FOURTH SPECIAL

യാഥാര്‍ത്ഥ്യത്തിനും ആദര്‍ശത്തിനും ഇടയിലെ കുന്ദേര കഥാപാത്രങ്ങള്‍

കെ പി രാജീവൻ

ലോക സാഹിത്യത്തിലെ മഹാരഥന്മാരില്‍ ഒരാളായ മിലന്‍ കുന്ദേരയുടെ അന്ത്യം വ്യത്യസ്ത സംവേദനശീലത്തിന്റെ ഒരു ദീപശിഖാ വാഹകന്റെ അനന്തതയിലേക്കുള്ള മടക്കമാണ്. കമ്യൂണിസ്റ്റ് രാജ്യമായിരുന്ന ചെക്കോസ്ലോവാക്യയിലെ ബ്രുണോയില്‍ ജനിച്ച കുന്ദേര കമ്യൂണിസ്റ്റ് ആശയങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ടു. കവിതയായിരുന്നു ആദ്യ പ്രണയം. മഹാ വിപ്ലവകാരിയായിരുന്ന ജൂലിയസ് ഫ്യൂച്ചിക്കിനെ സ്തുതിച്ചുകൊണ്ട് കുന്ദേര ഒരു ഭാവഗീതം എഴുതിയിരുന്നു.

സോവിയറ്റ് സേന ചെക്കോസ്ലോവാക്യ ആക്രമിച്ചതോടെ കുന്ദേരയുടെ മനസ്സ് മാറി. 1968 ലെ പ്രാഗ് വസന്തം സോവിയറ്റ് അധിനിവേശത്തിനെതിരായ ചെക്ക് പ്രതിരോധസമരമായിരുന്നു. അതിന്റെ മുന്നണിയില്‍ കുന്ദേരയുണ്ടായിരുന്നു. പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലെ നാലുപേരുടെ ജീവിതത്തെ ആധാരമാക്കിയാണ് കുന്ദേര തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ The Unbearable Lightness of Being എഴുതുന്നത്. തോമസ് എന്ന ഡോക്ടര്‍, ഭാര്യ തെരേസ, വെപ്പാട്ടി സെബീന, സെബീനയുടെ ഭര്‍ത്താവ് ഫ്രാന്‍സ് എന്നിവര്‍.

പ്രശസ്ത തത്ത്വചിന്തകനായ നീഷെയുടെ വിശ്വാസമനുസരിച്ച് ജീവിതത്തിലെ എല്ലാ കാര്യങ്ങളും അനന്തപ്രാവശ്യം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അത് വന്‍ ഭാരങ്ങളുണ്ടാക്കുന്നു. എന്നാല്‍ വ്യക്തിജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവമുണ്ടാവുമ്പോള്‍ മനുഷ്യജീവിതം ഭാരമില്ലാത്തതും അപ്രധാനവുമാകുന്നു. അതാണ് ജീവിതത്തിന്റെ അസഹനീയമായ നിസ്സാരത. നോവല്‍ തുടങ്ങുമ്പോള്‍ കുന്ദേര എഴുതുന്നു: ശാശ്വതമായ തിരിച്ചുവരവ് എന്നത് ദുരൂഹമായ ഒരാശയമാണ്.

യാഥാര്‍ത്ഥ്യത്തിന്റെയും ആദര്‍ശത്തിന്റെയും ഇടയില്‍ ഒഴുകി നടക്കുന്നവരാണ് കുന്ദേരയുടെ കഥാപാത്രങ്ങള്‍

ശാശ്വതമായ തിരിച്ചുവരവാണ് മനുഷ്യന്റെ ഏറ്റവും കടുത്ത ഭാരമെങ്കില്‍ നമ്മുടെ ജീവിതത്തിന് അതിന്റെ വര്‍ണാഭമായ എല്ലാ കനമില്ലായ്മയോടെയും അതിനെ എതിരിടാന്‍ കഴിയും. ഭാരമോ ഭാരമില്ലായ്മയോ നാം ഏതാണ് തിരഞ്ഞെടുക്കേണ്ടത്? ആറാം നൂറ്റാണ്ടില്‍ പര്‍മെനിഡിസ് ഈ ചോദ്യം യേശുക്രിസ്തുവിന് നേരെ എറിഞ്ഞു. ഭാരമില്ലായ്മയെ പോസറ്റീവായും ഭാരത്തെ നെഗറ്റീവായും കണ്ടു പര്‍മെന്‍ഡിസ്. എന്നാല്‍ നീഷെയും പെര്‍മെന്‍ഡിസും തെറ്റായിരുന്നുവെന്ന് കുന്ദേര വിശ്വസിച്ചു.

യാഥാര്‍ത്ഥ്യത്തിന്റെയും ആദര്‍ശത്തിന്റെയും ഇടയില്‍ ഒഴുകി നടക്കുന്നവരാണ് കുന്ദേരയുടെ കഥാപാത്രങ്ങള്‍. 1960 കളിലാണ് കുന്ദേര എഴുത്തില്‍ സജീവമായി അറിയപ്പെട്ടത്. 1975 ല്‍ ചെക്കോസ്ലോവാക്യ വിട്ട കുന്ദേര ഫ്രാന്‍സിലെത്തുകയും ഫ്രഞ്ചില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. 1979ല്‍ കുന്ദേരയ്ക്ക് ചെക്കോസ്ലോവാക്യന്‍ പൗരത്വം നഷ്ടപ്പെടുകയും 1981 ല്‍ ഫ്രഞ്ച് പൗരത്വം ലഭിക്കുകയും ചെയ്യുന്നു. 1984 ലാണ് തന്റെ പ്രഖ്യാത കൃതി The Unbearable Lightness of Being പ്രസിദ്ധീകരിക്കുന്നത്.

2019 ല്‍ ചെക്കോസ്ലോവാക്യന്‍ പ്രധാനമന്ത്രിയെ കുന്ദേരയും ഭാര്യയും സന്ദര്‍ശിച്ച ശേഷം ഇരുവരുടയും പൗരത്വം പുന:സ്ഥാപിച്ച് കൊടുക്കുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെ മാതൃരാജ്യത്തുനിന്ന് സാഹിത്യപ്രവര്‍ത്തനം നടത്തിയ കുന്ദേര ചെക്ക് പൗരത്വം തിരിച്ചുകിട്ടിയതില്‍ നന്ദി പറയുകയാണ് ചെയ്തത്. രാഷ്ട്രീയത്തിന്റെ പേരിലുള്ള അധികൃത മനോഭാവം തന്റെ വേരുകള്‍ മറക്കാന്‍ കുന്ദേരയെ പ്രേരിപ്പിക്കുന്നില്ല.

1979ല്‍ പ്രസിദ്ധീകരിച്ച Book of Laughter and Forgetting പറയുന്നത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ചരിത്രത്തെ മായ്ച്ചുകളയാനും ബദല്‍ ചരിത്രമുണ്ടാക്കാനും നടത്തുന്ന നീക്കങ്ങളെക്കുറിച്ചാണ്.

നൊബേല്‍ സമ്മാനം ലഭിക്കാന്‍ ഇടയുണ്ടെന്ന് ഇടക്കിടെ വാര്‍ത്തകള്‍ വരുമെന്നല്ലാതെ ഇതേവരെ സ്വീഡിഷ് അക്കാദമി കുന്ദേരയുടെ നേരെ കനിഞ്ഞിട്ടില്ല. മഹാപ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍ കൂടി കാലയവനികയിലേക്ക് മറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും