നു വന്നത്. ഇയാളെന്തിന് ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന പരിഹാസങ്ങളും ചോദ്യങ്ങളും നേരിട്ടതുമുതല്‍ ഇത്തരം അവഗണനകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ദീര്‍ഘമായൊരു ചരിത്രം തന്നെയുണ്ട്. എന്നാല്‍ അതെല്ലാം അസാമാന്യമായ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ ദാസേട്ടന് കഴിഞ്ഞു.
ദാസേട്ടന്റെ പ്രതിഭയ്ക്ക് മഹത്വത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കാന്‍ അദ്ദേഹം ജനിക്കുകയും വളരുകയും ചെയ്ത കാലഘട്ടവും വളരെ വലിയ സംഭാവനകള്‍ നല്‍കി
ദാസേട്ടന്റെ പ്രതിഭയ്ക്ക് മഹത്വത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കാന്‍ അദ്ദേഹം ജനിക്കുകയും വളരുകയും ചെയ്ത കാലഘട്ടവും വളരെ വലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി. ദാസേട്ടന് പാടാന്‍ അപൂര്‍വ്വ സാഹിത്യ ശോഭയുള്ള ഗാനങ്ങള്‍ രചിച്ച പി ഭാസ്‌കരന്‍ മാസ്റ്റര്‍, വയലാര്‍ രാമവര്‍മ്മ, ഒ എന്‍ വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല തുടങ്ങിയ കവികളുടേയും ഗാന രചയിതാക്കളുടേയും സംഭാവനയാണ് .
അതുപോലെയോ അതിനേക്കാളുമേറെയോ പ്രധാനമാണ് അത്യ സാധാരണമായ സംഗീത പ്രതിഭ നിറഞ്ഞ ഒരു നിര സംഗീത സംവിധായകര്‍ ദാസേട്ടനു പാടാന്‍ സംഗീതമൊരുക്കിയത്. ജി ദേവരാജന്‍ മാസ്റ്റര്‍,ദക്ഷിണാ മൂര്‍ത്തി സ്വാമി, എം എസ് ബാബുരാജ്, കെ രാഘവന്‍ മാസ്റ്റര്‍, എം ബി ശ്രീനിവാസ്, എം എസ് വിശ്വനാഥന്‍, സലീല്‍ ചൗധരി, ഉഷ ഖന്ന, ഇളയരാജ, എം കെ അര്‍ജുനന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങിയ പ്രഗത്ഭര്‍.
എന്തായാലും ദാസേട്ടന്‍ പാടിയ കാലഘട്ടങ്ങളില്‍ ജീവിക്കാന്‍ സാധിച്ച നമ്മെയോര്‍ത്ത് ഭാവി തലമുറകള്‍ അസൂയപ്പെടും. ഇനിയും ആരോഗ്യത്തോടെ പ്രഭ ചേച്ചിക്കൊപ്പം സംഗീത ലോകത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ പല പതിറ്റാണ്ടുകള്‍ ദാസേട്ടന്‍ സംഗീത പ്രേമികള്‍ക്കൊപ്പം ഉണ്ടാകണമെന്ന മോഹം പിറന്നാള്‍ ദിനത്തില്‍ നമുക്ക് പങ്കുവെയ്ക്കാം.
ടെലിഫോണ്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനം