മാലദ്വീപും ലക്ഷദ്വീപും പുറമേയുള്ളവർക്ക് ടൂറിസത്തിന് സാധ്യതയുള്ള ഒരേപോലെയുള്ള രണ്ട് ദ്വീപ് സമൂഹങ്ങളാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവും തുടർന്നുണ്ടായ മാലദ്വീപിലെ രണ്ട് മന്ത്രിമാരുടെ പരിഹാസങ്ങളും ഇന്ത്യയുടെ പ്രതിഷേധവും മാലദ്വീപിനെ ബഹിഷ്കരിക്കാനും ലക്ഷദ്വീപിനെ പകരം ടൂറിസം കേന്ദ്രമാക്കാനുള്ള മുറവിളിയും ദ്വീപിനോടുള്ള പുതിയ അഭിനിവേശവും ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വാർത്തകളൊക്കെ ആവേശം കൊള്ളിക്കാത്ത ഒരു സമൂഹമുണ്ട്. അവർ അഞ്ചോ ആറോ ദ്വീപിലധിവസിക്കുന്ന 65,000 ൽ താഴെയുള്ള സാധാരണ ജനസമൂഹമാണ്. അവർക്കറിയാം അവിടെയുള്ള ജീവിതം. അതിന്റെ ജൈവ വൈവിധ്യങ്ങളും നിലനിൽപ്പും.
ഒരു സൈക്കിളെടുത്ത് വേഗത്തിൽ ചവിട്ടിയാൽ മിനിറ്റുകൾക്കകം ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താൻ മാത്രം ദൂരമുള്ള പ്രദേശം. കാക്കകളുടെ കരച്ചിൽ കേൾക്കാത്ത, നായകൾ കുരയ്ക്കാത്ത, പാമ്പുകൾ ഇല്ലാത്ത , ബാറുകളും തിയറ്ററുകളും ഇല്ലാത്ത , അപൂർവമായി കാലടികൾ പതിയുന്ന തീരം ആയതുകൊണ്ട് തന്നെ പഞ്ചസാര മണൽ പരത്തിയ ഒരു ചെറിയ പ്രദേശം
32 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പേരിൽ 36 ദ്വീപുകൾ ഉണ്ടെങ്കിലും 10 ദ്വീപുകളിൽ മാത്രം ആൾ താമസമുള്ള ദ്വീപു സമൂഹമാണ് ലക്ഷദ്വീപ്. കവരത്തി, അഗത്തി, അമിനി , കടമത്ത് , കിൽത്താൻ, ചെത്ത്ലത്ത്, ബിത്ര , ആന്ത്രോത്ത്, കൽപേനി, മിനിക്കോയ് എന്നിവിടങ്ങളിലായി 65000 താഴെ മാത്രം ആളുകളാണ് ഇവിടെയുള്ളത്. ബിത്രയി ൽ 400 ൽ താഴെ ആളുകൾ . ഒരിക്കൽ ബംഗാരം എന്ന ആളില്ലാത്ത ദ്വീപിനെ ടൂറിസം സ്പോട്ടാക്കി മാറ്റി കാസിനോ ഗ്രൂപ്പിന് നൽകുകയും പിന്നീട് അത് ദ്വീപിന്റെ പരിസ്ഥിതിയെയും ദ്വീപിൻറെ നിലനിൽപ്പിനെ തന്നെയും എങ്ങനെ ബാധിക്കും എന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ അത് തിരിച്ചു വാങ്ങുകയും ചെയ്തത് തന്നെ ലക്ഷദ്വീപ് എങ്ങനെയുള്ള നാടാണ് എന്നും അത് മാലദ്വീപ് പോലുള്ള ടൂറിസം സ്പോട്ട് അല്ല എന്നും മറിച്ച് നമ്മുടെ സമുദ്രാതിർത്തി വികസിപ്പിക്കാനും ഒരു സമൂഹത്തെ നിലനിർത്താനും സംരക്ഷിക്കാനും ആണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടുമാണ്.
ഭൂമിശാസ്ത്ര പരമായി തന്നെ രണ്ട് ദ്വീപ് സമൂഹങ്ങളും വ്യത്യസ്ഥമാണ്. മാലദ്വീപ് ഒരു റിങ് ഐലൻഡ് ആണെങ്കിൽ ലക്ഷദ്വീപിനെ അത്തരത്തിലുള്ള ഒരു റിംഗ് ഐലൻഡ് ആയി പരിസ്ഥിതി പ്രവർത്തകർ കാണുന്നില്ല. കാരണം ഓരോ തിട്ടകളും പ്രത്യേകം രൂപപ്പെട്ട രീതിയിലാണ് ലക്ഷദ്വീപിന്റെ ഭൂപ്രകൃതി. അതുകൊണ്ടുതന്നെയാണ് ആ ദ്വീപ് വ്യത്യസ്തവും വൈവിധ്യവുമാണെന്ന് പറയാൻ കാരണം.
പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട ലഗൂണുകളാണ് ദ്വീപിനെ നിലനിർത്തുന്നത്. 99% ജനങ്ങൾ മുസ്ലീങ്ങൾ അധിവസിക്കുന്ന ആ പ്രദേശത്തെ പട്ടികവർഗ്ഗമാക്കി 1956 തന്നെ സർക്കാർ മാറ്റിയത് ആ ദ്വീപിന്റെ പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടാണ്. പരിമിതമായ വിഭവങ്ങൾ, അസൗകര്യങ്ങൾ, കഴിഞ്ഞ കുറെ നാളുകളായി നടത്തുന്ന അനാവശ്യ പരിഷ്കാരങ്ങൾ, അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ, ഇതിനിടയിൽ ഉള്ള സൗകര്യങ്ങൾ കൂടെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഇതൊക്കെയാണ് ലക്ഷദ്വീപ്കാരുടെ മനസ്സിൽ ഇപ്പോഴുള്ള വികാരങ്ങളും വേദനകളും.
ഏഴോളം കപ്പലുകൾ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഗതാഗത സൗകര്യങ്ങൾ നിലനിർത്തിപ്പോന്നിരുന്നു . എന്നാൽ ഇപ്പോൾ അത് രണ്ടായി ചുരുങ്ങിയിരിക്കുകയാണ്. മിക്ക ദ്വീപുകളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് പോലും സ്ഥിരമായ ഗതാഗത സൗകര്യം ഇന്നില്ല. വൃദ്ധരായ പലയാളുകളും മെച്ചപ്പെട്ട ചികിൽസ തേടാതെ ദ്വീപിൽ തന്നെയാണ്. കാരണം മരിച്ചാൽ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം അന്ത്യവിശ്രമം കൊള്ളാൻ കഴിയില്ലെന്നും കൊച്ചിയിലോ കോഴിക്കോട്ടോ മംഗലാപുരത്തോ അനാഥരായി തങ്ങൾ കിടക്കണ്ടി വരുമെന്ന യാഥാർത്ഥ്യം അവരെ അവിടത്തന്നെ തളച്ചിടുന്നു. ഇതിനിടയിലുള്ള ഏതു വികസന പ്രവർത്തനങ്ങളും ഫോട്ടോഷൂട്ടുകളും തങ്ങളുടെ സംസ്കാരത്തെയും തങ്ങളെ ത്തന്നെയും പുകച്ചു പുറത്താക്കാനുള്ള രാഷ്ട്രീയ- ബിസിനസ്‌ലോബികളുടെ ഗൂഢശ്രമമാണെന്നുള്ള അസ്വസ്ഥതയാണ് ദ്വീപു നിവാസികൾക്ക്. അതിൽ യാഥാർത്ഥ്യമില്ലാതെയുമില്ല.
ഉത്തരാഘണ്ഡിലും ജാർഖണ്ഡിലും പ്രലോഭനങ്ങളിൽ പെട്ട് ഭൂമിയും വീടും വിറ്റ് ഡൽഹിയിലും മറ്റ് നഗരങ്ങളിലും കൂടിയറിപ്പാർത്ത പുതിയ മേച്ചിൽപുറങ്ങൾ തേടിയ ഒരു ജനത ഇന്ന് അനുഭവിക്കുന്ന യാതനകൾ നമുക്കറിയാം. അവിടങ്ങളിൽ ഉണ്ടാക്കിയ ഹോട്ടലുകളും റിസോർട്ടുകളും ഹെലിപാഡുകളും പിന്നീടുണ്ടായ വൻ പ്രകൃതി ദുരന്തങ്ങളും നേരിട്ടു കണ്ടവരാണവർ. അതുകൊണ്ടു തന്നെ ദ്വീപ് നിവാസികൾക്ക് വേണ്ടത് ടൂറിസം വികസനമല്ല, അടിസ്ഥാന സൗകര്യങ്ങളാണ്. മുമ്പ് കരയിലെത്താൻ 7 കപ്പൽ ഉണ്ടായിരുന്നത് ഇന്ന് 2 കപ്പൽ ആയി ചുരുങ്ങിയപ്പോൾ ദ്വീപിൽ നിന്ന് കരയിലേക്ക് മാസങ്ങൾ നീണ്ട കാത്തിരിപ്പാണ്. ഹോസ്പിറ്റലുകൾ അസൗകര്യങ്ങളെ കൊണ്ട് വീർപ്പുമുട്ടുന്നു. ചികിത്സയ്ക്ക് കൊച്ചിയിലോ കോഴിക്കോട്ടേക്കോ വരാൻ ഒരു ഹെലികോപ്റ്റർ മാത്രം. എല്ലാത്തിനും തൊട്ടാൽ പൊള്ളുന്ന വില. മരുന്നും ഭക്ഷണം പോലും കൃത്യമായി ലഭിക്കാൻ ഉള്ള അസൗകര്യങ്ങൾ .
കോഴിക്കോടിനെയും കൊച്ചിയെയും അകറ്റി മംഗലാപുരത്തിനെ വാണിജ്യ കേന്ദ്രമാക്കിയതാണ് ആദ്യത്തെ പരിഷ്കാരം. കേരളവുമായി ദീർഘകാല ബന്ധമുള്ള ദ്വീപു നിവാസികൾക്ക് അസ്വസ്ഥത സമ്മാനിച്ചതായിരുന്നു അത്. പിന്നീട് കോളേജുകളും കോഴ്സുകളും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മംഗലാപുരത്തേക്കും തമിഴ്നാട് യൂണിവേഴ്സിറ്റികളിലേക്കും മാറ്റി. മലയാള ഭാഷയും തുടർപഠനവും കാലാകാലങ്ങളായി കേരളത്തോട് ചേർത്ത് നിർത്തിയ ദീപുകാർക്ക് തുടർപഠനം അസൗകര്യവും അസ്വസ്ഥതയുമാണ് ഉണ്ടാക്കിയത്.
ആദ്യമായി ദ്വീപ് സന്ദർശിക്കുന്ന ആൾക്ക് അത്ഭുതത്തോടെ മാത്രം കാണാൻ കഴിയുന്ന ഒരു പ്രദേശമാണ് ആ ദ്വീപ്. അഗത്തിയോ ആന്ത്രോത്തോ ബിത്രയോ തലസ്ഥാന ദ്വീപായ കവരത്തിയോ എല്ലാം ഏറെക്കുറെ ഒരേ പോലെയുള്ള ശാന്തതയും സമാധാനവും ഉള്ള പ്രദേശം
ഓരോ പ്രദേശവും അവിടുത്തുകാർക്ക് വികാരവും പെറ്റമ്മയോളം പ്രാധാന്യമുള്ളതുമാണ്. മറ്റുള്ളവർക്ക് അത് മനോഹരമായ ഒരു കാഴ്ചയും രണ്ടോ മൂന്നോ ദിവസം ആസ്വദിക്കാനുള്ള ഒരു താവളവും മാത്രം. പുറമേ നിന്നു നോക്കിയാൽ വികസന സാമ്പത്തിക സാധ്യതകൾ ഒട്ടേറെയുള്ള പ്രദേശമായിരിക്കും. എന്നാൽ അവിടെത്തുകാരുടെ സംസ്കാരവും ജീവിതവുമായി അതിന് യാതൊരു ബന്ധവുമില്ലെങ്കിൽ അവരുടെ മുന്നിൽ അത് അസ്വസ്ഥതകളും അപകർഷത ബോധവും മാത്രമേ സൃഷ്ടിക്കൂ എന്നത് ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്.
ആദ്യമായി ദ്വീപ് സന്ദർശിക്കുന്ന ആൾക്ക് അത്ഭുതത്തോടെ മാത്രം കാണാൻ കഴിയുന്ന ഒരു പ്രദേശമാണ് ആ ദ്വീപ്. അഗത്തിയോ ആന്ത്രോത്തോ ബിത്രയോ തലസ്ഥാന ദ്വീപായ കവരത്തിയോ എല്ലാം ഏറെക്കുറെ ഒരേ പോലെയുള്ള ശാന്തതയും സമാധാനവും ഉള്ള പ്രദേശം. പ്രധാന ദ്വീപായ തലസ്ഥാന നഗരം കവരത്തി തന്നെ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സൈക്കിളെടുത്ത് വേഗത്തിൽ ചവിട്ടിയാൽ മിനിറ്റുകൾക്കകം ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താൻ മാത്രം ദൂരമുള്ള പ്രദേശം. കാക്കകളുടെ കരച്ചിൽ കേൾക്കാത്ത, നായകൾ കുരയ്ക്കാത്ത, പാമ്പുകൾ ഇല്ലാത്ത , ബാറുകളും തിയറ്ററുകളും ഇല്ലാത്ത , അപൂർവമായി കാലടികൾ പതിയുന്ന തീരം ആയതുകൊണ്ട് തന്നെ പഞ്ചസാര മണൽ പരത്തിയ ഒരു ചെറിയ പ്രദേശം.
99% മുസ്ലിം വിഭാഗങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ഏറെ അത്ഭുതപ്പെടുത്തിയത് രാത്രി പോലും പെൺകുട്ടികൾ റോഡിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നതും സ്ത്രീകൾ കടപ്പുറത്ത് ഇരുന്ന് കഥ പറഞ്ഞിരിക്കുന്ന കാഴ്ചകളുമാണ്. പർദ്ദ ധാരിണികളെ എങ്ങും കണ്ടിട്ടില്ല. സമാധാനപ്രിയരായ ഒരു ജനത. വർഗീയതയോ തീവ്ര രാഷ്ട്രീയ നിലപാടുകളോ ഇല്ലാത്ത സമൂഹം . കോൺഗ്രസും എൻസിപിയും ബിജെപിയും പിന്നെ പേരിന് കമ്മ്യൂണിസ്റ്റ് കക്ഷികളുമാണ് രാഷ്ട്രീയപാർട്ടികൾ, കവരത്തിയുടെ തന്നെ കുറേ ഭാഗങ്ങൾ ആർമി നേവൽ സ്ഥലമാണ്. പിന്നെ കുറെ സർക്കാർ ഓഫീസുകളും . ബാക്കിഭാഗം ചെറിയ വീടുകൾ കെട്ടി മത്സ്യം പിടിച്ചും നാളീകേര കൃഷി ചെയ്തും കണ്ടവരെ തന്നെ ദിവസവും കണ്ട് സംസാരിക്കുന്ന നല്ല കോയമാരും ചെറിയ കോയമാരും കുടുംബവുമായി ഒതുങ്ങി ജീവിക്കുന്ന നാട് . മതിലുകൾ പോലും അപൂർവ്വം മാത്രമേ കാണാൻ കഴിയൂ. കോഴിക്കോടിനെയും കൊച്ചിയെയും ഹൃദയത്തിൽ ലയിപ്പിച്ച ഒരു ജനത.
കേരളമാണ് അവരുടെ അനുകരണീയമായ മാതൃക. മുടിവെട്ടാൻ പോലും കോഴിക്കോട് നിന്ന് വെട്ടുന്നത്ര സുഖം കിട്ടില്ല എന്ന് പറഞ്ഞു ഇടയ്ക്കിടെ കോഴിക്കോട്ട് വന്നു പോകാറുണ്ടെന്ന് തമാശയായി ഒരു ചെറുപ്പക്കാരൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. കേന്ദ്ര ഭരണ പ്രദേശമായതുകൊണ്ടാവാം എന്നും ഉദ്യോഗസ്ഥ ഭരണ മേധാവിത്വമാണ് ലക്ഷദ്വീപിൽ . ആവശ്യമുള്ള മരുന്നും ഭക്ഷണവും വിദ്യാഭ്യാസവും മുമ്പൊക്കെ ദ്വീപിൽ തന്നെ ലഭിച്ചിരുന്നതുകൊണ്ട് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കഴിയുന്നവർ ആയിരുന്നു അവർ. വളരെ ശാന്തമായി മിതമായി പുഞ്ചിരിച്ചുകൊണ്ട് ശുദ്ധ മലയാളത്തിൽ നമ്മോടും ജസരീ ഭാഷയിലും മഹൽ ഭാഷയിലും പരസ്പരം സംസാരിക്കുന്നതും കേട്ടിരിക്കാറുണ്ട് പലപ്പോഴും . ആദ്യ യാത്രയിൽ കണ്ടവരെ തന്നെ പിന്നീടുള്ള യാത്രകളിലും കാണാവുന്നതുകൊണ്ട് എല്ലാവരും ഒറ്റയടിക്ക് തന്നെ ചിരപരിചിതരായി മാറും.
ടൂറിസം വികസനം എന്ന രീതിയിൽ വർഷങ്ങൾക്ക് മുമ്പ് ബംഗാരം ദ്വീപിൽ ഹോട്ടൽ റിസോർട്ട് ലോബികൾ കയ്യടക്കിയത് പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് നിർത്തിയത്. ടൂറിസം പദ്ധതികൾ ദ്വീപിനെ പാരിസ്ഥിതികമായും സാംസ്കാരികമായും തകർക്കുമെന്ന് ഉറപ്പാണ്
അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള പ്രധാന ദ്വീപ് സമൂഹം എന്ന രീതിയിൽ നമ്മുടെ സമുദ്രാതിർത്തി ലക്ഷദ്വീപ് കൊണ്ട് മാത്രം വലിയ വിസ്തൃതിയിൽ ഉണ്ട് . ഇത് നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യവും നൽകുന്നുണ്ട്. ഇവിടുത്തെ ജീവിതവും സംസ്കാരവും രീതികളും ഉൾക്കൊണ്ട് തന്നെയാണ് എല്ലാ സർക്കാരുകളും അവർ ചുമതല ഏൽപ്പിക്കുന്ന അഡ്മിനിസ്ട്രേറ്റർമാരും ഡാനിക്ക് ഉദ്യോഗസ്ഥരും ഇവിടെ പെരുമാറിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സമയത്ത് ദ്വീപ് സന്ദർശന വേളയിൽ കുട്ടികളോട് സംവദിക്കുമ്പോൾ തീവണ്ടി എന്താണെന്ന് ചോദിച്ച കൊച്ചുകുട്ടിക്ക് അവർ നൽകിയ സമ്മാനം കവരത്തിയിൽ ഒരു ചെറിയ ദൂരം ചെറിയ പാളമിട്ട് ഒരു കൊച്ചു തീവണ്ടി നൽകിയതായിരുന്നു. വണ്ടിയൊക്കെ പിന്നീട് പോയെങ്കിലും പാളത്തിൻറെ ഭാഗം അവരുടെ സ്നേഹോപഹാരം പോലെ ഇപ്പോഴും കാണാം. എല്ലാ പ്രധാനമന്ത്രിമാരും സന്ദർശിച്ച നാടെന്ന ഖ്യാതിയും ഈ കൊച്ചു ദ്വീപിനുണ്ട്. തിരിച്ചും എല്ലാ ജനങ്ങൾക്കും കേന്ദ്രത്തോട് സ്നേഹവും കാണാം. ഭരിക്കുന്ന പാർട്ടി ഏതെന്ന് നോക്കാതെയുള്ള സ്നേഹം.
ചുറ്റും പരന്ന് കിടക്കുന്ന കടൽ. ഒരു നിമിഷം കൊണ്ട് എല്ലാം കടലെടുക്കുക എന്നത് നിഷ്പ്രയാസം. എന്നാൽ കുതിച്ചെത്തുന്ന വമ്പൻ തിരകൾ തീരത്തെ വലയം ചെയ്ത പവിഴപ്പുറ്റുകൾ തൊടുമ്പോഴേയ്ക്ക് പെട്ടെന്ന് ശാന്തനായി മെല്ലെ തീരത്തണയുന്നു . രാത്രിയിൽ വെള്ളമണൽ കടൽ തീരത്ത് നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോൾ ഭൂമിയിലെ സ്വർഗം ഇതാണെന്ന് തോന്നും. ബുജറാ പള്ളിയിലെ സമാധിയിൽ ദുഃഖങ്ങളും ദുരിതങ്ങളും ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും രാത്രികാലങ്ങളിൽ പോലും കാണാൻ കഴിയും.
ലക്ഷദ്വീപ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ജനാധിപത്യ വികേന്ദ്രീകത ഭരണമില്ലാത്തത് തന്നെയാണ് അവിടുത്തെ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി സംസാരിക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് നാമമാത്ര അധികാരങ്ങൾ മാത്രം. മുകളിൽ ലക്ഷദ്വീപ് വികസന അതോറിറ്റി . അതിനുമുകളിൽ ഏത് നിയമവും എടുത്തു കളഞ്ഞു ഏത് നിയമവും കൊണ്ടുവരാൻ കഴിയുന്ന അധികാരമുള്ള അഡ്മിനിസ്ട്രേറ്റർ. മേലുദ്യോഗസ്ഥ പ്രീണനം കാട്ടുന്ന കീഴുദ്യോഗസ്ഥർ. കൃത്യമായ ആസൂത്രണങ്ങൾ പഞ്ചായത്ത് തലത്തിലോ ഭരണ തലത്തിലോ നടത്തി പ്രാവർത്തികമാക്കാൻ പ്രയാസമില്ലെങ്കിലും അതൊന്നും നടക്കാതെ പോകുന്നു.
കൃഷി വകുപ്പിന് കീഴിൽ കൃഷി ചെയ്യാൻ കഴിയുന്ന സംവിധാനം ഉണ്ടെങ്കിലും പ്രായോഗികതലത്തിൽ അതൊന്നും എത്തുന്നില്ല. ആദ്യകാലങ്ങളിൽ വിദ്യാസമ്പന്നർ കുറവായതുകൊണ്ട് തൊഴിൽ കിട്ടുക ഒരു ഒരു പ്രശ്നമായിരുന്നില്ല . എന്നാൽ ഇന്നത് വലിയ പ്രശ്നമായി മാറുന്നു . ഇതിന്റെ അസ്വസ്ഥതകൾ ചെറുപ്പക്കാരിൽ കൂടുതലായി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ പലതും പെട്ടെന്ന് ഉണ്ടായതല്ല. പലതും വികസനം എന്ന രീതിയിൽ കോർപ്പറേറ്റുകൾക്ക് വേണ്ടിയും സാമ്പത്തിക ടൂറിസം നടത്തി ലാഭം കിട്ടാൻ വേണ്ടിയും നടത്തുന്ന കൂട്ടുകെട്ടുകളുടെ തുടർച്ച തന്നെയാണ്. ടൂറിസം വികസനം എന്ന രീതിയിൽ വർഷങ്ങൾക്ക് മുമ്പ് നേരത്തെ പറഞ്ഞതുപോലെ ബംഗാരം ദ്വീപിൽ ഹോട്ടൽ റിസോർട്ട് ലോബികൾ കയ്യടക്കിയത് പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് നിർത്തിയത്. ടൂറിസം പദ്ധതികൾ ദ്വീപിനെ പാരിസ്ഥിതികമായും സാംസ്കാരികമായും തകർക്കുമെന്ന് ഉറപ്പാണ്. കാരണം ഉറപ്പില്ലാത്ത മണ്ണും കുറച്ചു ഭൂമിയും ഉള്ള ഒരു പ്രദേശത്ത് നിറഞ്ഞ ഒറ്റപ്പെട്ട ദ്വീപുകൾ ആയതുകൊണ്ടും അവയുടെ നിലനിൽപ് പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട ലഗൂണുകൾ ആയതുകൊണ്ടും അവിടെ കൂറ്റൻ ബംഗ്ലാവുകളോ റിസോർട്ടുകളോ പണിയാൻ കഴിയില്ല എന്ന പാരിസ്ഥിതിക ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പുള്ളതുകൊണ്ടും നമുക്ക് ഒരിക്കലും മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയ്യാൻ കഴിയില്ല . കുറച്ചു ശുദ്ധജലവും ഭൂമിയും ഉള്ള പ്രദേശത്ത് അവരുടെ ജീവിതരീതിയെ മാനിക്കാതെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിയാതെ ടൂറിസ്റ്റുകൾ വന്നുപോയാൽ പിന്നീട് തദ്ദേശീയർ ചേരി വാസികളായി മാറും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും തന്നെ തുടർന്ന് ഒരു ജനതയുടെ ആവാസസ്ഥലം എന്ന രീതിയിലും നമ്മുടെ സമുദ്ര അതിർത്തി സംരക്ഷിക്കുന്ന സുരക്ഷാ കേന്ദ്രം എന്ന രീതിയിലും മാത്രമേ ലക്ഷദ്വീപിനെ പരിഗണിക്കാൻ കഴിയൂ. നിർമ്മാണ പ്രവർത്തനം നിയമം മൂലം കർക്കശമാക്കി പുറമേയുള്ള കോൺട്രാക്ടർമാരെ ഏൽപ്പിച്ച് തദ്ദേശവാസികളെ അകറ്റി നിർത്തുന്ന പുതിയ പ്രവർത്തനങ്ങൾ സാമ്പത്തിക ലാഭവും അഴിമതിയുമായി ഇപ്പോൾ പരിണമിച്ചു വരുന്നുണ്ട്.
ജയിൽ മുഴുവൻ കാലിയാണ്. ക്രിമിനലുകളും ഇല്ല . നിർമ്മാണ ജോലിക്ക് കൊണ്ടുവരുന്ന കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ മാത്രം. പരസ്പരം അറിയുന്ന ജനത. ഇവിടെ ഗുണ്ടാ ആക്ട് പോലുള്ള നിയമങ്ങൾ എന്തിന്?
ലക്ഷദ്വീപിലെ ഏക എയർപോർട്ട് ആണ് അഗത്തി എയർപോർട്ട് . എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ നിന്ന് കയറി അഗത്തിയിൽ ലാൻഡ് ചെയ്യുന്നു എന്ന അനൗൺസ്മെൻറ് കേട്ട് താഴോട്ട് നോക്കിയാൽ വെറും കടൽ മാത്രമേ കാണാൻ കഴിയൂ. വിമാനം താഴ്ന്നു പറന്നു ലാൻഡ് ചെയ്യാൻ എത്തുന്ന സമയത്ത് വളരെ നേർത്ത ചിറകുകൾ എപ്പോഴും കടലിൽ ഇരുമ്പി ഒരു നാട പോലെ കിടക്കുന്ന അഗത്തി എയർപോർട്ട് യാത്രികർക്ക് വിസ്മയക്കാഴ്ച്ചയാണ്. ചുറ്റും കടലായതുകൊണ്ട് തന്നെ മതിലുകളും സുരക്ഷ ഭിത്തികളും ഒന്നുമില്ലാത്ത ചെറിയ ഒരു ഒറ്റ തട്ട് ഷീറ്റ് മേഞ്ഞ ബിൽഡിംഗാണ് എയർപോർട്ട്. അവിടെ ദൈവത്തിനല്ലാതെ മറ്റൊരാൾക്കും ഗുണ്ടകളെയോ തീവ്രവാദികളെയോ അയക്കാൻ കഴിയില്ല. അവിടെയാണ് പുതിയ പരിഷ്കാരമായ ഗുണ്ട ആക്ട് നടപ്പിലാക്കാൻ തീരുമാനിച്ചത് എന്ന് പറയുമ്പോൾ എത്രമാത്രം അശാസ്ത്രീയവും ലജ്ജാവഹവുമാണ് നമ്മുടെ ഭരണാധികാരികളുടെ വീക്ഷണം എന്നത് ആലോചിക്കാവുന്നതാണ്.
പ്രധാന ദ്വീപായ കവരത്തി തന്നെയെടുത്താൽ ഓഫീസുകളും സൈനിക ക്യാമ്പും ആണ് വലിയ ഒരു ഭാഗം. കുറഞ്ഞ ജനസംഖ്യ. മതിലുകളില്ല വീടുകൾക്ക് പോലും. ജയിൽ മുഴുവൻ കാലിയാണ്. ക്രിമിനലുകളും ഇല്ല . നിർമ്മാണ ജോലിക്ക് കൊണ്ടുവരുന്ന കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ മാത്രം. പരസ്പരം അറിയുന്ന ജനത. ഇവിടെ ഗുണ്ടാ ആക്ട് പോലുള്ള നിയമങ്ങൾ എന്തിന്? ഭയപ്പെടുത്താൻ ആണെങ്കിൽ എപ്പോഴും കടലൊന്ന് ക്ഷോഭിച്ചാൽ എല്ലാം തീരുന്ന ദ്വീപുകാർക്ക് , എന്നും ഭരിക്കുന്ന സർക്കാരുകളെ ബഹുമാനിക്കാൻ പഠിപ്പിച്ച തലമുറയ്ക്ക് , എന്തിനാണ് ഗുണ്ടാ നിയമം എന്ന് ആലോചിക്കേണ്ടതാണ്. ഇവിടെയും എസ്പി മുതൽ താഴോട്ട് വിവിധ തസ്തികൾ ഉണ്ടെന്നുള്ളത് രസകരമായ കാര്യമാണ്. അപൂർവ്വം മോട്ടോർ വാഹനങ്ങൾ ഉള്ള , മൂന്നുമീറ്റർ പോലും വീതിയില്ലാത്ത കോൺക്രീറ്റ് പാതയുള്ള പല ജംഗ്ഷനുകളിലും പുതുതായി ഉണ്ടാക്കിയ സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായി പലയിടങ്ങളിലും കാണാം.
പ്രധാന ആശുപത്രി ഒന്നേയുള്ളൂ. മറ്റൊന്ന് അഗത്തിയിലാണ്. ആശുപത്രികൾ പ്രവർത്തിക്കുന്നത് പിപിപി മോഡലിലാണ്. കവരത്തിയിലെ പ്രധാന ആശുപത്രിയിൽ പോലും സ്പെഷലിസ്റ്റ് ഡോക്ടർമാർ നാമ മാത്രം. പുതുതായി നിയമിക്കാനുള്ള ഉത്തരവുകൾ പലതും റദ്ദാക്കുകയും ചെയ്യുന്നു. അത്യാസന്നരായ രോഗികളെ ഹെലികോപ്റ്റർ വഴി കൊച്ചിയിലെത്തിക്കുകയാണ് പതിവ്. കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് അതൊന്നും മതിയായില്ല എന്നതിന്റെ തെളിവാണ് അവിടുത്തെ മരണ നിരക്ക്. ആശുപത്രികൾ ഓരോ ദ്വീപിലും വികസിപ്പിക്കുകയും ഇൻഷുറൻസ് പരീക്ഷ ലഭിക്കുകയും വേണം എന്നുള്ള വർഷങ്ങളായുള്ള ദ്വീപകാരുടെ ആവശ്യം ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
സംരംഭകത്വത്തിന് ഏറെ സാധ്യതയുള്ള നാളികേരം ഭക്ഷ്യം ചകിരി മത്സ്യം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ പ്രത്യേകിച്ച് വനിതാ സംരംഭകർക്ക് ഏറെ സാധ്യതയുള്ള ഒരു നാടാണ് ലക്ഷദ്വീപ്. ഗ്രാമപഞ്ചായത്തുകളിലൂടെ ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണെങ്കിൽ തൊഴിലില്ലായ്മ ഏറെക്കുറെ പരിഹരിക്കാനും ഒരു വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കാനും കഴിയും. അവരുടെ ഉൽപ്പന്നങ്ങളും മറ്റും വിപണനം ചെയ്യാൻ സംവിധാനം ഒരുക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അതിലൂടെ സ്വന്തമായി വരുമാനം ഉണ്ടാക്കിക്കൊണ്ട് ആരെയും ആശ്രയിക്കാതെ ഉപജീവനമാർഗ്ഗം നയിക്കാൻ എല്ലാ ദീപുകർക്കും എളുപ്പത്തിൽ സാധിക്കും. എന്നാൽ ഇത്തരം യാതൊരു പരിപാടികളും പഞ്ചായത്ത് തലത്തിൽ നടത്താനുള്ള ആസൂത്രണമോ അനുമതിയോ ലഭിക്കുന്നില്ല . മുകളിൽ നിന്ന് അഡ്മിനിസ്ടേറ്റീവ് തലത്തിലുള്ള അനുമതി കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ സംരംഭകത്വം എന്നത് ഇന്നും ഒരു മരീചികയായി നിൽക്കുകയാണ്.
ഇതേപോലെ തന്നെയാണ് പൊതു ഭരണ സംവിധാനവും . പൊതു ഭരണ സംവിധാനം ഇന്നും കുറ്റമറ്റതല്ല. പൊതു ഭരണത്തിലെ നീതിബോധം, തുല്യത, സുതാര്യത, പങ്കാളിത്തം എന്നിവയൊന്നും ഇവിടെ കാണാറില്ല. മിക്ക മേലുദ്യോഗസ്ഥരും ഡൽഹിയിൽ നിന്നുള്ള ഡാനിക് ഉദ്യോഗസ്ഥരാണ് . അവർക്ക് കീഴിൽ ദ്വീപിനി വാസികളായ ഉദ്യോഗസ്ഥർ. അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല. അതുകൊണ്ടുതന്നെ പൊതുഭരണം ഏറെ സുതാര്യമാവേണ്ടതുണ്ട്. വിവരാവകാശ നിയമം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഈ കൊച്ചു ദ്വീപിൽ നിന്നാണെന്ന് അറിയുമ്പോൾ പൊതു ഭരണത്തിലെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാവുന്നതാണ്.
അതുകൊണ്ടുതന്നെ മാലദ്വീപിനോട് ലക്ഷദ്വീപിനെ താരതമ്യപ്പെടുത്താതെ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലൂടെ വൻകിട കുത്തകൾക്ക് നാട്ടിൽ സ്വതന്ത്ര വിഹാരം നടത്തി ഒരു ജനതയുടെ സംസ്കാരത്തെയും ജീവിതത്തെയും ചൂഷണം ചെയ്തു നശിപ്പിച്ച് ചേരി നിവാസികളോ അല്ലെങ്കിൽ പുറന്തള്ളി പോകുന്ന ഒരു സമൂഹമോ ആക്കി മാറ്റാതെ വികേന്ദ്രീകരണ ഭരണ സംവിധാനം നടപ്പിലാക്കി ഗ്രാമപഞ്ചായത്തുകൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വിലയിരുത്തി ഫണ്ടുകൾ അംഗീകരിച്ചു നൽകാൻ കഴിയുന്ന തരത്തിൽ ലക്ഷദ്വീപ് വികസന അതോറിറ്റി വിപുലീകരിച്ചു പ്രവർത്തിക്കണം. കാഴ്ചപ്പാടില്ലാത്ത വികസനങ്ങളും പരിഷ്കാരങ്ങളും ഒരു നാടിൻറെ പുരോഗതിക്ക് അനുകൂലമാവണമെന്നില്ല. ആ നാടിൻറെ സാമൂഹ്യ രീതികൾ അംഗീകരിച്ചും ബഹുമാനിച്ചും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഭരണസംവിധാനവും വികസന സങ്കൽപവും ഉണ്ടാവണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും ഉദ്യോഗസ്ഥ പരിശീലന പരിപാടികൾക്കും ഊന്നൽ നൽകണം. ദ്വീപ് ജനതയുടെ ആത്മവിശ്വാസം തിതിരിച്ചു കൊണ്ടുവരണം. ടൂറിസത്തിനു വേണ്ടി മാത്രം നിലകൊള്ളുകയും ടൂറിസത്തിലൂടെ മാത്രം വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന മാലദ്വീപ് സമൂഹവുമായി ലക്ഷദ്വീപിനെ താരതമ്യം ചെയ്യാൻ ഒരിക്കലും കഴിയില്ല. കാരണം മുകളിൽ പറഞ്ഞതുപോലെ മെച്ചപ്പെട്ട ഗതാഗത സംവിധാനമോ സൗകര്യങ്ങളോ ഇല്ലാതെ ആകെയുള്ള ഗതാഗത സംവിധാനങ്ങൾ പോലും കുറച്ചു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ എങ്ങനെയാണ് ടൂറിസം വികസനം സാധ്യമാവുക. കേരളവുമായി ഏറെ ബന്ധമുള്ള ഭാഷയും സംസ്കാരങ്ങളുമായി മാത്രം ജീവിക്കുന്ന തികഞ്ഞ മതേതര വാദികളായ ഒരു ജനതയ്ക്ക് മാലദ്വീപിനെ പോലെ ഒരു ഭാഷയും സംസ്കാരവും പിന്തുടരാനും കഴിയില്ല. ടൂറിസത്തിന്റെ എല്ലാ സാധ്യതകളും സെക്സ് ടൂറിസം വരെ നിലനിൽക്കുന്ന മാലദ്വീപും മത്സ്യബന്ധനവും കൃഷിയും മാത്രം അടിസ്ഥാനമാക്കിയ ഒരു സാധാരണ മനുഷ്യരെ ടൂറിസത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ചാൽ അത് വികസനമാവണമെന്നില്ല. ഭൂപ്രകൃതിയും മാലദ്വീപിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പവിഴപ്പുറ്റുകളാണ് അവിടുത്തെ പ്രകൃതിയെ തിരമാലകളിൽ നിന്ന് രക്ഷിക്കുന്നത്. പരസ്പര ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന 36 ദ്വീപുകളും തിട്ടകളുമാണ് ലക്ഷദ്വീപിനെ നിലനിർത്തുന്നത് എങ്കിൽ റിങ്ങ് ദ്വീപുകളാണ് മാലദ്വീപിലെ ഭൂപ്രകൃതി. അവയൊക്കെ പരസ്പര ബന്ധമുള്ളതുമാണ്.
(ലേഖകൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലകനും ഐ.എം.ജി അക്രഡിറ്റഡ് മാനേജ്മെന്റ് ടെയിനറുമാണ്)