മധുസാറിന്റെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ ചോരപുരണ്ട ഒരു മുഖം കൂടിയുണ്ട്; കെ പി എ സി സണ്ണി എന്ന നടന്റെ മുഖം. 1979 ലാണ്, കെഎസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'കായലും കയറും' എന്ന സിനിമയുടെ ചിത്രീകരണം ചിറയിന്‍കീഴിലും പരിസരങ്ങളിലുമായി നടക്കുന്നു. മധു സാറും ഞാനുമാണ് മുഖ്യവേഷങ്ങളില്‍. വില്ലന്‍ സണ്ണി. നായികയെ അപമാനിക്കുന്ന സണ്ണിയെ മധുസാറും ഞാനും കൂടി കൈകാര്യം ചെയ്യുന്നതാണ് ക്ലൈമാക്‌സ്.
മാനസികമായി വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞാനപ്പോള്‍. അപകടത്തിന് ഉത്തരവാദി ഞാനാണല്ലോ എന്നൊരു കുറ്റബോധം. ആ സമയത്താണ് മധു സാര്‍ വന്ന് കയ്യൊന്ന് കാണട്ടെയെന്ന് ആവശ്യപ്പെടുന്നത്
സംഘട്ടനത്തിനിടയില്‍ ഒരു അബദ്ധം പറ്റി. എന്റെ ഇടി മുഖത്തുകൊണ്ട് നിലത്തുവീണു സണ്ണി. അപ്രതീക്ഷിതമായി പെട്ടെന്ന് മുഖം തിരിച്ചതാണ് പ്രശ്നമായത്. നിലത്തു വീണുകിടന്ന സണ്ണിയുടെ മുഖംനിറയെ ചോര. ആഴത്തിലുള്ള മുറിവാണ്. എല്ലാവരും പരിഭ്രാന്തരായി. ഉടന്‍ തന്നെ അദ്ദേഹത്തെ കുറച്ചുദൂരെയുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു. ഭാഗ്യത്തിന് അപകടമൊന്നും സംഭവിച്ചില്ല.
മാനസികമായി വല്ലാത്ത ഒരാവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. അപകടത്തിന് ഉത്തരവാദി ഞാനാണല്ലോ എന്നൊരു കുറ്റബോധം. ആ സമയത്താണ് മധു സാര്‍ വന്ന് കയ്യൊന്ന് കാണട്ടെയെന്ന് ആവശ്യപ്പെടുന്നത്. ഇടികൂടുമ്പോള്‍ വിരലില്‍ മോതിരം ഉണ്ടായിരുന്നോ എന്നറിയാന്‍ വേണ്ടിയാണ്. മോതിരമൊന്നും ധരിച്ചിരുന്നില്ല ഞാന്‍. ആകെ അസ്വസ്ഥനായിരുന്ന എന്നെ അടുത്തിരുത്തി ആശ്വസിപ്പിച്ചു അദ്ദേഹം. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു: 'മിസ്റ്റര്‍ മോഹന്‍, ഇനി നിങ്ങള്‍ സ്റ്റണ്ട് സീനുകളില്‍ അഭിനയിക്കരുത്. കഴിയുമെങ്കില്‍ ഇത്തരം സിനിമകളില്‍നിന്ന് തന്നെ മാറിനില്‍ക്കണം. നിങ്ങള്‍ നന്നായി അഭിനയിക്കാന്‍ കഴിവുള്ള ആളല്ലേ? ഇനി അത്തരം പടങ്ങള്‍ തിരഞ്ഞെടുക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.''
ആരെയും നിരായുധരാക്കുന്ന മനോഹരമായ ആ പുഞ്ചിരിയും നിഷ്‌കളങ്കമായ നര്‍മബോധവും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ എന്റെ മനസ്സിനെ തൊട്ടു
ഹൃദയത്തില്‍നിന്ന് വന്ന വാക്കുകളായിരുന്നു അവ. അതുകൊണ്ടു തന്നെ ആ ഉപദേശം ഞാന്‍ ശിരസാവഹിച്ചു. പിന്നീടൊരിക്കലും ഒരു സ്റ്റണ്ട് സീനിലും അഭിനയിച്ചില്ല ഞാന്‍.
പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത 'പണിമുടക്ക്' (1972) എന്ന സിനിമയിലാണ് മധുസാറുമൊത്ത് ആദ്യം അഭിനിയിച്ചത്. അന്ന് താരതമ്യേന തുടക്കക്കാരനാണ് ഞാന്‍. അദ്ദേഹമാകട്ടെ ഏറെ പരിചയസമ്പത്തുള്ള സീനിയര്‍ നടനും. പക്ഷേ ഒരിക്കലും ആ സീനിയോറിറ്റി പുറത്തുപ്രകടിപ്പിച്ചില്ല അദ്ദേഹം. തുല്യനിലയിലുള്ള ഒരാളോടെന്ന പോലെയായിരുന്നു പെരുമാറ്റം. ആരെയും നിരായുധരാക്കുന്ന മനോഹരമായ ആ പുഞ്ചിരിയും നിഷ്‌കളങ്കമായ നര്‍മബോധവും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ എന്റെ മനസ്സിനെ തൊട്ടു. എന്നും ഒരു ജ്യേഷ്ഠസഹോദരനെന്ന പോലെയേ എന്നോട് പെരുമാറിയിട്ടുള്ളൂ.
മധു സാറിന് 90 തികയുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം
അഭിനയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് മധു സാര്‍. അദ്ദേഹം സംവിധാനം ചെയ്ത 'തീക്കനല്‍' എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് എന്റെ മഹാഭാഗ്യം. ചിത്രീകരണത്തിനിടെ ഞാന്‍ എന്റെ സ്വാഭാവികരീതിയില്‍ അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വന്നു തിരുത്തിയത് ഓര്‍മയുണ്ട്. പകരം എങ്ങനെ വേണമെന്ന് സ്വയം അഭിനയിച്ചു കാണിക്കുകയും ചെയ്തു അദ്ദേഹം. ആ രീതിയില്‍ അഭിനയിച്ച ശേഷം മാത്രമേ മധു സാറിലെ സംവിധായകന്‍ സീന്‍ ഓക്കേ ചെയ്തുള്ളൂ. അക്കാര്യത്തില്‍ ഒരു പെര്‍ഫെക്ഷനിസ്റ്റാണ് അദ്ദേഹം.
മധുസാറിന് 90 തികയുന്നുവെന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം. എന്റെ ഓര്‍മയിലെ മധുസാര്‍ സിനിമയെ എന്നും കൗതുകത്തോടെ നോക്കിക്കാണുകയും പുതുമകള്‍ക്കവേണ്ടി ദാഹിക്കുകയും ചെയ്യുന്ന ആ പഴയ യുവാവ് തന്നെ. അദ്ദേഹത്തിന് എല്ലാ ആശംസകളും.