FOURTH SPECIAL

അച്ഛന്‍ പകർന്നുനല്‍കിയ അമൂല്യപാഠങ്ങള്‍

അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു: ''We are not rich. We are only managing.' ആ വാചകം മായ്ക്കാനാവാത്ത വിധം എന്റെ ബുദ്ധിയിലും മനസിലും പതിഞ്ഞു. ഇന്നും ഞാനത് അക്ഷരം പ്രതി ഉള്‍ക്കൊണ്ട് ജീവിക്കുന്നു

അശ്വതി വി നായര്‍

അച്ഛന്റെ നവതിയുമായി ബന്ധപ്പെട്ട് പല ദിക്കില്‍നിന്നും ആവശ്യങ്ങളുയര്‍ന്നു, ഒരു ലേഖനം അല്ലെങ്കില്‍ ഓര്‍മക്കുറിപ്പ്...അങ്ങനെ എന്തെങ്കിലുമൊന്ന് എഴുതിക്കൊടുക്കാന്‍. എന്നെ സംബന്ധിച്ച് അച്ഛനെക്കുറിച്ച് എഴുതാന്‍ ഒരുപാടുണ്ടെങ്കിലും എഴുതാനിരിക്കുമ്പോള്‍ അമ്പരപ്പാണ്. വളരെ രസകരമായ നിമിഷങ്ങള്‍, ഓര്‍മകള്‍... അതൊക്കെ പങ്കുവയ്ക്കാന്‍ മടിയാണെന്നതാണ് സത്യം. എന്ത് എഴുതും, എങ്ങനെ എഴുതുമെന്ന് തീരുമാനിക്കുക എളുമല്ല.

ഞങ്ങള്‍ രണ്ടുപേരുടെയും പിറന്നാള്‍ കര്‍ക്കിടകത്തിലാണ്. അച്ഛന്റെ നാള് ഉത്രട്ടാതിയും എന്റെ നാള് അശ്വതിയും. എനിക്ക് പേരിട്ടത് അമ്മാവനാണ്, അമ്മയുടെ മൂത്ത ജ്യേഷ്ഠന്‍. മൂപ്പര്‍ക്ക് വേറെയൊന്നും ആലോചിക്കാന്‍ തോന്നിയില്ലത്രെ, നക്ഷത്രം അതാണെങ്കില്‍ പേരും അത് മതിയെന്നായി. അച്ഛനാണ് പേരിട്ടതെങ്കില്‍ വേറെ എന്തെങ്കിലും ആകുമായിരുന്നോ?

സമചിത്തതയോടെ ജീവിക്കാന്‍ എഴുത്തിലൂടെയും അല്ലാതെയും വിലമതിക്കാനാവാത്ത ജീവിതപാഠങ്ങള്‍ പകര്‍ന്നുതന്നതിന് നന്ദി പറയുന്നില്ല. അച്ഛന്‍ മകള്‍ക്കല്ലാതെ മറ്റാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍!

പിറന്നാള്‍ ആഘോഷങ്ങള്‍ പതിവില്ല. പണ്ട് അച്ഛന്റെ പിറന്നാളിന് മൂകാംബികയില്‍ പോകുന്ന പതിവുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ എന്റെ പിറന്നാളിന് വീട്ടില്‍ പൂജ. തിരിച്ചും സംഭവിച്ചിട്ടുണ്ട്. മൂകാംബികയിലേക്കുള്ള യാത്രകള്‍ മറക്കാനാവില്ല. വര്‍ഷകാലം ഏറെ ഇഷ്ടമാണ്. മഴ പെയ്യുന്നത് മണിക്കൂറുകളോളം നോക്കിയിരിക്കാന്‍ രസമാണ്. ഓരോ പ്രതലത്തിലും മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ചെറിയ ഓളങ്ങളുണ്ടാക്കി ഒഴുകിപ്പോകുന്നത് അദ്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട് കുട്ടിക്കാലത്ത്. മഴക്കാലത്ത് വനത്തിനുള്ളിലെ റോഡിലൂടെ നമ്മള്‍ കൊല്ലൂരില്‍ എത്തിച്ചേരുമ്പോള്‍ സൗപര്‍ണിക കരകവിഞ്ഞ് ഒഴുകുന്നുണ്ടാവും.

എന്നെ എഴുത്തിനിരുത്തിയത് മൂകാംബികയിലാണ്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ബാലാ ഹരിഹരന്‍, അദ്ദേഹമാണ് നാവിലെഴുതിയത്. കുട്ടിക്കാലത്ത് അവിടെ പോകുമ്പോള്‍ വലിയ സൗകര്യമൊന്നുമില്ല. അടിഗയുടെ വീട്ടില്‍ ഭക്ഷണം, യമുന വിഹാര്‍ എന്ന ചെറിയ ലോഡ്ജില്‍ താമസം. പില്‍ക്കാലത്ത് വലിയ ഹോട്ടലുകള്‍ വന്നു. അച്ഛന്റെ താവളം അടിഗയുടെ വീടിനു തൊട്ടടുത്തുള്ള ഭാഗീരഥി ടൂറിസ്റ്റ് ഹോമായി. അവിടത്തെ മുറിയുടെ വരാന്തയില്‍ നിന്നാല്‍ സൗപര്‍ണികയുടെ ഒരു കൈവഴി ഒഴുകുന്നത് കാണാം. ദൂരെ മഞ്ഞില്‍ പാതിമൂടിയ കുടജാദ്രിയും.

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛനോട് ഒരിക്കല്‍ ചോദിച്ചു, അച്ഛന് ഇവിടെ വരാന്‍ എന്താണ് ഇത്ര താല്‍പ്പര്യമെന്ന്. ''She is like a universal mother.' ജാതി ഭേദമെന്യേ ഇവിടെ ആര്‍ക്കും വരാം, തൊഴാം. അമ്മയ്ക്ക് എല്ലാവരും ഒരുപോലെ. ഇവിടെ തൊഴുമ്പോള്‍ ഒരു സമാധാനം. സ്വന്തം അമ്മയുടെ അടുത്തെത്തിയപോലെ.

അന്നുമുതല്‍ മൂകാംബിക ദേവി എനിക്ക് കൊല്ലൂരമ്മയായി. എന്റെ ചെറിയ മനസ്സിലേക്ക് പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ ആ ഊര്‍ജം ഇന്നും ഞാന്‍ കാത്തുസൂക്ഷിക്കുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ വഴിയിലൂടെ കടന്നുവന്നവരാണ് അച്ഛനും അമ്മയും. രണ്ടുപേരുടെയും കുട്ടിക്കാലവും യൗവ്വനവും നിറപ്പകിട്ടാര്‍ന്നതല്ല. പക്ഷേ ഞാന്‍ ജനിക്കുമ്പോഴേക്കും കാര്യങ്ങള്‍ കുറേ ഭേദമായി. കഷ്ടപ്പാടുകള്‍ അറിയാതെയാണ് ഞാന്‍ വളര്‍ന്നത്.എങ്കിലും പണത്തിന്റെ മൂല്യം എന്താണെന്ന് അവര്‍ കൃത്യമായി എന്നെ പഠിപ്പിച്ചിട്ടുണ്ട്. ആഡംബരവും ആഘോഷങ്ങളും ഞാനും ശീലിച്ചിട്ടില്ല. അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു: ''We are not rich. We are only managing.' ആ വാചകം മായ്ക്കാനാവാത്ത വിധം എന്റെ ബുദ്ധിയിലും മനസിലും പതിഞ്ഞു. ഇന്നും ഞാനത് അക്ഷരം പ്രതി ഉള്‍ക്കൊണ്ട് ജീവിക്കുന്നു.

ഒറ്റ രാത്രികൊണ്ട് എങ്ങനെ സമ്പന്നരാവാമെന്ന് പഠിപ്പിക്കുന്ന ധാരാളം പുസ്‌തകങ്ങളും സാമ്പത്തികവിദഗ്ധരും നമുക്ക് ചുറ്റുമുണ്ട്. അവരാരും ചെയ്യാത്ത ഒരു കാര്യമാണിത്. ഒരുപക്ഷേ 'ജനറേഷന്‍ സീ'ക്ക് മനസിലാവുകയുമില്ല. പണത്തിനോടും ആഡംബരത്തോടും യാതൊരു ഭ്രമമോ ആര്‍ത്തിയോ ഇല്ലാത്ത ഒരു വ്യക്തി. സമ്പത്ത് വേണ്ട എന്നല്ല, അതിന്റെ മൂല്യം എന്താണെന്നും അതില്‍ അഹങ്കരിക്കരുതെന്നും പഠിപ്പിക്കുകയായിരുന്നു.

'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന സിനിമയില്‍ യശശരീരനായ സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗ്: ''പണത്തേക്കാള്‍ വലിയ ഒരു ദൈവവും ഇവിടെയില്ലെടാ! ആയിരം ഉള്ളവന്‍ ധനികന്‍, ലക്ഷം ഉള്ളവന്‍ പ്രഭു, കോടി ഉള്ളവന്‍ ഈശ്വരന്‍, കോടീശ്വരന്‍!'' ഇത് ഇന്നത്തെ യാഥാര്‍ഥ്യമാണ്. അങ്ങനെയൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സമചിത്തതയോടെ ജീവിക്കാന്‍ എഴുത്തിലൂടെയും അല്ലാതെയും വിലമതിക്കാനാവാത്ത ജീവിതപാഠങ്ങള്‍ പകര്‍ന്നുതന്നതിന് നന്ദി പറയുന്നില്ല. അച്ഛന്‍ മകള്‍ക്കല്ലാതെ മറ്റാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍!

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ