FOURTH SPECIAL

വികസിത രാജ്യമായാൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമെന്ന നാണക്കേട് മാറുമോ? മോദിയുടെ മോഹവും യാഥാര്‍ത്ഥ്യവും

2047 ൽ വികസിത രാജ്യമാകാൻ ഇനിയുള്ള കാൽനൂറ്റാണ്ട് തുടർച്ചയായി 7.6 ശതമാനം വളർച്ചാനിരക്ക് വേണ്ടിവരും

പൊളിറ്റിക്കൽ ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ ഒരു കാര്യം അടുത്ത തവണ അദ്ദേഹം അധികാരത്തില്‍നിന്നിറങ്ങുമ്പോള്‍ (2029) ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കഴിഞ്ഞിട്ടുണ്ടാകുമെന്നാണ്. രണ്ട് കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്ന് അടുത്ത തവണ ബിജെപി തന്നെ അധികാരത്തിലെത്തും. ബിജെപി അധികാരത്തിലെത്തിയാല്‍ താന്‍ തന്നെയാവും പ്രധാനമന്ത്രി. ഈ രണ്ട് അവകാശവാദങ്ങളുടെയും ഫലം എന്താവും എന്നറിയാന്‍ മാസങ്ങള്‍ മാത്രം മതി. പിന്നീടുള്ളത് ഇന്ത്യ 2029 ഓടെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുമെന്നതാണ്. അതോടൊപ്പം സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നുമെന്നുമാണ് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇതിലെ യാഥാര്‍ത്ഥ്യം എന്താണ്. വികസിത രാജ്യമായാല്‍ ഇന്ത്യയിലെ ജനങ്ങളിലെ എല്ലാവരുടെയും ജീവിത നിലവാരം മാറുമോ?

ഐഎംഎഫിന്റെ കണക്കുപ്രകാരം ഇന്ത്യ ഇപ്പോള്‍ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. യുഎസ് ഡോളറില്‍ കണക്കാക്കിയാല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി എന്നത് 3.7 ട്രില്ല്യണ്‍ ഡോളറാണ്. അമേരിക്കയുടെത് 26.8 ട്രില്ല്യണും ചൈനയുടെത് 19.3 ട്രില്ല്യണുമാണ് ജിഡിപി. ജപ്പാൻ 4.4 ട്രില്ല്യണുമായും ജര്‍മനിയുമായി 4.2 ട്രില്ല്യണ്‍ ഡോളറുമായും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. അതായത് ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

അഞ്ചാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്തുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രി മാത്രമല്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും ഇതുതന്നെ പറയുന്നു. 8.7 വളര്‍ച്ചാനിരക്ക് കൈവരിച്ചാല്‍ 2027 ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് എസ് ബി ഐ പറയുന്നത്. അതായത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്നത് അസംഭവ്യമായ ഒരു കാര്യമല്ല എന്നര്‍ത്ഥം. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. വികസിത രാജ്യത്തിന് ഐ എം എഫ് കണക്കാക്കുന്ന മാനദണ്ഡം പ്രതിശീര്‍ഷ വരുമാനം 22,000 ഡോളര്‍ ആവുകയെന്നതാണ്. (ഇതെഴുതുമ്പോഴുള്ള കണക്കനുസരിച്ച് 18ലക്ഷത്തിലധികം രൂപയിലധികം വരുമിത്) അതായത് ശരാശരി ഒരു പൗരന്റെ വരുമാനം ഇത്രയും ഉണ്ടാവണം. മൊത്തം ജിഡിപിയെ ആകെ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷം വരുമാനം. ഉദാഹരണത്തിന് രണ്ട് പേരുള്ള രാജ്യത്ത് ഒരാളുടെ വരുമാനം 99 രൂപയും മറ്റെ ആളുടെത് ഒരു രൂപയുമാണെങ്കില്‍ ആ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 50 രൂപയായിരിക്കും. അതായത് പ്രതിശീര്‍ഷ വരുമാനം യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നര്‍ത്ഥം.

ഇന്ത്യയിലെ ഇപ്പോഴത്തെ പ്രതിശീര്‍ഷ വരുമാനമെന്നത് 2601 ഡോളറാണ്. ആര്‍ബിഐയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം അടുത്ത 25 വര്‍ഷക്കാലം തുടര്‍ച്ചയായി 7.6 ശതമാനം പ്രതിവര്‍ഷ വളര്‍ച്ച കൈവരിച്ചാല്‍ ഇന്ത്യ വികസിത രാജ്യമാകും. ഇത് യാഥാര്‍ത്ഥ്യ ബോധമുളളതാണോ? 1991 ല്‍ ഇന്ത്യ സാമ്പത്തിക പരിഷ്‌ക്കാരം നടപ്പിലാക്കിയതിന് ശേഷം ഏഴ് തവണമാത്രമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.6 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് പല വിദ്ഗദരും പറയുന്നുണ്ടെങ്കിലും 25 വര്‍ഷം 7.6 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് പറയുന്നത് കടന്ന കൈയായിരിക്കും. ഇനി ഇതൊക്കെ നടക്കുമെന്ന് തന്നെ വാദത്തിനുവേണ്ടി സമ്മതിച്ചുകൊടുത്താല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ മാറുമോ? മറ്റൊരു കണക്കു നോക്കാം, ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രന്മാര്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിശീര്‍ഷ വരുമാനത്തില്‍ 135-ാം സ്ഥാനത്താണ്, സാമ്പത്തിക ശക്തിയാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളിലും ജി 20 രാജ്യങ്ങളിലും ഏറ്റവും ദരിദ്രരാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് വര്‍ധിക്കുന്നത് തന്നെ അതിസമ്പന്നരുടെ സമ്പത്തിലുണ്ടായ വളര്‍ച്ചയാണ്. ഓക്‌സ്ഫാമിന്റെ കണക്കനുസരിച്ച് രാജ്യത്തെ 5 ശതമാനം ആളുകളാണ് മൊത്തം സമ്പത്തിന്റെ 60 ശതമാനം സമ്പത്തിനും ഉടമകള്‍. രാജ്യത്തെ ആകെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് 50 ശതമാനം ജനങ്ങള്‍ക്കുമായുള്ളതെന്നും ഓക്‌സഫാം റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതായത് പ്രധാനമന്ത്രി പറഞ്ഞതുപോലെ, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായാലും അതൊന്നും ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തില്‍ പ്രതിഫലിക്കണമെന്നില്ലെന്നതാണ്. അതിന് കാരണം വിപണയാല്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക നയങ്ങളാണെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയതുമാണ്.

അരിച്ചിറങ്ങല്‍ സിദ്ധാന്തം, അതായത് ഒരു വിഭാഗം കൂടുതല്‍ ധനവാന്മാരായാല്‍ അവരില്‍നിന്ന് സമ്പത്ത് താഴെ കിടയിലുള്ളവരിലേക്ക് അരിച്ചിറങ്ങുമെന്നാണ് ഇപ്പോഴത്തെ നയത്തിന്റെ വക്താക്കള്‍ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ട്രിക്കിള്‍ ഡൗണ്‍ തിയറി എവിടെയെങ്കിലും പ്രാവര്‍ത്തികമായതായി അനുഭവവും ഇല്ല. സമ്പത്തുള്ളവന്റെ സമ്പത്ത് കൂടുതലായി വര്‍ധിക്കുന്ന സാമ്പത്തിക നയ സമീപനങ്ങളാണ് ഉദാരവല്‍ക്കരണ കാലം മുതല്‍ പിന്തുടര്‍ന്നുപോരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ വികസിക്കും. അതേസമയം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള നാടും നമ്മുടേതാവും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്‌ക്കോ ധനമന്ത്രിയ്‌ക്കോ ആശങ്കകളുമില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ