അവയവ ദാനം എന്നത് ഇന്ന് അപൂര്‍വമല്ലാതായിരിക്കുന്നു, എന്നാല്‍ ഒരു ഗ്രാമം തന്നെ ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കുക എന്നത് അപൂര്‍വമാണ്. ഇത്തരത്തില്‍ ശ്രദ്ധേമാവുകയാണ് മലപ്പുറത്തെ ചെറാട്ടുകഴിയെന്ന പ്രദേശം. മലപ്പുറം നഗരസഭയുടെ ഭാഗമായ ചെറാട്ടുകുഴിയില്‍ നിന്ന് ഇതിനോടകം 250ല്‍ അധികം പേരാണ് അവയവ ദാനത്തിന് സമ്മത പത്രം നല്‍കിയിട്ടുള്ളത്. മരണാനന്തരം മനുഷ്യശരീരത്തെ മണ്ണോട് ചേർക്കാതെ ദുരിതം പേറുന്നവര്‍ക്ക് പുതുജീവന്‍ പകർന്ന് മഹത്തായ മാതൃകയാകുകയാണ് 'പുനര്‍ജ്ജനി സാന്ത്വന വേദി' എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പിന്തുണയോടെ ചെറാട്ടുകുഴി ഗ്രാമം.
നാട്ടുകാരായ ടി ശ്രീധരനും ഇ എ ജലീലും ചേര്‍ന്ന് 'പുനര്‍ജ്ജനി സാന്ത്വന വേദി' എന്ന ചാരിറ്റബിള്‍ സൊസൈറ്റിക്ക് തുടക്കം കുറിക്കുന്നത്. മലപ്പുറത്ത് സംഘടിപ്പിച്ച ഒരു ചര്‍ച്ചാവേദിയാണ് അവയവദാനമെന്ന ആശയം ഇവരിലേക്കെത്തിച്ചത്. 2013 ലാണ് ചാരിറ്റബിള്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. ഇന്ന് ചെറാട്ടുകുഴിയുടെ മുഴുവന്‍ പിന്തുണയും സൊസൈറ്റിക്ക് ഉണ്ട്. സൊസൈറ്റിയുടെ പ്രവര്‍ത്തനം പത്ത് വര്‍ഷത്തോട് അടുക്കുമ്പോള്‍ 260 പേര്‍ അവയവദാനത്തിനുള്ള സമ്മതപത്രവും 52 പേര്‍ മരണശേഷം ശരീരം പഠനാവശ്യത്തിന് നല്‍കുവാനുള്ള സമ്മതവും നല്‍കി കഴിഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെ മറ്റുഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പോലും അവയവദാനത്തിനായി പുനർജ്ജനിയിലെത്തുന്നു
അവയവ-ശരീരദാനമെന്ന ആശയം ആളുകളിലേക്കെത്തിക്കുക എന്നത് പ്രയാസകരമായിരുന്നെന്നാണ് പുനര്‍ജ്ജനി സാന്ത്വന വേദിയുടെ നേതൃത്വത്തിലുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചാണ് തങ്ങള്‍ വെല്ലുവിളികളെ മറികടന്നത് എന്ന് പുനര്‍ജനിയുടെ ട്രഷറര്‍ കെ ജയകുമാര്‍ പറയുന്നു.
'മരണത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇന്നും വിലക്കുള്ള വീടുകളിലേക്കാണ് ഞങ്ങള്‍ കേറിച്ചെന്ന് മരണത്തെക്കുറിച്ച് സംസാരിക്കുന്നത്. അവരുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ ഞങ്ങള്‍ അവയവങ്ങള്‍ ഏറ്റുവാങ്ങാറുള്ളു. ആരെങ്കിലുമൊരാള്‍ എതിര്‍ക്കുകയാണെങ്കില്‍ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്യും. ചില വീടുകളില്‍ ചെന്ന് അവിടെയുള്ള അവസ്ഥ കണ്ടിട്ട് ഒന്നും പറയാതെ ഇറങ്ങി പോന്നിട്ടുള്ള സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.' - കെ ജയകുമാര്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.
രക്തദാനം, പാലിയേറ്റീവ് പ്രവര്‍ത്തനം, പകര്‍ച്ചവ്യാധികള്‍ക്ക് എതിരെയുള്ള ബോധവത്കരണം തുടങ്ങി നിരവധി പരിപാടികള്‍ ട്രസ്റ്റ് നടത്തിവരുന്നു
2014 ജനുവരി 4ന് മരണാനന്തരം ശരീരം ദാനം ചെയ്യാമെന്ന് 26 പേര്‍ സമ്മതം നല്‍കിയത്. ഏറെ ശ്രമകരമായ ദൗത്യം അങ്ങനെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അന്നുവരെ ചെറാട്ടുകുഴിയില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ ഇല്ലാതായിത്തുടങ്ങി. ഗ്രാമത്തിലെ അഞ്ച് പേര്‍ ശരീരദാനവും, അഞ്ച് പേര്‍ നേത്ര ദാനവും നല്‍കിയെന്ന് മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ മറ്റുഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പോലും അവയവദാനത്തിനായി ചെറാട്ടുകുഴിക്കാരെ സമീപിക്കുന്നുണ്ട്.
ഡിവൈഎഫ്ഐ വിട്ടുകൊടുത്ത ഒറ്റമുറി കെട്ടിടത്തിലാണ് പുനര്‍ജ്ജനി പ്രവര്‍ത്തിക്കുന്നത്. രക്തദാനം, പാലിയേറ്റീവ് പ്രവര്‍ത്തനം, പകര്‍ച്ചവ്യാധികള്‍ക്ക് എതിരെയുള്ള ബോധവത്കരണം തുടങ്ങി ഒട്ടനവധി പരിപാടികള്‍ ട്രസ്റ്റ് നടത്തിവരുന്നുണ്ട്. അതിനോടൊപ്പം ഫ്രീസര്‍, മോര്‍ച്ചറി, സ്‌ട്രെച്ചര്‍, എയര്‍ബെഡ്ഡ്, വീല്‍ചെയർ തുടങ്ങിയവ ഗ്രാമത്തിലുള്ളവര്‍ക്ക് സൗജന്യമായും പുറത്തുള്ളവര്‍ക്ക് ചെറിയ വാടകയ്ക്കും നല്‍കിവരുന്നു. ഇതില്‍ നിന്നാണ് സൊസൈറ്റിയുടെ വരുമാനം കണ്ടെത്തുന്നത്. ആരില്‍ നിന്നും അമിതമായി വാടക വാങ്ങാറില്ലെന്നും സൊസൈറ്റി അധികൃതര്‍ പറയുന്നു.
കെ വി ബാലകൃഷ്ണന്‍ പ്രസിഡന്റും കെ വിനോദ് സെക്രട്ടറിയുമായുള്ള 19 അംഗ ട്രസ്റ്റി ബോർഡാണ് പുനര്‍ജ്ജനിയെ നയിക്കുന്നത്. 100 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കി ആര്‍ക്കും പുനര്‍ജ്ജനിയുടെ ഭാഗമാകാം. ചെറാട്ടുകുഴിയെ സമ്പൂര്‍ണ നേത്രദാന ഗ്രാമമാക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും എത്ര കാലമെടുത്താലും ആ ദൗത്യം പൂർത്തീകരിക്കുമെന്നും ജയകുമാര്‍ കൂട്ടിച്ചേർത്തു.