"മിനക്കെട്ടാൽ ചിലപ്പോൾ അൽപ്പാല്പം കവിതകളെഴുതാൻ കഴിഞ്ഞേക്കും. പാട്ടെഴുതാൻ പറ്റില്ല."-- എം ടിയുടെ വാക്കുകൾ. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഗാനരചന നിർവഹിക്കാൻ നിർബന്ധിതനായ ഒരാളുടെ ധർമ്മസങ്കടം മുഴുവനുണ്ട് ഈ ഏറ്റുപറച്ചിലിൽ.
പക്ഷേ "വളർത്തുമൃഗങ്ങൾ" (1981)ലെ പാട്ടുകൾ കേൾക്കുമ്പോൾ അങ്ങനെ തോന്നുമോ?
"ഒരു മുറിക്കണ്ണാടിയിൽ ഒന്നു നോക്കി, എന്നെ ഒന്ന് നോക്കി, അറിഞ്ഞില്ല ഞാനിന്നെന്നെ അറിഞ്ഞില്ലാ..
കണ്ണാടി പൊടിമറഞ്ഞ് രാവിൻ കിനാവിലേതോ ഇന്ദ്രജാലം നടന്നോ" എന്നെഴുതിയത് ജീവിതത്തിലൊരിക്കലും ഗാനങ്ങളെഴുതിയിട്ടില്ലാത്ത ഒരാളാണെന്ന് വിശ്വസിക്കുക പ്രയാസം.
അതുപോലെ "ശുഭരാത്രി ശുഭരാത്രി നിങ്ങൾക്ക് നേരുന്നു ശുഭരാത്രി, ഊരുതെണ്ടുമൊരേകാന്തപഥികന് കാവൽ നിൽക്കും താരസഖികളേ നിങ്ങൾക്ക് നന്ദി.." എന്ന പാട്ടും. രണ്ടും എം ബി ശ്രീനിവാസന്റെ ഐന്ദ്രജാലികമായ സംഗീത സ്പർശം കൊണ്ടുകൂടി അവിസ്മരണീയമായ ഗാനങ്ങൾ.
ആ പാട്ടുകളുടെ പേരിൽ ഞാൻ അഭിമാനിക്കുന്നില്ല, ലജ്ജിക്കുന്നുമില്ല. അതെന്തായാലും അടിമുടി എംടി മുദ്ര പതിഞ്ഞുകിടന്ന ആ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. എംബിഎസിന്റെ മൗലികമായ സംഗീതത്തിന്റെ അകമ്പടിയോടെ
ഗാനരചയിതാവിന്റെ വേഷം മനസ്സില്ലാമനസ്സോടെ എടുത്തണിയേണ്ടി വന്ന കഥയാണ് എംടിയുടേത്. "വളർത്തുമൃഗങ്ങ''ളിൽ പാട്ടെഴുതേണ്ടിയിരുന്നത് യൂസഫലി കേച്ചേരിയായിരുന്നു. ഗാനങ്ങളുടെ പകർപ്പവകാശം സംബന്ധിച്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ ഒരുങ്ങുകയാണ് ആ സമയത്ത് എംബിഎസ്. അതിന് മുൻപ് കംപോസിങ് തീർക്കണം, റെക്കോർഡിങും. യൂസഫലി കോഴിക്കോട്ട് വന്നിറങ്ങിയത് കടുത്ത പനിയോടെ. അസുഖം അഭിനയമല്ല എന്ന് എംബിഎസ്സിനെ ബോധിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു ആ വരവ്. പാട്ടെഴുതാനുള്ള അവസ്ഥയിലല്ല അദ്ദേഹം. അസുഖം മാറിയ ശേഷം ചെന്നൈയിൽ ഒരുമിച്ചിരുന്ന് പാട്ടുണ്ടാക്കാമെന്നായി യൂസഫലി. പക്ഷേ എംബിഎസിന് രണ്ട് ദിവസത്തിനകം ആഫ്രിക്കയിലേക്ക് തിരിച്ചേ പറ്റൂ. പാട്ടെഴുത്തിൽ ഒരു കൈ നോക്കിക്കൂടെ എന്ന് എംടിയോട് ഹരിഹരൻ ചോദിച്ചത് ആ സന്ദിഗ്ധ ഘട്ടത്തിൽ.
''വേറെ വഴിയില്ലെന്നായപ്പോഴാണ് ഞാൻ പാട്ടെഴുതാനിരുന്നത്''-എംടി പറയുന്നു. "ആ പാട്ടുകളുടെ പേരിൽ ഞാൻ അഭിമാനിക്കുന്നില്ല; ലജ്ജിക്കുന്നുമില്ല''. അതെന്തായാലും അടിമുടി എംടി മുദ്ര പതിഞ്ഞുകിടന്ന ആ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു; എംബിഎസിന്റെ മൗലികമായ സംഗീതത്തിന്റെ അകമ്പടിയോടെ. ശുഭരാത്രി നിങ്ങൾക്ക് നേരുന്നു, കാക്കാലൻ കളിയച്ഛൻ, കർമത്തിൻ പാതകൾ വീഥികൾ ദുർഗമ വിജനപഥങ്ങൾ (യേശുദാസ്), ഒരുമുറി കണ്ണാടിയിൽ ഒന്ന് നോക്കി (ജാനകി).. കൈവച്ച മേഖലകളിലെല്ലാം മികവ് തെളിയിച്ച ചരിത്രമുള്ള എംടിക്ക് പാട്ടെഴുത്ത് അത്ര ശ്രമകരമായ ഏർപ്പാടായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ഹരിഹരൻ. അതറിയുന്നതുകൊണ്ടാണ് അടുത്ത പടമായ "എവിടെയോ ഒരു ശത്രു"വിലും അദ്ദേഹത്തെക്കൊണ്ട് പാട്ടെഴുതിക്കാൻ ഹരിഹരൻ തീരുമാനിച്ചത്.
എംബിഎസിനും ഇഷ്ടമായിരുന്നു എംടിയുടെ വരികൾ ചിട്ടപ്പെടുത്താൻ. പക്ഷേ, എംടി കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഹരിഹരൻ സംവിധാനം ചെയ്ത "എവിടെയോ ഒരു ശത്രു''വിന് വെളിച്ചം കാണാൻ യോഗമുണ്ടായില്ല. റെക്കോർഡ് ചെയ്ത് പുറത്തിറങ്ങാത്തതിനാൽ എംടിയുടെ പാട്ട് ആരും കേട്ടതുമില്ല. ഹരിഹരന്റെ മനസ്സിലെ സ്വനഗ്രാഹിയിലേയുള്ളൂ ഇന്നാ മനോഹര ഗാനം. ഓർമകളിലേക്ക് തിരിഞ്ഞുനടന്ന് കഴിഞ്ഞ ദിവസം ആ പാട്ടിന്റെ പല്ലവി മുഴുവനായി പാടിത്തന്ന് എന്നെ വിസ്മയിപ്പിച്ചു അദ്ദേഹം. പൂർണമായും എംബിഎസ് സ്പർശം പതിഞ്ഞുകിടക്കുന്ന പാട്ട്:
"പൊന്നില്ലാതെ പൂവില്ലാതെ വന്നതിന് മാപ്പു തരൂ / തൃപ്പടിമേൽ വച്ചു തൊഴാൻ കയ്യിൽ / തൃത്താലില പോലുമില്ല...''.1982 ൽ റെക്കോഡ് ചെയ്തതാണ് ഈ പാട്ട്. "നാല് പതിറ്റാണ്ടിനിപ്പുറവും അതിന്റെ വരികളും ഈണവും ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നുവെങ്കിൽ അത് അത്രത്തോളം മനസ്സിനെ സ്പർശിച്ച് എന്നർത്ഥം.''-- ഹരിഹരൻ പറയുന്നു.
വളർത്തുമൃഗങ്ങൾക്ക് ശേഷം എംടി ഗാനരചന നിർവഹിച്ച രണ്ടാമത്തെ സിനിമയായിരുന്നു സുകുമാരനും വേണു നാഗവള്ളിയും അനുരാധയുമൊക്കെ അഭിനയിച്ച "എവിടെയോ ഒരു ശത്രു." പിൽക്കാലത്ത്, മൂന്ന് പതിറ്റാണ്ടിന് ശേഷം, ഇതേ തിരക്കഥ ഇന്ദ്രജിത്തിനെ നായകനാക്കി പുതിയൊരു പേരിൽ സിനിമയാക്കി ഹരിഹരൻ: "ഏഴാമത്തെ വരവ്." പല കാരണങ്ങളാലും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം.
'എവിടെയോ ഒരു ശത്രു'വിൽ വേറെയുമുണ്ടായിരുന്നു രണ്ട് പാട്ടുകൾ. രണ്ടുമെഴുതിയത് കവിയും പത്രപ്രവർത്തകനുമായ കടവനാട് കുട്ടികൃഷ്ണൻ. എംടിയുടെ നിർദേശപ്രകാരമാണ് കടവനാടിനെ പാട്ടെഴുത്തുകാരനായി പരീക്ഷിച്ചതെന്ന് ഹരിഹരൻ. ആ പാട്ടുകളും ഹരിഹരന്റെ ഓർമയിലുണ്ട്: കാപ്പി പൂത്തേ കനവ് പൂത്തേ (വാണിജയറാം), ചുരുളിമല മടക്കിമല (യേശുദാസ്). എങ്കിലും സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പാട്ട് "പൊന്നില്ലാതെ പൂവില്ലാതെ'' തന്നെ. പുറത്തുവന്നിരുന്നെങ്കിൽ എംടി -- എംബിഎസ് കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ഗാനമായേനെ അതെന്ന് ഹരിഹരൻ.
നല്ലൊരു വായനക്കാരനായിരുന്നു എംബിഎസ്. ഉറച്ച രാഷ്ട്രീയ ബോധവും കൃത്യമായ നിലപാടുകളുമുള്ള ആൾ. സ്വാഭാവികമായും എംടിയും എംബിഎസും അടുത്ത സുഹൃത്തുക്കളായി. എംബിഎസിന്റെ മരണം വരെ നീണ്ട സൗഹൃദം. "ലക്ഷദ്വീപിൽ യുവാക്കളുടെ ഒരു ക്വയർ ഗ്രൂപ്പിനെ പരിശീലിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായത്.''- എം ടി എഴുതുന്നു. "പിറ്റേന്ന് ഹെലികോപ്റ്റർ വഴി മൃതദേഹം കൊച്ചിയിലെത്തും. അവിടെ നിന്ന് മദ്രാസിലേക്ക്. വിദ്യാഭ്യാസ വകുപ്പിലെ ഒരുദ്യോഗസ്ഥനാണ് ഡൽഹിയിൽ നിന്ന് എന്നെ വിളിച്ചു വിവരം പറഞ്ഞത്. രാത്രിയിലെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ പുറപ്പെട്ട ഞാൻ പിറ്റേന്ന് ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് മദ്രാസിലെത്തി. സന്ധ്യക്കായിരുന്നു സംസ്കാരം. പഴയകാലത്ത് സംഗീതോപകരണങ്ങൾ വായിച്ചിരുന്ന ചിലരെ അവിടെ കണ്ടു.'' പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നകലെ ജീവിത പ്രാരാബ്ദങ്ങളുമായി മല്ലിട്ട് ജീവിച്ച അത്തരം കലാകാരന്മാരുടെ ക്ഷേമത്തിന് വേണ്ടി അനവരതം യത്നിച്ചയാളാണല്ലോ എംബിഎസ്. ആ ചെറിയ ആൾക്കൂട്ടത്തിലൊരാളായി പ്രിയസുഹൃത്തിന് യാത്രാമൊഴി നേരാൻ മഴ നനഞ്ഞു നിൽക്കേ, എംടിയുടെ മനസ്സിൽ മുഴങ്ങിയിരിക്കുക വർഷങ്ങൾക്ക് മുൻപ് താനും എംബിഎസും ചേർന്ന് സൃഷ്ടിച്ച മനോഹരഗാനത്തിന്റെ വരികളായിരിക്കണം: 'പകലുകൾ വെള്ളിൽ പറവകളെങ്ങോ പറന്നകന്നു, തളർന്ന തന്ത്രികൾ രാഗാലാപം കഴിഞ്ഞു തേങ്ങി, മുടിയഴിച്ച വേഷക്കാരൻ സ്വപ്നം തേടിയുറങ്ങി, അഭയം കാണാതുഴറും പഥികന് കൂട്ടിയിരിക്കും താരസഖികളേ നിങ്ങൾക്ക് നന്ദി, ശുഭരാത്രി, ശുഭരാത്രി .....'