ഡല്‍ഹിയിലെ എലീറ്റ് ക്ലാസിന്റെ സോഷ്യല്‍ സർക്കിളില്‍ ഏറെ പ്രസിദ്ധരായ സഹോദരിമാരായിരുന്നു അരുണ വാസുദേവും ഉമ വാസുദേവും. അവരുടെ കൂട്ടത്തിലേക്ക് ഇടയ്ക്ക് ചേക്കേറുന്ന ദേശാടനപ്പക്ഷിയായിരുന്നു സുപ്രസിദ്ധ ബംഗാളി നടിയും സംവിധായികയുമായ അപർണ സെന്‍. 'സിനിമ' എന്ന ഇംഗ്ലീഷ് മാഗസിന്റെ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്യവേയാണ് എഡിറ്ററായിരുന്ന അരുണയുമായി പരിചയപ്പെടുന്നത്. അരുണ സിനിമയോട് ചേർന്ന് സഞ്ചരിച്ചപ്പോള്‍ ഉമയ്ക്ക് താല്‍പ്പര്യം സാഹിത്യത്തിലായിരുന്നു. ഉമയ്ക്ക് ഇന്ദിരാഗാന്ധിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
അരുണ ഉപരിപഠനം നടത്തിയത് പാരീസിലാണ്. അവർ ഇംഗ്ലീഷ് പോലെ സുന്ദരമായി ഫ്രഞ്ച് സംസാരിക്കും. സിനിമാ പഠനത്തിലാണ് അവർ ഡോക്ടറേറ്റ് നേടിയത്. ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത അരുണ എന്തുകൊണ്ടോ ഫീച്ചർ ഫിലിം മേഖലയിലേക്ക് പ്രവേശിച്ചില്ല. തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്‌ടി) ആരംഭത്തില്‍ അരുണ വാസുദേവ് മുഖ്യാതിഥിയായിരുന്നു. അന്നത്തെ ഉദ്ഘാടന പരിപാടിയില്‍ ഐഎഫ്എഫ്‌ടി ഫ്രഥമ ഡയറക്ടറായിരുന്ന പ്രൊഫ. എം എന്‍ വിജയന്‍ നടത്തിയ കാര്യമാത്ര പ്രസക്തമായ പ്രസംഗം സ്റ്റേജിലിരുന്ന് അരുണ വാസുദേവിന് പരിഭാഷപ്പെടുത്തിക്കൊടുത്തപ്പോള്‍ അവർ ചോദിച്ചു, "ഈസ് ഹി എ വെല്‍ നോണ്‍ ഒറേറ്റർ?" - ഒഫ് കോഴ്‌സ്, വെരി വെല്‍നോണ്‍, എ ട്രു ഇന്റലെക്‌ച്വല്‍ ആന്‍ഡ് ഒറിജിനല്‍ തിങ്കർ.''
''പുസ്കത്തിന്റെ ഇംഗ്ലീഷ് ട്രാന്‍സ്‍ലേഷന്‍ ഉണ്ടോ?''
''നോട്ട് ഷുവർ, ലെറ്റ് മി വേരിഫൈ''
വർത്തമാനം പത്രത്തിന്റെ കൊച്ചി എഡിഷന്‍ തുടങ്ങിയപ്പോള്‍ മുഖ്യാതിഥിയായി അരുണ വാസുദേവിനെ വിളിക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. മന്ത്രി വരാന്‍ വൈകിയതിനാല്‍ ഉദ്ഘാടനം ഏറെ നീണ്ടു. അരുണ വല്ലാതെ അസ്വസ്ഥയായിരുന്നു. സമയനിഷ്ഠ പാലിക്കുന്നതില്‍ അവർ കണിശക്കാരിയാണ്. അവരെ മെല്ലെ സുകുമാർ അഴീക്കോടിനരികില്‍ കൊണ്ടിരുത്തി. പിന്നീട് സ്റ്റേജില്‍ മന്ത്രിയുടെ വരവും കാത്ത് എല്ലാവരും ഇരിപ്പായി. സുകുമാർ അഴിക്കോടും അവരും തമ്മിലായി സംഭാഷണം.
ഇടക്ക് അവർ അഴിക്കോടിനോട് ചോദിച്ചു, "പങ്‌ച്വല്‍ അല്ലാത്ത മന്ത്രിക്കുവേണ്ടി എന്തിനാണ് കാത്തിരിക്കുന്നത്?''
''പല പരിപാടികളല്ലേ, അതുകൊണ്ട് വൈകുന്നതായിരിക്കാം''
"എനിക്ക് ക്ഷമ നശിക്കുന്നു. മേബി യു പീപ്പിള്‍ ആർ യൂസ്‌ഡ് ടു ഇറ്റ്, വി ആർ നോട്ട്."
അഴിക്കോട് സൗമ്യമായും ഫലിതത്തോടെയും രാഷ്ട്രീയക്കാരെക്കുറിച്ചും മന്ത്രിമാരെപ്പറ്റിയും പറഞ്ഞ് അരുണയെ തണുപ്പിച്ചു. അധികം വൈകാതെ ഉദ്ഘാടന മഹാമഹം മന്ത്രിപുംഗവന്റെ സാന്നിധ്യത്തില്‍ തന്നെ നടക്കുകയും ചെയ്തു. തിരിച്ച് തൃശൂരിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോള്‍ മന്ത്രിക്കുവേണ്ടി ഒരു മണിക്കൂറോളം കാത്തിരുന്നതിന്റെ കോപതാപം അവർ വാക്കുകളില്‍ പ്രകടമാക്കി. എന്തും തുറന്നുപറയുന്ന പ്രകൃതമാണ് അവരുടേത്. മനസില്‍ ഒന്നുവെച്ച് പുറത്ത് മറ്റൊന്ന് ഒരിക്കലും പറയില്ല. എം എന്‍ വിജയന്‍, സുകുമാർ അഴിക്കോട് എന്നീ രണ്ട് കുലപതികളെ പരിചയപ്പെടാനും അവരുടെ അനന്യശക്തിയുള്ള പ്രസംഗം കേള്‍ക്കാനും കഴിഞ്ഞത് വലിയ കാര്യമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അർഥഗർഭമായൊരു ചിരിയില്‍ എല്ലാമൊതുക്കി അവർ ചോദിച്ചു, "മന്ത്രിയെക്കൂടി അതില്‍ കൂട്ടുന്നില്ലേ?"
''നോ വേ"
"കേരളത്തിലായതുകൊണ്ടാണ് ഞാന്‍ അത്രയും നേരം കാത്തിരുന്നത്"
''പൊളിറ്റിഷ്യന്‍സ് ഇന്‍ ജനറല്‍ ആൻഡ് മിനിസ്റ്റേഴ്സ് ഇന്‍ പർട്ടിക്കുലർ ടേക്ക് അദേഴ്സ് ഫോർ ഗ്രാന്റഡ്.''
അതിരപ്പിള്ളി, വാഴച്ചാല്‍, കൊച്ചി ജൂതത്തെരുവ്, രാജകൊട്ടാരം തുടങ്ങിയ കാഴ്ചകള്‍ കണ്ട് സന്തോഷത്തോടെ, സംതൃപ്തിയോടെ അരുണ വാസുദേവ് ഡല്‍ഹിയിലേക്ക് മടങ്ങി. എണ്‍പതുകളുടെ രണ്ടാം പകുതിയിലെത്തിയ അവർ ഇന്നും സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമാണ്.
തന്റെ അടുത്ത സുഹൃത്തും വിഖ്യാത ചലച്ചിത്ര നിരൂപകനുമായ ചിദാനന്ദ് ദാസ്‌ഗുപ്തയുടെ മകളായ അപർണ സെന്നുമായും അരുണയ്ക്ക് നല്ല സൗഹൃദമാണുണ്ടായിരുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍വെച്ച് അരുണയാണ് എനിക്ക് അപർണയെ പരിചയപ്പെടുത്തിത്തന്നത്. എപ്പോഴും എവിടെ വെച്ചും സിനിമയായിരുന്നു സംഭാഷണ വിഷയം.
''തീന്‍ കന്യയില്‍ എന്റെ അഭിനയം ബോറാണല്ലേ"
"റേയ്ക്ക് അങ്ങിനെ തോന്നിയിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു"
"അമേച്വറിഷ് ആയില്ലേ"
"അതാണ് വേണ്ടിയിരുന്നത്, ഇംപ്രവൈസേഷന്‍"
അവരുടെ ആദ്യ സംവിധാന സംരംഭമായ തേർട്ടി സിക്സ് ചൗരംഗി ലെയ്നിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരുമായിരുന്നില്ല.
"അവിടെ മാറ്റം ആവാമായിരുന്നു അല്ലേ," എന്നെല്ലാമുള്ള ചോദ്യങ്ങള്‍.
ഞാന്‍ പറയും ''ഇന്‍ ലൈഫ് ആൻഡ് ആർട്ട് വാട്ട് ഈസ് ഡണ്‍ കനോട്ട് ബി അണ്‍ഡണ്‍"
"ബട്ട് വണ്‍ ലേണ്‍സ് തിങ്ക്സ് ലൈക്ക് ദാറ്റ്"
"ലേണിങ് ഈസ് ആന്‍ എൻഡ്‌ലെസ് പ്രൊസസ്"
ഒരു തവണ അപർണ സെന്നും അരുണ വാസുദേവും ഒരുമിച്ച് തിരുവനന്തപുരത്തെത്തിയിരുന്നു. ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍. രാത്രിയിലെ പാർട്ടിയില്‍ അവർ 'ബീന ഫെസ്റ്റിവലി'നെക്കുറിച്ചും കണ്ട പടങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.
അപർണ പറഞ്ഞു: ''നിങ്ങള്‍ ഇരുവരും കൊല്‍ക്കത്തക്കു വരൂ, നമുക്ക് സുന്ദർബന്‍സിലും മറ്റും പോകാം''
നടക്കാതെ പോയെ കൊല്‍ക്കത്ത സന്ദർശനം. ഓർമയില്‍ തങ്ങിനില്‍ക്കുന്നതാണ് അരുണ, അപർണ സൗഹൃദവും ഉല്ലാസപ്പൂത്തിരി കത്തിച്ചുകൊണ്ടിരുന്ന നിമിഷങ്ങളും.