കാലങ്ങളായി മലയാളികള്‍ കണ്ട് വരുന്ന മാവേലി കുടവയറുള്ള, വെളുത്ത നിറമുള്ള, പട്ടുവസ്ത്രങ്ങളും ആടയാഭ രണങ്ങളും അണിഞ്ഞ ഒരു സമ്പന്നനായ ഭരണാധികാരിയാണ്. അതിനിടയിലെപ്പോഴോ മാവേലിയെ പൂണൂല്‍ വരെ ധരിപ്പിച്ചു നമ്മള്‍. വാമനനാല്‍ ചതിക്കപ്പെട്ട ദ്രാവിഡ രാജാവായ മഹാബലിയെ സവര്‍ണ വേഷം ധരിപ്പിച്ചത് ബ്രാഹ്‌മണ്യ ബോധത്താലാണെന്ന വിമർശനവും സമീപകാലത്തായി സജീവമായി. മാവേലിയുടെ രൂപം ചിലയിടത്തെങ്കിലും മാറി തുടങ്ങി. വെളുത്ത കുടവയറനു പകരം കറുത്ത, ശക്തനായ മാവേലി അവതരിച്ചുതുടങ്ങി. മാവേലിയെ ഇങ്ങനെ വീണ്ടെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ചില ഓണം പോസ്റ്ററുകള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെയും എറണാകുളത്തെ മഹാരാജാസിലെയും തൃശ്ശൂര്‍ കേരളവര്‍മ്മയിലെയും യൂണിയനുകളാണ് ഈ വേറിട്ട ചിന്തയ്ക്ക് പിന്നില്‍.