FOURTH SPECIAL

ജനസംഖ്യാനുപാതികമായി വേണ്ടത് 15 ശതമാനം, ഉള്ളത് അഞ്ചിൽ താഴെ: പതിനെട്ടാം ലോക്‌സഭയിലെ മുസ്ലിം പ്രാതിനിധ്യം ഇങ്ങനെ

വെബ് ഡെസ്ക്

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ പാർലമെൻറിൽ എത്തിയവരിൽ 24 പേർ മാത്രമാണ് മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരുള്ളത്, ആകെ 543 എംപിമാരിൽ 24 പേർ അഥവാ 4.42 ശതമാനം. 2019-ലെ കണക്കുകളെ അപേക്ഷിച്ച് നോക്കുമ്പോൾ രണ്ട് എംപിമാർ കുറവാണ് ഇത്തവണ. പാർലമെന്റ് ചരിത്രത്തിൽ 2014 കഴിഞ്ഞാൽ ഏറ്റവും മുസ്ലിം പ്രാതിനിധ്യം കുറഞ്ഞ വർഷം കൂടിയാണ് 2024. ജനസംഖ്യാനുപാതികമായി നോക്കിയാൽ 77 മുസ്ലിം എംപിമാർ അഥവാ 15% ആണ് പാർലമെൻറിൽ വേണ്ടത്. ഇത്തവണ അത് അതിന്റെ മൂന്നിലൊന്നിനു താഴെ മാത്രമാണ്.

ഇത്തവണയുള്ള മുസ്ലിം എംപിമാരിൽ ഭൂരിഭാഗവും പ്രതിപക്ഷ സഖ്യമായ ഇന്ത്യയിൽ നിന്നുള്ളവരാണ്. 24-ൽ 21 പേർ. ഏഴ് പേരുള്ള കോൺഗ്രസിലാണ് ഏറ്റവും കൂടുതൽ മുസ്ലിം എംപിമാർ ഉള്ളത്. തൃണമൂൽ കോൺഗ്രസിൽ അഞ്ച്, സമാജ് വാദി പാർട്ടിയിൽ നാല്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ മൂന്ന്, നാഷണൽ കോൺഫറൻസിൽ രണ്ട് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള എംപിമാർ. എഐഎംഐഎംയുടെ അസാദുദ്ദീൻ ഒവൈസിയാണ് മറ്റൊരു മുസ്ലീം എംപി. സ്വതന്ത്രരായി വിജയിച്ച ബാരാമുള്ളയിൽ നിന്നുള്ള എഞ്ചിനീയർ റാഷിദ്, ലഡാക്കിൽ നിന്നുള്ള മുഹമ്മദ് ഹനീഫ എന്നിവരാണ് അവശേഷിക്കുന്ന രണ്ടുപേർ. ബിജെപിയിൽ നിന്നോ ഭരണമുന്നണിയായ എൻഡിഎയിൽ നിന്നോ ഒരൊറ്റ മുസ്ലിം എംപിമാർ പോലും ഇല്ല.

പാർലമെന്റ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ 1980-ലാണ് ഏറ്റവും കൂടുതൽ മുസ്ലിം എംപിമാർ ഉണ്ടായിരുന്നത്, 49 പേർ അഥവാ 9.04 %. അടുത്ത തിരഞ്ഞെടുപ്പിൽ, 1984-ൽ 8.3% മുസ്ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. ഈ റെക്കോഡിന് ശേഷം ഒരിക്കൽപ്പോലും ലോക്സഭയിൽ മുസ്ലിങ്ങളുടെ എണ്ണം 40 കടന്നിട്ടില്ല. 2011-ലെ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയിൽ മുസ്ലിങ്ങളുടെ വിഹിതം 14% ആണെങ്കിലും കഴിഞ്ഞ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലും മുസ്ലിം എംപിമാരുടെ അനുപാതം അഞ്ച് ശതമാനത്തില്‍ താഴെയാണ് ഉണ്ടായിട്ടുള്ളത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുകയാണെങ്കിൽ 2019-ലെയും 2014-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ വർഷം മത്സരരംഗത്ത് മുസ്ലീങ്ങൾ കുറവായിരുന്നു. പ്രത്യേകിച്ച് പ്രധാനപാർട്ടികളിൽ. 11 പ്രമുഖ പാർട്ടികൾ ആകെ നിർത്തിയത് 82 മുസ്ലീം സ്ഥാനാർഥികളെയാണ്. അതിൽ 16 പേർ വിജയിച്ചു. 2019-ൽ ഈ പാർട്ടികൾ 115 പേരെ മത്സരിപ്പിച്ചിരുന്നു. അതിൽ 16 പേർ വിജയികളായി.

മായാവതിയുടെ ബിഎസ്പിയാണ് കഴിഞ്ഞ രണ്ട് തവണയും ഏറ്റവും കൂടുതൽ മുസ്ലിം സ്ഥാനാർഥികളെ നിർത്തിയത്. 2019 ൽ 39 ഉം 2024 ൽ 37 ഉം ആണ് ബിസ്‌പിയുടെ മുസ്ലിം സ്ഥാനാർത്ഥികൾ. 2019 ൽ മൂന്ന് പേർ വിജയിച്ചെങ്കിലും ഇക്കുറി ആരും വിജയിച്ചില്ല. കോൺഗ്രസ്, ടിഎംസി, എസ്പി, സിപിഎം തുടങ്ങിയ പാർട്ടികളാണ് മുസ്ലീം സ്ഥാനാർഥികളെ പരിഗണിച്ചിരുന്ന പ്രധാന പാർട്ടികൾ.

2011-ലെ സെൻസസ് കണക്കുകൾ പ്രകാരം, 65 ലോക്‌സഭാ മണ്ഡലങ്ങളിൽ മൊത്തം ജനസംഖ്യയുടെ 25% മുസ്ലിങ്ങൾ ആണുള്ളത്. 2019ലും 2024ലും ഈ 65 മണ്ഡലങ്ങളിൽ യഥാക്രമം 25, 20 എന്നിങ്ങനെയാണ് ബിജെപി സീറ്റുകൾ നേടിയത്. കോൺഗ്രസ് 2019-ൽ 12 സീറ്റുകളും 2024-ൽ 13 സീറ്റുകളും നേടി. ടിഎംസി 10, 12, എസ്പി മൂന്നും എട്ടും സീറ്റുകൾ ഈ മണ്ഡലങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ മറ്റൊരു വശം പരിശോധിക്കുമ്പോൾ 2019ൽ ഈ 65 മണ്ഡലങ്ങളിൽ 19 എണ്ണം മാത്രമാണ് മുസ്ലീം എംപിമാരെ തിരഞ്ഞെടുത്തത്. ഈ വർഷം അത് 22 ആണ്. ജനസംഖ്യയുടെ പകുതിയെങ്കിലും മുസ്ലിങ്ങൾ ഉള്ള 14 മണ്ഡലങ്ങളുമുണ്ട്. ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ളത്, 96.58%.

മുസ്ലീം ജനസംഖ്യ നാലിലൊന്നിൽ താഴെയുള്ള മണ്ഡലങ്ങളിൽ നിന്ന് ഇക്കുറിയുള്ളത് രണ്ട് മുസ്ലിം സ്ഥാനാർഥികളാണ്. യുപിയിലെ ഗാസിപൂരിൽ നിന്നുള്ള എസ്പിയുടെ അഫ്സൽ അൻസാരി, രാമനാഥപുരത്ത് നിന്നുള്ള ഐയുഎംഎല്ലിൻ്റെ നവസ്കനി കെ എന്നിവരാണ് അത്. 2019ൽ മുസ്ലിം ജനസംഖ്യ നാലിലൊന്നിൽ താഴെയുള്ള മണ്ഡലങ്ങളിൽ നിന്ന് ഏഴ് മുസ്ലിം എംപിമാരാണ് ഉണ്ടായിരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും